• HOME
  • »
  • NEWS
  • »
  • life
  • »
  • World Water Day 2022 | ഇന്ന് ലോക ജലദിനം; വെള്ളം പാഴാകുന്നത് തടയാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ

World Water Day 2022 | ഇന്ന് ലോക ജലദിനം; വെള്ളം പാഴാകുന്നത് തടയാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന കാര്യങ്ങൾ

വര്‍ദ്ധിച്ചു വരുന്ന താപനിലയും ജനസംഖ്യയുമാണ് ലോകത്ത് ജലക്ഷാമത്തിന്റെ മുഖ്യ കാരണം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
    ഇന്ന് ലോക ജലദിനം (World Water Day). ശുദ്ധജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അവബോധം വളർത്തുന്നതിനായി എല്ലാ വര്‍ഷവും മാര്‍ച്ച് 22 ലോക ജലദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ (UN) തീരുമാന പ്രകാരം 1993 മുതലാണ് ലോക ജലദിനം ആചരിച്ചു വരുന്നത്. ആഗോള ജലപ്രതിസന്ധി പരിഹരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാനാണ് ഈ ദിവസം ലക്ഷ്യമിടുന്നത്. ആറാമത്തെ സുസ്ഥിര വികസന ലക്ഷ്യത്തെ പിന്തുണയ്ക്കുക എന്നതാണ് ഈ വർഷത്തെ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം. അതായത് 2030 ഓടെ എല്ലാവര്‍ക്കും ശുദ്ധജല ലഭ്യതയും ശുചിത്വവും ഉറപ്പു വരുത്താൻ സഹായിക്കുക എന്നതാണ്. വര്‍ദ്ധിച്ചു വരുന്ന താപനിലയും ജനസംഖ്യയുമാണ് ലോകത്ത് ജലക്ഷാമത്തിന്റെ മുഖ്യ കാരണം.

    ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് ഇന്ന് ലോകത്ത് മൂന്നിലൊരാൾ ശുദ്ധമായ കുടിവെള്ളം ലഭിക്കാതെ ജീവിക്കുന്നുണ്ട്. 2050ഓടെ 5.7 ബില്യണ്‍ ജനങ്ങൾ വര്‍ഷത്തില്‍ ഒരു മാസമെങ്കിലും ജലക്ഷാമമുള്ള പ്രദേശങ്ങളില്‍ കഴിയുമെന്ന് പറയപ്പെടുന്നു. ശുദ്ധജലവിതരണവും ശുചിത്വവും ഉറപ്പു വരുത്തുന്നത് വഴി ഓരോ വര്‍ഷവും 3,60,000ലധികം ശിശുക്കളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെന്നും ഐക്യരാഷ്ട്രസഭ പറയുന്നു. കൂടാതെ, ആഗോളതാപനില വ്യാവസായിക വൽക്കരണത്തിന് മുമ്പുള്ള നിലയേക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് മാത്രം അധികമുള്ള നിലയിലേക്ക് പരിമിതപ്പെടുത്തിയാല്‍ കാലാവസ്ഥാമാറ്റം മൂലമുള്ള ജലക്ഷാമം 50 ശതമാനം വരെ കുറയ്ക്കാനാകും.

    അതിനാല്‍, വെള്ളം വിവേകപൂര്‍വ്വം ഉപയോഗിക്കേണ്ടത് വളരെ നിര്‍ണായകമാണ്, ഓരോ വ്യക്തിക്കും വെള്ളം സംരക്ഷിക്കുന്നതില്‍ തന്റേതായ സംഭാവന നൽകാൻ കഴിയും. പകരം വെയ്ക്കാനാകാത്ത ഈ പ്രകൃതിവിഭവം സംരക്ഷിക്കാന്‍ നമുക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങൾ ഇവയാണ്:

    1. വെള്ളം പാഴാക്കുന്നത് ഒഴിവാക്കുക
    പല്ല് തേക്കുമ്പോഴും ഷേവ് ചെയ്യുമ്പോഴും കൈ കഴുകുമ്പോഴും പാത്രങ്ങള്‍ കഴുകുമ്പോഴും അധിക വെള്ളം പാഴാകാതിരിക്കാന്‍ ടാപ്പ് ഓഫ് ചെയ്യുക.

    2. ഷവറിനു പകരം ബക്കറ്റുകള്‍ ഉപയോഗിക്കുക
    കുളിക്കുമ്പോള്‍ ഷവറിനു പകരം ബക്കറ്റുകള്‍ ഉപയോഗിക്കുക. ലഭ്യമായ വിവരമനുസരിച്ച് ഷവര്‍ മിനിറ്റില്‍ 5 ഗാലന്‍ വെള്ളം ഉപയോഗിക്കുന്നു.

    3. മഴവെള്ളം സംഭരിക്കുക
    വനനശീകരണം കാരണം താപനില ഉയരുക മാത്രമല്ല, നമുക്ക് ലഭിക്കുന്ന മഴയുടെ അളവ് കുറയുകയും ചെയ്യുന്നു. മഴവെള്ളം ശേഖരിച്ച് ചെടികള്‍ നനയ്ക്കാനും വസ്ത്രങ്ങള്‍ കഴുകാനും മറ്റും ഉപയോഗിക്കുന്നത് ശീലമാക്കുക.

    4. മലിനജലം പുനരുപയോഗിക്കുക
    പച്ചക്കറികള്‍ കഴുകാന്‍ ഉപയോഗിക്കുന്ന വെള്ളം ചെടികള്‍ക്ക് നനയ്ക്കാന്‍ വീണ്ടും ഉപയോഗിക്കാം. കൂടാതെ, RO ഫില്‍ട്ടറുകളില്‍ നിന്ന് ഫിൽറ്റർ ചെയ്യുന്ന വെള്ളം തറ വൃത്തിയാക്കുന്നതിനോ തുടയ്ക്കുന്നതിനോ ഉപയോഗിക്കാം.

    5. ചോര്‍ച്ച പരിശോധിക്കുക
    പൈപ്പുകള്‍ക്ക് ചോര്‍ച്ചയുണ്ടോയെന്ന് പതിവായി പരിശോധിക്കുക. അതുമൂലം വെള്ളം പാഴാകുന്നില്ലെന്ന് ഉറപ്പാക്കുക.

    Summary: World Water Day 22 falls on March 22. The day is observed to sensitise public on the need to conserve water and prevent ways from getting it misused. Here's how you can have a better management of water at home
    Published by:user_57
    First published: