സമീപകാലത്ത് സംപ്രേക്ഷണം ചെയ്ത പ്രധാനമന്ത്രിയുടെ മന് കി ബാത്ത് (Mann ki Baat) പരിപാടിയിലെ പരാമര്‍ശത്തെ തുടര്‍ന്ന് നിമിത് സിംഗ് (Nimit Singh) എന്ന യുവാവിന് അഭിനന്ദ പ്രവാഹമാണ്. 'മധുമഖിവാല' (‘Madhumakhiwala’) എന്ന സംരംഭത്തിലൂടെ സിംഗ് തേനീച്ച കൃഷിയെ ( apiculture) ഉപജീവനമാര്‍ഗമായി മാറ്റുക മാത്രമല്ല, തേനീച്ച കര്‍ഷകരെ കൂടി തന്റെ സംരംഭത്തിനൊപ്പം ചേര്‍ത്ത് അവരെ ശാക്തീകരിക്കുകയും ചെയ്യുകയാണെന്ന് ദേശീയ തേനീച്ച വളര്‍ത്തല്‍, ഹണി മിഷന് എന്നിവയെക്കുറിച്ച് സംസാരിക്കുന്നതിനിടെ പ്രധാനമന്ത്രി പറഞ്ഞു.
എഞ്ചിനീയറായ സിംഗ് തന്റെ പിതാവിന്റെ ഉപദേശപ്രകാരമാണ് തേനീച്ച കൃഷിയിലേക്ക് ഇറങ്ങിയത്. കൃഷിയിലേക്ക് ഇറങ്ങുന്നതിന് മുമ്പ് കൃഷിരീതികള്‍ പഠിക്കാന്‍ അദ്ദേഹം ഇന്ത്യയിലുടനീളം സഞ്ചരിച്ചിരുന്നു. ഇതിലൂടെ ലഭിച്ച അറിവ് തേനീച്ച കൃഷിയില്‍ അതീവ താല്പര്യം വളര്‍ത്തുകയും ചെയ്തു.
ഇതിനെ തുടര്‍ന്ന് 2013-ല്‍ ജൈവ തേന്‍ നിര്‍മ്മിക്കുന്നതിനായി അദ്ദേഹം ലഖ്നൗവില്‍ മധുമഖിവാല എന്ന കമ്പനി സ്ഥാപിച്ചു. തുടക്കഘട്ടത്തില്‍ ഏറെ പ്രയാസം നേരിട്ടിരുന്നു. ആദ്യ രണ്ട് വര്‍ഷങ്ങളില്‍ അദ്ദേഹത്തിന് കൂടുതല്‍ തേന്‍ വില്ക്കാന് കഴിഞ്ഞിരുന്നില്ല. ഇതേതുടര്‍ന്ന് ബിസിനസ്സിന്റെ നിര്‍മ്മാണ, വിപണന രീതി മാറ്റാന്‍ തീരുമാനിക്കുകയായിരുന്നു.
'പ്രാരംഭ തടസ്സങ്ങള്‍ക്ക് ശേഷം, കമ്പനിയില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള തേനീച്ച കര്‍ഷകരെ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. ഞങ്ങള്‍ അവര്‍ക്ക് തേനീച്ച പെട്ടികളും തേന്‍ ഉണ്ടാക്കാന്‍ ആവശ്യമായ മറ്റെല്ലാ സൗകര്യങ്ങളും നല്കി. തുടര്‍ന്ന് ഇവര്‍ ഉല്‍പ്പാദിപ്പിക്കുന്ന തേന്‍ ഫില്‍ട്ടര്‍ ചെയ്ത് പായ്ക്ക് ചെയ്യുന്നതിനായി ബാരാബങ്കിയിലെ ഞങ്ങളുടെ ഫാക്ടറിയിലേക്ക് കൊണ്ടുവരികയായിരുന്നു. ഇന്ന്, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള 500 തേനീച്ച കര്‍ഷകര്‍ ഞങ്ങളുമായി സഹകരിച്ച് മികച്ച ഗുണനിലവാരമുള്ള തേന്‍ ഉത്പാദിപ്പിക്കുന്നുണ്ടെന്ന്,' സിംഗ് ന്യൂസ് 18-നോട് പറഞ്ഞു.
read also : ജമ്മു കശ്മീരിലെ സുപ്രധാന തുരങ്ക പദ്ധതികൾ യാഥാർത്ഥ്യമാകുന്നു; സർക്കാർ ടെൻഡറുകൾ ക്ഷണിച്ചു
ഈ മേഖലയില്‍ വര്‍ഷങ്ങളോളം പരിചയസമ്പത്തുള്ള കര്‍ഷകര്‍ ഈ പുതിയ കമ്പനിയുമായി പ്രവര്‍ത്തിക്കാന്‍ മടിച്ചു. അതിനാല്‍ സിംഗ് തേനീച്ച വളര്‍ത്തുന്ന പുതിയ കര്കഷകരെ റിക്രൂട്ട് ചെയ്യുകയും തേന്‍ എങ്ങനെ നിര്‍മ്മിക്കാമെന്ന് അവരെ പരിശീലിപ്പിക്കുകയും ചെയ്തു.
'കര്ഷകന് തന്റെ ഉല്പന്നത്തിന്റെ ഒരു ഭാഗം വില്‍ക്കണമെന്ന് ഞങ്ങള്‍ ഒരു നിയമം കൊണ്ടുവന്നു. ഉദാഹരണത്തിന്, ഒരു കര്ഷകന് 100 ജാര് തേന്‍ ഉത്പാദിപ്പിച്ചാല്‍ അതില്‍ 20 എണ്ണം വില്‍ക്കണം. അവര്‍ തന്നെ തേന്‍ വില്‍ക്കേണ്ടി വരുന്നതിനാല്‍ ഉയര്‍ന്ന നിലവാരമുള്ള തേന്‍ നിര്‍മ്മിക്കുന്നുവെന്ന് നമുക്ക് ഉറപ്പ് ലഭിക്കുന്നുവെന്നും സിംഗ് പറഞ്ഞു.
ശാസ്ത്രീയ രീതിയില്‍ തേനീച്ചവളര്‍ത്തലിന്റെ മൊത്തത്തിലുള്ള പ്രോത്സാഹനത്തിനും വികസനത്തിനുമായി 2 വര്‍ഷത്തേക്ക് 'നാഷണല്‍ തേനീച്ചവളര്‍ത്തല്‍ & ഹണി മിഷന് (NBHM)' എന്ന പുതിയ പദ്ധതിക്ക് കേന്ദ്രം അംഗീകാരം നല്‍കിയതോടെയാണ് സിംഗിന്റെ സംരംഭത്തിന്റെ കഥ പുറം ലോകം അറിയുന്നത്.
തേനീച്ച വളര്‍ത്തല്‍ പരിശീലനത്തിന് ഊന്നല്‍ നല്കി രാജ്യത്ത് 'മധുര വിപ്ലവം' കൈവരിക്കുക എന്നതാണ് ലക്ഷ്യം.
ജില്ലാ ഭരണകൂടവുമായും എന്‍ജിഒകളുമായും സഹകരിച്ച് ചെയിന്പൂര്വ ഗ്രാമത്തിലെ ആളുകളെ ബീവാക്സ് മണ്‍വിളക്കുകള്‍ നിര്‍മ്മിക്കുന്നതില്‍ ഏര്‍പ്പെടുത്തിയതാണ് ഈ സംരംഭകന്റെ ഏറ്റവും വലിയ നേട്ടം. നേരത്തെ, ഈ ഗ്രാമവാസികളുടെ പ്രധാന ഉപജീവനമാര്‍ഗം അനധികൃത മദ്യം ഉണ്ടാക്കുകയായിരുന്നു.
ബരാബങ്കിയിലെ ജില്ലാ പോലീസ്, എന്‍ജിഒകളുമായും സംരംഭകരുമായും സഹകരിച്ച് ഗ്രാമീണരുടെ ജീവിത രീതി മാറ്റുന്നതിനും പുതിയ ഉപജീവനമാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നതിനുമായി 'മിഷന് കായകല്പ്' ആരംഭിച്ചിരുന്നു. ഇതുവഴി നല്ലൊരു വിഭാഗം സ്ത്രീകളും ചെറുപ്പക്കാരും ബീ വാക്സ് ചിരാതുകള്‍ ഉണ്ടാക്കാൻ പഠിച്ചു. 'ഈ ഗ്രാമം ഒരു നദിയാൽ ചുറ്റപ്പെട്ട പ്രദേശമാണ്. അതുകൊണ്ട് ഗ്രാമവാസികള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ പുറത്ത് വില്ക്കാന് ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നു.
ഈ സഹാചര്യത്തിലാണ് ചിരാതുകള്‍ ഉണ്ടാക്കുന്നതിനുള്ള എല്ലാ അസംസ്കൃത വസ്തുക്കളും ഞങ്ങള്‍ അവര്‍ക്ക് എത്തിച്ചു നൽകാൻ തുടങ്ങിയത്. ശേഷം ഇവര്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ ഞങ്ങള്‍ തന്നെ വന്ന് എടുക്കും. മിക്ക കുടുംബങ്ങളും ഇപ്പോള്‍ അനധികൃത മദ്യം ഉണ്ടാക്കുന്നില്ലെന്ന് സിംഗ് പറഞ്ഞു.
അതേസമയം, മധുമഖിവാല എന്ന സമീപ ഗ്രാമങ്ങളില്‍ നിന്നുള്ള സ്ത്രീകളെ അവരുടെ ഉല്‍പ്പന്നങ്ങള്‍ പായ്ക്ക് ചെയ്യാല്‍ ഏല്‍പ്പിച്ചു. ഇവിടെയുള്ള യുവാക്കള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യാനുള്ള പരിശീലനവും നല്കി.
ഇവര്‍ ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ തുടങ്ങിയതിന് ശേഷം വന്ന ആദ്യ ദീപാവലിയ്ക്ക് ലഖ്നൗവില്‍ ഏകദേശം 12 ലക്ഷം ബീവാക്സ് ചിരാതുകൾ വിറ്റു. 'അവര്‍ തന്നെ ഈ ചിരാതുകൾ നിര്‍മ്മിക്കുന്നതിനാല്‍, കൂടുതല്‍ വിറ്റാല്‍ കൂടുതല്‍ ഓര്‍ഡറുകള്‍ ലഭിക്കുമെന്ന് അവര്‍ക്ക് മനസിലായി. അതുകൊണ്ട് തന്നെ ഉല്‍പ്പന്നങ്ങള്‍ വില്ക്കുന്നതില് അവര്‍ തങ്ങളുടെ മനസും ശരീരവും പൂര്‍ണ്ണമായും അര്‍പ്പിച്ചിരുന്നു, സിംഗ് പറയുന്നു.
കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടയില്‍, കമ്പനി നിരവധി അവാര്‍ഡുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡും തേനീച്ച വളര്‍ത്തലിനുള്ള ജില്ലാ അവാര്‍ഡും കമ്പനിക്ക് ലഭിച്ചിട്ടുണ്ട്.
'എന്റെ പ്രധാന ആശങ്കകളിലൊന്ന് തേനീച്ചകളുടെ സംരക്ഷണമാണ്. ലോകത്തിലെ അവസാനത്തെ തേനീച്ച ഇല്ലാതാകുന്ന ദിവസം ഈ ഭൂമി ഇല്ലാതാകും.
അതിനാല്‍, തെറ്റായ രീതിയിലുള്ള തേന്‍ ശേഖരിക്കുന്നതിലൂടെ
തേനീച്ചകളെ കൊല്ലാതിരിക്കാന്‍ ഞങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നുണ്ട്. ഞങ്ങള്‍ ഉപയോഗിക്കുന്ന എക്സ്ട്രാക്റ്റര്‍, തേനീച്ചക്കൂട്ടില്‍ നിന്ന് തേന്‍ വേര്‍തിരിക്കുന്നതിനൊപ്പം പ്രാണികളെയും ലാര്‍വകളെയും ജീവനോടെ നിലനിര്‍ത്തുകയും ചെയ്യുന്നു. ആയിരക്കണക്കിന് പൂക്കളില്‍ പരാഗണം നടത്തുന്നതിലൂടെ അവ വളരുകയും വീണ്ടും തേന്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു' സിംഗ് കൂട്ടിച്ചേർത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.