HOME » NEWS » Life » KNOW THE HISTORY AND SIGNIFICANCE OF INTERNATIONAL WIDOWS DAY GH

അന്താരാഷ്ട്ര വിധവാ ദിനം എന്നാണെന്ന് അറിയാമോ?: ഈ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം

"തങ്ങളെയും കുടുംബത്തേയും പിന്തുണയ്ക്കാൻ വിധവകളെ ശാക്തീകരിക്കുക" എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. വിധവകൾ നേരിടേണ്ടി വരുന്ന സാമൂഹിക വിവേചനങ്ങളെക്കുറിച്ചും ദുരാചാരങ്ങളെക്കുറിച്ചും ആളുകളെ ബോധവാന്മാരാക്കുന്നതിനും കൂടിയാണ് ഈ ദിനം ആചരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: June 26, 2021, 11:45 AM IST
അന്താരാഷ്ട്ര വിധവാ ദിനം എന്നാണെന്ന് അറിയാമോ?: ഈ ദിവസത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയാം
News18 Malayalam
  • Share this:
ജൂൺ 23നാണ് അന്താരാഷ്ട്ര വിധവാ ദിനം. വിധവകളുടെ പ്രശ്നങ്ങളിലേയ്ക്ക് ശ്രദ്ധ ആകർഷിക്കുന്നതിനും വിധവകളായ സ്ത്രീകൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുന്നതിനും വേണ്ടിയാണ് അന്താരാഷ്ട്ര വിധവാ ദിനം ആചരിക്കുന്നത്. വിധവകളുടെ ഉന്നമനത്തിനായി 2011 ജൂൺ 23 മുതലാണ് അന്താരാഷ്ട്ര വിധവ ദിനം ആചരിക്കാൻ തുടങ്ങിയത്.

ദശലക്ഷക്കണക്കിന് വിധവകളും അവരുടെ ആശ്രിതരും പല രാജ്യങ്ങളിലും നേരിടുന്ന ദാരിദ്ര്യവും അനീതിയും പരിഹരിക്കുന്നതിന് ഐക്യരാഷ്ട്രസഭ അംഗീകരിച്ച ദിനമാണിത്.

അന്താരാഷ്ട്ര വിധവാ ദിനത്തിന്റെ ചരിത്രം

വിധവകളുടെ പ്രശ്നത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിന് ദി ലൂംബ ഫൗണ്ടേഷനാണ് ഈ ദിവസത്തിന് തുടക്കം കുറിച്ചത്. ഏഷ്യൻ രാജ്യങ്ങളിലെ വിധവകളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന ട്രസ്റ്റാണ് ലൂംബ. 1954 ജൂൺ 23നാണ് ലൂംബ പ്രഭുവിന്റെ അമ്മ പുഷ്പ വതി ലൂംബ വിധവയായി മാറിയത്. അതുകൊണ്ട് തന്നെ ഈ ദിവസം അന്താരാഷ്ട്ര വിധവ ദിനമായി തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യമായി അന്താരാഷ്ട്ര വിധവാ ദിനം ആചരിച്ചത് 2005ലാണ്. ‌‌ലോർഡ് ലൂംബയും ഫൗണ്ടേഷന്റെ പ്രസിഡൻറ് ചെറി ബ്ലെയറും ചേർന്നാണ് ഈ ദിനം ആദ്യമായി ആചരിച്ചത്. ബ്രിട്ടനിലെ മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ ഭാര്യയാണ് ചെറി ബ്ലെയർ.

2010 ഡിസംബർ 21 ന് ഐക്യരാഷ്ട്രസഭ ഈ ദിവസത്തെ ഔദ്യോഗികമായി അന്താരാഷ്ട്ര വിധവ ദിനമായി അംഗീകരിച്ചു. 2010ലെ അന്താരാഷ്ട്ര വിധവ ദിനത്തിന് ശേഷം ശ്രീലങ്ക, അമേരിക്ക, യുകെ, നേപ്പാൾ, സിറിയ, കെനിയ, ഇന്ത്യ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിലും അന്താരാഷ്ട്ര വിധവാ ദിനം ആചരിക്കാൻ തുടങ്ങി.

അന്താരാഷ്ട്ര വിധവാ ദിനത്തിന്റെ പ്രാധാന്യം

വിധവകൾക്ക് പൂർണ്ണമായ അവകാശങ്ങളും അംഗീകാരങ്ങളും ഉറപ്പാക്കുന്നതിനുള്ള നടപടികൾക്ക് ഈ ദിവസം അവസരമൊരുക്കുന്നു. വിധവകൾക്ക് അവരുടെ അവകാശം, ഭൂമി എന്നിവയുടെ ന്യായമായ വിഹിതം ലഭ്യമാക്കുന്നതിനെക്കുറിച്ചുള്ള ബോധവത്ക്കരണം നൽകുന്ന ദിവസം കൂടിയാണിത്. വിധവകൾക്ക് പെൻഷനുകളും സാമൂഹിക പരിരക്ഷയും മാന്യമായ ജോലിയും തുല്യവേതനവും ഉറപ്പു നൽകുന്നതിന് ഈ ദിനം ഊന്നൽ നൽകുന്നു.

"തങ്ങളെയും കുടുംബത്തേയും പിന്തുണയ്ക്കാൻ വിധവകളെ ശാക്തീകരിക്കുക" എന്നതാണ് ഈ ദിവസത്തിന്റെ ലക്ഷ്യം. വിധവകൾ നേരിടേണ്ടി വരുന്ന സാമൂഹിക വിവേചനങ്ങളെക്കുറിച്ചും ദുരാചാരങ്ങളെക്കുറിച്ചും ആളുകളെ ബോധവാന്മാരാക്കുന്നതിനും കൂടിയാണ് ഈ ദിനം ആചരിക്കുന്നത്.

ലോകമെമ്പാടും 258 മില്യൺ വിധവകളുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇതിൽ പത്തിൽ ഒരാൾ ദാരിദ്ര്യത്തിലാണ് കഴിയുന്നതെന്നാണ് റിപ്പോ‍ർട്ടുകൾ. കിഴക്കൻ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയുടെ ചില ഭാഗങ്ങളിൽ 50 ശതമാനം സ്ത്രീകളും വിധവകളാണെന്നാണ് റിപ്പോർട്ട്.

കേരളത്തിലെ ആദ്യ വിധവാ സൗഹൃദ ജില്ലയെന്ന ബഹുമതി നേടിയിരിക്കുന്നത് ഇടുക്കി ജില്ലയാണ്. കേന്ദ്ര-സംസ്‌ഥാന സർക്കാരുകൾ ആവിഷ്‌കരിച്ച പദ്ധതികൾ വിധവകളിലേക്ക്‌ എത്തിക്കാനും ബോധവൽക്കരണം നടത്തിയതിനുമാണ് സംസ്‌ഥാനത്തെ ആദ്യ വിധവ സൗഹൃദ ജില്ലയാക്കി ഇടുക്കിയെ തെരഞ്ഞെടുത്തത്‌.
Published by: Rajesh V
First published: June 26, 2021, 11:43 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories