International Dance Day 2021 |ആധുനിക ബാലെയുടെ സൃഷ്ടാവ് ജീൻ ജോർജ്ജ് നോവറിനെക്കുറിച്ച് അറിയാം
International Dance Day 2021 |ആധുനിക ബാലെയുടെ സൃഷ്ടാവ് ജീൻ ജോർജ്ജ് നോവറിനെക്കുറിച്ച് അറിയാം
ലോകമെമ്പാടും ഈ ദിവസം നിരവധി നൃത്ത പരിപാടികൾ നടക്കാറുണ്ട്
Image: wikipedia
Last Updated :
Share this:
എല്ലാ വർഷവും ഏപ്രിൽ 29 നാണ് അന്താരാഷ്ട്ര നൃത്ത ദിനം ആഘോഷിക്കുന്നത്. ലോകമെമ്പാടും ഈ ദിവസം നിരവധി നൃത്ത പരിപാടികൾ നടക്കാറുണ്ട്. അന്താരാഷ്ട്ര നൃത്തദിനം 2021ന്റെ തീം ‘Purpose of dance’ അഥവാ ‘നൃത്തത്തിന്റെ ഉദ്ദേശ്യം’ എന്നാണ്.
അന്താരാഷ്ട്ര നൃത്ത ദിനം
യുനെസ്കോയിലെ കലകളുടെ പ്രധാന പങ്കാളിയായ ഇന്റർനാഷണൽ തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ട് അഥവാ ഐടിഐയുടെ ഡാൻസ് കമ്മിറ്റിയാണ് അന്താരാഷ്ട്ര നൃത്ത ദിനത്തിന് തുടക്കം കുറിച്ചത്. 1982 ൽ സൃഷ്ടിക്കപ്പെട്ടതിനുശേഷം, അന്താരാഷ്ട്ര നൃത്ത സമിതിയും ഇന്റർനാഷണൽ തിയറ്റർ ഇൻസ്റ്റിറ്റ്യൂട്ടും (ഐടിഐ) ഓരോ വർഷവും അന്താരാഷ്ട്ര നൃത്ത ദിനത്തിൽ ഒരു മികച്ച നർത്തകനെ അല്ലെങ്കിൽ നർത്തകിയെ തിരഞ്ഞെടുക്കും.
“നൃത്തം” എന്ന കലാരൂപത്തിന്റെ മൂല്യവും പ്രാധാന്യവും കാണാൻ കഴിയുന്നവർക്കുള്ള ഈ ദിനം ഒരു ആഘോഷ ദിനമാണ്. മാത്രമല്ല നൃത്തത്തിന്റെ മൂല്യം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലാത്ത ജനങ്ങൾക്കും സർക്കാരുകൾക്കും രാഷ്ട്രീയക്കാർക്കും സ്ഥാപനങ്ങൾക്കുമുള്ള ഒരു ഉണർത്തൽ ആഹ്വാനം കൂടിയാണ് ഈ ദിവസത്തെ ആഘോഷങ്ങൾ. കൊറോണ വൈറസ് മഹാമാരി കാരണം, അന്താരാഷ്ട്ര നൃത്ത ദിനം ഓൺലൈനായാണ് ഇന്ന് ആഘോഷിക്കുന്നത്. ആളുകളോട് അവരുടെ വീഡിയോകളും സന്ദേശങ്ങളും www.iti-worldwide.orgൽ പങ്കിടാൻ സംഘടന ആവശ്യപ്പെട്ടു.
ഐടിഐയുടെ ഡാൻസ് കമ്മിറ്റി അന്താരാഷ്ട്ര നൃത്തദിനം ആരംഭിക്കുകയും ആധുനിക ബാലെയുടെ സ്രഷ്ടാവെന്ന് അറിയപ്പെടുന്ന ജീൻ-ജോർജ്ജ് നോവറിന്റെ ജന്മദിനമായ ഏപ്രിൽ 29 നൃത്ത ദിനമായി ആഘോഷിക്കാൻ തീരുമാനിക്കുകയും ചെയ്തു. അദ്ദേഹം നൽകിയ ആജീവനാന്തര സംഭാവനകള്‍ പരിഗണിച്ച് നൃത്ത ലോകം അദ്ദേഹത്തിനു നൽകിയ ശ്രദ്ധാജ്ഞലിയായി ആ ദിനം സ്മരിക്കപ്പെടുന്നു. 1727ല്‍ ജനിച്ച അദ്ദേഹം 1754 ലാണ് ആദ്യമായി ബാലെ അവതരിപ്പിക്കുന്നത്. 1760 ല്‍ പുറത്തിറങ്ങിയ “ലെറ്റേഴ്സ് സര് ലസന്സ്ത’ എന്ന പുസ്തകത്തില്‍ ബാലെയുടെ നിയമങ്ങളും പെരുമാറ്റ ചിട്ടകളും അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്.
ജീൻ-ജോർജ്ജ് നോവറിനെക്കുറിച്ച് അറിയാം
1727 ഏപ്രിൽ 29 ന് പാരീസിൽ മാരി ആൻ ഡി ലാ ഗ്രേഞ്ചിന്റെയും സ്വിസ് സൈനികനായ ജീൻ ലൂയിസിന്റെയും മകനായാണ് നോവെറെ ജനിച്ചത്. തങ്ങളുടെ മകൻ സൈനിക ജീവിതം നയിക്കുമെന്ന് ദമ്പതികൾ പ്രതീക്ഷിച്ചെങ്കിലും നോവറെ നൃത്തം തിരഞ്ഞെടുത്തു. 1747ൽ നോവറെ സ്ട്രാസ്ബർഗിൽ ബാലെ മാസ്റ്ററായി. 1748 ൽ സ്ട്രാസ്ബർഗിൽ വച്ച് മാരി ലൂയിസ് സാവൂറിനെ വിവാഹം കഴിച്ചു. 1750ൽ ലിയോണിലെ പ്രധാന നർത്തകനായി മാറി. 1751ൽ തന്റെ ആദ്യത്തെ ബാലെ-പാന്റോമൈം ലെ ജ്യൂഗ്മെന്റ് ഡി പെറിസ് സൃഷ്ടിച്ചു. നോവറെ പിന്നീട് വിയന്നയിലേക്ക് പോയി, അവിടെ മരിയ തെരേസ രാജ്ഞിയുടെ കീഴിൽ ജോലി ചെയ്യുകയും രാജ്ഞിയുടെ പന്ത്രണ്ടു വയസ്സുള്ള മകളെ ഡാൻസ് പഠിപ്പിക്കുകയും ചെയ്തു. പിന്നീട് 1776 ജൂണിൽ അദ്ദേഹം വീണ്ടും പാരീസിലേക്ക് മടങ്ങി. ഫ്രഞ്ച് വിപ്ലവം അദ്ദേഹത്തെ ദാരിദ്ര്യത്തിൽ ആഴ്ത്തി. 1810 ഒക്ടോബർ 19 ന് സെന്റ് ജെർമെയ്ൻ-എൻ-ലെയ്യിൽ വച്ച് അദ്ദേഹം അന്തരിച്ചു.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.