നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • life
  • »
  • ജീവനെടുത്ത പകയെ പ്രണയം എന്നു വിളിക്കാമോ? തിരക്കുപിടിച്ച വാർത്താദിനത്തിനിടെ മനസ്സുതകർത്ത കൊലപാതകത്തേക്കുറിച്ച്

  ജീവനെടുത്ത പകയെ പ്രണയം എന്നു വിളിക്കാമോ? തിരക്കുപിടിച്ച വാർത്താദിനത്തിനിടെ മനസ്സുതകർത്ത കൊലപാതകത്തേക്കുറിച്ച്

  നാടിനെ നടുക്കിയ പാലാ സെന്റ് തോമസ് കോളേജിലെ വിദ്യാർഥിനിയുടെ കൊലപാതക വാര്‍ത്ത റിപ്പോർട്ട് ചെയ്ത ന്യൂസ് 18 കേരളം കോട്ടയം ലേഖകൻ ജി.ശ്രീജിത്ത് എഴുതുന്നു

  കൊല്ലപ്പെട്ട നിതിന, പ്രതി അഭിഷേക്

  കൊല്ലപ്പെട്ട നിതിന, പ്രതി അഭിഷേക്

  • Share this:
  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പ്രതിയായ ബലാത്സംഗക്കേസിൽ കർദിനാൾ ജോർജ് ആലഞ്ചേരിയെ വിചാരണ നടത്തുന്നു. ഇന്ന് കോട്ടയത്തെ പ്രധാന വാർത്ത അതായിരുന്നു. രാവിലെ പത്തുമണിയോടെ കോടതിയിലെത്തി. പതിനൊന്നേ കാലിന് കർദിനാളും കോടതി മുറിയിലേക്ക്. അടച്ചിട്ട കോടതിമുറിയിലെ വിചാരണ റിപ്പോർട്ട് ചെയ്യാൻ കോടതി നേരത്തെ തന്നെ വിലക്ക് കൽപ്പിച്ചതാണ്. ഇടയ്ക്ക് ഒരു ലൈവും കൊടുത്തശേഷം മറ്റെന്തെങ്കിലും സ്റ്റോറി ചെയ്യാമെന്ന് ആലോചിച്ചാണ് കോടതി വളപ്പിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയത്.

  കോടതി വളപ്പിൽ നിന്ന് ഇറങ്ങുമ്പോൾ  ഉച്ചയ്ക്ക് 12 മണിയോടെ കൂടിയാണ് പാലായിൽ നിന്ന് ഒരു ഫോൺ കോൾ വന്നത്. പാലാ സെന്റ് തോമസ് കോളേജിൽ ഒരാളെ കുത്തിക്കൊന്നു. കൂടുതൽ വിവരങ്ങൾ ഒന്നും പറയാതെ ഫോൺ കട്ടായി. വിവരം അറിയാൻ ആദ്യം വിളിച്ചത് പാലാ ഡിവൈഎസ്പിയെ. കിട്ടിയില്ല. തുടർന്ന് പാലാ സിഐയെ. അതും നമ്പർ ബിസി. ഒടുവിൽ പാലാ എസ്ഐയെ കിട്ടി. കുട്ടികൾ തമ്മിലുള്ള പ്രശ്നമാണെന്നും ഒരാളെ കുത്തിക്കൊന്നു എന്നും എസ് ഐ പറഞ്ഞു. എന്താണ് കാരണം എന്ന്  അറിയില്ല എന്നാണ് എസ്ഐ പറഞ്ഞത്. ഫോൺ വീണ്ടും കട്ട്.

  പെട്ടെന്ന് മനസ്സിൽ വന്നത് വിദ്യാർഥി സംഘർഷകാലം ആണ്.  ക്യാമ്പസുകൾ ചോരക്കളമായി മാറിയ ഓർമ്മകളാണ് മനസ്സിൽ വന്നത്. ഇതും അങ്ങനെ ഒരു കൊലപാതകം എന്നാണ് ആദ്യം മനസ്സിൽ എത്തിയ ചിന്ത. ഒടുവിൽ ആദ്യം കിട്ടാതിരുന്ന പോലീസിൽ നിന്നു തന്നെ ആ വിവരം സ്ഥിരീകരിച്ചു. കൊല്ലപ്പെട്ടത് ഒരു പെൺകുട്ടിയാണ് .കാരണം പ്രണയം നിരസിച്ചതിൽ ഉള്ള പക. കഴുത്തറുത്ത് കൊന്നു എന്നും പോലീസുകാർ പറഞ്ഞു.

  പെട്ടെന്നൊരു മരവിപ്പാണ് ഉണ്ടായത്. ക്രൂരമായ പ്രണയ കൊലകൾ ഒന്നൊന്നായി മനസ്സിൽ നിരന്നു. തിരുവല്ലയും കൂത്താട്ടുകുളവും ഒക്കെ നോവിച്ച അതേ മാനസികാവസ്ഥയിലേക്ക് മനസ് വീണ്ടുമെത്തി. വാർത്ത സ്ഥിരീകരിക്കാനുള്ള തിരക്കിനിടയിൽ  കർദിനാൾ വാർത്തയിൽ വീണ്ടും ടെലി. ഞാനൊരു വലിയ വാർത്ത സ്ഥിരീകരിക്കുന്ന തിരക്കിലാണെന്നും ഒട്ടും ഹോൾഡ് ചെയ്യാൻ വയ്യ എന്നും പറഞ്ഞു പിസിആറിൽ ഉള്ളവരുമായി വഴക്ക്. ഇതിനിടെ കർദിനാൾ വിഷയത്തിൽ ടെലി ഇൻ.

  വാട്സ്ആപ്പ് ഉള്ളതിനാൽ സമാന്തരമായി ജോലി നടന്നു. വിവരങ്ങൾ കിട്ടി. 12.10 ന് വാർത്ത ബ്രേക്ക് ചെയ്തു. ഇതിനകം ക്യാമറാമാൻ ഇമ്മാനുവൽ തോമസിനും ഡ്രൈവർ സിബി പീറ്റർക്കുമൊപ്പം  വണ്ടി ഇറഞ്ഞാൽ പിന്നിട്ടിരുന്നു. സെക്കൻഡുകൾ കഴിയും മുൻപ് രക്തക്കറപുരണ്ട കൊലപാതകത്തിന്റെ ആദ്യ ദൃശ്യങ്ങൾ വാട്സാപ്പിൽ എത്തി. 12.12 കാറിലിരുന്ന് തന്നെ ആദ്യ ടെലി. പിന്നെ നടന്നത് വേദന നിറഞ്ഞ കാഴ്ചകൾ. 12.35 ന്  സംഭവം നടന്ന പാലാ സെന്റ് തോമസ് കോളേജിലേക്ക് ഞങ്ങളെത്തി. ഗേറ്റിന് തൊട്ടുമുന്നിൽ വെച്ചാണ് സംഭവം എന്നാണ് ആദ്യം കരുതിയത്. അവിടെ എത്തിയപ്പോഴാണ് ഗേറ്റിന് 70 മീറ്റർ അകലെ കാമ്പസിനുള്ളിൽ തന്നെ ആണ് നിതിനാ മോൾ ക്രൂരമായി കൊലചെയ്യപ്പെട്ടത് എന്നാൽ മനസ്സിലായത്. എത്തുമ്പോൾ സെന്റ് തോമസ് കോളേജ് ഗേറ്റ് പൂർണമായും അടച്ചിരുന്നു. ഗേറ്റിനു പുറത്ത് ജനം തടിച്ചുകൂടി. മാധ്യമ പ്രവർത്തകരാണെന്ന് കണ്ടതോടെ സെക്യൂരിറ്റി ഉള്ളിലേക്ക് കടത്തിവിട്ടു. ലൈവ് കണക്ട് ചെയ്ത ക്യാമറയുമായി  ഓടിക്കൊണ്ടാണ് ആ സമയം റിപ്പോർട്ടിംഗ് ചെയ്തത്. സെക്കൻഡുകൾക്കുള്ളിൽ ക്യാമറയിലൂടെ രക്തം തളംകെട്ടി നിന്ന ആ ദുരന്തക്കാഴ്ച ലൈവായി. തൊട്ടടുത്ത് നിതിനയുടെ കഴുത്തറുത്ത പേപ്പർ കട്ടർ. മഞ്ഞ നിറത്തിലുള്ള ഒരു മാസ്ക്ക്. രണ്ട് ചെരുപ്പുകൾ.ഒരു മൊബൈൽ ഫോൺ...

  കോട്ടയം ജില്ലാ പോലീസ് മേധാവി ഡി ശില്പ ആണ് ആദ്യം ക്യാമറയ്ക്കു മുന്നിൽ പ്രതികരിച്ചത്. പ്രതിയെ ചോദ്യം ചെയ്തിട്ടില്ലെന്ന് ജില്ലാ പോലീസ് മേധാവി. കൊലപാതകത്തിന് കാരണങ്ങൾ വ്യക്തമല്ല... വൈകാതെ ദൃക്സാക്ഷികൾ ഓരോന്നായി സംഭവം ഞങ്ങളോട് പറഞ്ഞു. ആദ്യം എത്തിയത് ഗേറ്റിൽ കാവൽ നിന്ന സെക്യൂരിറ്റി ജോസേട്ടൻ. ചോര ചീറ്റുന്നത് കണ്ടു  തകർന്നുപോയെന്ന് ജോസേട്ടൻ പറഞ്ഞത്. പരീക്ഷയെഴുതി വന്നശേഷം ഇരുവരും അടുത്തുനിന്ന് സംസാരിക്കുന്നത് കണ്ടു. കോവിഡ് കാലത്തെ നിയന്ത്രണം ഓർമ്മിപ്പിക്കാൻ വേണ്ടി അടുത്തേക്ക് നടന്നു വരികയായിരുന്നു. പെട്ടെന്ന് അവർ തമ്മിൽ കെട്ടിപ്പിടിക്കുന്നത് പോലെ തോന്നി. പിന്നെയാണ് ചോര ചീറ്റുന്നത് കണ്ടത്. എന്ത് ചെയ്യണമെന്നറിയാതെ ഓടി അടുത്തേക്ക് എത്തി. അപ്പോഴേക്കും ചോരയിൽ കുളിച്ച പെൺകുട്ടി നിലത്തേക്ക് വീണിരുന്നു. ഒന്നും ചെയ്യാനായില്ല. ജോസേട്ടൻ വാക്കുകൾ നിർത്തി...

  പരീക്ഷ കഴിഞ്ഞ് ആദ്യം അഭിഷേക് പുറത്തിറങ്ങിയെന്ന് ക്ലാസിലിരുന്ന മറ്റൊരു വിദ്യാർത്ഥി പറഞ്ഞു. കുറച്ചുകഴിഞ്ഞ ശേഷമാണ് നിതിന ഇറങ്ങിപ്പോയത്. ഈ സമയം വരെയും പുറത്ത് അഭിഷേക് കാത്തിരുന്നു. രണ്ടു വർഷമായി ഓൺലൈൻ ക്ലാസ്സ് ആയതിനാൽ ഇവർക്കിടയിലുള്ള ബന്ധത്തെക്കുറിച്ച് കുട്ടികൾക്കും കാര്യമായി ഒന്നും അറിയില്ലായിരുന്നു. പ്രിൻസിപ്പൽ ഉൾപ്പെടെയുള്ളവർ ഓടിയെത്തിയപ്പോൾ നിതിന ചോരയിൽ കുളിച്ചു കിടക്കുകയായിരുന്നു.  ശരീരത്തിന് അനക്കം ഉണ്ടെന്ന് കണ്ടതോടെ ഉടൻതന്നെ മരിയൻ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ അവിടെ എത്തിയപ്പോഴേക്കും ജീവൻ നഷ്ടമായിരുന്നു. പ്രതിയായ അഭിഷേക് യാതൊരു കൂസലുമില്ലാതെ അവിടെ സിമന്റ് ബെഞ്ചിൽ അപ്പോഴും ഇരുന്നതായി ദൃക്സാക്ഷികൾ ഓർക്കുന്നു. ഉടൻതന്നെ പോലീസ് ജീപ്പിൽ അയാളെ കയറ്റിക്കൊണ്ടു പോയെന്നും പ്രിൻസിപ്പൽ പറഞ്ഞു.

  എന്റെ മകൾ മരിച്ചിട്ടില്ലെന്ന നിലവിളിയുമായാണ് അമ്മ ബിന്ദു മരിയൻ ആശുപത്രിയിലേക്ക് എത്തിയത്. ഞാൻ വിളിച്ചാൽ മകൾ ഉണരുമെന്ന് അലറി കരഞ്ഞു കൊണ്ട് ബിന്ദു പറയുന്നുണ്ടായിരുന്നു. എന്റെ ശരീരം മുഴുവൻ രോഗമാണ്. എന്നെ നോക്കാം എന്ന് പറഞ്ഞതാണ് മോള്. പിന്നെ എങ്ങനെയാണ് മരിക്കുക. ആ അമ്മ അലറി കരഞ്ഞു കൊണ്ടിരുന്നു.  ഇതേസമയം യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ  പ്രതി അഭിഷേക് ബൈജു പാലാ ഡിവൈഎസ്പി ഓഫീസിൽ. പ്രണയം നഷ്ടപ്പെട്ടു എന്നത് പകയായി മാറിയ  കഥ അഭിഷേക് പോലീസിനോട് പറഞ്ഞു. പ്രണയം ആദ്യം നിരസിച്ചപ്പോൾ സ്വന്തം തല ഭിത്തിയിൽ അടിച്ച് പൊട്ടിച്ചതും അഭിഷേക് പറഞ്ഞു. പൊലീസിന് കാര്യങ്ങൾ വ്യക്തമായി.

  ലൈവുകൾ അവസാനിക്കുന്നില്ല. ഒരുപാട് ചോദ്യങ്ങൾ ബാക്കിയാവുകയാണ്.
  പ്രണയം വേണ്ടെന്നുവയ്ക്കാൻ ഒരു പെൺകുട്ടിക്ക് അവകാശമില്ലേ? അമ്മ മാത്രം അവശേഷിച്ച ആ കുടുംബത്തിന് ഇനി ആര് തുണയാകും. രാഷ്ട്രീയത്തിന്റെ ചോര  വീണ ക്യാമ്പസുകളിൽ പുതിയ സംഭവം അവശേഷിപ്പിക്കുന്നത് എന്താണ്....

  നിതിനയുടെ മുഖം ഇതുവരെ നേരിൽ കണ്ടില്ല. സ്വന്തമായി അധ്വാനിച്ച് അമ്മയെ നോക്കി, മിടുക്കിയായി പഠിച്ച് ജീവിക്കാൻ കൊതിച്ച ഒരു പെൺകുട്ടിയുടെ മുഖമാണ് ഈ രാത്രി മനസ്സിൽ. ജീവൻ എടുത്ത പകക്ക് പ്രണയം എന്ന് വിളിക്കാമോ???
  Published by:Rajesh V
  First published:
  )}