HOME » NEWS » Life » KOCHI MUZIRIS BIENNALE TO BEGIN TODAY

കൊച്ചി-മുസിരിസ് ബിനാലെ ഇന്നു മുതൽ

News18 Malayalam
Updated: December 12, 2018, 11:27 AM IST
കൊച്ചി-മുസിരിസ് ബിനാലെ ഇന്നു മുതൽ
  • Share this:
കൊച്ചി: ഏഷ്യയിലെ ഏറ്റവും വലിയ സമകാലീന കലാവിരുന്നായ കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിന്  ഇന്ന് കൊടിയേറും. വൈകിട്ട് ഫോര്‍ട്ട്കൊച്ചി പരേഡ് ഗ്രൗണ്ടില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ 108 ദിവസം നീണ്ടു നില്‍ക്കുന്ന ബിനാലെ നാലാം ലക്കത്തിന്‍റെ ഔപചാരിക ഉദ്ഘാടനം നിര്‍വഹിക്കും. പ്രധാന വേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ രാവിലെ ക്യൂറേറ്റര്‍ അനിത ദുബെ ബിനാലെ പതാകയുയര്‍ത്തും.

കലാപ്രദര്‍ശനം, ചര്‍ച്ചകള്‍, സംഗീതം, നൃത്തം, സിനിമ തുടങ്ങി എല്ലാ മേഖലകളിലെയും അവതരണം ഡിസംബര്‍ 12 മുതല്‍ മാര്‍ച്ച് 29 വരെ നടക്കുന്ന കൊച്ചി ബിനാലെയില്‍ ഉണ്ടാകും. ആഗോള സമകാലീന കലാചരിത്രത്തെ മാറ്റിയെഴുതുന്നതാകും ബിനാലെ നാലാം ലക്കത്തിലെ പ്രദര്‍ശനങ്ങള്‍. 30 രാജ്യങ്ങളില്‍ നിന്നായി 94 കലാകാരൻമാരാണ് ബിനാലെയില്‍ പങ്കെടുക്കുന്നത്.

'അന്യത്വത്തില്‍ നിന്നും അന്യതയിലേക്ക്' എന്നുള്ളതാണ് കൊച്ചി ബിനാലെ നാലാം ലക്കത്തിന്‍റെ ക്യൂറേറ്റര്‍ പ്രമേയം. ഈ പ്രമേയം അന്വര്‍ത്ഥമാക്കുന്നതു പോലെ തന്നെ പൊതുജനങ്ങള്‍ക്ക് പങ്കാളിത്തം നല്‍കിയുള്ളതാകും ബിനാലെയുടെ സ്വഭാവം. വലിപ്പച്ചെറുപ്പമില്ലാതെ ആര്‍ക്കും തങ്ങളുടെ അഭിപ്രായം സ്വതന്ത്രമായും എത്രസമയം വേണമെങ്കിലും പറയാന്‍ അവസരമൊരുക്കുന്ന പവലിയന്‍ ബിനാലെയുടെ ജനകീയത ഇനിയും വര്‍ധിപ്പിക്കും. ഭാഷയോ, സമയമോ ഈ ആശയവിനിമയത്തിന് ബാധകമായിരിക്കില്ലെന്ന് അനിത ദുബെ ചൂണ്ടിക്കാട്ടി. പരസ്പരം ശ്രവിക്കുന്നതിന് ഇന്‍റര്‍നെറ്റിന്‍റെ സ്വാതന്ത്ര്യം ഉപയോഗിക്കാനും ഇതിലൂടെ സാധിക്കുമെന്ന് അവര്‍ പറഞ്ഞു.

മുറിവുമായി മഞ്ജു ക്യാമറക്കു മുൻപിൽ

ലോകത്തിലെ ഏറ്റവും ജനകീയ ബിനാലെയെന്ന് ഇതിനകം തന്നെ പേരുകേട്ട കൊച്ചി-മുസിരിസ് ബിനാലെയില്‍ ഏറെ നിര്‍ണായകമാകാന്‍ പോകുന്ന ഇടവും ഈ ആശയവിനിമയ കേന്ദ്രമായിരിക്കുമെന്ന് കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ബോസ് കൃഷ്ണമാചാരി പറഞ്ഞു. പകുതിയിലധികം വനിത ആര്‍ട്ടിസ്റ്റുകള്‍ പങ്കെടുക്കുന്ന ലോകത്തിലെ ആദ്യ ബിനാലെ ആയിരിക്കുമിത്. അതിന് ക്യൂറേറ്റര്‍ അനിത ദുബെയെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും ബോസ് പറഞ്ഞു.

പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസില്‍ പതാകയുയര്‍ത്തല്‍ ചടങ്ങിനു ശേഷം മാധ്യമങ്ങള്‍ക്കായി ക്യൂറേറ്റര്‍ക്കൊപ്പം സന്ദര്‍ശനം നടക്കും. ഉച്ചയ്ക്ക് ശേഷം മെക്സിക്കന്‍ ആര്‍ട്ടിസ്റ്റായ താനിയ കാന്‍ഡിയാനിയുടെ കലാപ്രകടനവും(ആസ്പിന്‍വാള്‍ ഹൗസ്) നെതര്‍ലാന്‍റില്‍ താമസിക്കുന്ന ലെബനീസ് ആര്‍ട്ടിസ്റ്റ് റാന ഹമാദെയുടെ പ്രഭാഷണവും(എംഎപി പ്രൊജക്ട് സ്പേസ്) ഉണ്ടാകും.

ബിനാലെ മൂന്നാം ലക്കത്തിന്‍റെ സമാപന സമ്മേളനത്തിലാണ് നാലാം ലക്കത്തിന്‍റെ ക്യൂറേറ്ററായി അനിത ദുബെയെ പ്രഖ്യാപിച്ചത്. ബറോഡ സായാജിറാവു സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയ അനിത കഴിഞ്ഞ ഒരു വര്‍ഷമായി ബിനാലെ പ്രദര്‍ശനങ്ങള്‍ക്കുള്ള കലാസൃഷ്ടികള്‍ തേടി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. വിവിധ തലങ്ങളിലുള്ള ഗവേഷണത്തിനും ആശയവിനിമയത്തിനും ശേഷമാണ് കലാസൃഷ്ടികള്‍ അനിത തെരഞ്ഞടുത്തത്. ഇക്കുറി കിഴക്കന്‍ രാജ്യങ്ങള്‍, ആഫ്രിക്ക എന്നിവടങ്ങളില്‍ നിന്നാണ് കലാകാരډാരുടെ പ്രതിനിധ്യം. യൂറോപ്പ്, അമേരിക്ക എന്നിവടങ്ങളില്‍ നിന്നുള്ള പ്രാതനിധ്യം മന:പൂര്‍വം കുറച്ചിട്ടുണ്ട്.

ഫോര്‍ട്ട്കൊച്ചി, മട്ടാഞ്ചേരി, എറണാകുളം എന്നിവിടങ്ങളിലാണ് ബിനാലെയുടെ പത്ത് വേദികള്‍. പ്രധാനവേദിയായ ആസ്പിന്‍വാള്‍ ഹൗസ് കൂടാതെ, എറണാകുളം ഡര്‍ബാര്‍ഹാള്‍, പെപ്പര്‍ഹൗസ്, കബ്രാള്‍ യാര്‍ഡ്, ഡേവിഡ് ഹാള്‍, കാശി ടൗണ്‍ ഹൗസ്, കാശി ആര്‍ട്ട് കഫെ, ആനന്ദ് വെയര്‍ഹൗസ്, എംഎപി പ്രൊജക്ട്സ് സ്പേസ്, ടി കെ എം വെയര്‍ഹൗസ് എന്നിവയാണ് മറ്റു വേദികള്‍.

ബിനാലെ നാലാം ലക്കത്തിന് സമാന്തരമായി സ്റ്റുഡന്‍റ്സ് ബിനാലെയും നടക്കും. 200 ഓളം വിദ്യാര്‍ത്ഥികളുടെ സൃഷ്ടിയാണ് ഇതില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇക്കുറി ഇന്ത്യയെ കൂടാതെ സാര്‍ക്ക് രാജ്യങ്ങളില്‍ നിന്നും സ്റ്റുഡന്‍റ്സ് ബിനാലെയ്ക്ക് വിദ്യാര്‍ത്ഥി പ്രാതിനിധ്യം ഉണ്ടാകും. ഇതു കൂടാതെ ലെറ്റ്സ് ടോക്ക് സംഭാഷണ പരിപാടി, ആര്‍ട്ടിസ്റ്റ്സ് സിനിമ, മ്യൂസിക് ഓഫ് മുസിരിസ് സംഗീത പരമ്പര, പാരമ്പര്യ കലകള്‍, സമകാലീന സംഗീതം എന്നിവയുടെ പ്രദര്‍ശനവും ബിനാലെയെ സജീവമാക്കും.

ബിനാലെ പ്രതിഷ്ഠാപനങ്ങള്‍ക്ക് ഉപയോഗിക്കുന്ന വസ്തുക്കള്‍ ബിനാലെയ്ക്ക് ശേഷം വീടുകള്‍ പണിയുന്നതിനായി നല്‍കാനും ഫൗണ്ടേഷന്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇതിനായി 40 കലാകാരൻമാരുടെ തെരഞ്ഞെടുത്ത കലാസൃഷ്ടികള്‍ 2019 ജനുവരി 18ന് ലേലം ചെയ്യും. ബിനാലെ ഫൗണ്ടേഷന്‍റെ ആര്‍ട്ട് റൈസസ് ഫോര്‍ കേരള പദ്ധതിയുടെ ഭാഗമായാണിത്. പ്രമുഖ ലേല സ്ഥാപനമായ സാഫ്രണാര്‍ട്ടുമായി ചേര്‍ന്നാണ് ഇത് സംഘടിപ്പിക്കുന്നത്.

First published: December 11, 2018, 7:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories