Navratri 2020| നവരാത്രിയുടെ ഐതീഹ്യം അറിയാം; പൂജയും വ്രതാനുഷ്ഠാനങ്ങളും ഇങ്ങനെ

ആദിശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന നവരാത്രി ഉത്സവത്തില്‍ ആരാധിക്കുന്നത്.

News18 Malayalam | news18-malayalam
Updated: October 21, 2020, 12:13 AM IST
Navratri 2020| നവരാത്രിയുടെ ഐതീഹ്യം അറിയാം; പൂജയും വ്രതാനുഷ്ഠാനങ്ങളും ഇങ്ങനെ
navratri
  • Share this:
കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിലും നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഒക്ടോബര്‍ 17 മുതല്‍ ഒക്ടോബര്‍ 26 വരെയാണ് നവരാത്രി. ഒക്ടോബര്‍ 23 നു ദുര്‍ഗാഷ്ടമി. ഒക്ടോബര്‍ 25ന് മഹാനവമി. 26ന് വിജയദശമിയും ആഘോഷിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചാണ് ഇത്തവണ ആഘോഷപരിപാടികള്‍.

ആദിശക്തിയുടെ ഒന്‍പത് രൂപങ്ങളെയാണ് ഒന്‍പത് രാത്രിയും പത്ത് പകലും നീണ്ടു നില്‍ക്കുന്ന നവരാത്രി ഉത്സവത്തില്‍ ആരാധിക്കുന്നത്. ആദ്യത്തെ മൂന്ന് ദിവസങ്ങളില്‍ പാര്‍വ്വതി ദേവിയേയും അടുത്ത മൂന്ന് ദിവസം ലക്ഷ്മി ദേവിയേയും അവസാന മൂന്നു ദിവസം സരസ്വതി ദേവിയേയും സങ്കല്‍പ്പിച്ചാണ് പൂജകള്‍.

നവരാത്രിയുടെ ആദ്യദിനം ശൈലപുത്രിയായ ദേവിയേയാണ് ആരാധിക്കുന്നത്. സംസ്‌കൃതത്തില്‍ ശൈല്‍ എന്നാല്‍ പര്‍വതമെന്ന് അര്‍ത്ഥം. അതിനാലാണ് ഹിമവാന്റെ മകളായ പാര്‍വതിയെ ശൈലപുത്രിയെന്ന് വിളിക്കുന്നത്. കാളയാണ് വാഹനം. ഒരു കയ്യില്‍ ശൂലവും മറു കൈയില്‍ താമരയുമാണ് രൂപം.

രണ്ടാം ദിവസം ദേവിയെ ബ്രഹ്മചാരിണി ഭാവത്തില്‍ ആരാധിക്കുന്നു. ഹിമവാന്റെ പുത്രിയായ് ജനിച്ച ദേവി, ശിവന്റെ പത്‌നിയാകാന്‍ നാരദമുനിയുടെ നിര്‍ദേശപ്രകാരം തപസു ചെയ്തു. കഠിന തപസ് അനുഷ്ഠിച്ചതിനാല്‍ ദേവിക്ക് ബ്രഹ്മചാരിണി എന്ന നാമം ലഭിച്ചു. ഇടതുകയ്യില്‍ കമണ്ഡലുവും വലതുകയ്യില്‍ അക്ഷമാലയും ഏന്തി ശുഭ്രവസ്ത്രം ധരിച്ചതാണ് ദേവിയുടെ രൂപം.



ചന്ദ്രഘണ്ഡാ ഭാവമാണ് മൂന്നാം ദിവസം ആരാധിക്കുന്നത്. 10 കൈകളുളള ദേവിക്ക് നെറ്റിയില്‍ ചന്ദ്രക്കലയുള്ളതിനാല്‍ ചന്ദ്രഘണ്ഡാ എന്ന നാമത്തില്‍ അറിയപ്പെടുന്നു. ഓരോകൈകളിലുമായ് പത്മം, ധനുഷ്, ബാണം, കമണ്ഡലു, ഖഡ്ഗം, ഗദാ, ശൂലം എന്നീ ആയുധങ്ങളുണ്ട്.

ദേവിയുടെ കുഷ്മാണ്ഡ ഭാവമാണ് നാലാം ദിവസം ആരാധിക്കുന്നത്. സൂര്യദേവന്റെ ലോകത്തില്‍ താമസിക്കുന്നവളാണ് 'അഷ്ടഭുജ' യായ കുഷ്മാണ്ഡ ദേവി. ഏഴ് കൈകളില്‍ യഥാക്രമം കമണ്ഡലു, വില്ല്, അസ്ത്രം, കമലം, അമൃതകുംഭം, ചക്രം, ഗദ ഇവ ധരിച്ചിട്ടുണ്ട്. അഷ്ടസിദ്ധികളും നവനിധികളും പ്രദാനം ചെയ്യാന്‍ കഴിവുള്ള ദിവ്യമാലയാണ് എട്ടാം കരത്തില്‍ ധരിച്ചിട്ടുള്ളത്.

