Monkeypox | ആഫ്രിക്കയിൽ മങ്കിപോക്സ് പടരുന്നത് സ്വവർഗ്ഗാനുരാഗികൾക്കിടയിൽ മാത്രമല്ലെന്ന് വിദഗ്ധർ
Monkeypox | ആഫ്രിക്കയിൽ മങ്കിപോക്സ് പടരുന്നത് സ്വവർഗ്ഗാനുരാഗികൾക്കിടയിൽ മാത്രമല്ലെന്ന് വിദഗ്ധർ
ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുറത്തുള്ള 98% കേസുകളും പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു...
Last Updated :
Share this:
ലോകത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആഫ്രിക്കയില്‍ (africa) സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാരെ (gay men) മാത്രമല്ല കുരങ്ങുപനി ബാധിക്കുന്നതെന്ന് വിദഗ്ധർ. ലോകാരോഗ്യ സംഘടനയിലെയും ആഫ്രിക്ക സിഡിസിയിലെയും വിദഗ്ധരാണ് ഇക്കാര്യം വ്യക്തമാക്കിയത്. 78 രാജ്യങ്ങളില്‍ കുരങ്ങുപനി (monkeypox) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടുതലും യൂറോപ്യന്‍ രാജ്യങ്ങളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്ക് പുറത്തുള്ള 98% കേസുകളും പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരിലാണ് റിപ്പോര്‍ട്ട് ചെയ്യുന്നതെന്നും ലോകാരോഗ്യ സംഘടന പറഞ്ഞിരുന്നു. എന്നാല്‍ 1970കള്‍ മുതല്‍ ആഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ട രോഗത്തിന്റെ വ്യാപന രീതി വ്യത്യസ്തമാണെന്ന് വിദഗ്ധര്‍ പറഞ്ഞു.
നിലവിലുള്ള കേസുകളില്‍ 60% പുരുഷന്മാരിലും 40% സ്ത്രീകളിലുമാണ് രോഗം കണ്ടുവരുന്നതെന്ന് എപ്പിഡെമിയോളജിസ്റ്റ് ഡോ. ഒടിം പാട്രിക് റമദാന് പറഞ്ഞു. ആഫ്രിക്കയിലെ ലോകാരോഗ്യ സംഘടനയുടെ പ്രാദേശിക ഓഫീസ് സംഘടിപ്പിച്ച പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ആഫ്രിക്കയിലെ 80 ശതമാനത്തിലധികം കേസുകളും മുമ്പ് രോഗം പിടിപെട്ട രാജ്യങ്ങളിലാണെന്നും സാധാരണഗതിയില്‍ ആളുകള്‍ വൈറസ് വാഹകരായ മൃഗങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയുമാണ് രോഗം പിടിപെടുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ സാധാരണയായി വീടുകളില്‍ രോഗം പിടിപെട്ടവരെ പരിചരിക്കാറുണ്ടെന്നും ഇത് സ്ത്രീകള്‍ക്കിടയില്‍ രോഗം വ്യാപിക്കാന്‍ കാരണമാകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്വവര്‍ഗ്ഗാനുരാഗികള്‍ക്കിടയില്‍ വൈറസ് പകരുന്നത് വഴി ആണ് ആഫ്രിക്കയിൽ രോഗം പടരുന്നതെന്നതിന് തെളിവുകളില്ലെന്ന് ആഫ്രിക്ക സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്ട്രോള് ആന്‍ഡ് പ്രിവന്‍ഷന്റെ (CDC) ആക്ടിംഗ് ഡയറക്ടര്‍ ഡോ. അഹമ്മദ് ഓഗ്വെല്‍ ഔമ പത്രസമ്മേളനത്തില്‍ പറഞ്ഞു. 'ഞങ്ങള്‍ 1970 മുതല്‍ കുരങ്ങുപനിയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. സ്വവര്‍ഗ്ഗാനുരാഗികളായ പുരുഷന്മാരില് രോഗം പിടിപെടുന്നത് ആഫ്രിക്കയില്‍ ഒരു വലിയ പ്രശ്നമായി ഉയര്‍ന്നിട്ടില്ല,'' അദ്ദേഹം പറഞ്ഞു.
18,000-ത്തിലധികം കുരങ്ങുപനി കേസുകള്‍ ലോകമെമ്പാടും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കുരങ്ങുപനി അടുത്ത സമ്പര്‍ക്കത്തിലൂടെ പടരുകയും ഫ്ളൂ പോലുള്ള രോഗലക്ഷണങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. പല രാജ്യങ്ങളിലും പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്ന പുരുഷന്മാരിലാണ് കുരങ്ങുപനി പടരുന്നതെന്ന് പറയപ്പെടുന്നുണ്ടെങ്കിലും, ദീര്‍ഘനാളത്തെ അടുത്ത സമ്പര്‍ക്കത്തിലൂടെയോ കിടക്ക, ടവ്വലുകള്‍ തുടങ്ങിയ വസ്തുക്കളില്‍ നിന്ന് ആര്‍ക്കും വൈറസ് ബാധിക്കാമെന്നും പൊതുജനാരോഗ്യ ഏജന്‍സികള്‍ പറയുന്നു.
കുരങ്ങുപനി ഏത് അടുത്ത ശാരീരിക സമ്പര്‍ക്കത്തിലൂടെയും പടരുമെന്നും അതിനാല്‍ ഒരു പ്രത്യേക സമൂഹത്തെ അപമാനിക്കേണ്ടതില്ലെന്നും ഇന്ത്യയിലെ ആരോഗ്യ പ്രവര്‍ത്തകരും എല്‍ജിബിടിക്യു പ്രവര്‍ത്തകരും നേരത്തെ പറഞ്ഞിരുന്നു.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ കുരങ്ങുപനി വൈറസ് മൂലമുണ്ടാകുന്ന രോഗമാണ്. മൃഗങ്ങളില്‍ നിന്നാണ് രോഗം മനുഷ്യരിലേക്ക് പകരുന്നത്. വസൂരിക്ക് സമാനമായ ലക്ഷണങ്ങളാണ് ഇതിന് ഉള്ളത്. 1958ല്‍ ഒരു ഡാനിഷ് ലബോറട്ടറിയിലെ പരിശോധനയിലാണ് ആദ്യമായി കുരങ്ങുപനി കണ്ടെത്തിയത്. കുരങ്ങുകളിലാണ് രോഗം കണ്ടെത്തിയത്. അങ്ങനെയാണ് കുരങ്ങുപനി എന്ന പേര് വന്നത്. 1970-ല്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ഒരു കുട്ടിയിലാണ് ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തത്. 1980ല്‍ ലോകത്ത് നിന്ന് നിര്‍മ്മാര്‍ജ്ജനം ചെയ്തിട്ടുള്ള രോഗമാണ് കുരങ്ങുപനി.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.