ക്രിസ്മസ് എന്നു കേൾക്കുമ്പോൾ നമ്മുടെ മനസിലേക്ക് ഓടിയെത്തുന്ന ചില പാട്ടുകളാണ് ഇവിടെ
ജിംഗിൾ ബെൽസ് ജിംഗിൾ ബെൽസ്...
1853നും 57നും ഇടയ്ക്കാണ് ഈ ഗാനം രചിക്കപ്പെട്ടത്. ജയിംസ് ലോഡ് പിയർപോണ്ട് ആണ് ജിംഗിൾ ബെൽസ് രചിച്ചത്. പക്ഷേ, വർഷം കുറച്ചു കഴിഞ്ഞതിനു ശേഷം മാത്രമാണ് ജിംഗിൾ ബെൽസ് ജനപ്രീതിയാർജിച്ചത്. പിന്നെ ബഹിരാകാശത്ത് വരെ ജിംഗിൾ ബെൽസ് കേട്ടു. 1965ൽ ബഹിരാകാശ സഞ്ചാരികളായ ടോം സ്റ്റാഫോഡും വാലിഷീറയും ഒന്നിച്ച് ജമിനി - ആറ് പേടകത്തിൽ വെച്ചാണ് ഈ ഗാനം പാടിയത്.
സൈലന്റ് നൈറ്റ്, ഹോളി നൈറ്റ്...
1818ലാണ് ഈ ഗാനം രചിക്കപ്പെട്ടത്. ജർമ്മനിയിൽ രചിക്കപ്പെട്ട ഈ ഗാനം പിന്നീട് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഓസ്ട്രിയൻ സാമ്രാജ്യത്തിലെ ഒബെൻഡോർഫ് എന്ന ഗ്രാമത്തിലെ വി. നിക്കോളാസ് പള്ളിയിലെ വികാരി ഫാ ജോസഫ് മോർ ആണ് ഇതിന്റെ വരികൾ എഴുതിയത്. അവിടെ തന്നെയുള്ള ഓർഗൺ വായനക്കാരനായ ഫ്രാൻസ് ഗ്രബർ ഈ വരികൾക്ക് ഈണം നൽകി. എന്നാൽ, 1859ൽ ജോൺ യങ് ഇതിനു നൽകിയ ഇംഗ്ലീഷ് വിവർത്തനമാണ് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത്. 300 ഓളം ഭാഷകളിലേക്കാണ് ഈ ഗാനം വിവർത്തനം ചെയ്യപ്പെട്ടത്. മലയാളത്തിൽ, 'ശാന്തരാത്രി, തിരുരാത്രി' എന്ന മലയാള ക്രിസ്മസ് ഗാനം സൈലന്റ് നൈറ്റിൽ നിന്ന് കടം കൊണ്ടതാണ്.
യഹൂദിയായിലെ ഒരു ഗ്രാമത്തിൽ...
തരംഗിണി പുറത്തിറക്കിയ സ്നേഹപ്രതീകം എന്ന കാസറ്റിലെ വളരെ പ്രശസ്തമായ ഗാനമാണ് 'യഹൂദിയായിലെ ഒരു ഗ്രാമത്തിൽ...' എ ജെ ജോസഫ് സംഗീതം നൽകിയ ഗാനം ആലപിച്ചത് കെ ജെ യേശുദാസ് ആയിരുന്നു. ക്രിസ്മസ് രാത്രിയുടെ കഥ പറയുന്ന ഗാനം എക്കാലത്തെയും നിത്യഹരിത ക്രിസ്മസ് - കരോൾ ഗാനങ്ങളിൽ ഒന്നാണ്.
കാലിത്തൊഴുത്തിൽ പിറന്നവനേ...
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ക്രിസ്മസ് ഗാനങ്ങളിൽ ഒന്നാണ് 'കാലിത്തൊഴുത്തിൽ പിറന്നവനേ, കരുണ നിറഞ്ഞവനേ...' എന്ന ഗാനം. 1979ൽ പുറത്തിറങ്ങിയ സായൂജ്യം എന്ന ചിത്രത്തിലെ ഈ ഗാനം എഴുതിയത് യൂസഫലി കേച്ചേരിയും സംഗീതം നൽകിയത് കെ ജെ ജോയിയുമായിരുന്നു. എസ് ജാനകിയാണ് ഈ ഗാനം പാടിയത്. ക്രിസ്മസ് രാത്രിയിൽ പാതിരാകുർബാനയ്ക്ക് ഇന്നും ഈ ഗാനം കേൾക്കാൻ കഴിയും.
ശാന്തരാത്രി, തിരുരാത്രി....
