• HOME
  • »
  • NEWS
  • »
  • life
  • »
  • Ladakh Tourist Spots | വേനലവധിക്കാലം ലഡാക്കിൽ ആഘോഷിക്കാം; ഇതാ കാണേണ്ട സ്ഥലങ്ങൾ

Ladakh Tourist Spots | വേനലവധിക്കാലം ലഡാക്കിൽ ആഘോഷിക്കാം; ഇതാ കാണേണ്ട സ്ഥലങ്ങൾ

മനോഹാരിത കൊണ്ട് നിങ്ങളെ ആകർഷിക്കുന്ന ലഡാക്കിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങൾ ഏതെല്ലാമെന്ന് അറിയാം.

  • Share this:
    ഉത്തരേന്ത്യയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിലൊന്നാണ് ലഡാക്ക് (Ladakh). കണ്ണിന് കുളിർമ പകരുന്ന നിരവധി കാഴ്ചകളാണ് ഈ കേന്ദ്രഭരണ പ്രദേശം ഒരുക്കിവെച്ചിരിക്കുന്നത്. കുന്നിൻചെരുവുകളും സാഹസികമായി സഞ്ചരിക്കേണ്ടുന്ന റോഡുകളും പ്രകൃതിഭംഗി നിറഞ്ഞ് നിൽക്കുന്ന പ്രദേശങ്ങളുമൊക്കെ ഇവിടെയുണ്ട്. ഡൽഹി, പഞ്ചാബ്, ഹരിയാന തുടങ്ങി അയൽസംസ്ഥാനങ്ങളിലുള്ളവർ ബൈക്കിൽ ലഡാക്കിലെത്തി അവധിക്കാലം ആഘോഷിക്കാറുണ്ട്. എവിടെയെങ്കിലും ചെറിയ ടെന്റ് കെട്ടി അവർ ഈ സ്വർഗീയ പ്രദേശത്ത് ദിവസങ്ങൾ ചെലവഴിക്കും. ഉത്തരേന്ത്യയിലേക്ക് ട്രിപ്പ് പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ ഇത്തവണ അവധിക്കാലം ആഘോഷിക്കാൻ ഏറ്റവും പറ്റിയ സ്ഥലം ലഡാക്കാണ്. മനോഹാരിത കൊണ്ട് നിങ്ങളെ ആകർഷിക്കുന്ന ലഡാക്കിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാരകേന്ദ്രങ്ങൾ (Tourist Places) ഏതെല്ലാമെന്ന് അറിയാം.

    പാംഗോങ് തടാകം (Pangong Lake)

    അമീർ ഖാൻ നായകനായി അഭിനയിച്ച ബോളിവുഡ് സിനിമയായ 'ത്രീ ഇഡിയറ്റ്സി'ൻെറ ക്ലൈമാക്സ് ചിത്രീകരിച്ചിട്ടുള്ളത് പാംഗോങ് തടാകത്തിലാണ്. ഈ സിനിമ വന്നതിന് ശേഷം തടാകം സഞ്ചാരികളെ കൂടുതൽ ആകർഷിക്കുന്നു. തടാകത്തിലെ നല്ല തെളിഞ്ഞ നീലജലം സഞ്ചാരികളുടെ മനസ്സിന് കുളിർമയേകുന്നതാണ്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പ്രദേശത്തുള്ള തടാകങ്ങളിൽ ഒന്നാണിത്. വെള്ളത്തിൻെറ നിറം ഇടയ്ക്കിടെ മാറുമെന്നത് ഈ തടാകത്തിൻെറ വലിയ പ്രത്യേകതയാണ്. പ്രത്യേക പ്രതിഭാസത്തിന്റെ ഭാഗമായി വെള്ളം പലസമയങ്ങളിലായി ചുവപ്പ്, ഗോൾഡൻ, പിങ്ക്, മഞ്ഞ, നീല നിറങ്ങളിലെല്ലാം കാണപ്പെടുന്നതാണ്.

    തിക്‌സി ബുദ്ധവിഹാരം (Thiksey Monastery)

    ബുദ്ധസന്ന്യാസികളുടെ കേന്ദ്രമാണ് ലഡാക്ക്. നിരവധി ബുദ്ധവിഹാരങ്ങളും സന്ന്യാസകേന്ദ്രങ്ങളും ഇവിടെ സഞ്ചാരികളെ കാത്തിരിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് തിക്‌സി ബുദ്ധവിഹാരം. 12 നിലകളുള്ള ഈ ബുദ്ധവിഹാരത്തിൽ 500-ലധികം സന്യാസിമാർ താമസിക്കുന്നുണ്ട്. ബുദ്ധമത ജീവിതശൈലി, സംസ്കാരം, കല, വിശ്വാസങ്ങൾ എന്നിവ കൂടുതലറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഈ സ്ഥലം നിങ്ങൾക്കുള്ളതാണ്.

    ഹെമിസ് നാഷണൽ പാർക്ക് (Hemis National Park)

    നിങ്ങൾ എപ്പോഴെങ്കിലും മഞ്ഞു പുള്ളിപ്പുലികളെക്കുറിച്ച് കേട്ടിട്ടുണ്ടോ? ലഡാക്കിലെ ഹെമിസ് ദേശീയോദ്യാനം ഇവയ്ക്ക് പ്രസിദ്ധമാണ്. ഹിമാലയത്തിൻെറ വടക്കൻ മേഖലയിൽ മഞ്ഞു പുള്ളിപ്പുലികളെ കാണാൻ സാധിക്കുന്ന ഏക ദേശീയോദ്യാനം കൂടിയാണിത്.

    ശാന്തി സ്തൂപം (Shanti Stupa)

    താഴികക്കുടത്തിന്റെ ആകൃതിയിലുള്ള ഈ വെളുത്ത സ്തൂപം ലഡാക്കിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നാണ്. ചാൻസ്പയിലെ കുന്നിൻ മുകളിലാണ് ഈ വിനോദ സഞ്ചാരകേന്ദ്രം സ്ഥിതി ചെയ്യുന്നത്. സ്തൂപത്തിന്റെ അകത്തെ ചുവരുകളിൽ ശ്രീബുദ്ധന്റെ ജീവിതം ചിത്രീകരിച്ചിരിക്കുന്നുവെന്നത് ഇതിൻെറ വലിയ പ്രത്യേകതയാണ്. ഈ സ്ഥലത്തിൻെറ ശാന്തതയും മനോഹാരിതയും നിങ്ങളുടെ മനസ്സിൽ എല്ലാക്കാലത്തും നിലനിൽക്കുമെന്നുറപ്പാണ്.

    കാന്തികക്കുന്ന് (Magnetic Hill)

    ലഡാക്കിലെ കാന്തികക്കുന്ന് അഥവാ Magnetic Hill എന്നറിയപ്പെടുന്ന ഈ അപൂർവമായ റോഡിൽ നിങ്ങൾക്ക് നിങ്ങളുടെ കണ്ണുകളെ വിശ്വസിക്കുക പ്രയാസമായിരിക്കും. താഴേക്കുള്ള പാത മുകളിലേക്കാണ് പോവുന്നതെന്ന മിഥ്യാധാരണ നിങ്ങൾക്ക് നൽകുന്ന ഈ പ്രദേശം ഗുരുത്വാകർഷണ കുന്ന് (Gravity Hill) എന്നും അറിയപ്പെടുന്നുണ്ട്. കാന്തികക്കുന്നിൽ താഴേക്ക് പോവുന്ന ഒരു കാർ നിങ്ങൾ നോക്കുമ്പോൾ അത് ഗുരുത്വാകർഷണത്തിനെതിരായി മുകളിലേക്ക് പോവുകയാണെന്ന് നിങ്ങൾക്ക് തോന്നും.
    Published by:Rajesh V
    First published: