ഗംഗയിൽ ലയിച്ച് ഇന്ത്യയുടെ വാനമ്പാടി. അന്തരിച്ച ഇതിഹാസ ഗായിക ലത മങ്കേഷ്കറുടെ (Lata Mangeshkar)ചിതാംഭസ്മം ഗംഗയിൽ ഒഴുക്കി. ഫെബ്രുവരി ആറിനാണ് ലത മങ്കേഷ്കർ വിടവാങ്ങിയത്. ഗായികയുടെ അടുത്ത ബന്ധുക്കൾ വരാണസയിൽ എത്തിയാണ് ചിതാഭസ്മം ഒഴുക്കിയത്.
ലതയുടെ സഹോദരി ഉഷ മങ്കേഷ്കറും ബന്ധുക്കളുമാണ് ചിതാഭസ്മവുമായി എത്തിയത്. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് ജനുവരി അവസാനത്തോടെയാണ് ലത മങ്കേഷ്കറെ മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആരോഗ്യനില വഷളായതിനെ തുടർന്ന് ഫെബ്രുവരി 6 നായിരുന്നു ലത മങ്കേഷ്കർ വിടവാങ്ങിയത്. ഗായികയുടെ ചിതാഭസ്മത്തിന്റെ ഒരു പങ്ക് നേരത്തേ നാസിക്കിലെ ത്രിയംബകേശ്വറിലുള്ള ഗോദാവരി പുഴയിൽ ഒഴുക്കിയിരുന്നു. പിന്നീടാണ് കുടുംബാംഗങ്ങൾ വരാണസയിൽ എത്തിയത്.
വരാണസിയിൽ ലതയ്ക്കു വേണ്ടി പ്രത്യേക പ്രാർത്ഥനയും കുടുംബാംഗങ്ങൾ നടത്തി.
Also Read-
ഏഴ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതം; ലത മങ്കേഷ്കറിന്റെ അപൂർവ ചിത്രങ്ങൾ
മുംബൈ ശിവജി പാർക്കിലാണ് ഇന്ത്യയുടെ ഇതിഹാസ ഗായിക അന്ത്യവിശ്രമം കൊള്ളുന്നത്. പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ നടന്ന സംസ്ക്കാര ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള പ്രമുഖർ പങ്കെടുത്തിരുന്നു. 'മേരി ആവാസ് ഹി പെഹ്ചാൻ ഹേ' എന്ന ഗാനം പിന്നണിയിൽ കേൾപ്പിച്ചുകൊണ്ടായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്.
1948-ൽ മജ്ബൂർ എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു മങ്കേഷ്കറുടെ കരിയറിലെ ആദ്യ വഴിത്തിരിവായ ഗാനമായ ദിൽ മേരാ തോഡ... അടുത്ത വർഷം, 1949-ൽ, മധുബാല അഭിനയിച്ച മഹലിൽ നിന്നുള്ള 'ആയേഗ ആനേവാല' എന്ന ട്രാക്കിലൂടെ ലതാ മങ്കേഷ്കർ വൻ ജനപ്രീതി നേടി. ഇതിനുശേഷം, ഇന്ത്യൻ സിനിമാ-സംഗീത ചരിത്രത്തിലെ ഏറ്റവും മികച്ച ഗായികയായി മാറിയ മങ്കേഷ്കറിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
പത്മഭൂഷൺ, പത്മവിഭൂഷൺ, ദാദാ സാഹിബ് ഫാൽക്കെ അവാർഡ് എന്നിവയ്ക്ക് പുറമെ ഒന്നിലധികം ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലതാ മങ്കേഷ്ക്കറിന് ലഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.