• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

മലഞ്ചരിവിലെ ഇടവപ്പാതികൾ

News18 Malayalam
Updated: June 9, 2018, 5:02 PM IST
മലഞ്ചരിവിലെ ഇടവപ്പാതികൾ
News18 Malayalam
Updated: June 9, 2018, 5:02 PM IST
ധ്വനി ഷൈനി

പുതുമഴയുടെ തിണർപ്പു തണുത്ത്, ഇടവപ്പാതി, നാല്പതാംനമ്പർ മഴയായി, മലയോരങ്ങളിലേയ്ക്ക് വേരിറക്കുമ്പോൾ, പേരില്ലാത്ത തിക്കുമുട്ടലുകൾ മനസിൽ നിറഞ്ഞു പൊന്തും. ലോകത്തെവിടെയിരുന്നാലും, മഴത്തുള്ളി നെറുകയിൽ വീഴുമ്പോൾ, ഒരു ശരാശരി ഇടുക്കിക്കാരന്റെ തലയ്ക്കു മീതേ, പ്രണയ-വിശ്രാന്തികൾക്കും മുകളിൽ, ഈ ഒരു തിക്കുമുട്ടൽ കുടനിവർക്കും.

പുഴുങ്ങിയുണങ്ങാനിട്ട നെല്ലിലും, പാതിയുണങ്ങിയ ചുക്കും, വാട്ടുകപ്പയും, ചക്കയും വിരിച്ച പാറയിലും, നിറഞ്ഞ തലകുടഞ്ഞു പാടുവീഴ്ത്തി പുതുമഴ. ചൂടുമാറാത്ത ചുരുട്ടിയ പരമ്പും, ചാക്കുകളിൽ വാരിക്കെട്ടിയ നെല്ലും ചുക്കും നിറഞ്ഞ തിണ്ണ. കാലാചെത്തി നഗ്നമായ ചോന്ന ചരിവിലേയ്ക്ക് പുതുമഴ ആലിപ്പഴം പെയ്യിയ്ക്കുമ്പോൾ, തിണ്ണയിലേയ്ക്ക് ഓടിക്കയറി, തലയിലെ തോർത്തൂരി കുടഞ്ഞ്, തോളും മുഖവും അമർത്തിത്തുടച്ചു പുഞ്ചിരിയ്ക്കുന്ന ആണുങ്ങൾ. നിറഞ്ഞ വിറകുപുരയിൽ നിന്ന് ചൂട്ടും കൊതുമ്പും ഒരു കൈത്തണ്ടയിലൊതുക്കി, മറുകയ്യിൽ മുറത്തിലുണങ്ങാൻ വച്ചതും മാടിയെടുത്ത് അടുക്കളപ്പുറത്തേക്കോടുന്ന പെണ്ണുങ്ങൾ. ദേഹം കുടഞ്ഞു, വേഗം കൂട്ടി, കൂട്ടിലേയ്ക്ക് തത്തിപ്പായുന്ന പൊരുന്നക്കോഴികൾ. ഇടിമുഴക്കത്തിൽ ഇളകിമുറുമ്മി പശുക്കൾ.

നൂലുമുറിയാതെ, ചാഞ്ഞും ചരിഞ്ഞും, നിലയ്ക്കാതെ, ഒച്ചയില്ലാതെ കരഞ്ഞുകരഞ്ഞ്, ഇടവപ്പാതി നാല്പതാംനമ്പർ മഴയാകുമ്പോൾ, തീപിടിയ്ക്കാൻ മടിയ്ക്കുന്ന ഒരടുപ്പിൽനിന്നെന്നപോലെ, പുകയടയാളങ്ങൾ പടരുന്നു ഓരോ ജീവിതത്തിലും.

മലഞ്ചരിവുകളിൽ, മഴയോടു മത്സരിച്ച് ഉറവകൾ പൊട്ടുമ്പോൾ, താഴ്‍വാരങ്ങളിലെ വീടുകളിൽ ഭയം കിനിഞ്ഞിറങ്ങും. മേൽക്കൂര തകർക്കുന്ന പെരുമഴയിൽ, മലതാങ്ങി നിർത്തുന്ന പാറകളും വന്മരങ്ങളും, ജീവനെ ഒറ്റുകൊടുക്കരുതേയെന്ന് അറിയാവുന്ന ദൈവങ്ങളോടു കേഴുന്ന വെറും മനുഷ്യരാവും ഓരോരുത്തരും.

മണ്ണെണ്ണവിളക്കുകൾ കെട്ടുവിളിയ്ക്കുന്ന ഇരുട്ടിൽ, കട്ടിൽക്കീഴിലെ നെരിപ്പോടുകൾ മങ്ങി തെളിയും. ശേഷം, ചവുക്കാളത്തിനും മീതേ കരിമ്പടം വീഴുന്നു. ചലച്ചിത്രഗാനങ്ങളുടെ ഉച്ചനേരങ്ങൾ ഇരച്ചിരച്ചില്ലാതാവുന്നു. ക്രമേണ, ജീവന്റെ ഓരോരോ ശബ്ദങ്ങളെയും മഴ വിഴുങ്ങിയൊതുക്കും.

അറിവുകൾ ഇനിയും കീഴ്പെടുത്താത്ത ബാല്യങ്ങൾക്കാണ് മഴയോടടുപ്പം. കൈപ്പിടി നനഞ്ഞ സ്ളേറ്റും, ചൂടുള്ള ചോറ്റുപാത്രവും, പുസ്തക സഞ്ചിയിലൊതുക്കി ഒറ്റയടിപ്പാതയിലൂടെ കുന്നുകയറി ചരിവിലുള്ള കോടമഞ്ഞുതുണ്ടും കടന്ന്, മുകളിലുള്ള മൺപാതയിലേയ്ക്കെത്തുന്ന സ്‌കൂൾ കുട്ടികൾ. കളറിളകിയ, നനഞ്ഞ ചീട്ടിത്തുണിയുടെ പശമണമുള്ള ക്ലാസ് മുറികൾ. വരാന്തയിലേക്ക് എറിഞ്ഞുകേറുന്ന മഴയരികിൽ കാലിയാകുന്ന ചോറ്റുപാത്രങ്ങൾ. കുറുന്തോട്ടികളതിരിട്ട മഴച്ചാലുകളിൽ, മുട്ടൊപ്പം വെള്ളത്തിലിറങ്ങിയുള്ള തിരിച്ചുപോക്കിൽ, ഒഴിഞ്ഞ പാത്രങ്ങളിൽ, പഴുത്ത കൊങ്ങിണിക്കായോ, നനഞ്ഞ തുമ്പികളോ, വണ്ടുകളോ, നിറയും.
Loading...

കോളജിലേയ്ക്ക് താണ്ടുന്ന മൈൽക്കണക്ക്, ഹവായ് ചെരുപ്പ് തല്ലിയടുപ്പിച്ച ചെളിത്തുള്ളിപ്പാടുകളായി വല്യപാവാടയിലും വെള്ളമുണ്ടിലും. പാതിനനഞ്ഞ അടിപ്പാവാടയുമായി നടന്ന ദൂരം കണങ്കാലിൽ പോറലുകളിലായി എഴുതപ്പെടുന്നു. കാറ്റു കമ്പിയൊടിച്ച കുടകൾക്കടിയിൽ നിന്നു പായുന്ന, നനവു വീണ നോട്ടങ്ങളിലൊതുങ്ങും മലഞ്ചരിവുകളിലെ മഴ കൊണ്ടുവരുന്ന പ്രണയം.
First published: June 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...