• HOME
  • »
  • NEWS
  • »
  • life
  • »
  • "എന്‍ഡാകാസി''; സോഷ്യല്‍ മീഡിയയിലൂടെ ലോകത്തിന്റെ ഓമനയായി മാറിയ ആഫ്രിക്കന്‍ ഗൊറില്ല

"എന്‍ഡാകാസി''; സോഷ്യല്‍ മീഡിയയിലൂടെ ലോകത്തിന്റെ ഓമനയായി മാറിയ ആഫ്രിക്കന്‍ ഗൊറില്ല

മൃഗശാലയിലെ അവളുടെ രക്ഷകന്‍ കൂടിയായിരുന്ന ആന്‍ഡ്രെ ബൗമ എന്ന വനപാലകന്റെ മടിയില്‍ തലചായിച്ചാണ് എന്‍ഡാകാസി അന്ത്യശ്വാസം വലിച്ചത്.

News18

News18

  • Share this:
വനപാലകര്‍ക്കൊപ്പമുള്ള സെല്‍ഫിക്ക് പോസ് ചെയ്ത ശേഷം 14 വയസ്സുള്ള എന്‍ഡാകാസി ഒടുവില്‍ മരണത്തിന് കീഴടങ്ങി. ദീര്‍ഘകാലമായി രോഗബാധിതയായിരുന്നു സോഷ്യല്‍മീഡിയയുടെ പ്രിയപ്പെട്ട പര്‍വ്വത ഗോറില്ലയായ എന്‍ഡാകാസി. ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോയിലുള്ള, ആഫ്രിക്കയിലെ തന്നെ ഏറ്റവും പഴയ ദേശീയ ഉദ്യാനമായ വിരുങ്കയിലെ ഒരു ഗൊറില്ല അനാഥാലയത്തിലായിരുന്നു അവള്‍ വളര്‍ന്നത്. മൃഗശാലയിലെ അവളുടെ രക്ഷകന്‍ കൂടിയായിരുന്ന ആന്‍ഡ്രെ ബൗമ എന്ന വനപാലകന്റെ മടിയില്‍ തലചായിച്ചാണ് എന്‍ഡാകാസി അന്ത്യശ്വാസം വലിച്ചത്.

2007-ല്‍ വേട്ടക്കാരാൽ മാതാപിതാക്കൾ കൊല്ലപ്പെടുമ്പോൾ രണ്ട് മാസം മാത്രം പ്രായമുണ്ടായിരുന്ന എന്‍ഡാകാസിയെ ബൗമയായിരുന്നു രക്ഷിച്ചത്. എന്‍ഡാകാസിയെ കണ്ടത്തുമ്പോള്‍ മരണപ്പെട്ട അമ്മ ഗൊറില്ലയെ പറ്റിപ്പിടിച്ച് നില്‍ക്കുകയായിരുന്നു എൻഡാകാസി. ഗൊറില്ല കുട്ടിയ്ക്ക് ബന്ധുക്കളില്ലാത്തതിനാല്‍ തിരികെ കാട്ടിലേക്ക് വിടുന്നത് സുരക്ഷിതമല്ലെന്ന് വനപാലകര്‍ തീരുമാനിച്ചു. ബൗമ മാനേജരായ അനാഥാലയത്തിലാണ് പിന്നീട് അവള്‍ വളര്‍ന്നത്.

''മനുഷ്യരും വലിയ കുരങ്ങുകളും തമ്മിലുള്ള ബന്ധം എത്രത്തോളമാണെന്ന് ഞാൻ മനസിലാക്കിയതും അവരെ സംരക്ഷിക്കാന്‍ നമ്മൾ എന്തുകൊണ്ട് ശ്രമിക്കണമെന്ന് തിരിച്ചറിഞ്ഞതും എന്‍ഡാകാസിയെ അടുത്തറിഞ്ഞപ്പോഴാണ്.'', ബൗമ പറയുന്നു. ''അവളെ ഞാന്‍ ഒരു കുഞ്ഞിനെപ്പോലെ സ്‌നേഹിച്ചു. എപ്പോഴും സന്തോഷവതിയായിരുന്ന എൻഡാകാസി എല്ലായ്പ്പോഴും എന്റെ മുഖത്ത് ഒരു പുഞ്ചിരി സമ്മാനിച്ചു.'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2019-ല്‍ പാര്‍ക്കിലെ മറ്റൊരു റേഞ്ചറായ മാത്യൂസ് ഷമാവൂ എടുത്ത, എന്‍ഡാകാസിയും മറ്റൊരു പെണ്‍ പര്‍വത ഗൊറില്ലയായ എന്‍ഡേസിയും പോസ് ചെയ്ത് നില്‍ക്കുന്ന ചിത്രം വൈറലായിരുന്നു. ഇതോടെ എന്‍ഡാകാസി ആഗോള പ്രശസ്തിയിലേക്ക് ഉയര്‍ന്നു. തങ്ങളെ വളര്‍ത്തിയ വനപാലകരെ അനുകരിക്കാന്‍ അവര്‍ ശ്രമിക്കുകയായിരുന്നുവെന്ന് അന്ന് ഒരു പാര്‍ക്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞു. വനപാലകരുമായി അടുത്തിടപെട്ടാണ് ഗൊറില്ലകള്‍ വളര്‍ന്നത്. താന്‍ മകളെപ്പോലെയാണ് എന്‍ഡാകാസിയെ സ്‌നേഹിക്കുന്നതെന്നാണ് 2014-ല്‍ ബി ബി സിയോട് സംസാരിക്കവെ ബൗമ പറഞ്ഞത്. ''ഞങ്ങള്‍ ഒരേ കിടക്ക പങ്കിട്ടു, ഞാന്‍ അവളോടൊപ്പം കളിച്ചു, ഞാന്‍ അവള്‍ക്ക് ഭക്ഷണം നല്‍കി. ഞാന്‍ അവളുടെ അമ്മയാണെന്ന് എനിക്ക് പറയാന്‍ കഴിയും.'' അന്ന് ബൗമ പറഞ്ഞു.

