ന്യൂഡല്‍ഹി: മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ന്യൂഡല്‍ഹി ലോക പുസ്തകമേള ഇന്ന് (ഫെബ്രുവരി 25ന്) ആരംഭിക്കും. ഏകദേശം മുപ്പതിലധികം രാജ്യങ്ങളാണ് ഇത്തവണ പുസ്തക മേളയില്‍ പങ്കെടുക്കുന്നത്. 1000ലധികം പബ്ലിഷര്മാർ മേളയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന് പരിപാടി ഉദ്ഘാടനം ചെയ്യും. ഫ്രഞ്ച് അംബാസിഡര്‍ ഇമ്മാനുവല്‍ ലെനാനിന്, നാഷണല്‍ ബുക്ക് ട്രസ്റ്റ് ചെയര്മാന് ഗോവിന്ദ് പ്രസാദ് ശര്‍മ്മ എന്നിവരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും
ഇത്തവണത്തെ പുസ്തകമേളയുടെ പ്രമേയം ആസാദി കാ അമൃത് മഹോത്സവ് എന്നാണ്. ഫ്രാന്‍സാണ് ഇത്തവണത്തെ ഔദ്യോഗിക അതിഥി. നൊബേല്‍ പുരസ്കാര ജേതാവ് ആനി എര്ണോക് ഉള്‍പ്പടെ ഫ്രാന്‍സില്‍ നിന്നുള്ള 16 എഴുത്തുകാരും പരിപാടിയില്‍ പങ്കെടുക്കുന്നതാണ്. ഫ്രാന്‍സില്‍ നിന്ന് ഏകദേശം 60ലധികം പബ്ലിഷേഴ്സും പുസ്തക മേളയ്ക്കായി രാജ്യതലസ്ഥാനത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also read- എയര്‍ ഫ്രെഷ്നറുകൾ ഉപയോഗിക്കാറുണ്ടോ? ആരോഗ്യ പ്രശ്നങ്ങൾ നിരവധിയെന്ന് വിദഗ്ധർ
”ഇന്ത്യന്‍ സാഹിത്യത്തില്‍ അതീവ താല്‍പ്പര്യം കാണിക്കുന്നവരാണ് ഫ്രാന്‍സിലെ ജനങ്ങള്‍. സാഹിത്യമേഖലയില്‍ സംഭാവന നല്കുന്ന വലിയ രണ്ട് രാജ്യങ്ങളാണ് ഇന്ത്യയും ഫ്രാന്‍സും. ഡസന്‍ കണക്കിന് എഴുത്തുകാരാണ് ഫ്രാന്‍സില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. നൊബേല്‍ പുരസ്കാര ജേതാവായ ആനി എര്ണോകും പരിപാടിയില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ നൊബേല്‍ സമ്മാനം നേടിയ രാജ്യമാണ് ഫ്രാന്‍സ്. ഇതുവരെ 16 നൊബേല്‍ പുരസ്കാരമാണ് ഈ വിഭാത്തില്‍ ഫ്രാന്‍സിന് ലഭിച്ചത്,’ ഫ്രാന്‍സ് എംബസിയിലെ കള്‍ച്ചറല്‍ കൗണ്‍സിലര്‍ ഇമ്മാനുവല്‍ ലെബ്രോണ്‍ ഡാമിയന്‍സ് പറഞ്ഞു.
ഇന്ത്യയിലെ 750ലധികം സ്വാതന്ത്ര്യസമര പോരാളികളുടെ ചരിത്രം വിളിച്ചോതുന്ന രചനകളും പുസ്തകമേളയില്‍ പ്രദര്‍ശിപ്പിക്കും. പ്രാദേശിക ഭാഷയിലും ഇംഗ്ലീഷിലും എഴുതിയ രചനകളായിരിക്കും പ്രദര്‍ശിപ്പിക്കുക. പുസ്തകങ്ങള്‍, ഫോട്ടോ പ്രദര്‍ശനങ്ങള്‍, പാനല്‍ ചര്‍ച്ചകള്‍, സാംസ്കാരിക പരിപാടികള്‍, വര്‍ക് ഷോപ്പുകള്‍ എന്നിവയും പുസ്തകമേളയോട് അനുബന്ധിച്ച് സംഘടിപ്പിക്കും.
അശ്വിന് സാംഘി, വിക്രം സമ്പത്ത്, പ്രീതി ഷെണായി, ആനന്ദ് നീലകണ്ഠന്, എന്നിവരും മേളയില്‍ പങ്കെടുക്കും. നിരവധി കലാകാരന്മാരുടെ പരിപാടികളും മേളയില്‍ അവതരിപ്പിക്കും. കുട്ടികള്‍ക്കായുള്ള പവലിയനിലും നിരവധി പരിപാടികളാണ് സംഘിടിപ്പാക്കാന് ഉദ്ദേശിക്കുന്നത്. കുട്ടികളിലെ വായനാ ശീലം വളര്ത്തിയെടുക്കുന്നതിനെപ്പറ്റിയുള്ള പരിപാടികള്‍, പാനല്‍ ചര്‍ച്ചകള്‍, തെരുവ് നാടകങ്ങള്‍ സ്കിറ്റുകള്‍ എന്നിവയും പുസ്തക മേളയില്‍ ഉണ്ടാകും
പുസ്തക മേളയുടെ അമ്പതാം വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ പുറത്തിറക്കുന്ന സ്റ്റാമ്പിന്റെ പ്രദര്‍ശനവും ഇതിനോടൊപ്പം നടക്കും. പുസ്തക മേളയില്‍ പ്രവേശിക്കുന്നതിന് പ്രവേശന ഫീസ് ഉണ്ടായിരിക്കും. കുട്ടികള്‍ക്ക് 10 രൂപയും മുതിര്‍ന്നവര്‍ക്ക് 20 രൂപയുമാണ് പ്രവേശന ഫീസ്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍, മുതിര്‍ന്ന പൗരന്മാര്, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. അതേസമയം ജി-20 കൂട്ടായ്മയിലെ രാജ്യങ്ങള്‍ക്കായി മേളയില്‍ പ്രത്യേകം പവലിയനും ഒരുക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.