വേനല്‍ക്കാലം ഇന്ത്യക്കാര്‍ക്ക് മാമ്പഴക്കാലം (mango season) കൂടിയാണ്. നമ്മുടെ നാട്ടില്‍ മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും പ്രിയപ്പെട്ട പഴങ്ങളില്‍ ഒന്നാണ് മാമ്പഴം. പഴങ്ങളുടെ രാജാവ് എന്നാണ് മാമ്പഴം അറിയപ്പെടുന്നത്. രുചി കൊണ്ട് പേരുകേട്ട പഴമാണെങ്കിലും അവയുടെ സമൃദ്ധമായ പോഷകഗുണങ്ങളെക്കുറിച്ച് മിക്ക ആളുകള്‍ക്കും അറിയില്ല. മാമ്പഴത്തില്‍ സ്വാഭാവിക പഞ്ചസാര (natural sugar) അടങ്ങിയിട്ടുണ്ട്. എന്നാല്‍ പ്രമേഹമുള്ളവര്‍ക്ക് (diabetes people) മാമ്പഴം കഴിക്കുന്നത് അനുയോജ്യമാകില്ലെന്നാണ് പലരുടെയും വിശ്വാസം.
മാമ്പഴം കഴിക്കുന്നത് പ്രമേഹരോഗികള്‍ക്ക് ദോഷമാണോ?
മാമ്പഴത്തിലെ സ്വാഭാവിക പഞ്ചസാരയില്‍ നിന്ന് ലഭിക്കുന്ന കലോറികള്‍ പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ വര്‍ദ്ധനവിന് കാരണമാകുമെന്നത് നിഷേധിക്കാനാവില്ല. ഇതുകൂടാതെ, മാമ്പഴത്തില്‍ ധാരാളം അവശ്യ വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. പ്രമേഹ രോഗികള്‍ അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം മാമ്പഴത്തില്‍ നാരുകളും (fibre) വിവിധ ആന്റിഓക്സിഡന്റുകളും അടങ്ങിയിട്ടുണ്ട് എന്നതാണ്.
സെന്റേഴ്സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറയുന്നത് അനുസരിച്ച് നാരുകള്‍ മൊത്തത്തിലുള്ള രക്തത്തിലെ പഞ്ചസാരയുടെ സ്വാധീനം കുറയ്ക്കുകയും പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യും. നാരുകള്‍ രക്തത്തിൽ നിന്ന് പഞ്ചസാര ആഗിരണം ചെയ്യുന്നതിന്റെ വേഗത കുറയ്ക്കുകയും ചെയ്യും. മാത്രമല്ല, മാമ്പഴത്തിലെ ആന്റിഓക്സിഡന്റുകള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദം കുറയ്ക്കുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ബയോടെക്നോളജി ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രമേഹരോഗികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
പ്രമേഹ രോഗികള്‍ അറിയേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യം ഗ്ലൈസെമിക് ഇന്ഡക്സിനെക്കുറിച്ചാണ്. ഓരോ ഭക്ഷണവും രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നതിനനുസരിച്ച് കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് ഏർപ്പെടുത്തിയിരിക്കുന്ന റാങ്കിംഗ് സംവിധാനമാണ് ഗ്ലൈസെമിക് സൂചിക. ഇതിന് 0-100 വരെയുള്ള ഒരു സ്കെയിലുണ്ട്. അതില്‍ 55ൽ കുറവുള്ളത് അളവ് കുറവാണെന്ന് കണക്കാക്കും. 56-69 ഇടത്തരം ആയി കണക്കാക്കുന്നു, 70ൽ കൂടുതൽ ഉയര്‍ന്ന അളവായി കണക്കാക്കുന്നു. മാമ്പഴത്തിന്റെ ഗ്ലൈസെമിക് സൂചിക 51 ആണ്. അതുകൊണ്ട് തന്നെ ഇത് കുറഞ്ഞ ജിഐ ഉള്ള ഭക്ഷണമാണ്.
അതിനാല്‍, പ്രമേഹ രോഗികള്‍ക്കും മാമ്പഴം കഴിക്കാം. എന്നാൽ ഒരു ദിവസം ഒന്നോ രണ്ടോ കഷ്ണം മാമ്പഴത്തില്‍ കൂടുതല്‍ കഴിക്കാതിരിക്കുന്നതാണ് ഉചിതം. നിങ്ങള്‍ മാമ്പഴം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണെങ്കില്‍, ഭക്ഷണത്തിന് മുമ്പുള്ള പഞ്ചസാരയുടെ അളവ് പരിശോധിക്കുന്നത് സഹായകമാകും. ആ അളവ് അനുസരിച്ച് നിങ്ങളുടെ ഭക്ഷണത്തില്‍ മാമ്പഴം ഉള്‍പ്പെടുത്താവുന്നതാണ്. കൂടാതെ, ഭക്ഷണത്തിന് ശേഷവും പരിശോധന നടത്തുന്നതും നല്ലതാണ്. ഇതുവഴി മാമ്പഴം നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് മനസ്സിലാക്കാം.
പ്രമേഹമുള്ളവര്‍ ശ്രദ്ധിക്കേണ്ടത്
പ്രമേഹമുള്ളവര്‍ ഏത് ഭക്ഷണ സാധനങ്ങള്‍ കഴിക്കുന്നതിനു മുമ്പും ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുക. മാമ്പഴം ജ്യൂസായി കഴിക്കുന്നതിനു പകരം കഷണങ്ങളായി കഴിക്കുക. പകല്‍ സമയത്ത് മാമ്പഴം കഴിക്കുന്നതാണ് കൂടുതല്‍ ഉചിതം. എന്നാല്‍, മാമ്പഴം കഴിക്കുന്ന ദിവസം ഉയര്‍ന്ന അളവില്‍ പഞ്ചസാര അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കാതിരിക്കുക.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.