യാത്ര (Travel) പോകാൻ ഇഷ്ടപ്പെടുന്ന പലരുമുണ്ടാകും, തനിച്ചോ പ്രിയപ്പെട്ടവർക്കൊപ്പമോ ഒക്കെ. എന്നാൽ ഒരു നായക്കൊപ്പം 48,000 കിലോമീറ്ററുകൾ താണ്ടിയ ഒരു യുവാവിനെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. ന്യൂ ജേഴ്സി (New Jersey) സ്വദേശിയായ ടോം സുർസിച്ച് (Tom Turcich) എന്ന യുവാവും സവന്ന എന്ന നായയും 2015 ൽ ആരംഭിച്ച യാത്രക്ക് പര്യവസാനം കുറിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏഴു വർഷക്കാലത്തിനിടെ പല ഭൂഖണ്ഡങ്ങളും സന്ദർശിച്ച ശേഷമാണ് ഈ മടങ്ങി വരവ്. മറ്റൊരു പ്രത്യേകത കൂടിയുണ്ട് ഇവരുടെ യാത്രക്ക്. ഈ 48,000 കിലോമീറ്ററും ഇവർ കാൽനടയായാണ് സഞ്ചരിച്ചത്.
ഒരു സ്ലീപ്പിംഗ് ബാഗ്, ഒരു ലാപ്ടോപ്പ്, ഒരു ഡിഎസ്എൽആർ ക്യാമറ, ഹൈക്കിംഗ് ഗിയർ, ഭക്ഷണം സൂക്ഷിക്കാനുള്ള സംവിധാനം തുടങ്ങിയ കാര്യങ്ങളുമായാണ് ടോം തന്റെ ഇരുപത്തിയാറാം വയസിൽ യാത്ര ആരംഭിച്ചത്. പനാമയിൽ നിന്നായിരുന്നു യാത്രയുടെ തുടക്കം. ടെക്സാസിലെ ഓസ്റ്റിനിൽ വെച്ചാണ് ടോം സവന്ന എന്ന പെൺ നായയെ കണ്ടത്. അപ്പോൾ മുതൽ അവളെയും ഒപ്പം കൂട്ടി.
പല സ്ഥലങ്ങളിലും ക്യാംപ് ചെയ്തപ്പോൾ സവന്ന കൂടെയുള്ളതിനാൽ തനിക്ക് കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെട്ടിട്ടുണ്ടെന്ന് ടോം പറയുന്നു. ''അവളുടെ സാന്നിധ്യം അതിശയിപ്പിക്കുന്നതായിരുന്നു. ചില നിമിഷങ്ങൾ പങ്കുവയ്ക്കാൻ കൂടെ ആരെങ്കിലുമുണ്ടാകുന്നത് സന്തോഷകരമാണ്'', ടോം പറഞ്ഞു.
ഒരു ജെറ്റ് സ്കീ അപകടത്തിൽ സുഹൃത്ത് ആൻ മേരിയെ നഷ്ടപ്പെട്ടിരുന്നു. ആ നിരാശയിലാണ് ടോം വീടു വിട്ടിറങ്ങിയത്. അന്ന് താനും മരിച്ചുപോയേക്കും എന്നു പോലും ടോം ചിന്തിച്ചിരുന്നു.
തുടക്കത്തിൽ, അഞ്ചര വർഷത്തേക്കായിരുന്നു ടോം യാത്ര ആസൂത്രണം ചെയ്തത്. എന്നാൽ ചില ആരോഗ്യപ്രശ്നങ്ങളും കോവിഡ് മഹാമാരിയും മൂലം യാത്ര നീണ്ടുപോയി. ഏഴു വർഷത്തിന് ശേഷം, 2022 മെയ് മാസത്തിലാണ് ടോം ന്യൂജേഴ്സിയിലെ ഫിനിഷിംഗ് ലൈനിലെത്തിയത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളും ടോമിനെ പിന്തുണക്കുന്ന മറ്റുള്ളവരുമെല്ലാം അവിടെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
''അത് യാഥാർഥ്യമാണോ എന്നു പോലും എനിക്ക് തോന്നി. യാത്രയുടെ അവസാനം എങ്ങനെയായിരിക്കുമെന്ന് ഞാൻ സങ്കൽപ്പിച്ചിരുന്നു. ഒടുവിൽ അത് സംഭവിച്ചപ്പോൾ എന്നോടൊപ്പം വരിവരിയായി നിരവധിയാളുകൾ നടക്കുന്നുണ്ടായിരുന്നു'', ടോം പറഞ്ഞു. തന്റെ മുഴുവൻ യാത്രയെക്കുറിച്ചും തന്റെ ദി വേൾഡ് വാക്ക് (The World Walk) എന്ന ബ്ലോഗിൽ ടോം കുറിച്ചിട്ടുണ്ട്. യാത്രയ്ക്ക് സംഭാവന നൽകാനുമുള്ള ഓപ്ഷനും ഉണ്ടായിരുന്നു. ലോകത്തിലെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് താൻ അനുഭവിച്ചതും അറിഞ്ഞതുമായ കാര്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു പുസ്തകം പ്രസിദ്ധീകരിക്കാനും ടോമിന് പദ്ധതിയുണ്ട്.
അൽബേനിയ, മോണ്ടിനെഗ്രോ, ക്രൊയേഷ്യ, ഗ്രീസ്, തുർക്കി, അസർബൈജാൻ, ഇറ്റലി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം കാൽനടയായി സഞ്ചരിച്ച ശേഷമാണ് ടോം സ്വദേശത്ത് തിരിച്ചെത്തിയത്. മൊത്തം ആറ് ഭൂഖണ്ഡങ്ങളും 38 രാജ്യങ്ങളുമാണ് ടോമും സവന്നയും ചേർന്ന് നടന്നു തീർത്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.