"ഇന്ത്യയിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻറെ പിതാവ്" എന്ന് അറിയപ്പെടുന്ന ഡോക്ടർ ജയ്ഗോപാൽ ജോളി നൽകിയ മഹത്തായ സംഭാവനകളെ അനുസ്മരിക്കുന്നതിനായി അദ്ദേഹത്തിൻ്റെ ജന്മദിനമായ ഒക്ടോബർ ഒന്നിനാണ് ഇന്ത്യയിൽ ദേശീയ സന്നദ്ധ രക്തദാന ദിനമായി ആചരിക്കുന്നത്.
ഡോ. ജയ്ഗോപാൽ ജോളി (ജനനം 1 ഒക്ടോബർ 1926 - മരണം 5 ഒക്ടോബർ 2013) ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജുവേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം പ്രൊഫസറായിരുന്നു.
അദ്ദേഹം ബ്ലഡ് ട്രാൻസ്ഫ്യൂഷൻ മേഖലയിൽ അന്തർദേശീയ തലത്തിൽ അറിയപ്പെടുന്ന വിദഗ്ദനായിരുന്നു. കൂടാതെ അദ്ദേഹത്തെ "ഇന്ത്യയിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻറെ പിതാവ്" ആയാണ് കണക്കാക്കുന്നത്.
ഇന്ത്യയിലെ പ്രൊഫഷണൽ രക്തദാതാക്കളിൽ നിന്ന് രക്തം വിൽക്കുന്നതും വാങ്ങുന്നതും നിരോധിക്കുന്നതിനുള്ള പ്രചാരണത്തിന് അദ്ദേഹം നേതൃത്വം നൽകി. ഇത് പിന്നീട് ഇന്ത്യൻ സർക്കാർ ദേശീയ രക്തനയത്തിൽ ഉൾപ്പെടുത്തി.
ഒക്ടോബർ 1ന് "രക്തദാന ദിനം" ആചരിച്ച് രക്തദാന പരിപാടികളുടെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ജനങ്ങളിൽ അവബോധം സൃഷ്ടിച്ചു. സന്നദ്ധരായ ദാതാക്കളിൽ നിന്ന് മതിയായ അളവിൽ ഗുണനിലവാരമുള്ള രക്തം ലഭിക്കുന്നതിന് ഇത് സഹായിച്ചു.
അദ്ദേഹത്തിന്റെ സമർപ്പിത പ്രവർത്തനം ഇന്ത്യയിലെ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ മേഖലയിലെ പ്രൊഫഷണൽ സേവനം, ഗവേഷണം, അധ്യാപനം എന്നിവയുടെ വികസനത്തിനും മികവിനും മികച്ച സംഭാവന നൽകി.
ബ്ലഡ് ബാങ്ക് സൊസൈറ്റിയുടെ സ്ഥാപകനും, ചണ്ഡീഗഡിലെ ഇന്ത്യൻ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് ഇമ്മ്യൂണോഹെമറ്റോളജിയുടെ സ്ഥാപകനുമായ അദ്ദേഹം ഇന്ത്യയിലെ ബ്ലഡ് പ്രോഗ്രാമുകളുടെ വികസനത്തിന് ഗണ്യമായ സംഭാവനകൾ നൽകിയിട്ടുണ്ട്.
ഈ മികച്ച സംഭാവനകളുടെ ഫലമായി അദ്ദേഹം നിരവധി തവണ ശാസ്ത്ര സമ്മേളനങ്ങളിലും മറ്റും ഇന്ത്യയെ പ്രതിനിധീകരിച്ചു. ഈ സന്ദർശനത്തിനിടയിൽ, ഇന്ത്യയിൽ സ്ഥാപിതമായ സംഘടനയുടെ നവീകരണത്തിനായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ബ്ലഡ് ട്രാൻസ്ഫ്യൂഷൻ പരിപാടിയെ കുറിച്ച് പഠിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചു.
ചണ്ഡിഗഡിലെ പിജിഐയിൽ നിന്നും തന്റെ ചുമതല പൂർത്തിയാക്കിയ ശേഷം അദ്ദേഹം എസ്‌ജിപിജിഐ ലക്നൗവിൽ ചേർന്ന് ഡിപാർട്ട്മെൻ്റ് ഓഫ് എക്സലൻസ് സ്ഥാപിച്ചു. അവിടെ ഇന്ത്യയിൽ ആദ്യമായി ട്രാൻസ്ഫ്യൂഷൻ മെഡിസിനിൽ ബിരുദാനന്തര ബിരുദം ആരംഭിച്ചു. തുടർന്ന് അദ്ദേഹം ചണ്ഡിഗഡിലെ സർക്കാർ മെഡിക്കൽ കോളേജിൽ കൺസൾട്ടേഷനും നൽകി.
അദ്ദേഹത്തിൻ്റെ അവസാന വർഷങ്ങളിൽ, അദ്ദേഹം പ്രധാനമായും തന്റെ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ട്രാൻസ്ഫ്യൂഷൻ മെഡിസിന്റെ അക്കാദമിക് വികസനത്തിനും ഹീമോഫിലിയാക്ക് സൗജന്യ ഘടകങ്ങൾ നൽകുന്നതിനും ആയിരുന്നു.
"ഇന്ത്യയിൽ മാതാപിതാക്കളെയും ഗർഭസ്ഥ ശിശുക്കളെയും തലാസീമിയ പരിശോധന നടത്തണം എന്ന് അദ്ദേഹം വാദിച്ചു. ഇന്ത്യയിലെ രക്തഘടകങ്ങൾ തയ്യാറാക്കുന്നതിനായി കൂടുതൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞിരുന്നു.
ദുരന്തസമയങ്ങളിൽ രക്ത ആവശ്യങ്ങൾ നിറവേറ്റുന്നതിനായി അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിലെ നാഷണൽ, സ്റ്റേറ്റ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലുകളുമായി ബന്ധപ്പെട്ടിരുന്ന അദ്ദേഹം ഈ മേഖലയിലെ ട്രാൻസ്ഫ്യൂഷൻ സേവനങ്ങൾ വികസിപ്പിക്കുന്നതിൽ തന്റെ ശ്രമം തുടർന്നു കൊണ്ടിരുന്നു.
ചണ്ഡീഗഡിലെ പുതുതായി സ്ഥാപിതമായ ഗവൺമെന്റ് മെഡിക്കൽ കോളേജിൽ സ്ഥാപിതമായ രക്തഘടകങ്ങൾക്കായി യൂണിറ്റുകളുള്ള ട്രാൻസ്ഫ്യൂഷൻ മെഡിസിൻ വിഭാഗം സ്ഥാപിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. ബ്ലഡ് ട്രാൻസ്ഫ്യൂഷൻ മെഡിസിനിൽ ഒരു അന്താരാഷ്ട്ര വിദഗ്ദ്ധനെന്ന നിലയിൽ, ലോകാരോഗ്യ സംഘടനയ്ക്കുള്ള ബ്ലഡ് ട്രാൻസ്ഫ്യൂഷന് വേണ്ട സുരക്ഷിതമായ ഉപായങ്ങൾ അദ്ദേഹം അവലോകനം ചെയ്തു. കൂടാതെ അന്താരാഷ്ട്ര ജേണലുകളിൽ നൂറിലധികം ശാസ്ത്രീയ ലേഖനങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്.
ഈ മേഖലയിലെ അദ്ദേഹത്തിന്റെ എണ്ണമറ്റ സംഭാവനകളുടെ ഫലമായി ഡോ. ജോളി ഇന്ത്യയിലെ ബ്ലഡ് ബാങ്കിംഗിന്റെ നേതാവായി അംഗീകരിക്കപ്പെട്ടു.
ഡോ. ജോളിക്ക് ലഭിച്ച നിരവധി ബഹുമതികളിൽ, വിശിഷ്ട ഗവേഷണ സംഭാവനയ്ക്കുള്ള ലക്നൗ സർവകലാശാലയുടെ ജെജി മുഖർജി സ്വർണ്ണ മെഡൽ (1958), ഇന്ത്യയിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ്റെ പ്രത്യേകത വികസിപ്പിച്ചതിന് ഡോ. ബിസി റോയ് ദേശീയ അവാർഡ് (1981), ഫിലിപ്പ് ലെവിൻ ട്രാൻസ്ഫ്യൂഷൻ മെഡിസിൻ (1993), IDPL ഡയമണ്ട് ജൂബിലി IMA ഓറേഷൻ അവാർഡ് (1996) എന്നിങ്ങനെ നിരവധി ദേശീയ അന്തർദേശീയ അവാർഡുകൾ അദ്ദേഹം സ്വന്തമാക്കി.
സാമൂഹ്യ സേവനത്തിനും രക്തദാന മേഖലയിലെ വിശിഷ്ട നേട്ടങ്ങൾക്കും ഭാരതത്തിന്റെ റിപ്പബ്ലിക് ദിനത്തിൽ ചണ്ഡീഗഡ് ഭരണകൂടം അദ്ദേഹത്തെ ആദരിച്ചു.
ബ്ലഡ് ട്രാൻസ്ഫ്യൂഷൻ്റെ പ്രാധാന്യം ഇന്ത്യയിൽ അംഗീകരിക്കപ്പെടാൻ തുടങ്ങിയത് ഡോ.ജോളിയുടെ നിരന്തരമായ പരിശ്രമത്തിന്റെ ഫലമായാണ്. ലോകാരോഗ്യ സംഘടന, ഇന്റർനാഷണൽ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ, വേൾഡ് ഫെഡറേഷൻ ഓഫ് ഹീമോഫീലിയ എന്നിവയും അദ്ദേഹത്തിന് അംഗീകാരം നൽകി.
ഒരു വ്യക്തിയുടെ ജീവിതത്തിൽ രക്തത്തിന്റെ ആവശ്യകതയും പ്രാധാന്യവും പങ്കുവെക്കുന്നതിനായി എല്ലാ വർഷവും ഒക്ടോബർ 1 ന് ഇന്ത്യയിൽ ദേശീയ സന്നദ്ധ രക്തദാന ദിനം ആഘോഷിക്കുന്നു. ഇന്ത്യൻ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് ഇമ്മ്യൂണോഹെമറ്റോളജിയിലൂടെ 1975 ഒക്ടോബർ 1 നാണ് ഈ ദിനം ആദ്യമായി ആഘോഷിക്കാൻ തുടങ്ങിയത്. ഇന്ത്യൻ സൊസൈറ്റി ഓഫ് ബ്ലഡ് ട്രാൻസ്ഫ്യൂഷൻ ആൻഡ് ഇമ്മ്യൂണോഹെമറ്റോളജി 1971 ഒക്ടോബർ 22 -ന് ശ്രീമതി കെ.സ്വരൂപ് കൃഷന്റെയും ഡോ. ജെ.ജി ജോളിയുടെയും നേതൃത്വത്തിലാണ് ആദ്യമായി സ്ഥാപിതമായത്.
ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ ലക്ഷ്യം
• സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് രാജ്യമെമ്പാടുമുള്ള ജനങ്ങളെ ബോധവൽക്കരിക്കുക.
• നിർദ്ധനരായ രോഗികളുടെ അടിയന്തിര ആവശ്യം നിറവേറ്റുന്നതിന് സന്നദ്ധ രക്തദാനം എന്ന ലക്ഷ്യം വിജയകരമായി നടപ്പിലാക്കുക.
• അടിയന്തരവും ഗൗരവമേറിയതുമായ ഏതൊരു ആവശ്യത്തിനുമായും രക്തബാങ്കുകളിൽ രക്തം സംഭരിച്ചു വയ്ക്കുക.
• ആരോഗ്യമുള്ള വ്യക്തിയായിട്ട് പോലും രക്തദാനം ചെയ്യാൻ താൽപ്പര്യമില്ലാത്ത ആളുകളെ പ്രചോദിപ്പിക്കുകയും പ്രോത്സാഹിപ്പിക്കികയും ചെയ്യുക.
• ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ മാത്രം രക്തം നൽകാൻ താൽപ്പര്യമുള്ള ആളുകളെ സ്വമേധയാ രക്തം ദാനം ചെയ്യാൻ പ്രേരിപ്പിക്കുക.
ആവശ്യക്കാർക്ക് രക്തമോ അതിന്റെ ഘടകങ്ങളോ കൈമാറുകയോ ദാനം ചെയ്യുകയോ ചെയ്യുന്നത് ആധുനിക ആരോഗ്യ പരിപാലന സംവിധാനത്തിൽ മാനവികതയുടെ വളരെ പ്രധാനപ്പെട്ട ഭാഗമായി മാറിയിട്ടുണ്ട്.
ആരാണ് രക്തദാതാവ് അല്ലെങ്കിൽ രക്തം സ്വീകരിക്കുന്നത് എന്നത് ഒരു പ്രശ്നമല്ല. ഒരു ദാതാവ് ഭാവിയിൽ ഒരു സ്വീകർത്താവാകാം, അതുപോലെ തന്നെ ഒരു സ്വീകർത്താവിന് ഭാവിയിൽ ആരോഗ്യമുള്ള ദാതാവാകാം. അതിനാൽ യാതൊരു പ്രതീക്ഷയുമില്ലാതെ രക്തദാനം ചെയ്യുന്നത് വലിയ മനുഷ്യത്വവും ജീവൻ രക്ഷിക്കുന്ന പ്രക്രിയയിലെ സുപ്രധാന ഭാഗവുമാണ്.
നിങ്ങളുടെ ബന്ധുക്കൾക്കോ സുഹൃത്തുക്കൾക്കോ മാത്രമായി രക്തം ദാനം ചെയ്യരുത്. ഏതൊരു മനുഷ്യനുവേണ്ടിയും സ്വമേധയാ രക്തം ദാനം ചെയ്യുക. അതുവഴി അനേകം ജീവൻ രക്ഷിക്കാൻ കഴിഞ്ഞേക്കും.
രക്തദാനത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിന് ദേശീയ സന്നദ്ധ രക്തദാന ദിനത്തിൽ എല്ലാ സംസ്ഥാനങ്ങളിലും വിവിധ പരിപാടികൾ, ബോധവൽക്കരണ പരിപാടികൾ, ക്യാമ്പുകൾ, അനുബന്ധ പ്രോത്സാഹന പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. രക്തദാതാക്കളുടെ പ്രായം 18-60 വയസ്സിനുമിടയിലായിരിക്കണം, ഭാരം 45 കിലോഗ്രാം അല്ലെങ്കിൽ അതിനു മുകളിലായിരിക്കണം, പൾസ് നിരക്ക് 60 മുതൽ 100/ മിനിറ്റ്, നോർമൽ ബിപി , എച്ച്ബി 12.5 ഗ്രാം/100 മില്ലി, ശരീര താപനില 37.5 ഡിഗ്രി സെന്റിഗ്രേഡിൽ കൂടരുത് എന്നിങ്ങനെ ഡ്രഗ്സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് 1940 അനുസരിച്ച് രക്തദാതാക്കൾക്ക് വിവിധ മാനദണ്ഡങ്ങളുണ്ട്.
ദേശീയ സന്നദ്ധ രക്തദാന ദിനത്തിന്റെ പ്രാധാന്യം
ശരീരത്തിനും അവയവങ്ങൾക്കും നിർണായക പോഷണം നൽകുന്നതിനാൽ രക്തം മനുഷ്യജീവിതത്തിന്റെ ഒരു സുപ്രധാന ഘടകമാണ്. ജീവൻ രക്ഷിക്കാനുള്ള നടപടികൾ പിന്തുടരുന്നതിനും അക്രമവും പരിക്ക് മൂലവും ഉണ്ടാകുന്ന ഗുരുതരമായ രോഗം, ശിശു ജനനവുമായി ബന്ധപ്പെട്ട സങ്കീർണതകൾ, റോഡ് ട്രാഫിക് അപകടങ്ങൾ തുടങ്ങി നിരവധി അവസ്ഥകൾ തടയുന്നതിനും സമൂഹത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുമാണ് ദേശീയ സന്നദ്ധ രക്തദാന ദിനം ആചരിക്കുന്നത്.
ത്രിപുര, തമിഴ്നാട്, പശ്ചിമ ബംഗാൾ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളെ ദേശീയ തലത്തിലുള്ള സന്നദ്ധ രക്തദാതാക്കളായി കണക്കാക്കുന്നു. രാജ്യത്തെ വടക്കുകിഴക്കൻ സംസ്ഥാനമായ ത്രിപുര, ഇന്ത്യയിലെ ഏറ്റവും ഉയർന്ന സന്നദ്ധ രക്തദാതാക്കളുള്ള (93%) സംസ്ഥാനമാണ്. മണിപ്പൂരിനെ രാജ്യത്തെ ഏറ്റവും താഴ്ന്ന സന്നദ്ധ രക്തദാതാക്കളായി കണക്കാക്കപ്പെടുന്നു.
സന്നദ്ധ രക്തദാന ക്യാംപെയ്‌നിലേക്കുള്ള പൊതുജനങ്ങളുടെ അജ്ഞതയും ഭയവും തെറ്റിദ്ധാരണകളും നീക്കംചെയ്യുന്നതിന് ഈ ദിവസം വലിയ രീതിയിൽ ആചരിക്കേണ്ടത് ആവശ്യമാണ്. രാജ്യത്തെ സന്നദ്ധ സംഘടനകൾ വിദ്യാർത്ഥികൾ, യുവാക്കൾ, കോളേജുകൾ, സ്ഥാപനങ്ങൾ, ക്ലബ്ബുകൾ, എൻജിഒകൾ മുതലായവയെ രക്തം ദാനം ചെയ്യാൻ പ്രോത്സാഹിപ്പിക്കുന്നതിന് ഈ ദിവസം വലിയ പങ്കുവഹിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Blood donation