• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വിവരങ്ങള്‍ ചോര്‍ന്നതില്‍ കുറ്റസമ്മതവുമായി ഫേസ്ബുക്ക്


Updated: March 22, 2018, 11:36 PM IST
വിവരങ്ങള്‍ ചോര്‍ന്നതില്‍ കുറ്റസമ്മതവുമായി ഫേസ്ബുക്ക്

Updated: March 22, 2018, 11:36 PM IST
ഉപയോക്താക്കളുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് ഫേസ്ബുക്ക് തലവൻ മാർക്ക് സുക്കർബർഗ്. വിവരങ്ങൾ സൂക്ഷിക്കാൻ ഫേസ്ബുക്ക് ബാധ്യസ്ഥരാണ് എന്നും മേലിൽ ഇത്തരം കാര്യങ്ങൾ ആവർത്തിക്കില്ല എന്നും അദ്ദേഹം വ്യക്തമാക്കി. അതിനിടെ വിവര ചോർച്ചയുമായി ബന്ധപ്പെട്ട് വിവാദത്തിലായ കേംബ്രിജ് അനലിറ്റിക്കയുടെ ഇന്ത്യൻ വെബ്സൈറ്റ് നീക്കം ചെയ്തു.

ഫേസ്ബുക്കിനെ പിടിച്ചുലച്ച വിവരമോഷണ വിവാദത്തിൽ ഒടുവിൽ മൗനം വെടിഞ്ഞ് മാർക്ക് സുക്കർബർഗ്. സംഭവിച്ചത് പിഴവാണെന്നും മേലിൽ ആവർത്തിക്കില്ലെന്നും വിവാദമുയർന്ന് അഞ്ച് ദിവസങ്ങൾക്ക് ശേഷം ഫേസ്ബുക്ക് തലവൻ പ്രതികരിച്ചു. ഫേസ്ബുക്ക് സ്ഥാപകനായ താൻ തന്നെയാകും അതിന്റെ അവസാനം വരെ പിഴവ് സംഭവിച്ചാൽ ഉത്തരവാദി. വിവരങ്ങൾ സൂക്ഷിക്കുന്നതിൽ തെറ്റ് പറ്റിയാൽ തുടർസേവനത്തിന് അർഹതയുണ്ടാകില്ല. ഫേസ്ബുക്കുമായി ചേർന്ന് പ്രവർത്തിക്കുന്ന എല്ലാ ആപ്ലിക്കേഷനുകളും പരിശോധിക്കുമെന്നും ഉപയോക്താക്കളുടെ സ്വകാര്യത വർധിപ്പിക്കാൻ ഫേസ്ബുക്കിൽ കൂടുതല്‍ സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നും സുക്കർബർഗ് വ്യക്തമാക്കി. വിവരമോഷണ വിവാദത്തിൽ ഉലഞ്ഞ ഫേസ്ബുക്കിന് ഓഹരിവിപണിയിൽ കനത്ത തകർച്ചയുണ്ടായതിന് പിന്നാലെയാണ് സുക്കർബർഗിന്റെ പ്രതികരണം.

ഇന്ത്യൻ രാഷ്ട്രീയത്തിലും വിവാദങ്ങൾക്ക് വഴിവെച്ച കേംബ്രിജ് അനലിറ്റിക്കയുടെ ഇന്ത്യൻ വെബ്സൈറ്റ് ഒവ്ലോന നീക്കം ചെയ്തു. ഇന്ത്യാക്കാരുടെ വിവരങ്ങൾ ചോർത്തിയാൽ നടപടി നേരിടേണ്ടിവരുമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണിത്. തെരഞ്ഞെടുപ്പുകളിൽ വിവരമോഷണത്തിന് കേംബ്രിജ് അനലിറ്റിക്കയുടെ സഹായം തേടിയെന്ന് പരസ്പരം പഴിചാരി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയിരുന്നു. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപിന്റെ പ്രചരണച്ചുമതലയുണ്ടായിരുന്ന കേംബ്രിജ് അനലിറ്റിക്ക അഞ്ചു കോടി ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങൾ ദുരുപയോഗം ചെയ്തെന്ന വെളിപ്പെടുത്തലാണ് വിവാദങ്ങൾ ആളിപ്പടർത്തിയത്.
First published: March 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