• HOME
 • »
 • NEWS
 • »
 • life
 • »
 • ആറു വയസുകാരി മുതൽ 60 വയസുകാ‍ർ വരെയുള്ള കുടുംബം നോർത്ത് ഈസ്റ്റിലേക്ക് നടത്തിയ റോഡ് ട്രിപ്പ്

ആറു വയസുകാരി മുതൽ 60 വയസുകാ‍ർ വരെയുള്ള കുടുംബം നോർത്ത് ഈസ്റ്റിലേക്ക് നടത്തിയ റോഡ് ട്രിപ്പ്

നമ്മുടെ പരിചയത്തിലുള്ള ആരും അതുവരെ നോർത്ത് ഈസ്റ്റ് കണ്ടിട്ടില്ല എന്നതായിരുന്നു ആ യാത്ര പ്ലാൻ ചെയ്തതിന്‍റെ പ്രധാനകാരണം. ആ ഒരു ഏരിയ എക്സ്പ്ലോർ ചെയ്യാമെന്നുള്ളതും പിന്നെ അടിപൊളിയായിട്ട് ഡ്രൈവ് ചെയ്യാം, അതിനു പറ്റിയ റൂട്ടാണെന്ന് അറിഞ്ഞതു കൊണ്ടുമാണ് അങ്ങോട്ട് പ്ലാൻ ചെയ്തത്. കുടുംബത്തിലെ എല്ലാവർക്കും താല്പര്യമായിരുന്നു, കാരണം ഇതിനു മുമ്പ് ഞങ്ങൾ വണ്ടിയോടിച്ച് പോയത് ഡൽഹി വഴി മണാലി വരെയാണ്. അതുകൊണ്ടു തന്നെ, ഇത്തവണ നേരെ എതിർദിശയിലേക്ക് യാത്ര പോകാമെന്ന് വിചാരിച്ചു. അങ്ങനെ നോർത്ത് ഈസ്റ്റ് സൈഡിലേക്കുള്ള യാത്ര പ്ലാൻ ചെയ്തത്.

വിഷ്ണു രവികുമാറും കുടുംബവും

വിഷ്ണു രവികുമാറും കുടുംബവും

 • News18
 • Last Updated :
 • Share this:
  #ജോയ്‍‍സ് ജോയ്

  കൊച്ചിയിൽ നിന്ന് രണ്ട് മാരുതി കാറുകൾ, ആൾട്ടോയും സെലേരിയോയും, തിരുപ്പതി - ഒഡിഷ - വെസ്റ്റ് ബംഗാൾ - ഡാ‍ർജിലീംഗ് - സിക്കിം - ഗുവഹാത്തി വഴി ഭൂട്ടാനും നേപ്പാളും ബംഗ്ലാദേശും  മ്യാൻമറും കണ്ട് നോ‍ർത്ത് ഈസ്റ്റ് മുഴുവനും കറങ്ങി തൃപുര വരെയെത്തി. ഫ്രീക്ക് പിള്ളാരൊന്നുമല്ല ഈ സാഹസികയാത്ര നടത്തിയത്. ഒരു കുടുംബത്തിലെ അംഗങ്ങൾ. അവർക്ക് നോർത്ത് ഈസ്റ്റ് കാണണമെന്ന് തോന്നിയ ആഗ്രഹമാണ് 13 സംസ്ഥാനങ്ങളിൽ കൂടിയും നാല് രാജ്യങ്ങളിൽ കൂടിയും കടന്നുപോയ ഈ യാത്രയ്ക്ക് പ്രേരകമായത്. 32 ദിവസം കൊണ്ട് പിന്നിട്ടത് 12524 കിലോമീറ്റർ.

  തൃപ്പുണിത്തുറ സ്വദേശി വിഷ്ണു രവികുമാ‍ർ, അമ്മ ഗിരിജ, അനിയത്തി മാളവിക, ഗിരിജയുടെ ചേച്ചി പദ്മജ, ഭ‍ർത്താവ് മോഹനൻ മകൻ രാജേഷ്, ഭാര്യ മാലിനി, മകൾ വ‍ർഷ, ഗിരിജയുടെ ചേച്ചിയുടെ മകളുടെ മകൾ മേഘ എന്നിവരടങ്ങുന്ന സംഘമാണ് കൊച്ചിയിൽ നിന്ന് നോർത്ത് ഈസ്റ്റിലേക്ക് പുറപ്പെട്ടത്.

