• HOME
  • »
  • NEWS
  • »
  • life
  • »
  • Vishu 2022| വിഷുക്കണിയൊരുക്കാനുള്ള തിരക്കില്‍ മമ്മദ് കോയ ഹാജിയും സുഹൃത്തുക്കളും

Vishu 2022| വിഷുക്കണിയൊരുക്കാനുള്ള തിരക്കില്‍ മമ്മദ് കോയ ഹാജിയും സുഹൃത്തുക്കളും

റമദാനില്‍ മാസമായതിനാല്‍ അത്താഴ ഭക്ഷണവും സുബ്ഹി നിസ്‌കാരം കഴിഞ്ഞ് മമ്മദ് ഹാജിയുടെ സുഹൃത്തുക്കളും നേരെ പൈങ്ങോട്ടുപുറത്തെ പാടത്തേക്ക് വരും.

  • Share this:
കോഴിക്കോട്: വിശുദ്ധ റമദാന്‍ (Ramadan 2022)മാസത്തില്‍ വിഷു ആഘോഷമെത്തുമ്പോള്‍ (Vishu 2022)വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് കോഴിക്കോട് കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുംപുറം മമ്മദ് കോയ ഹാജിയും സുഹൃത്തുക്കളും. വിഷുവിനുള്ള കണിവെള്ളരിയുടെ (Kanivellari) വിളവെടുപ്പിലാണ് ഈ കര്‍ഷകര്‍. രണ്ട് മാസം മുമ്പാണ് കണിവെള്ളരി കൃഷിക്കായി വിത്തിട്ട് നിലമൊരുക്കിയത്. കൃത്യമായ പരിചരണം ആവശ്യമുള്ള കൃഷിയാണ് കണിവെള്ളരിയുടെതെന്ന് കര്‍ഷകര്‍ പറയുന്നു. ഈ മാസം 15നാണ് വിഷു. അതിന് മുമ്പ് വിളവെടുത്ത് കണിവെള്ളരി മാര്‍ക്കറ്റിലെത്തിക്കണം.

റമദാനില്‍ മാസമായതിനാല്‍ അത്താഴ ഭക്ഷണവും സുബ്ഹി നിസ്‌കാരം കഴിഞ്ഞ് മമ്മദ് ഹാജിയുടെ സുഹൃത്തുക്കളും നേരെ പൈങ്ങോട്ടുപുറത്തെ പാടത്തേക്ക് വരും. വിളവെടുക്കുന്ന കണിവെള്ളരി പാടത്ത് വെച്ച് തന്നെ തുടച്ച് വൃത്തിയാക്കി ചാക്കില്‍ കെട്ടി വീട്ടിലേക്ക് കൊണ്ടുവരികയാണ്.'കഴിഞ്ഞ വര്‍ഷം കോവിഡ് കാലത്ത് അത്യാവശ്യം വില കിട്ടിയിരുന്നു. തുടക്കത്തില്‍ കിലോയ്ക്ക് അന്‍പത് രൂപയുണ്ടായിരുന്നത് പിന്നീട് അറുപതും എഴുപതുമായി വര്‍ധിച്ചു. ഇത്തവണ. നാല്‍പ്പത് രൂപയാണ് മാര്‍ക്കറ്റ് വില. ഇത് വര്‍ധിക്കുമെന്ന പ്രതീക്ഷയിലാണ്'- കര്‍ഷകന്‍ മമ്മദ് ഹാജി പറയുന്നു. ആദ്യകാലത്ത് കോഴിക്കോട് ജില്ലയില്‍ ഈ കര്‍ഷകരാണ് കണിവെള്ളരികൃഷി വലിയ തോതില്‍ നടത്തിയിരുന്നത്. അക്കാലത്ത് ലോഡ് കണക്കിന് കണിവെള്ളരി ഇവിടെ നിന്ന് കയറ്റികൊണ്ടുപോവാറുണ്ടായിരുന്നു. പിന്നീട് പലരും വിത്തുകള്‍ വാങ്ങി കൃഷി തുടങ്ങി. ഇപ്പോള്‍ പരിസരപ്രദേശങ്ങളിലായി പല കര്‍ഷകരും കണിവെള്ളരി കൃഷി ചെയ്യുന്നുണ്ട്.

Also Read-‘നോവൽ ഫാക്ടറി’ അല്ല; ഒരുപാട് സമയമെടുത്ത് എഴുതിയാൽ മികച്ചതാവുമെന്ന് ‍വിചാരിക്കുന്നില്ല

തേനീച്ച പോലുള്ള ഒരുതരം പ്രാണിയാണ് കണവെള്ളരി കൃഷി നേരിടുന്ന പ്രധാന ഭീഷണി. ഈ കീടങ്ങള്‍ കുത്തിയ വെള്ളരിയുടെ ഭാഗങ്ങള്‍ കേടാവും. ഇത് പിന്നീട് വില്‍പ്പനക്കായി നല്‍കാന്‍ കഴിയാതെ വരും. കീടങ്ങളെ പിടിക്കാന്‍ പ്രത്യേക കൂടൊരുക്കി പ്രതിരോധിക്കുകയാണ് കര്‍ഷകര്‍. എന്നാലും 15 ശതമാനം വിളവുകള്‍ കീടങ്ങള്‍ നശിപ്പിക്കും. സാധാരണ കൃഷിയെക്കാള്‍ പരിചരണം കൂടുതല്‍ വേണ്ടതാണ് കണിവെള്ളരിക്കെന്ന് കര്‍ഷകന്‍ മരക്കാര്‍ പറയുന്നു. നന്നായി നനയ്ക്കണം. എപ്പോഴും പരിചരിക്കണം. കീടങ്ങളെ പ്രതിരോധിക്കണം.
Also Read-തിരുതയുടെ പ്രശസ്തിക്കു പിന്നിൽ;വേഗത്തിൽ വളര്‍ച്ച; മറ്റുളളവയുമായി പൊരുത്തപ്പെട്ടു പോകാനുള്ള കഴിവ്; രുചിയും ഉയര്‍ന്ന വിലയും

നോമ്പ് കാലത്തെ പാടത്തെ പണി അല്‍പം കഠിനമാണ്. പക്ഷെ റമദാനില്‍ തന്നെ കണിവെള്ളരി വിളവെടുക്കാനായത് ഏറെ സന്തോഷം നല്‍കുന്നതാണെന്ന് കര്‍ഷകന്‍ അബൂബക്കര്‍ പറയുന്നു. 'മതസൗഹാര്‍ദത്തോടെ ജനങ്ങള്‍ താമസിക്കുന്ന നാടാണിത്. അയല്‍വാസികളെല്ലാം കണിവെള്ളരി തങ്ങളുടെ കയ്യില്‍ നിന്നാണ് വാങ്ങുന്നത്. അവര്‍ക്ക് സൗജന്യമായി നല്‍കാന്‍ ഞങ്ങള്‍ തയ്യാറാണ്. പക്ഷെ കണിയൊരുക്കാനുള്ളതായതിനാല്‍ വില നല്‍കി തന്നെയാണ് അവര്‍ വാങ്ങുന്നത്'- അബൂബക്കര്‍ പറയുന്നു.

വെള്ളരിപ്പാടത്ത് നിന്ന് ചേറുകഴുകി ളുഹര്‍ നിസ്‌കാരമാവുമ്പോഴേക്ക് പള്ളിയില്‍ പോകാനുണ്ട് ഈ കര്‍ഷകര്‍ക്ക്. അതിന് മുമ്പ് ചാക്കിലാക്കിയ കണിവെള്ളരി സുരക്ഷിത സ്ഥലത്തെത്തിക്കണം. വിഷുക്കണിയാകുന്നത് വരെ കേടാകാതെ സൂക്ഷിക്കണം.
Published by:Naseeba TC
First published: