പൊള്ളുന്ന വേനല്‍ കാലത്ത് മണ്‍സൂണ്‍ വലിയൊരു ആശ്വാസം തന്നെയാണ്. മരങ്ങളും ചെടികളും തളിര്‍ക്കുന്നതും നനഞ്ഞ മണ്ണിന്റെ മണവുമൊക്കെ ചൂടുകാലത്ത് വലിയ ആശ്വാസം തന്നെയാണ്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍, മണ്‍സൂണ്‍ നമ്മുടെ പ്രതിരോധശേഷി കുറയ്ക്കുകയും നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കും രോഗങ്ങള്‍ക്കും കാരണമാകുകയും ചെയ്യാറുണ്ട്. അവ ഒഴിവാക്കാന്‍ എല്ലാവരും മുന്‍കൂട്ടി ചില തയ്യാറെടുപ്പുകള്‍ നടത്തുന്നത് നല്ലതാണ്. എറ്റ്നയുടെ വി ഹെല്‍ത്ത് മെഡിക്കല്‍ ഡയറക്ടര്‍ പ്രീതി ഗോയല്‍ ഈ സീസണില്‍ രോഗങ്ങള്‍ വരാതെ സൂക്ഷിക്കുന്നതിന് ശ്രദ്ധിക്കേണ്ട ചില മുന്‍കരുതലുകളെക്കുറിച്ച് സംസാരിക്കുന്നു. അവ എന്തൊക്കെയാണെന്ന് നോക്കാം.
ഈ സീസണിലെ താപനിലയിലെ പെട്ടെന്നുള്ള മാറ്റങ്ങളും അന്തരീക്ഷത്തിലെ ആര്‍ദ്രത വര്‍ദ്ധിക്കുന്നതും പല വൈറസുകളുടെ വ്യാപനത്തിനും ജലദോഷത്തിനും പനിക്കും കാരണമാകുന്നുണ്ട്. ഈ സമയത്ത് പോഷകസമൃദ്ധമായ ഭക്ഷണവും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ഭക്ഷണങ്ങളും കഴിക്കുന്നത് വളരെ നല്ലതാണ്. ജങ്ക് ഫുഡ് പരമാവധി ഒഴിവാക്കുക. ധാരാളം വെള്ളം കുടിക്കുന്നത് വൈറല്‍ അണുബാധകളില്‍ നിന്ന് രക്ഷനേടാന്‍ വളരെയധികം സഹായിക്കും. ഹെര്‍ബല്‍ ചായയും തേന്‍ ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കുടിക്കുന്നതും ശ്വാസകോശ സംബന്ധമായ രോഗങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കും. മതിയായ ഉറക്കവും ശാരീരിക വ്യായാമവും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ചില പൊടിക്കൈകളാണ്.
മനുഷ്യരെപ്പോലെ തന്നെ കൊതുക്, ബാക്ടീരിയ, വൈറസ്, ഫംഗസ് എന്നിവയ്ക്കും മഴക്കാലം ഏറെ ഇഷ്ടമാണ്. ഡെങ്കി, മലേറിയ, സ്ക്രബ് ടൈഫസ് തുടങ്ങിയ രോഗങ്ങള്‍ പകര്‍ത്തുന്ന കൊതുകുകളുടെ പ്രജനന കാലം കൂടിയാണ് മഴക്കാലം. അതുകൊണ്ട് നിങ്ങളുടെ വീടുകളിലും പരിസരങ്ങളിലും വെള്ളം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുക. അയല്‍വാസികളോടും ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പറയുക. പനി ബാധിച്ചാല്‍ ഉടന്‍ ഡോക്ടറെ കാണുകയും വേണം.
ശുചിയല്ലാത്ത ഭക്ഷണം, വെള്ളം എന്നിവയിലൂടെയാണ് ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എ എന്നിവ പകരുന്നത്. അതുകൊണ്ട് തന്നെ ഫില്‍ട്ടര്‍ ചെയ്തതോ തിളപ്പിച്ചതോ ആയ വെള്ളം മാത്രം ഉപയോഗിക്കുക. സംഭരിച്ച വെള്ളം 24 മണിക്കൂറില്‍ കൂടുതല്‍ ഉപയോഗിക്കരുത്. വേവിച്ച, നേരിയ ചൂടുള്ള ഭക്ഷണം കഴിക്കുക. വേവിക്കാതെ പച്ചക്കറികളും ഇലകളും കഴിക്കുന്നത് ഒഴിവാക്കുക. അഥവാ കഴിച്ചാല്‍ വൃത്തിയായി കഴുകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക.
ഈ സീസണിലെ മറ്റൊരു പ്രധാന പ്രശ്നം ഫംഗസ് അണുബാധയാണ്. പ്രത്യേകിച്ച് പാദങ്ങളെയും മറ്റും ബാധിക്കുന്ന ഫംഗസ് അണുബാധ. അതിനാല്‍ മഴവെള്ളം, ചെളി എന്നിവയില്‍ ഇറങ്ങിയാല്‍ പാദങ്ങള്‍ നന്നായി വൃത്തിയാക്കണം. നനഞ്ഞ ഷൂസ് ധരിക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ വസ്ത്രങ്ങള്‍ പതിവായി കഴുകുക. സാധ്യമാകുമ്പോഴെല്ലാം വെയിലത്തിട്ട് വസ്ത്രങ്ങള്‍ ഉണക്കുക. ശരിയായി ഉണങ്ങിയിട്ടില്ലെങ്കില്‍ ധരിക്കുന്നതിന് മുമ്പ് വസ്ത്രങ്ങള്‍ ഇസ്തിരിയിടുക. ഇത് ഫംഗസ് ഇല്ലാതാക്കുകയും ചര്‍മ്മത്തിലെ ഫംഗസ് അണുബാധ തടയുകയും ചെയ്യും.
അലര്‍ജി ഉള്ളവര്‍ക്ക് മഴക്കാലത്ത് അവരുടെ ലക്ഷണങ്ങള്‍ വര്‍ദ്ധിച്ചേക്കാം. അലര്‍ജിയ്ക്ക് എതിരായ മരുന്നുകള്‍ എല്ലായ്പ്പോഴും കൈവശം വയ്ക്കുക. ഈ ചെറിയ നുറുങ്ങുവിദ്യകള്‍ മനസ്സില്‍ സൂക്ഷിക്കുന്നത് കാലവര്‍ഷത്തെ ആസ്വാദ്യകരവും അവിസ്മരണീയവുമാക്കാന്‍ സഹായിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.