• HOME
  • »
  • NEWS
  • »
  • life
  • »
  • ഇരുപത്തിയേഴാം വയസു മുതൽ തൈനട്ട യുവാവ് 300 ഏക്കർ തരിശുനിലം 20 വർഷം കൊണ്ട് വനമാക്കി

ഇരുപത്തിയേഴാം വയസു മുതൽ തൈനട്ട യുവാവ് 300 ഏക്കർ തരിശുനിലം 20 വർഷം കൊണ്ട് വനമാക്കി

അപൂർവയിനം സസ്യജാലങ്ങൾ വരെ ഈ വനത്തിലുണ്ട്

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Share this:
ഇരുപത് വർഷം കൊണ്ട് 300 ഏക്കർ സ്ഥലം വനമാക്കി മാറ്റി പ്രകൃതിസ്നേഹത്തിൻെറ മഹത്വം വിളിച്ചോതി ഒരു മണിപ്പൂരുകാരൻ. മണിപ്പൂരിലെ ഇംഫാൽ വെസ്റ്റ് ജില്ലയിലാണ് 47കാരനായ മൊയ‍്റാങ‍്‍തെം ലോയ‍്‍യ എന്ന 47കാരൻ തൻെറ കഠിനാധ്വാനം കൊണ്ട് വ്യത്യസ്ത തരം മരങ്ങളുൾപ്പെടുന്ന നിബിഡവനം നിർമ്മിച്ചെടുത്തത്. അപൂർവയിനം സസ്യജാലങ്ങൾ വരെ ഈ വനത്തിലുണ്ട്. ഇംഫാൽ വെസ്റ്റിലെ ഉറിപോക്ക് ഖൈദേം ലെയ്‌കായി സ്വദേശിയാണ് ലോയ‍്‍യ. ഇംഫാൽ പട്ടണത്തിന്റെ പ്രാന്തപ്രദേശമായ ലാംഗോൾ ഹിൽ പ്രദേശത്താണ് ഇദ്ദേഹം ഏകദേശം 20 വ‍ർഷങ്ങൾക്ക് മുമ്പ് മരങ്ങൾ നട്ടുവളർത്താൻ തുടങ്ങിയത്.

“2000ൻെറ തുടക്കത്തിൽ ചെന്നൈയിൽ നിന്ന് കോളേജ് പഠനം കഴിഞ്ഞിറങ്ങിയതിന് ശേഷം കൗബ്രു മലനിരകളുടെ പ്രദേശത്ത് നടത്തിയ സന്ദ‍ർശനമാണ് ജീവിതത്തിൽ വഴിത്തിരിവുണ്ടാക്കിയത്. കാലങ്ങൾക്ക് മുമ്പ് നിബിഡവനമായിരുന്ന പ്രദേശത്ത് വൻതോതിൽ വനനശീകരണം നടന്നത് എന്നെ ശരിക്കും ഞെട്ടിച്ചു. മനുഷ്യർ നശിപ്പിച്ചത് എന്നാൽ കഴിയുന്ന പോലെ പ്രകൃതിക്ക് തിരികെ നൽകണമെന്ന് വല്ലാത്ത ആഗ്രഹം തോന്നി,” ചെറുപ്പത്തിലേ പരിസ്ഥിതി സ്നേഹിയായ ലോയ‍്‍യ പറഞ്ഞു.

മരങ്ങൾ നട്ടുവളർത്താനായി ഒരു പ്രദേശം തേടുകയാണ് അദ്ദേഹം പിന്നീട് ചെയ്തത്. ഇംഫാൽ പട്ടണത്തിന്റെ പ്രാന്തപ്രദേശത്തുള്ള ലാംഗോൾ ഹിൽ മേഖലയിൽ അങ്ങനെയൊരു സ്ഥലം ഒടുവിൽ കണ്ടെത്താൻ സാധിച്ചു. “പർവതാരോഹണത്തിനായി ഇറങ്ങിയ സമയത്ത് വളരെ അവിചാരിതമായാണ് ഇങ്ങനെയൊരു പ്രദേശം എൻെറ ശ്രദ്ധയിൽ പെട്ടത്. മാറിമാറി നടത്തിയ കൃഷി കാരണം മരുപ്രദേശമായി മാറിയ ഒരു സ്ഥലമായിരുന്നു അവിടം. സമയവും ആത്മാർഥതയും ഉണ്ടെങ്കിൽ അവിടെ പച്ചപ്പുള്ള ഒരു വനം സൃഷ്ടിച്ചെടുക്കാൻ സാധിക്കുമെന്ന് എനിക്ക് തോന്നി,” 47കാരനായ ഈ പ്രകൃതി സ്നേഹി പിടിഐയോട് പറഞ്ഞു.

“ആറ് വർഷത്തോളം കാലം ഇവിടെ തന്നെയാണ് ഞാൻ താമസിച്ചത്. മലനിരകളുടെ അരികിലായി സ്വന്തമായി ഒരു കുടിലുണ്ടാക്കി അവിടെയായിരുന്നു താമസം. മുള, പ്ലാവ്, ഓക്ക്, തേക്ക് എന്നിവയൊക്കെയാണ് ആദ്യം നട്ടുപിടിപ്പിച്ചത്. മുമ്പ് മനുഷ്യരുടെ ഇടപെടൽ കൊണ്ട് നശിച്ച് പോയ ഒരു പ്രദേശം അങ്ങനെ ഞാൻ മാറ്റിയെടുത്ത് തുടങ്ങി,” ലോയ‍്‍യ വിശദീകരിച്ചു.

“കയ്യിലുള്ള പണം ഉപയോഗിച്ചാണ് ഞാൻ വനത്തിനായി വിത്തുകൾ വാങ്ങിയത്. എപ്പോഴൊക്കെ സമയം കിട്ടുമോ അപ്പോഴൊക്കെ ചെടികൾ വെച്ച് പിടിപ്പിച്ചു. മഴക്കാലം വരുന്നതിന് മുമ്പ് തന്നെ വിത്തിടലും നട്ടുപിടിപ്പിക്കലുമൊക്കെ ചെയ്തു. അതിനാൽ മഴക്കാലത്ത് നന്നായി വെള്ളം കിട്ടിയതോടെ സസ്യജാലങ്ങൾ നന്നായി വളർന്നു,” അദ്ദേഹം പറഞ്ഞു.

വന്യമൃഗങ്ങളെ ആക്രമിക്കുകയും വേട്ടയാടുകയും ചെയ്യുന്നതിനെതിരെ ലോയ‍്‍യയുടെ നേതൃത്വത്തിൽ വൈൽഡ് ലൈഫ് ആൻഡ് ഹാബിറ്റാറ്റ് പ്രൊട്ടക്ഷൻ സൊസൈറ്റി എന്ന സംഘടനയും അദ്ദേഹം സ്ഥാപിച്ചിട്ടുണ്ട്. വന്യമൃഗങ്ങളെ വേട്ടയാടുന്നതിനെതിരെയും കാട്ടുതീ പടർത്തുന്നതിനെതിരെയും നിയമപോരാട്ടങ്ങൾ ഈ സംഘടന നടത്തുന്നുണ്ട്. മുന്നൂറേക്കറിലുള്ള വനത്തിൽ നൂറിലധികം വ്യത്യസ്ത സസ്യജാലങ്ങളുണ്ട്. 25 വ്യത്യസ്ത വിഭാഗത്തിലുള്ള മുളകളും ഇവിടെ വെച്ച് പിടിപ്പിച്ചിട്ടുണ്ട്.
Published by:user_57
First published: