മൂന്നാമത്തെ വയസിലാണ് അംജദ് കുളത്തിൽ മുങ്ങി മരിക്കുന്നത്. മകൻ ഇനി തിരിച്ചുവരില്ലെന്നും അറിഞ്ഞിട്ടും അന്നു മുതല്‍ പുത്തൻ കുഞ്ഞുടുപ്പുമായി കാത്തിരിക്കുകയാണ് ഒരു ഉമ്മ. മലപ്പുറം എടവണ്ണ സ്വദേശിനിയാണ് 36 വർഷമായി മകനായി കാത്തിരിക്കുന്നത്. രണ്ടാമത്തെ മകൻ അംജദ് ആണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഉമ്മയുടെ കാത്തിരിപ്പിനെക്കുറിച്ച് പറയുന്നത്.
1986 ലാണ് അംജദ് തറവാട് കുളത്തിൽ മുങ്ങിമരിച്ചത്. മകന്റെ ഓർമകൾക്കായി രണ്ടാമതും ജനിച്ച മകനും അതേ പേരിട്ടു. വിഷമമാകില്ലേ മരിച്ചുപോയ മകന്റെ ഓർമകൾ മനസിലേക്ക് വരില്ലേ എന്ന് പലരും പറഞ്ഞിരുന്നെങ്കിലും ആ പേര് വിളിച്ച് പൂതി തീര്‍ന്നില്ലെന്നായിരുന്നു ആ ഉമ്മയുടെ മറുപടി.
ചെറിയ പെരുന്നാളിന് ഇട്ടശേഷം അലക്കി വൃത്തിയാക്കി അലമാരയില്‍ സൂക്ഷിച്ചിരിക്കുന്ന ഒരു കുഞ്ഞുടുപ്പുമായി മകന്റെ ഓർമകളുമായി ഉമ്മയുടെ കാത്തിരിപ്പ് തുടർന്നുകൊണ്ടേയിരിക്കുന്നു.
അംജദ് വടക്കന്റെ ഫേസ്ബുക്ക് പോസ്റ്റ് ചെറിയ പെരുന്നാളിന് ഇട്ടതിന് ശേഷം അലക്കി, വൃത്തിയാക്കി മടക്കി വെച്ച ഒരു പുത്തൻ കുഞ്ഞുടുപ്പ് ഇപ്പോഴും എൻ്റെ ഉമ്മാൻ്റെ അലമാരയിൽ ,വല്യ പെരുന്നാളും കാത്തിരിപ്പുണ്ട് .36 വർഷമായി ആ കാത്തിരിപ്പ് തുടരുകയാണ്. ആ കുഞ്ഞുടുപ്പിടാനുള്ള പൊന്നുമോൻ ഇനി ഒരിക്കലും ഈ ലോകത്തേക്ക് വരില്ലെന്നുമ്മാക്ക് നല്ല ബോധ്യമുണ്ട് .എന്നാലും ഉമ്മ ഇടക്ക് അതൊന്നെടുത്ത് ഉമ്മ വെക്കും .ദു:ഖം കനം വെക്കുന്ന ഓർമകൾ ചികഞ്ഞെടുത്ത് ഒരു നെടുവീർപ്പിടും .നഷ്ടപ്പെട്ട മോന് വേണ്ടി പ്രാർത്ഥിക്കും .
മൂന്നാമത്തെ വയസിലാണ് എൻ്റെ അംജുക്ക തറവാട് കുളത്തിൽ മുങ്ങി മരിച്ചത് .അവൻ്റെ ഒരു ഫോട്ടോ പോലും 3 വർഷത്തിനിടയിൽ എടുക്കാതിരുന്നതും ഒരു ദൈവനിശ്ചയമായിരുന്നേക്കാം .ആ കുസൃതികളും ,പുഞ്ചിരികളും ഹൃദയം കൊണ്ട് മാത്രം ചികഞ്ഞെടുത്താൽ മതി എന്ന് നാഥൻ തീരുമാനിച്ചു കാണണം .
1986 ലാണ് ജ്യേഷ്ടൻ അംജദ് മരിച്ചത് .രണ്ട് വർഷത്തിന് ശേഷം ഉമ്മ എന്നെ പ്രസവിച്ചു .ആൺകുട്ടി ആണെങ്കിൽ അംജദ് തന്നെ മതി പേര് എന്ന് ഉമ്മ ആദ്യമേ തീരുമാനിച്ചിരുന്നു .ആ ഓർമകൾ മനസിലേക്ക് വരില്ലേ ,അപ്പോൾ വിഷമമാകില്ലേ എന്നൊക്കെ പലരും പറഞ്ഞിരുന്നു ഉമ്മാനോട് .. എനിക്കാ പേര് വിളിച്ച് പൂതി തീർന്നിട്ടില്ല അതോണ്ട് പേര് അംജദ് തന്നെ മതി എന്ന് ഉമ്മ തീരുമാനിച്ചു .
മാതാപിതാക്കൾ ഉള്ളപ്പോൾ മക്കൾ വേർപ്പെട്ടു പോകുന്നത് ഒരു ദു:ഖ കടൽ തന്നെയാണ് .നാഥാ എൻ്റെ ഉപ്പാനെയും,ഉമ്മാനെയും അനുഗ്രഹിക്കണേ .. നാളെ ഞങ്ങളെ എല്ലാവരെയും സ്വർഗത്തിൽ അംജുക്കാൻ്റെ കൂടെ ഒരുമിപ്പിക്കണേ ... ആമീൻ ..
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.