കറ്റാർവാഴ കൃഷിയിൽ വിജയം കൊയ്ത് 31കാരൻ. രാജസ്ഥാനിലെ ഹനുമാൻഗഡിലെ പാർലിക എന്ന ഗ്രാമത്തിലുള്ള 31 കാരനാണ് യാതൊരു മുൻപരിചയവുമില്ലാത്ത കറ്റാർവാഴ കൃഷിയിലൂടെ വിജയം കുറിച്ചിരിക്കുന്നത്. അച്ഛന്റെ ഉടമസ്ഥതയിലുള്ള അരയേക്കറിലാണ് അജയ് സ്വാമി കൃഷി ആരംഭിച്ചത്.
‘ഒരു ദിവസം രാവിലെ പത്രത്തിൽ കറ്റാർ വാഴയെക്കുറിച്ച് വായിച്ചു. ഇതിനെ തുടർന്നാണ് കറ്റാർ വാഴ കൃഷി ആരംഭിക്കാൻ തീരുമാനിച്ചത്’ അജയ് പറയുന്നു.
അജയ് എട്ടാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അച്ഛൻ മരിച്ചത്. ഇതോടെ കുടുംബത്തിന്റെ ഉത്തരവാദിത്വം അജയുടെ ചുമലിലായി. തുടർന്ന് 1999-ൽ ചായക്കച്ചവടം തുടങ്ങി. ആ കച്ചവടം വളരെ ലാഭകരമായിരുന്നു’ എന്നും അജയ് പറയുന്നു.
അങ്ങനെയിരിക്കെയാണ് ഒരു ദിവസം പത്രത്തിൽ കറ്റാർവാഴയെക്കുറിച്ചുള്ള ലേഖനം വായിക്കുന്നത്. തുടർന്ന് കറ്റാർ വാഴ കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു. കറ്റാർ വാഴ കൃഷിയെക്കുറിച്ച് കൂടുതലറിയുന്നതിനായി മറ്റ് കർഷകരോട് ഇതിനെക്കുറിച്ച് ചോദിക്കാനും സംസാരിക്കാനും തുടങ്ങി. കറ്റാർ വാഴ കൂടുതൽ വെള്ളം ഉപയോഗിക്കാതെ തന്നെ കൃഷി ചെയ്യാമെന്ന് ഇതിൽ നിന്ന് മനസിലാക്കി. രാജസ്ഥാനിലെ ഇടക്കിടെയുണ്ടാകുന്ന വരൾച്ചയുടെ സാഹചര്യത്തിൽ ഈ കൃഷി തന്റെ ഭൂമിക്ക് അനുയോജ്യമാണെന്ന് അജയ് മനസിലാക്കി. എന്നാൽ കൃഷിയ്ക്കാവശ്യമായ തൈകൾ എവിടെ നിന്ന് ലഭിക്കുമെന്ന് അജയ്ക്ക് നിശ്ചയമില്ലായിരുന്നു.
ഇതിനിടെയാണ് സമീപ ഗ്രാമമായ ചുരുവിലെ ഒരു സെമിത്തേരിയിൽ നിരവധി കറ്റാർ വാഴ തൈകൾ ഉള്ളതായി അജയ്‌യോട് മറ്റ് കർഷകർ പറഞ്ഞത്. ‘ആ ഗ്രാമത്തിലെ ഒരാളെ അടക്കം ചെയ്തതിന് ശേഷം, ആരോ അവിടെ കറ്റാർ വാഴ തൈ നട്ടുപിടിപ്പിച്ചിരുന്നു. ഇത് വളർന്ന് പന്തലിക്കാൻ തുടങ്ങിയതോടെ സെമിത്തേരിയിൽ നിന്ന് കറ്റാർവാഴകൾ പറിച്ചുമാറ്റേണ്ട അവസ്ഥയായി.
ഇതറിഞ്ഞ അജയിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ചേർന്ന് ട്രാക്ടറും ട്രോളിയും ഉപയോഗിച്ച് ശ്മശാനത്തിൽ നിന്ന് തന്റെ പറമ്പിലേക്ക് കറ്റാർ വാഴകൾ എത്തിച്ചു. തുടർന്ന് ഉയർന്ന ഗുണമേന്മയുള്ള വളവും മണ്ണും ഉപയോഗിച്ച് ചെടികൾ നട്ടു. ഇതിന് പുറമെ കറ്റാർ വാഴയെ എങ്ങനെ പരിപാലിക്കണം എന്നതിനെക്കുറിച്ച് അദ്ദേഹം ഓൺലൈനിൽ സെർച്ച് ചെയ്ത് മനസിലാക്കി. കറ്റാർ വാഴക്ക് ആവശ്യത്തിന് സൂര്യപ്രകാശം ലഭിക്കുന്നുണ്ടെന്നും ഇലകൾ നിലത്ത് മുട്ടുന്നില്ലെന്നും ഉറപ്പുവരുത്തി.
എന്നാൽ കൃഷിയിൽ ആദ്യമായതിനാൽ അജയ് തന്റെ ശ്രമങ്ങൾക്ക് വലിയ പ്രതീക്ഷകളൊന്നും നൽകിയിരുന്നില്ല. മാത്രമല്ല അദ്ദേഹം ചായക്കടയും ഇതിനൊപ്പം നടത്തിയിരുന്നു. ചായക്കടയിൽ നിന്ന് കിട്ടുന്ന പണം അദ്ദേഹം കൃഷിയിൽ നിക്ഷേപിച്ചു. എന്നാൽ ഒന്നരവർഷത്തിന് ശേഷം മികച്ച വിളവെടുപ്പാണ് അജയ്ക്ക് ലഭിച്ചത്.കൃഷി വിജയം കണ്ടെതിനെ തുടർന്ന് അദ്ദേഹം ചായക്കട അടച്ച് പൂർണ്ണമായും കൃഷിയിലേക്ക് ഇറങ്ങുകയായിരുന്നു.
കറ്റാർ വാഴ കൃഷിയിലേക്ക് തിരിഞ്ഞതിൽ ഇന്ന് സന്തോഷമുണ്ടെന്ന് അജയ് പറയുന്നു. കറ്റാർവാഴ ഉപയോഗിച്ചുള്ള 45ഓളം ഉത്പന്നങ്ങളാണ് അജയ് വിൽക്കുന്നത്. ലഡ്ഡു ഉൾപ്പെടെയുള്ള വിഭവങ്ങൾ ഇതിൽപ്പെടുന്നു.
മണൽ കൂടുതലുള്ള മണ്ണിൽ പോലും കറ്റാർവാഴയ്ക്ക് നല്ല വിളവ് ലഭിക്കും. ഇതിന് കുറച്ച് വെള്ളം മാത്രമേ ആവശ്യമുളളൂ. കാൽ ഏക്കറിൽ 800 കറ്റാർ വാഴ ചെടികൾ വരെ നടാൻ സാധിക്കുമെന്നും’-അജയ് പറയുന്നു.
തണുപ്പ് കാലത്ത് ചെടികൾക്ക് കൂടുതൽ പരിചരണം നൽകണമെന്നും അജയ് പറയുന്നു. കാരണം ഈ കാലാവസ്ഥ ചെടിയെ പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.