'സൈലന്റെ നൈറ്റ്, ഹോളി നൈറ്റ്' എന്ന അതിപ്രശസ്തമായ കരോൾ ഗാനത്തിൽ നിന്ന് കടം കൊണ്ടതാണ് ശാന്തരാത്രി, തിരുരാത്രി എന്ന ഗാനം. 1979ൽ തുറമുഖം എന്ന ചിത്രത്തിനു വേണ്ടിയാണ് ഈ ഗാനം രചിക്കപ്പെട്ടത്. പൂവച്ചൽ ഖാദറിന്റെ വരികൾക്ക് സംഗീതം നൽകിയത് എം കെ അർജുനൻ. ജോളി എബ്രഹാമും സംഘവും ചേർന്നാണ് ഈ ഗാനം ആലപിച്ചത്.
കാവൽ മാലാഖാരെ കണ്ണടയ്ക്കരുതേ....
'കാവൽ മാലാഖമാരെ കണ്ണടയ്ക്കരുതേ, താഴെ പുൽതൊട്ടിലിൽ രാജരാജൻ മയങ്ങുന്നു', ഉണ്ണിശോയോടുള്ള മുഴുവൻ വാത്സല്യവും നിറച്ചു വെച്ചൊരു ഗാനം. യഹൂദിയായിലെ ഒരു ഗ്രാമത്തിൽ എന്ന ഗാനം ഉൾക്കൊള്ളുന്ന സ്നേഹപ്രതീകം കാസറ്റിൽ തന്നെയാണ് ഈ ഗാനവും. സുജാതയാണ് അത്രമേൽ ലയിച്ച് ആ ഗാനം പാടിയത്, 'ഉണ്ണീ ഉറങ്ങ്, ഉണ്ണീ ഉറങ്ങ്, ഉണ്ണീ ഉറങ്ങുറങ്ങ്' എന്ന് പാടുമ്പോൾ അത് അത്രമേൽ പ്രിയപ്പെട്ടതാകുന്നതും അതുകൊണ്ടു തന്നെയാണ്.
ദൂരെ നിന്നും ദൂരെ ദൂരെ നിന്നും...
തരംഗിണി പുറത്തിറക്കിയ സ്നേഹപ്രതീകം കാസറ്റിലെ മറ്റൊരു മനോഹരമായ ഗാനമാണ് ഇത്. എ ജെ ജോസഫ് രചനയും സംഗീതവും നിർവഹിച്ച് കെ ജെ യേശുദാസ് പാടിയ ഈ ഗാനം ഇന്നു പോപ്പുലർ ഗാനമാണ്.
പുൽക്കൂട്ടിൽ വാഴുന്ന പൊന്നുണ്ണി...
ഈശ്വരനെ തേടിയെന്ന കാസറ്റിലെ ഗാനമാണ് ഇത്. 1977ൽ രചിക്കപ്പെട്ടത്. ഫാ ആബേൽ രചിച്ച ഈ ഗാനത്തിന് സംഗീതം നൽകിയത് കെ കെ ആന്റണിയാണ്. യേശുദാസാണ് ഗാനമാലപിച്ചത്.
ദൈവം പിറക്കുന്നു മനുഷ്യനായി ബേത്ല ഹേമിൽ...
സ്നേഹപ്രവാഹം എന്ന കാസറ്റിനു വേണ്ടി ജോസഫ് പാറാംകുഴി എഴുതിയ ഗാനം. ഫാദർ ജസ്റ്റിൻ പനയ്ക്കലാണ് സംഗീതം നൽകിയത്. യേശുദാസ് പാടിയ ഈ ഗാനം ഗ്രാമങ്ങളിലെ ക്രിസ്മസ് കരോളുകളിൽ സജീവമാണ്.
പൈതലാം യേശുവേ...
1984ൽ തരംഗിണി പുറത്തിറക്കിയ സ്നേഹപ്രവാഹം കാസറ്റിലെ സൂപ്പർഹിറ്റായ പാട്ടാണ് 'പൈതലാം യേശുവേ....'. ഫാ ജോസഫ് പാറാങ്കുഴി രചിച്ച് ഫാ ജസ്റ്റിൻ പനയ്ക്കൽ ഈണമിട്ട ഈ ഗാനം പാടിയത് കെ എസ് ചിത്ര ആയിരുന്നു. സ്നേഹപ്രവാഹത്തിലെ യേശുദാസ് പാടിയ 11 പാട്ടുകളേക്കാൾ ഹിറ്റ് ആയത് ചിത്ര പാടിയ പൈതലാം യേശുവേ ആയിരുന്നു.
ഗബ്രിയേലിന്റെ ദർശന സാഫല്യമായി...
ഗപ്പി എന്ന ചിത്രത്തിനു വേണ്ടി വിനായക് ശശികുമാർ എഴുതിയ ഗാനമാണ് ഇത്. ഗപ്പി പുറത്തിറങ്ങിയതിനു ശേഷം വന്ന എല്ലാ ക്രിസ്മസ് കരോളുകളിലും ഈ ഗാനം സജീവമാണ്. വിഷ്ണു വിജയ് സംഗീതം നൽകിയ ഗാനമാലപിച്ചത് ആന്റണി ദാസനായിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.