അഞ്ചാം ദിവസമായ പഞ്ചമിയില്‍ ദേവിയെ സ്‌കന്ദമാത ഭാവത്തിലാണ് പൂജിക്കുന്നത്. സുബ്രമണ്യന്റെ മാതാവായതിനാലാല്‍ ദേവി സ്‌കന്ദമാതാ എന്ന നാമത്തില്‍ അറിയപ്പെടുന്നു. സ്‌കന്ദനെ മടിയിലിരുത്തി ലാളിക്കുന്ന മാതൃഭാവമാണ് ദേവിക്ക്. നാലുകൈകളാണ് ദേവിക്കുളളത്. വലതുകൈകളിലൊന്നില്‍ ആറു ശിരസോടുകൂടിയ ബാലമുരുകനും മറ്റേതില്‍ താമരപൂവുമാണ്. ഇടതുകൈകളില്‍ വരമുദ്രയും താമരപൂവുമാണ്. സിംഹമാണ് വാഹനം.

നവരാത്രിയിലെ ആറാം നാളാണ് ദേവിയെ കാര്‍ത്യായനി രൂപത്തില്‍ ആരാധിക്കുന്നത്. നാലുകൈകളുള്ള ദേവി ഖഡ്ഗവും പദ്മവും കൈകളിലേന്തിയിരിക്കുന്നു. കതന്‍ എന്ന മഹാ ഋഷിയുടെ പുത്രനായിരുന്നു കാത്യന്‍.



പുത്രിമാര്‍ ഇല്ലാതിരുന്ന അദ്ദേഹം ദുര്‍ഗ ദേവിയെ പുത്രിയായി ലഭിക്കുന്നതിന് മഹാതപം അനുഷ്ഠിച്ചു. കാത്യന്റെ പ്രാര്‍ത്ഥനയില്‍ സംപ്രീതയായ ദേവി കാത്യന്റെ പുത്രിയായ് ജനിക്കുമെന്ന് അനുഗ്രഹിച്ചു. കാത്യന്റെ പുത്രിയായതിനാല്‍ ദേവിക്ക് കാര്‍ത്യായനി എന്ന നാമം ലഭിച്ചുവെന്നാണ് ഐതിഹ്യം. സിംഹമാണ് കാര്‍ത്യായനി ദേവിയുടെ വാഹനം.

കാലരാത്രി എന്ന ദേവീ അവതാരത്തെയാണ് നവരാത്രിയുടെ ഏഴാം ദിവസമായ സപ്തമിയ്ക്ക് ആരാധിക്കുന്നത്. കാലരാത്രി എന്ന രൂപം ധരിച്ചാണ് ദുര്‍ഗ ദേവി രക്തബീജന്‍ എന്ന അസുരനെ വധിച്ചത്. കറുപ്പു നിറത്തോടു കൂടിയ കാലരാത്രി മാതാ ദേവി ദുര്‍ഗയുടെ രൗദ്ര രൂപമാണ്. നാലുകൈകളോടുകൂടിയ ദേവിയുടെ വാഹനം കഴുതയാണ്.

നവരാത്രിയില്‍ എട്ടാം ദിവസമായ അഷ്ടമിക്ക് ദുര്‍ഗ ദേവിയെ മഹാഗൗരി ഭാവത്തില്‍ ആരാധിക്കുന്നു. തൂവെള്ള നിറമായതിനാല്‍ ദേവി മഹാഗൗരി എന്നറിയപ്പെടുന്നു. ശിവപ്രാപ്തിക്കായി തപസു ചെയ്ത ദേവിയുടെ ശരീരം മുഴുവനും പൊടിപടലങ്ങളും മണ്ണും കൊണ്ട് ഇരുണ്ട നിറമായി. തപസ് പൂര്‍ണമായപ്പോള്‍ മഹാദേവന്‍ ഗംഗാ ജലം ഉപയോഗിച്ച് നീക്കം ചെയ്തു. അപ്പോള്‍ ദേവിയുടെ ശരീരം വെളുത്തു പ്രകാശം പൊഴിക്കുന്നതുപോലെയായെന്നും അന്നുമുതല്‍ ദേവി മഹാഗൗരി എന്നറിയപ്പെടുന്നുവെന്നും. നാലുകൈകളുള്ള ദേവിയുടെ വാഹനം കാളയാണ്.

നവരാത്രിയില്‍ അവസാനദിവസം സിദ്ധിധാത്രിയെ ആരാധിക്കുന്നു. ഭക്തര്‍ക്ക് സര്‍വസിദ്ധികളും പ്രധാനം ചെയ്യുന്നു. താമരപൂവില്‍ ഉപവിഷ്ടയായ ദേവിക്ക് നാലുകരങ്ങളാണുള്ളത്. ചക്രം, ഗദ, താമര എന്നിവ ഏന്തിയ ദേവിയുടെ വാഹനം സിംഹമാണ്.
Published by: Gowthamy GG
First published: October 20, 2020, 11:22 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading