മറവിരോഗം അഥവാ ഡിമെന്‍ഷ്യ (Dementia) ഓരോ വര്‍ഷവും ഏകദേശം 10 ദശലക്ഷം ആളുകളെ ബാധിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. എന്നാൽ, ലിഥിയത്തിന് (Lithium) ഡിമെന്‍ഷ്യ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാൻ കഴിയുമെന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുകയാണ്. ലോകമെമ്പാടും 55 ദശലക്ഷത്തിലധികം ആളുകള്‍ ഡിമെന്‍ഷ്യ ബാധിതരായി ജീവിക്കുന്നു. കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ ഗവേഷകരുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ ലിഥിയം സ്വീകരിച്ച രോഗികള്‍ക്ക് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി. എന്നാൽ, പഠനത്തിന്റെ ഭാഗമായ രോഗികളിൽ ലിഥിയം സ്വീകരിച്ചവരുടെ എണ്ണം വളരെ കുറവായിരുന്നു. 50 വയസ്സിന് മുകളിലുള്ള 30,000 രോഗികളുടെ മുന്‍കാല രോഗവിവരങ്ങൾ ഗവേഷണ സംഘം വിശകലനം ചെയ്തു.
ഗവേഷകരുടെ കണ്ടെത്തലുകള്‍ PLoS മെഡിസിന് ജേണലിലാണ് പ്രസിദ്ധീകരിച്ചത്. ലിഥിയം ഡിമെന്‍ഷ്യയ്ക്കുള്ള ഫലപ്രദമായ പ്രതിരോധ ചികിത്സയാകാമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ''ഡിമെന്‍ഷ്യ ബാധിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്, ഇത് ആരോഗ്യസംരക്ഷണ സംവിധാനങ്ങളില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നു. ഡിമെന്‍ഷ്യയുടെ ആരംഭം അഞ്ച് വര്‍ഷം വൈകിപ്പിച്ചാല്‍ രോഗത്തിന്റെ വ്യാപനവും അതിന്റെ സാമ്പത്തിക ആഘാതവും 40 ശതമാനം വരെ കുറയ്ക്കാനാകുമെന്ന് കണക്കാക്കപ്പെടുന്നു,'' എന്ന് ഗവേഷണ സംഘത്തിലെ അംഗവും കേംബ്രിഡ്ജിലെ സൈക്യാട്രി ഡിപ്പാര്‍ട്ട്മെന്റിലെ ഡോക്റ്ററുമായ ഷാന്ക്വാന് ചെന്‍ പറയുന്നു.
Also Read-
ജിമ്മിൽ പോകാതെയും ശരീരഭാരം കുറയ്ക്കാം? അഞ്ച് മാർഗങ്ങൾ
ഡിമെൻഷ്യ രോഗനിർണയം നടത്തിയവരിൽ ലിഥിയം ഫലപ്രദമായ ചികിത്സാരീതിയായേക്കാമെന്ന് മുൻപഠനങ്ങൾ സൂചിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ചെറിയ തോതിൽ നടത്തിയ ഇത്തരം പഠനങ്ങൾ ഡിമെന്‍ഷ്യ ഉണ്ടാകുന്നതിനെ തടയാനോ അല്ലെങ്കിൽ അതിൽ കാലതാമസം വരുത്താനോ ലിഥിയത്തിന് കഴിയുമോ എന്ന കാര്യത്തിൽ വ്യക്തത നൽകിയിരുന്നില്ല. ബൈപോളാര്‍ അഫക്റ്റീവ് ഡിസോര്‍ഡര്‍, ഡിപ്രഷന് തുടങ്ങിയ അവസ്ഥകള്‍ക്ക് സാധാരണയായി നിര്‍ദ്ദേശിക്കപ്പെടുന്ന ഒരു മൂഡ് സ്റ്റെബിലൈസറാണ് ലിഥിയം. ''ബൈപോളാര്‍ ഡിസോര്‍ഡര്‍, വിഷാദം എന്നിവ ആളുകളിൽ ഡിമെന്‍ഷ്യയുടെ അപകടസാധ്യത വര്‍ദ്ധിപ്പിക്കുന്നതായി പൊതുവിൽ കണ്ടുവരുന്നുണ്ട്. അതിനാല്‍ ഈ ഘടകം കൂടി ഞങ്ങളുടെ വിശകലനത്തില്‍ കണക്കിലെടുക്കേണ്ടതായി വന്നു'', ചെന്‍ വ്യക്തമാക്കി.
Also Read-
ഇന്ത്യക്കാർക്ക് ഉറക്കം കുറവെന്ന് പഠനം; ആഴ്ചയിൽ മൂന്ന് ദിവസം ഉറങ്ങാൻ ബുദ്ധിമുട്ട് നേരിടുന്നത് 55% പേർക്ക്
ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉള്ള രോഗികള്‍ക്ക് ഡിമെന്‍ഷ്യ വരാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ പറഞ്ഞു. എന്നാല്‍, ''ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉള്ളവരില്‍ ലിഥിയം ഉപയോഗിക്കുമ്പോള്‍ ഡിമെന്‍ഷ്യയുടെ സാധ്യത കുറയാന്‍ സാധ്യതയുണ്ട്,'' ചെന്‍ അഭിപ്രായപ്പെട്ടു. ഈ അവസ്ഥകളില്‍ ലിഥിയം എത്രത്തോളം സഹായകരമാണ് എന്ന് പരിശോധിക്കാന്‍ കൂടുതല്‍ ക്ലിനിക്കല്‍ പഠനങ്ങൾ ആവശ്യമാണെന്നും ഗവേഷണ സംഘം കൂട്ടിച്ചേര്‍ത്തു.
മസ്തിഷ്ക്കത്തിന്റെ സവിശേഷധര്‍മ്മങ്ങള്‍ നഷ്ടപ്പെടുന്നതു വഴി ഗുരുതരമായ മറവിയുണ്ടാകുന്ന അവസ്ഥയെയാണ് ഡിമെന്‍ഷ്യ എന്ന് വിളിക്കുന്നത്. വാര്‍ദ്ധക്യം, തലച്ചോറിലെ ട്യൂമറുകള്‍, ക്ഷതങ്ങള്‍, രോഗങ്ങള്‍, അണുബാധകള്‍, ചില ഔഷധങ്ങള്‍, വിഷാംശം, വിറ്റാമിനുകളുടെ അഭാവം എന്നിവ നിമിത്തം ക്രമേണ ഈ അവസ്ഥയിലേക്ക് എത്തിപ്പെടാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.