നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • കെ. ശങ്കരനാരായണ പിള്ള; 1987ൽ കുമ്മനത്തെ തോൽപ്പിച്ച അതികായൻ; മുൻ ഗതാഗതമന്ത്രിയെ വേറിട്ട് നിർത്തുന്നത് ആദർശശുദ്ധി

  കെ. ശങ്കരനാരായണ പിള്ള; 1987ൽ കുമ്മനത്തെ തോൽപ്പിച്ച അതികായൻ; മുൻ ഗതാഗതമന്ത്രിയെ വേറിട്ട് നിർത്തുന്നത് ആദർശശുദ്ധി

  കെ ശങ്കരനാരായണ പിള്ളയെ വേറിട്ട്​ നിർത്തുന്നത്​ അദേഹത്തിന്റെ ആദർശ ശുദ്ധിയുള്ള നിലപാടുകളാണ്. അധികാരത്തിനും സ്ഥാനമാനങ്ങളുടെയും പുറകേ അദ്ദേഹം ഒരിക്കലും പോയിരുന്നില്ല.

  കെ ശങ്കരനാരായണ പിള്ള

  കെ ശങ്കരനാരായണ പിള്ള

  • Share this:
   തലസ്ഥാനത്തെ രാഷ്ട്രീയ കളരിയിൽ ആദർശ ശുദ്ധിയോടെ പോരാടിയ കെ ശങ്കരനാരായണ പിള്ള ഓർമയായി. നായനാർ മന്ത്രിസഭയിൽ ഗതാഗതമന്ത്രിയായിരുന്ന കെ ശങ്കരനാരായണ പിള്ള തിങ്കളാഴ്ച രാത്രി 11.30ന് തിരുവനന്തപുരം നെടുമങ്ങാട് പഴവടിയിലെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. 76 വയസായിരുന്നു. കോണ്‍ഗ്രസ് (എസ്) പാര്‍ട്ടി പ്രതിനിധിയായി 1982 ലും 1987 ലും തിരുവനന്തപുരം ഈസ്റ്റ് മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തി. 1987 മുതല്‍ 1991 വരെ നായനാര്‍ മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു.

   1987ൽ തിരുവനന്തപുരം ഈസ്റ്റിൽ നിന്ന് 11,727 വോട്ടുകൾക്കാണ് കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്. കെ ശങ്കരനാരായണ പിള്ളയെ വേറിട്ട്​ നിർത്തുന്നത്​ അദേഹത്തിന്റെ ആദർശ ശുദ്ധിയുള്ള നിലപാടുകളാണ്. അധികാരത്തിനും സ്ഥാനമാനങ്ങളുടെയും പുറകേ അദ്ദേഹം ഒരിക്കലും പോയിരുന്നില്ല. മറിച്ചായിരുന്നെങ്കിൽ 27ാമത്തെ വയസിൽ തിരുവനന്തപുരം ഡി സി സി പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ​ശങ്കരനാരായണ പിള്ള ഇന്ന് എത്രയോ ഉയരത്തിലെത്തേണ്ട നേതാവായിരുന്നു.

   നെടുമങ്ങാട്ടെ കോൺഗ്രസ്​ നേതാവായിരുന്ന എസ്​ കുമാരപിള്ളയുടെ മകനായി 1945 നവംബറിലാണ്​ ജനനം. മകനെ ഡോക്​ടറാക്കണമെന്നായിരുന്നു പിതാവിന്റെ ആഗ്രഹം​. നെടുമങ്ങാട്​ ഹൈസ്​കൂളിൽ പഠിക്കു​മ്പോൾ കമ്മ്യുണിസ്റ്റ്​ ഇതര വിദ്യാർഥി സംഘടനയായ പി എസ്​ യുവിൽ അംഗത്വമുണ്ടായിരുന്നു. ആർട്​സ്​ കോളജിൽ എത്തിയപ്പോൾ അഖിലേന്ത്യാ വിദ്യാർഥി കോൺഗ്രസിൽ അംഗമായി. ടി പി ശ്രീനിവാസൻ, ആർ സുന്ദരേശൻ നായർ എന്നിവരായിരുന്നു നേതാക്കൾ. പിന്നിട്​ തിരുവനന്തപുരം യൂണിവേഴ്​സിറ്റി കോളജിൽ എത്തുന്നതോടെയാണ്​ കൂടുതൽ സജീവമായി. സുവോളജി അസോസിയേഷൻ പ്രതിനിധിയായും തെരഞ്ഞെടുക്കപ്പെട്ടു. ഇക്കാലത്ത്​ കെ എസ്​ യു രൂപീകരിക്കപ്പെട്ടുവെങ്കിലും തിരുവനന്തപുരത്ത്​ പ്രവർത്തനം എത്തിയിരുന്നില്ല.

   പി സി ചാക്കോ യൂണിവേഴ്​സിറ്റി കോളജിൽ പഠിക്കാൻ എത്തുന്നതോടെയാണ്​ കെ എസ്​ യുവിനെ പരിചയപ്പെടുത്തുന്നത്​. ശങ്കരനാരായണ പിള്ളയും എം എം ഹസനുമൊക്കെ അങ്ങനെ കെ എസ്​ യു ആയി. നെടുമങ്ങാട്​ യൂത്ത്​ കോൺഗ്രസ്​ കൺവീനറായി ശങ്കരനാരായണ പിള്ളയെ നിയമിക്കപ്പെട്ടു. 1965ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്​.വരദരാജൻ നായരുടെ പ്രവർത്തനങ്ങളുടെ മുന്നിലും ഇദേഹമുണ്ടായിരുന്നു. ഇതോടെ മകൻ ഡോക്​ടർ ആകില്ലെന്ന്​ പിതാവ്​ ഉറപ്പിച്ചു. ശങ്കരനാരായണ പിള്ള അഭിഭാഷകനാകാൻ തീരുമാനിച്ചു. അങ്ങനെ തിരുവനന്തപുരം ലോ കോളജിൽ ചേർന്നു.


   കെ എസ്​ യുവിൻറ ആദ്യ ജില്ലാ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. 1967ൽ ആദ്യ യുത്ത്​ കോൺഗ്രസ്​ ജില്ല പ്രസിഡൻറുമായി.1969ൽൽ 24ാം വയസിലാണ്​ ഡി സി സി ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്​. അന്ന്​ വക്കം പുരുഷോത്തമനായിരുന്നു പ്രസിഡന്റ്. 1972ൽ ഡി സി സി പ്രസിഡന്റായി. പിന്നീട് കെ പി സി സി-എസ്​ ആക്​ടിംഗ്​ പ്രസിഡന്റായി. 1995 വരെ അദേഹം കോൺഗ്രസ്​-എസിൽ തുടർന്നു. പാർട്ടിയുടെ നിലപാട്​ മാറ്റത്തെ തുടർന്നാണ്​ കേരള വികാസ്​ പാർട്ടിയുടെ രൂപീകരണം. പിന്നിട്​ കോൺഗ്രസിൽ ലയിപ്പിച്ചുവെങ്കിലും അവിടെയും അദേഹത്തിന്​ തുടരാൻ കഴിഞ്ഞില്ല.

   ലളിത ജീവിതമാണ് അദ്ദേഹത്തെ വേറിട്ട് നിർത്തുന്ന മറ്റൊരു ഘടകം. എം എൽ എ ആയിരിക്കെ സ്​കൂട്ടറിലാണ്​ മണ്ഡലം മുഴുവൻ സഞ്ചരിച്ചിരുന്നത്​. മന്ത്രിസ്ഥാനം ഒഴിഞ്ഞ ശേഷം ഏ​റെക്കാലം സിറ്റി ബസിലായിരുന്നു യാത്ര. പിന്നിടാണ്​ മാരുതി കാർ സ്വന്തമാക്കിയത്​. എങ്കിലും കെ എസ്​ ആർ ടി സിയിലായിരുന്നു യാത്ര.

   ഭാര്യ: ഗിരിജ. മക്കള്‍: അശ്വതി ശങ്കര്‍, അമ്പിളി ശങ്കര്‍. മരുമക്കള്‍: വിശാഖ്, ശ്യാം നാരായണന്‍.
   Published by:Rajesh V
   First published: