ഗുവാഹത്തി (Guwahati,) സ്വദേശിനിയായ ഡോ. ഐന്ദ്രില സിംഗ് റോയ് (Dr Aindrila Singha Roy) നീറ്റ് പിജി (NEET-PG) പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 30-ാം റാങ്ക് നേടിയാണ് വിജയം കൈവരിച്ചത്. രണ്ടാം ശ്രമത്തിലാണ് ഐന്ദ്രില ഈ നേട്ടം സ്വന്തമാക്കിയത്. ആദ്യ ശ്രമത്തിൽ ഐന്ദ്രിലക്ക് 7300 റാങ്കാണ് ലഭിച്ചത്. ഇവിടെ നിന്നാണ് 30-ാം റാങ്ക് നേടി ഐന്ദ്രില മുന്നേറിയത്. ആദ്യ ശ്രമം കൂടുതൽ പഠിക്കാൻ തന്നെ പ്രേരിപ്പിച്ചെന്ന് അവർ പറയുന്നു. നിലവിൽ എംഡി ചെയ്യുകയാണ് ഐന്ദ്രില.
'ഞാൻ ഒരു ഡോക്ടറാകുകയെന്നത് എന്റെ അമ്മയുടെ സ്വപ്നമായിരുന്നു, വളരെ ചെറുപ്പത്തിൽ തന്നെ അമ്മ അതെനിക്ക് പകർന്നു തന്നു'' ഐന്ദ്രില പറഞ്ഞു.
'നീറ്റ്-പിജി പരീക്ഷയിൽ എന്റെ രണ്ടാമത്തെ ശ്രമമാണിത്. ആദ്യശ്രമം പ്രധാനമായും എന്റ ബലഹീനതകൾ മനസ്സിലാക്കാനായിരുന്നു. ഇതിൽ ഞാൻ 7300 റാങ്ക് നേടിയിരുന്നു. ഇത് എന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു. ശരിയായ രീതിയിലാണ് പഠിക്കുന്നതെന്ന് ഞാൻ മനസ്സിലാക്കി, ഇത് എന്റെ രണ്ടാമത്തെ പരീക്ഷക്ക് നന്നായി തയ്യാറെടുക്കാൻ സഹായിച്ചു. ഈ വർഷം വീണ്ടും പരീക്ഷ എഴുതുകയും 30-ാം റാങ്ക് നേടുകയും ചെയ്തു' ഐന്ദ്രില കൂട്ടിച്ചേർത്തു.
read also: രോഗബാധിതനൊപ്പം യാത്ര ചെയ്താല്‍ മങ്കിപോക്സ് പകരുമോ? അറിയേണ്ട കാര്യങ്ങൾ
ഗുവാഹത്തി മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് കഴിഞ്ഞ ഐന്ദ്രില കഴിഞ്ഞ വർഷം ഇന്റേൺഷിപ്പും പൂർത്തിയാക്കിയിരുന്നു. ഐന്ദ്രിലയുടെ അച്ഛൻ ഒരു ബിസിനസുകാരനും അമ്മ വീട്ടമ്മയുമാണ്. ഐന്ദ്രിലക്ക് ചാർട്ടേഡ് അക്കൗണ്ടന്റായ ഒരു സഹോദരനും ഇരട്ട സഹോദരിയുമുണ്ട്.
കോവിഡ് മഹാമാരിയുടെ സമയത്താണ് ഐന്ദ്രില ഇന്റേൺഷിപ്പ് ചെയ്തത്. 'ഈ സമയത്ത് ഞാൻ കോവിഡ് സെന്ററിന്റെ മേൽനോട്ടം വഹിച്ചിരുന്നു. നിർഭാഗ്യവശാൽ, ഈ സമയത്താണ് എനിക്ക് എന്റെ മുത്തശ്ശിയെ നഷ്ടപ്പെട്ടത്, അത് ഏറെ വെല്ലുവിളി നിറഞ്ഞ സമയമായിരുന്നു. ആശുപത്രിയിലെയും എന്റെ കുടുംബത്തിലെയും രോഗികളുടെ അവസ്ഥ കണ്ടപ്പോൾ, കൂടൂതൽ പരിശ്രമിക്കേണ്ടതുണ്ടെന്ന് ഞാൻ മനസ്സിലാക്കി. ഞാൻ ഒരു ഡോക്ടറായി തീരണമെന്ന് എന്റെ മുത്തശ്ശി ഏറെ ആഗ്രഹിച്ചിരുന്നു. ഈ ഓർമ്മപ്പെടുത്തലാണ് ഡോക്ടറാകാനുള്ള എന്റെ ആഗ്രഹത്തിന് ആക്കം കൂട്ടിയത്,''അവർ ന്യൂസ് 18 ഡോട്ട് കോമിനോട് പറഞ്ഞു.
താൻ എപ്പോഴും പരീക്ഷയോട് അനുകൂല സമീപനമാണ് സ്വീകരിച്ചിരുന്നത്. ഇതിന് പുറമെ ഞാൻ ബുദ്ധിമുട്ടുള്ള വിഷയങ്ങൾ പഠിക്കാൻ കൂടുതൽ സമയം ചെലവഴിച്ചെന്നും ഐന്ദ്രില പറഞ്ഞു. പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി സോഷ്യൽ മീഡിയ ഉപയോഗം കുറച്ചിരുന്നു.
ഒരു ലക്ഷ്യം ഉണ്ടായിരിക്കുകയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. നിങ്ങളുടെ കഴിവുകളെ ഒരു തരത്തിലും നിരുത്സാഹപ്പെടുത്താൻ അനുവദിക്കരുതെന്ന് നീറ്റിന് തയാറെടുക്കുന്നവരോടായി ഐന്രില പറഞ്ഞു. പരീക്ഷാ കേന്ദ്രത്തിൽ നേരത്തെ എത്താനും മറ്റ് ഉദ്യോഗാർത്ഥികളുമായി ഇടപഴകുന്നത് കഴിവതും കുറക്കുന്നതുമാണ് നല്ലത്. ഇത് നിങ്ങളെ കൂടുതൽ ശാന്തരായിരിക്കാൻ സഹായിക്കും. ഏകാഗ്രത വർദ്ധിപ്പിക്കുന്നതിന് കുറച്ച് സമയം മെഡിറ്റേറ്റ് ചെയ്യുന്നതും നല്ലതാണെന്ന് ഐന്ദ്രില പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Career, MBBS, NEET exam result