പർവത ഗൊറില്ലകള്‍ കൂടുതലും ഉഗാണ്ട, റുവാണ്ട, കോംഗോ എന്നിവിടങ്ങളിലെ ദേശീയോദ്യാനങ്ങളിലെ വനങ്ങളിലാണ് വസിക്കുന്നത്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനവും വേട്ടക്കാരും മനുഷ്യരുടെ കടന്നുകയറ്റവും അവരുടെ നിലനില്‍പ്പിന് ഭീഷണിയാണ്. വിരുങ്ക നാഷണല്‍ പാര്‍ക്ക് സ്ഥിതിചെയ്യുന്ന കിഴക്കന്‍ ഡിആര്‍ കോംഗോ, സര്‍ക്കാരും വിവിധ സായുധ സംഘങ്ങളും തമ്മിലുള്ള സംഘര്‍ഷം നടക്കുന്ന പ്രദേശമാണ്. ഈ സായുധ സംഘങ്ങളില്‍ ചിലത് പാര്‍ക്കുള്‍പ്പെടുന്ന വനമേഖല കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ അവര്‍ പലപ്പോഴും മൃഗങ്ങളെ വേട്ടയാടുന്നു.

കോംഗോ ഡെമോക്രാറ്റിക് റിപ്പബ്ലിക്കിന്റെ കിഴക്കന്‍ ഭാഗത്തുള്ള ആല്‍ബെര്‍ട്ടൈന്‍ റിഫ്റ്റ് വാലിയിലെ ഒരു ദേശീയോദ്യാനമാണ് വിരുങ്ക നാഷണല്‍ പാര്‍ക്ക്. ആഫ്രിക്കയിലെ ആദ്യത്തെ സംരക്ഷിത പ്രദേശങ്ങളില്‍ ഒന്നായ ഈ ദേശീയോദ്യാനം 1925-ലാണ് സ്ഥാപിതമായത്. മൂവായിരത്തിലധികം ജന്തുജാലങ്ങളും വിവിധ ഇനം പുഷ്പങ്ങളുമുള്ള ഈ ദേശീയോദ്യാനത്തില്‍ വൈവിധ്യമാര്‍ന്ന ആവാസവ്യവസ്ഥകളും വന്യജീവികളും ഉള്‍പ്പെട്ടിരിക്കുന്നു. ആല്‍ബെര്‍ട്ടൈന്‍ റിഫ്റ്റില്‍ മാത്രം കാണപ്പെടുന്ന ഈസ്റ്റേണ്‍ ഗോറില്ലകളും (ഗോറില്ല ബെറിംഗി), ഗോള്‍ഡന്‍ മങ്കികളും (സെര്‍കോപിത്തേക്കസ് കാന്‍ഡി) ഇവിടുത്തെ പ്രത്യേകതകളാണ്.

2012-ലെ കണക്കനുസരിച്ച് 196 സസ്തനികളും 706 പക്ഷി ഇനങ്ങളും 109 ഉരഗങ്ങളും 65 ഉഭയജീവികളും ഉള്‍പ്പെടുന്നതാണ് വിരുങ്ക നാഷണല്‍ പാര്‍ക്കിലെ ജന്തുജാലങ്ങള്‍. അപൂര്‍വ പര്‍വ്വത ഗോറില്ലയുടെ ആവാസവ്യവസ്ഥകള്‍ സംരക്ഷിക്കുന്ന ദേശീയോദ്യാനം 1979 -ല്‍ യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിലും ഉള്‍പ്പെട്ടു. ആഭ്യന്തര പ്രശ്‌നങ്ങളും പ്രദേശത്ത് വർദ്ധിക്കുന്ന മനുഷ്യ സാന്നിധ്യവും കാരണം 1994 മുതല്‍ ഈ പ്രദേശം പലവിധ ഭീഷണികൾ നേരിടുന്നുണ്ട്.
Published by:Sarath Mohanan
First published: