#വിനായക് ശശികുമാർ (ഗാനരചയിതാവ് )
'ഗബ്രിയേലിന്റെ ദർശന സാഫല്യമായ്' എന്ന പാട്ട് ഇക്കുറിയും പ്രധാന കരോൾ ഗാനമാക്കി ക്രിസ്മസ് ആഘോഷിക്കാൻ ഒരുങ്ങുകയാണ് നമ്മുടെ നാടെന്ന സന്തോഷം പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നു. ഗപ്പിക്ക് വേണ്ടി ഈ പാട്ടെഴുതാൻ ജോണേട്ടൻ പറഞ്ഞതും വിഷ്ണു ചേട്ടൻ ഈണം തന്നതുമൊക്കെ ഇന്നലെ കഴിഞ്ഞതു പോലെ തോന്നുന്നു.
2016ൽ ചെന്നൈയിലെ മദ്രാസ് സ്കൂൾ ഓഫ് എക്കണോമിക്സിൽ പോസ്റ്റ് ഗ്രാജുവേഷന് പഠിക്കുമ്പോഴാണ് ഗപ്പിയിലെ നാല് പാട്ടുകളും എഴുതുന്നത്. അന്നുമുതൽ ഇന്നുവരെ "തനിയെ മിഴികൾ" എന്ന പാട്ടിനും "ഗബ്രിയേലിന്റെ ദർശന സാഫല്യമായ്"എന്ന കരോൾ ഗാനത്തിനും ലഭിച്ചു കൊണ്ടിരിക്കുന്ന സ്നേഹവാത്സല്യങ്ങൾക്ക് അകമഴിഞ്ഞ നന്ദി അറിയിക്കുന്നു, എല്ലാപേരോടും.
ചെന്നൈ ലൊയോള കോളേജിൽ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഒരുപാട് ക്രിസ്ത്യൻ സുഹൃത്തുക്കളെ കിട്ടി. ഇവരോടൊപ്പം മൂന്ന് ക്രിസ്മസ് ആഘോഷിച്ച ഊർജം മനസ്സിൽ തങ്ങിനിൽക്കെയാണ് ഗപ്പിയിൽ ഒരു കരോൾ ഗാനം എഴുതേണ്ടി വരുന്നത്. "എല്ലാവരും പാടി നടക്കണം ഈ പാട്ട് വരും വർഷങ്ങളിലെ കരോൾ ഗാനമായി" ഇതായിരുന്നു സംവിധായകൻ ജോണേട്ടന്റെ ഡിമാൻഡ്.

വിനായക് ശശികുമാർ
സംവിധാനത്തിലെന്ന പോലെ സംഗീതത്തിലും മികച്ച അഭിരുചിയുള്ള വ്യക്തിയാണ് അദ്ദേഹം. സംഗീത സംവിധായകനായ വിഷ്ണു ചേട്ടൻ ഓർക്കസ്ട്രേഷന്റെയും അവതരണത്തിന്റെയും കാര്യത്തിൽ, കരോളുകളിൽ നമ്മൾ കേൾക്കുന്ന റിയലിസ്റ്റിക് ലാളിത്യം പാട്ടിൽ കൊണ്ടുവന്നു. ആർക്കും മനസ്സിലാവുന്ന, ആർക്കും പാടാവുന്ന വരികളിലൂടെ ഉണ്ണിയേശുവിന്റെ തിരുപ്പിറവിയെ വർണ്ണിക്കാൻ ഞാനും പരമാവധി ശ്രമിച്ചു.
'ഗബ്രിയേലിന്റെ' ഷൂട്ടിങ് വേളയിൽ ഗപ്പി സെറ്റിലെങ്ങും ആഘോഷമായിരുന്നു എന്ന് ജോണേട്ടൻ പിന്നീട് പറഞ്ഞു. അഭിനയിച്ച താരങ്ങൾക്കും പിന്നണിയിലെ അംഗങ്ങൾക്കും 'ഗബ്രിയേലിന്റെ' ചുവടുമൊത്ത് നൃത്തം വെയ്ക്കൽ ഷൂട്ടിങ്ങിനിടെ ഹരമുള്ള വിനോദമായി മാറി എന്ന് കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി. കാരണം, അവർ ആ ഗാനത്തിന്റെ പ്രാഥമികശ്രോതാക്കൾ തന്നെയാണ്. അവർ അംഗീകരിച്ചുവെങ്കിൽ ഈ ഗാനം നാളെ കേൾക്കുന്ന ജനങ്ങളും അംഗീകരിക്കുമെന്ന വിശ്വാസം കൈവന്നു.
ഇക്കുറിയും ക്രിസ്മസിന് ദിവസങ്ങൾക്ക് മുമ്പുതന്നെ ഗബ്രിയേൽ എന്ന ഗാനം അകമ്പടിയാക്കിയ പല പല വീഡിയോ ക്ലിപ്പുകൾ വാട്സ് ആപ്പ് വഴിയും ഫേസ്ബുക് വഴിയും ലഭിക്കുവാൻ തുടങ്ങിയിട്ടുണ്ട്.. ആ ആനന്ദത്തിന്റെ നിറവിൽ എല്ലാവർക്കും നല്ല ഒരു അവധിക്കാലവും പുതുവർഷവും നേർന്നു കൊണ്ട് ഞാനും ഇതിൽ പങ്കു കൊള്ളുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.