ലോകത്തിലെ ഏറ്റവും നിസ്വാര്‍ത്ഥരായ ആളുകളാണ് അമ്മമാർ. തന്റെ കുഞ്ഞിനോടുള്ള അവളുടെ കാരുണ്യവും എന്തു വില കൊടുത്തും അവരെ സംരക്ഷിക്കുമെന്ന വാശിയുമാണ് മറ്റുള്ളവരില്‍ നിന്ന് അമ്മമാരെ വ്യത്യസ്തരാക്കുന്നത്. തന്റെ കുഞ്ഞിന്റെ സന്തോഷത്തിനായി ഏതറ്റം വരെ പോകാനും അമ്മമാര്‍ തയ്യാറാണ്. ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറലായിരിക്കുന്ന ഒരു വീഡിയോ ഈ വാദങ്ങള്‍ക്കുള്ള ഏറ്റവും പുതിയ തെളിവാണ്. തീയതി കൃത്യമായി രേഖപ്പെടുത്താത്ത ക്ലിപ്പ്, ട്വിറ്ററിലാണ് ആദ്യം പോസ്റ്റ് ചെയ്യപ്പെട്ടത്. ഉടന്‍ തന്നെ അത് മറ്റ് സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കപ്പെടുകയും ചെയ്തു.
ഭിന്നശേഷിക്കാരനായ ഒരു ആണ്‍കുട്ടിയുടെ പിറന്നാള്‍ ആഘോഷവേളയാണ് വീഡിയോയിൽ കാണിക്കുന്നത്. തന്റെ വിശേഷ ദിനത്തില്‍ ആണ്‍കുട്ടി പിറന്നാള്‍ തൊപ്പിയൊക്കെ അണിഞ്ഞ് സന്തോഷവാനായി നില്‍ക്കുന്നത് കാണാം. അവന് ചുറ്റും നില്ക്കുന്ന എല്ലാവരും അവനെ ആശംസകള്‍ കൊണ്ട് പൊതിയുന്നു. അപ്പോള്‍ അവന് മനോഹരമായി പൊതിഞ്ഞ ഒരു പെട്ടി നല്കുന്നു, അത് അവന്റെ അമ്മയാണ് നല്‍കിയതെന്നാണ് കരുതുന്നത്. അവര്‍ അവന് ആ സമ്മാനം നല്കുമ്പോള് അവന് കൗതുക പൂര്‍വ്വം അതെന്താണന്ന് ചോദിക്കുന്നുണ്ട്. അടുത്ത നിമിഷം വരുന്ന പ്രതികരണമാണ് ആ വീഡിയോയിലെ വിലമതിക്കാനാകാത്ത സമ്മാനം.
പിറന്നാളുകാരന് തനിക്കു കിട്ടിയ സമ്മാനം എന്ത് എന്നറിയാന്‍ പൊതി തുറന്ന് നോക്കുന്നു, അപ്പോള്‍ അവന് കാണുന്നത് ഒരു മൊബൈല്‍ ഫോണാണ്. അതുകണ്ട് അവന് സന്തോഷം കൊണ്ട് മതിമറക്കുകയാണ്. അവന് സര്‍വ്വശക്തനും തന്റെ അമ്മയ്ക്കും നന്ദി പറയുന്നു. അവന്റെ പ്രതികരണങ്ങള്‍ വാക്കുകള്‍ക്കതീതമാണ്. ഹൃദയം നിറഞ്ഞ് അവന് ചിരിക്കുകയും അമ്മയെ കെട്ടിപ്പിടിയ്ക്കുകയും ചെയ്യുന്നുണ്ട്. ഒപ്പം തനിക്ക് ലഭിച്ച പുതിയ ഫോണില്‍ അവന് അവര്‍ക്കൊപ്പം സെല്‍ഫി എടുക്കുകയും ചെയ്യുന്നതാണ് വീഡിയോയിലെ ദൃശ്യങ്ങള്‍.
വീഡിയോ ഉടന്‍തന്നെ ഇന്റര്‍നെറ്റിൽ വൈറലായി മാറി. നിരവധി പേർ ഈ വീഡിയോ പങ്കു വെയ്ക്കുകയും ചെയ്തു. അങ്ങനെ പോസ്റ്റ് റിയല്‍മിയുടെ സിഇഒ ആയ മാധവ് ശേത്തിന്റെ ശ്രദ്ധയിലും പെട്ടു. അദ്ദേഹം ഹൃദയസ്പര്‍ശിയായ ഈ വീഡിയോ കണ്ട് സന്തോഷകരമായ ഒരു ജന്മദിനം തന്നെ ആശംസിച്ചു. ഒപ്പം ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സഹായകമാകുന്ന ഒരു റിയല്‍മി പാഡ് സമ്മാനമായി വാഗ്ദാനം ചെയ്യുകയും ചെയ്തു.
“റിയല്‍മിയുടെ സാങ്കേതിക വിദ്യകള്‍ ആളുകളില്‍ സന്തോഷം നിറയ്ക്കുന്നത് കാണുന്നതില്‍ സന്തോഷമുണ്ട്. വളരെ പ്രിയപ്പെട്ട ഈ കുട്ടിയ്ക്ക് അവന്റെ പിറന്നാള്‍ ദിനം സന്തോഷകരമാക്കാൻ ഒരു സമ്മാനമായി, ഞങ്ങളുടെ ഒരു പുതിയ ഉത്പന്നം സമ്മാനമായി നല്കാന് ഞാന്‍ ആഗ്രഹിക്കുന്നു. #realmePad അവനെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തില്‍ സഹായിക്കുമെന്നും, അവന് വിനോദ പരിപാടിക ആസ്വദിക്കാന്‍ കഴിയുമെന്നും പ്രതീക്ഷിക്കുന്നു. ജന്മദിനാശംസകള്!” തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ മാധവ് ശേത്ത് കുറിച്ചു.
ആയിരങ്ങളാണ് ഈ വീഡിയോ കണ്ട് ആശംസകളും പ്രതികരണങ്ങളും അറിയിച്ചത്. നിരവധി പേരുടെ മനസ്സ് തൊട്ട ഒരു വീഡിയോയാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.