ഖാലിദ് ബിൻ സുൽത്താൻ ലിവിങ് ഓഷ്യൻസ് ഫൗണ്ടേഷനുമായി (കെഎസ്എൽഒഎഫ്) സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായി നാഷണൽ എയ്റോനോട്ടിക്സ് ആൻഡ് സ്പെയ്സ് അഡ്മിനിസ്ട്രേഷൻ (നാസ) പ്രഖ്യാപിച്ചു. പവിഴപ്പാറകളെക്കുറിച്ച് ഓഷ്യൻസ് ഫൗണ്ടേഷന്റെ കൈവശമുള്ള ഉയർന്ന റെസൊല്യൂഷൻ ഡാറ്റ ഉപയോഗപ്പെടുത്താനും പവിഴപ്പുറ്റുകൾ മാപ്പ് ചെയ്യാനുള്ള നാസയുടെ ശേഷി കൂടുതൽ വികസിപ്പിക്കാനുമാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ആരോഗ്യകരമായ സമുദ്ര പരിസ്ഥിതികളിലെ പവിഴപ്പുറ്റുകളുടെ സംരക്ഷണം സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു പ്രൊജക്റ്റിൽ നാസ കഴിഞ്ഞ കുറച്ചു കാലമായി പ്രവർത്തിച്ചു വരികയാണ്. ലോകത്തെ പവിഴപ്പാറകളെ സംരക്ഷിക്കാനും അവയെ മാപ്പ് ചെയ്യാനുമായാണ് ഈ അമേരിക്കൻ ബഹിരാകാശ ഏജൻസി ന്യൂട്രൽ മൾട്ടി മോഡൽ ഒബ്സർവേഷൻ ആൻഡ് ട്രെയിനിങ് നെറ്റ്വർക്ക് (NeMO-Net) എന്ന പ്രൊജക്റ്റ് ആരംഭിച്ചത്. എന്നാൽ അവ തുടർന്നും ഫലപ്രദമായി നടക്കാൻ ലോകത്തെമ്പാടുമുള്ള ആയിരക്കണക്കിന് ശാസ്ത്രജ്ഞരുടെ സഹായത്തോടെ ശേഖരിക്കാൻ കഴിഞ്ഞിട്ടുള്ള വിവരങ്ങൾ ആവശ്യമാണ്. സമുദ്രത്തിനടിയിലെ ആവാസവ്യവസ്ഥകൾ ആയതിനാൽ പവിഴപ്പാറകളെ മാപ്പ് ചെയ്യുക ശ്രമകരമായ ദൗത്യമാണ്.
ഇത് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കാൻ ബഹിരാകാശത്ത് നിന്ന് തന്നെ പവിഴപ്പാറകളെ ട്രാക്ക് ചെയ്യാൻ കഴിയുന്ന സാങ്കേതികവിദ്യകൾ വികസിപ്പിക്കാൻ ശാസ്ത്രജ്ഞർ ശ്രമിച്ചുവരികയാണ്. അതിന്റെ ഭാഗമായാണ് നാസ ഇപ്പോൾ കെ എസ് എൽ എഫ് ഒയുമായുള്ള സഹകരണം പ്രഖ്യാപിച്ചിട്ടുള്ളത്. ഓഷ്യൻസ് ഫൗണ്ടേഷനുമായി നാസ ഉണ്ടാക്കിയ ധാരണ പ്രകാരം ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റുകളുടെ സർവേകളിൽ ഒന്നായ ഗ്ലോബൽ റീഫ് എക്സ്പെഡിഷൻ ശേഖരിച്ച വിവരങ്ങൾ ഉപയോഗിക്കാൻ നാസയ്ക്ക് കഴിയും.
ഈ ഉടമ്പടി പ്രകാരം തങ്ങളുടെ ശാസ്ത്രജ്ഞർക്ക് നാസയുടെ ഫ്ലൂയിഡ് കാം എന്ന റിമോട്ട് സെൻസിംഗ് ഉപകരണം പ്രയോജനപ്പെടുത്താൻ കഴിയുമെന്ന് കെ എസ് എൽ ഒ എഫ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. വിപ്ലവകരമായ ഒരു കണ്ടുപിടിത്തമായി കരുതപ്പെടുന്ന ഈ റിമോട്ട് സെൻസിംഗ് ഉപകരണത്തിന്റെ സഹായത്തോടെ മറ്റ് തടസങ്ങളൊന്നുമില്ലാതെ സമുദ്രത്തിരമാലകൾക്ക് കീഴിലുള്ള കാഴ്ചകൾ നിരീക്ഷിക്കാൻ കഴിയും. നിലവിൽ ഡ്രോണുകളിൽ നിന്നും എയർക്രാഫ്റ്റുകളിൽ നിന്നും പവിഴപ്പുറ്റുകളുടെ ത്രിമാന സർവേ നടത്താൻ കഴിയും. നേരത്തെ സൂചിപ്പിച്ച എൻ ഇ എം ഓ - നെറ്റ് എന്ന പ്രൊജക്റ്റ് ലോകത്തെമ്പാടുമുള്ള പവിഴപ്പുറ്റുകളുടെ വിശദമായ വർഗീകരണം നടത്തുന്നതിനായി ഈ റിമോട്ട് സെൻസിംഗ് ഉപകരണം വഴി ശേഖരിക്കുന്ന വിവരങ്ങളെ ആശ്രയിക്കുന്നു.
ഈ പുതിയ സഹകരണത്തിലൂടെ സാധ്യമാകാൻ പോകുന്ന സാങ്കേതികവിദ്യകളുടെയും വിവരങ്ങളുടെയും കൈമാറ്റം പവിഴപ്പാറകൾക്ക് എന്താണ് സംഭവിക്കുന്നത് എന്നതിനെക്കുറിച്ച് കൂടുതൽ വ്യക്തമായ വിവരങ്ങൾ ശാസ്ത്രജ്ഞർക്ക് ലഭ്യമാക്കുകയും അതിന്റെ അടിസ്ഥാനത്തിൽ നയങ്ങൾ രൂപീകരിക്കാൻ പരിസ്ഥിതി പ്രവർത്തകരെ സഹായിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. ആഗോള താപനത്തിന്റെ ഫലമായി വലിയ ഭീഷണി നേരിടുന്ന ആവാസവ്യവസ്ഥയാണ് പവിഴപ്പുറ്റുകൾ.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.