• HOME
  • »
  • NEWS
  • »
  • life
  • »
  • National Science Day 2023 | ഇന്ന് ദേശീയ ശാസ്ത്രദിനം; ഫെബ്രുവരി 28ന് ആഘോഷിക്കുന്നത് എന്തുകൊണ്ട്?

National Science Day 2023 | ഇന്ന് ദേശീയ ശാസ്ത്രദിനം; ഫെബ്രുവരി 28ന് ആഘോഷിക്കുന്നത് എന്തുകൊണ്ട്?

ഫെബ്രുവരി 28നാണ് ഇന്ത്യൻ ശാസ്ത്രജ്ഞനായ സി വി രാമൻ 'രാമൻ ഇഫക്റ്റ്' കണ്ടുപിടിച്ചത്

  • Share this:

    ‘രാമൻ ഇഫക്റ്റ്’ എന്ന കണ്ടുപിടിത്തത്തിന്റെ സ്മരണയ്ക്കായി എല്ലാ വർഷവും ഇന്ത്യയിൽ ഫെബ്രുവരി 28ന് ആണ് ദേശീയ ശാസ്ത്ര ദിനമായി ആചരിക്കുന്നത്. ഈ ദിവസമാണ് ഇന്ത്യൻ ശാസ്ത്രജ്ഞനായ സി വി രാമൻ ‘രാമൻ ഇഫക്റ്റ്’ കണ്ടുപിടിച്ചത്. 1930-ൽ അദ്ദേഹം ഈ കണ്ടുപിടിത്തത്തിന് നൊബേൽ സമ്മാനം നേടി. 1954-ൽ കേന്ദ്ര സർക്കാർ അദ്ദേഹത്തെ ഭാരതരത്നം നൽകി ആദരിച്ചു.

    തുടർന്ന് ‘രാമൻ ഇഫക്റ്റ്’ എന്ന കണ്ടുപിടിത്തത്തിന്റെ ഓർമക്കായി, നാഷണൽ കൗൺസിൽ ഫോർ സയൻസ് ആൻഡ് ടെക്നോളജി കമ്മ്യൂണിക്കേഷൻ (NCSTC) എല്ലാ വർഷവും ഫെബ്രുവരി 28 ന് ദേശീയ ശാസ്ത്ര ദിനം ആഘോഷിക്കണമെന്ന നിർദേശം മുന്നോട്ടു വെച്ചു. കേന്ദ്ര സർക്കാർ അത് അംഗീകരിക്കുകയും 1987 ഫെബ്രുവരി 28 ന് രാജ്യം ആദ്യത്തെ ദേശീയ ശാസ്ത്ര ദിനം ആചരിക്കുകയും ചെയ്തു.

    ദേശീയ ശാസ്ത്ര ദിനം 2023 തീം:

    ‘ആഗോള ക്ഷേമത്തിൽ ശാസ്ത്രത്തിന്റെ പങ്ക്’ എന്നതാണ് 2023 ലെ ദേശീയ ശാസ്ത്ര ദിനത്തിന്റെ തീം.

    ആരായിരുന്നു സി വി രാമൻ?

    മദ്രാസിലെ പ്രസിഡൻസി കോളേജിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ പ്രശസ്ത ശാസ്ത്രജ്ഞനാണ് ഡോ. സി വി രാമൻ. സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്നതിനൊപ്പം നിരവധി ശാസ്ത്ര മത്സരങ്ങളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കേന്ദ്ര സർക്കാരിൽ നിന്ന് അദ്ദേഹത്തിന് സ്കോളർഷിപ്പും ലഭിച്ചിരുന്നു.

    എന്താണ് ‘രാമൻ ഇഫക്റ്റ്’

    പ്രകാശം ദ്രവ്യവുമായി ഇടപഴകുമ്പോൾ അതിന്റെ ഊർജാവസ്ഥക്ക് മാറ്റം സംഭവിക്കുന്ന ഒരു ഭൗതികശാസ്ത്ര പ്രതിഭാസമാണ് രാമൻ ഇഫക്റ്റ്. അജ്ഞാത പദാർത്ഥങ്ങളെ തിരിച്ചറിയുന്നതിനും രാസപ്രവർത്തനങ്ങളുടെ തത്സമയ നിരീക്ഷണത്തിനും വസ്തുക്കളുടെ ഘടന പഠിക്കുന്നതിനും ഈ പ്രതിഭാസം ഉപയോഗിക്കുന്നു. ദേശീയ ശാസ്ത്ര ദിനാഘോഷത്തിന്റെ ഭാ​ഗമായി പൊതു പ്രസംഗങ്ങൾ, ശാസ്ത്ര സിനിമകൾ, ശാസ്ത്ര പ്രദർശനങ്ങൾ, ശാസ്ത്ര വിഷയങ്ങളെയും ആശയങ്ങളെയും അടിസ്ഥാനമാക്കിയുള്ള പ്രത്യേക പരിപാടികൾ എന്നിവയെല്ലാം സംഘടിപ്പിക്കും.ലോകത്തിലെ ഏറ്റവും മഹത്തായ കണ്ടുപിടുത്തങ്ങളിലൊന്നായ രാമൻ ഇഫക്റ്റിന്റെ വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി, ശാസ്ത്രലോകത്തിന് ഗണ്യമായ സംഭാവനകൾ നൽകിയ ശാസ്ത്രജ്ഞരെയും കേന്ദ്രസർക്കാർ ആദരിക്കാറുണ്ട്.

    നവംബർ 10 നാണ് ലോക ശാസ്ത്രദിനം ആചരിക്കുന്നത്. സമൂഹത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിനും അഭിവൃദ്ധിയ്ക്കും ശാസ്ത്രത്തിന്റെ (Science) പ്രാധാന്യം വ്യക്തമാക്കുന്ന ദിനമാണിത്. 1999ൽ ബുഡാപെസ്റ്റിൽ നടന്ന ലോക ശാസ്ത്ര കോൺഫറൻസാണ് ഇങ്ങനെ ഒരു ദിനം ആചരിക്കാൻ കാരണമായത്. ശാസ്ത്രം, അതിന്റെ പ്രയോഗം, അതുമൂലം സമൂഹത്തിൽ പ്രതിഫലിക്കുന്ന പോസിറ്റിവിറ്റി എന്നിവയൊക്കെ ചർച്ച ചെയ്യപ്പെട്ട കോൺഫറൻസായിരുന്നു അത്. പിന്നീട് 2001ൽ യുനെസ്‌കോയുടെ പ്രഖ്യാപനം മുതൽ, ഈ ദിനത്തിൽ നിരവധി പദ്ധതികൾ നടപ്പിലാക്കാറുണ്ട്. ഇത് ഫലപ്രദവും അനുകൂലവുമായ ഫലങ്ങൾ സൃഷ്ടിച്ചതോടെ 2002 നവംബർ 10ന്, ലോകമെമ്പാടും ഈ ദിനം ആഘോഷിക്കാൻ തുടങ്ങി.

    Published by:Vishnupriya S
    First published: