• HOME
  • »
  • NEWS
  • »
  • life
  • »
  • Navratri 2020| നവരാത്രി ആഘോഷം; വ്രതാനുഷ്ഠാനങ്ങളും പൂജയും

Navratri 2020| നവരാത്രി ആഘോഷം; വ്രതാനുഷ്ഠാനങ്ങളും പൂജയും

കേരളത്തില്‍ ദുര്‍ഗാഷ്ടമി ദിവസത്തെ പൂജ വയ്‌പോടെയാണ് നവരാത്രി ആഘോഷങ്ങളുടെ തുടക്കം.

durga pooja

durga pooja

  • Share this:
    നവരാത്രി ഉത്സവാഘോഷങ്ങളിലാണ് രാജ്യം. ഒക്ടോബർ 17 മുതലാണ് ആഘോഷങ്ങൾക്ക് തുടക്കമായത്. വെളുത്ത പക്ഷത്തിലെ അമാവാസി മുതൽ പൗർണമി വരെയുള്ള ഒൻപത് ദിവസങ്ങളിലാണ് നവരാത്രി ആഘോഷം നടക്കുന്നത്. രാജ്യത്തിന്റെ പല ഭാഗങ്ങളിൽ പലപേരുകളിൽ നവരാത്രി ആഘോഷം അറിയപ്പെടുന്നുണ്ട്. പല ഐതീഹ്യങ്ങളും ഇതിനുപിന്നിലുണ്ട്.

    കിഴക്കന്‍, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ദുര്‍ഗ പൂജയായിട്ടാണ് നവരാത്രി മഹോത്സവം ആഘോഷിക്കുന്നത്. വിശ്വാസമനുസരിച്ച് മഹിഷാസുരന് മേല്‍ ദുര്‍ഗ ദേവി നേടിയ വിജയത്തിന്റെ അനുസ്മരണമാണ് നവരാത്രി. ആ വിജയത്തിന്റെ ആഘോഷമായാണ് നവരാത്രി മഹോത്സവം കൊണ്ടാടുന്നത്.



    വടക്കന്‍ സംസ്ഥാനങ്ങളില്‍ രാവണന് മേല്‍ രാമന്‍ നേടിയ വിജയമാണ് നവരാത്രി മഹോത്സവത്തിന്റെ ഐതിഹ്യം. ഒമ്പത് ദിവസങ്ങളില്‍ രാമലീല അവതരിപ്പിക്കുകയും പത്താം ദിനം രാവണന്റെയും സഹോദരന്മാരായ കുംഭകര്‍ണന്റെയും മേഘനാഥന്റെയും രൂപങ്ങള്‍ കത്തിക്കുന്നതുമാണ് വടക്കന്‍ സംസ്ഥാനങ്ങളിലെ ആഘോഷം.

    ദേവീ പ്രീതിക്കും സര്‍വ ഐശ്വര്യത്തിനും നവരാത്രി വ്രതം ഉത്തമമാണ്. കന്നിമാസത്തിലെ അമാവാസികഴിഞ്ഞു വരുന്ന വെളുത്തപക്ഷ പ്രഥമ മുതല്‍ നവമി വരെയുള്ള ദിവസങ്ങളാണു നവരാത്രിവ്രതം അനുഷ്ഠിക്കേണ്ടത്. ഏതു പ്രായത്തിലുളളവര്‍ക്ക് നവരാത്രി വ്രതമെടുക്കാം.

    കേരളത്തില്‍ ദുര്‍ഗാഷ്ടമി ദിവസത്തെ പൂജ വയ്‌പോടെയാണ് നവരാത്രി ആഘോഷങ്ങളുടെ തുടക്കം. വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ പണിയായുധങ്ങളും വിദ്യാര്‍ഥികള്‍ പാഠപുസ്തകങ്ങളും ഗ്രന്ഥങ്ങളും എല്ലാം സരസ്വതീ വിഗ്രഹത്തിനു മുന്നില്‍ പൂജയ്ക്കായി സമര്‍പ്പിക്കും. വീടുകളിലോ ക്ഷേത്രങ്ങളിലോ പൂജ വയ്ക്കാം.



    പൂജവയ്പിന്റെ രണ്ടാം ദിനമാണ് മഹാനവമി. നവരാത്രിയിലെ ഏറ്റവും പുണ്യം നിറഞ്ഞ ദിനമെന്നാണ് വിശ്വാസം. ഈ ദിവസമാണ് പുസ്തകപൂജയും ആയുധപൂജയും. ഈ ദിവസം അക്ഷരം നോക്കുകയോ ഉപകരണം ഉപയോഗിക്കുകയോ പാടില്ലെന്ന ആചാരം കേരളത്തിലുണ്ട്.

    ദേവി മഹിഷാസുരനെ നിഗ്രഹിച്ച് വിജയം നേടുന്നത് മഹാനവമിയിലാണെന്നാണ് ഐതിഹ്യ കഥ. രാവണനിഗ്രഹത്തിനായി ശ്രീരാമന്‍ വ്രതമെടുത്തത് മഹാനവമി ദിവസമാണെന്നൊരു വിശ്വാസവുമുണ്ട്.



    നവരാത്രി ആഘോഷങ്ങളുടെ പത്താം ദിവസമാണ് വിജയദശമി എന്നറിയപ്പെടുന്ന ദസറ ആഘോഷിക്കുന്നത്. 'ദശരാത്രി'കളില്‍ ആഘോഷിക്കുന്ന ഉത്സവമായതിനാലാണ് ദസറ എന്ന പേരുവന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യത്യസ്ത കഥകളാണ് വിജയദശമിയുമായി ബന്ധപ്പെട്ടുളളത്.

    വടക്ക്, തെക്ക് സംസ്ഥാനങ്ങളില്‍, ദസറ എന്നത് രാക്ഷസ രാജാവായ രാവണനുമേല്‍ ശ്രീരാമന്‍ നേടിയ വിജയം ആഘോഷിക്കുന്ന ഉത്സവമാണ്. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അസുര രാജാവായ മഹിഷാസുരനെ ദുര്‍ഗാ ദേവി വധിച്ചതിന്റെ ആഘോഷമാണ്. ദുര്‍ഗ പൂജ ആഘോഷങ്ങളുടെ അവസാനം കൂടിയാണ് ഈ ദിവസം.

    രാജ്യത്തിന്റെ പല ഭാഗങ്ങളിലെ വിജയദശമി ആഘോഷങ്ങളിലും വ്യത്യാസമുണ്ട്.വിജയദശമി നാളില്‍ ദുര്‍ഗാ ദേവിയുടെ ബിംബം നദിയിലോ ജലാശയത്തിലോ ഒഴുക്കുന്ന ചടങ്ങില്‍ നിരവധി പേര്‍ പങ്കെടുക്കാറുണ്ട്.



    പടക്കങ്ങള്‍ നിറച്ച രാവണന്റെയും കുംഭകര്‍ണന്റെയും ഇന്ദ്രജിത്തിന്റെയും കോലങ്ങള്‍ക്ക് തീകൊളുത്തി പൊട്ടിക്കുന്നത് ദസ്‌റയുടെ ഒരു പ്രധാന ചടങ്ങാണ്. ദസറ കഴിഞ്ഞ് 20-ാം ദിവസം ദീപാവലി ആഘോഷമായതിനാൽ ദീപാവലി ഒരുക്കങ്ങള്‍ക്കും ഈ ദിവസത്തോടെ തുടക്കമാകും.
    Published by:Gowthamy GG
    First published: