ടൂറിസ്റ്റുകളുടെ (tourism) പ്രിയപ്പെട്ട സ്ഥലമായി (destination) മാറിക്കൊണ്ടിരിക്കുകയാണ് മാലിദ്വീപ് (maldives), പ്രത്യേകിച്ച് നവദമ്പതികളുടെ. ഹണിമൂണ്‍ (honeymoon) ആഘോഷിക്കാന്‍ നിരവധി ആളുകളാണ് ഇവിടം തെരഞ്ഞെടുക്കുന്നത്. ഇരുപതിനായിരത്തിലധികം ആളുകളെ ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന ഒഴുകുന്ന നഗരം (city) സൃഷ്ടിക്കാനാണ് മാലിദ്വീപ് ഇപ്പോള്‍ ശ്രമിക്കുന്നത്. തലസ്ഥാന നഗരമായി മാലിയില്‍ നിന്ന് ഏകദേശം 10 മിനിറ്റ് അകലെ ആയിട്ടായിരിക്കും ഈ കൃത്രിമ ദ്വീപ് നിലവില്‍ വരിക. 2027ല്‍ ഇത് പൂര്‍ത്തികരിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
നിരവധി ഫ്ളോട്ടിംഗ് ഹൗസ് യൂണിറ്റുകള്‍ (ഒഴുകുന്ന വീടുകള്‍) ഉള്‍പ്പെടുത്തിയാണ് ഈ നഗരം നിര്‍മ്മിക്കുന്നത്. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന തരത്തിലുള്ള കടകള്‍, സ്കൂളുകള്‍, ഹോട്ടലുകള്‍, മറ്റ് ഭക്ഷണശാലകള്‍ എല്ലാം ഈ പുതിയ നഗരത്തില്‍ ഉണ്ടാകും. രണ്ട് കെട്ടിടങ്ങള്‍ തമ്മില്‍ കനാലുകള്‍ കൊണ്ട് ബന്ധിപ്പിച്ചിരിക്കും.
2024ഓട് കൂടി നഗരത്തിന്റെ പൂര്‍ത്തിയാകുന്ന ഭാഗത്ത് ആളുകള്‍ക്ക് താമസം ആരംഭിക്കാനാകും. പ്രകൃതിയോട് ഇണങ്ങുന്ന രീതിയില്‍ കടലിലെ ആവാസവൃവസ്ഥയെ ബാധിക്കാത്ത തരത്തിലായിരിക്കും നഗരത്തിന്റെ നിര്‍മ്മാണം. പവിഴപ്പുറ്റുകളുടെ സ്വാഭാവിക വളര്‍ച്ചയെ തടസ്സപ്പെടുത്താതിരിക്കാന്‍ പ്രത്യേക സംവിധാനവും ഒരുക്കും.
ഏകദേശം 1,200 പവിഴ ദ്വീപുകളുള്ള രാജ്യമാണ് മാലിദ്വീപ്. ലോകത്തിലെ തന്നെ ഏറ്റവും താഴ്ന്ന പ്രദേശമാണിത്. വെള്ളത്തില്‍ നിന്ന് ഏകദേശം 3.3 അടി മാത്രമാണ് ദ്വീപിന്റെ ഉയര്‍ന്ന പ്രദേശങ്ങള്‍ ഉള്ളത്. 2004ലെ സുനാമിയില്‍ ഈ ദ്വീപിന് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു. മുന്‍പും പലരും ഒഴുകുന്ന നഗരം എന്ന ആശയം മുന്നോട്ട് വെച്ചിട്ടുണ്ട്. പക്ഷേ, അത് ആദ്യമായി നടപ്പാക്കാന്‍ പോകുന്നത് മാലിദ്വീപാണ്.
അതേസമയം, വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്കായി ഇച്ചിജോ കൊമുത്തേന്‍ എന്ന ജപ്പാന് വീട് നിര്‍മ്മാണ കമ്പനി ഒഴുകുന്ന വീട് കണ്ടുപിടിച്ചതായ വാര്‍ത്തകള്‍ നേരത്തെ വന്നിരുന്നു. വാട്ടര്‍പ്രൂഫ് രീതിയിലാണ് വീടിന്റെ നിര്‍മ്മാണമെന്ന് കമ്പനി അവകാശപ്പെടുന്നു. കൂടാതെ വെള്ളത്തിന്റെ അളവ് കൂടുന്നതോടെ വീട് ഒരു ബോട്ട് പോലെ പൊങ്ങിക്കിടക്കും.
ഇച്ചിജോ കൊമുത്തേന്‍ കമ്പനിയുടെ ഈ കണ്ടുപിടുത്തമാണ് ഇപ്പോള്‍ ജപ്പാനിലെ പ്രധാന ചര്‍ച്ചാ വിഷയം. 'ഈ വീട് ഒരു സാധാരണ വീട് പോലെയാണ് കണ്ടാല്‍ തോന്നുക. പക്ഷേ, ചുറ്റും വെള്ളം നിറയുന്നതോടെ ഭൂമിയില്‍ നിന്ന് പൊങ്ങി ഇത് ഒഴുകി നടക്കാന്‍ തുടങ്ങുന്നു.' കമ്പനി വക്താവ് ഒരു ടെലിവിഷന്‍ അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ഒരു വീടിന്റെ പ്രദര്‍ശനവും കമ്പനി പ്രേക്ഷകര്‍ക്കായി നടത്തി. ഏതാനും ഇഞ്ച് ഭൂമിയില്‍ നിന്ന് പൊങ്ങി വീട് ഒഴുകി നടക്കുന്ന കാഴ്ച കാണികളെ അത്ഭുതപ്പെടുത്തി.
വീട്ടില്‍ ഘടിപ്പിച്ചിരിക്കുന്ന കട്ടികൂടിയ ഇരുമ്പുദണ്ഡുകള്‍ കേബിളുകള്‍ വഴി ഭൂമിയില്‍ ബന്ധപ്പിച്ചിരിക്കുകയാണ്. വെള്ളം പൊങ്ങുമ്പോള്‍ ഈ കേബിളുകള്‍ അയയ്ക്കുന്നു. അപ്പോള്‍ വീട് പൊങ്ങിക്കിടക്കും. വെള്ളപ്പൊക്കം മാറുമ്പോള്‍ ഇത് തിരികെ സാധാരണരീതിയിലേയ്ക്ക് ആക്കാനും സാധിക്കും. വെള്ളം വളരെ കുറവാണെങ്കില്‍ വീട് ഭൂമിയില്‍ തന്നെ തൊട്ട് നില്ക്കും. 5 മീറ്റര്‍ ഉയരത്തില്‍ വരെ പൊങ്ങിക്കിടക്കാന് ഈ വീടിന് സാധിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.