  വിഷ്ണുവിന്റെ അച്ഛൻ രവികുമാറും രാജേഷിന്റെ സഹോദരി മഞ്ജുഷയും ഭ‍ർത്താവ് സുരേഷും ഫ്ലൈറ്റിൽ അസമിലേക്ക് എത്തി. അവ‍‍ർ അവിടെ ഒരു കാ‍ർ വാടകയ്ക്ക് എടുത്ത് ഒപ്പം ചേ‍ർന്നു. കൊട്ടും കുരവയുമില്ലാതെ പോയി ഒരു മാസത്തോളം നീണ്ടുനിന്ന ആ മനോഹരമായ യാത്രയുടെ വിശേഷങ്ങൾ വിഷ്ണു രവികുമാ‍ർ ന്യൂസ് 18 മലയാളവുമായി പങ്കുവെച്ചു, ഒരു വ‍ർഷത്തിനു ശേഷം  തവാങ്ങ്, അരുണാചൽ പ്രദേശ്

  യാത്രയുടെ തുടക്കം മുതൽ ഒടുക്കം വരെ കട്ടയ്ക്ക് കൂടെ നിന്നയാൾ

  യാത്ര പ്ലാൻ ചെയ്തതു മുതൽ ഇന്‍റർനെറ്റ് ആയിരുന്നു പ്രധാന ആശ്രയം. കൂടാതെ, നോർത്ത് ഈസ്റ്റ് പോയിട്ടുള്ളവരുടെ എക്സ്പീരിയൻസ് ഒരുപാട് വായിച്ചു. അവിടുത്തെ ഒരുപാട് സ്ഥലങ്ങളെപറ്റി കൂടുതൽ കൂടുതൽ അന്വേഷിച്ചു. അങ്ങനെയാണ് സ്ഥലത്തെക്കുറിച്ച് കാര്യമായ ഒരു ഐഡിയ കിട്ടിയത്, അവിടുത്തെ പ്രശ്നങ്ങളെക്കുറിച്ചും. യാത്രയിൽ കംഫര്ട്ടബിളായ കാര്യങ്ങളെക്കുറിച്ചും അന്വേഷിച്ചു. ഗൂഗിൾ തന്നെ ആയിരുന്നു പ്രധാന ആശ്രയം.

  കൂടാതെ, കൊച്ചിയിൽ ഒരു ട്രാവൽ എക്സ്പോ വന്നിരുന്നു. പ്രധാനപ്പെട്ട ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ ട്രാവൽ ആൻഡ് ടൂറിസത്തിന്റെ ഭാഗമായി ഒരു എക്സിബിഷൻ. നോർത്ത് ഈസ്റ്റിലെ സംസ്ഥാനങ്ങളെക്കുറിച്ച് അവിടെ ഒരു സെമിനാർ ഉണ്ടായിരുന്നു. അതിൽ പോയി കൂടുതൽ കാര്യങ്ങൾ അന്വേഷിച്ചു. റൂട്ട് എങ്ങനെയാണ്, ഡ്രൈവ് ചെയ്യാൻ പറ്റുമോ, എങ്ങനെയാണ് അവിടുത്തെ സ്ഥിതിഗതികൾ, തുടങ്ങി സമയവും കാര്യങ്ങളുമെല്ലാം ചോദിച്ചു. അതിലൂടെയൊക്കെയാണ് പ്രധാനമായും പ്രദേശത്തെക്കുറിച്ച് കാര്യങ്ങൾ അറിഞ്ഞത്.  കാസിരംഗയിൽ സംഘം

  വിശന്നപ്പോൾ മാത്രം ഭക്ഷണം അന്വേഷിച്ചു

  ഭക്ഷണം ഉണ്ടാക്കാനുള്ള സംവിധാനമൊന്നും കൈയിൽ കരുതിയിരുന്നില്ല. ഒരു മാസത്തെ ട്രിപ്പ് ആയിരുന്നു. എല്ലാ സ്ഥലവും പെട്ടെന്ന് കവറ് ചെയ്യേണ്ടതു കൊണ്ട് വാഹനം നിർത്തി ഭക്ഷണം പാകം ചെയ്യാനുള്ള സമയമൊന്നും ഉണ്ടായിരുന്നില്ല. ലഗേജും ഒരുപാട് ഉണ്ടായിരുന്നു. ഭക്ഷണത്തിനുള്ള എന്തെങ്കിലും കരുതാനുള്ള സ്പേസും വണ്ടിയിൽ ഉണ്ടായിരുന്നില്ല.

  ഹോട്ടലുകളായിരുന്നു ഭക്ഷണത്തിനായുള്ള പ്രധാന ആശ്രയം. ഭക്ഷണം പോലും കിട്ടാതിരുന്ന സ്ഥലങ്ങളുമുണ്ട്. ഗ്രാമപ്രദേശങ്ങളിൽ എത്തി കഴിഞ്ഞാൽ ഫുഡ് കഴിക്കാനുള്ള സൗകര്യം ചിലപ്പോൾ കിട്ടിയെന്നു വരില്ല. യാത്ര ചെയ്യുന്നതിനിടയിൽ നല്ല ഹോട്ടലുകൾ കാണുമ്പോൾ നിർത്തി ഭക്ഷണം കഴിക്കുകയായിരുന്നു ചെയ്തിരുന്നത്.  ത്രിപുരയിൽ

  വൈകുന്നേരമാകുമ്പോൾ തല ചായ്ക്കാൻ ഒരിടം തിരയും

  നോർത്ത് ഈസ്റ്റിൽ ഡ്രൈവ് ചെയ്യുന്ന കാര്യം പറഞ്ഞപ്പോൾ തന്നെ കിട്ടിയ നി‍ർദ്ദേശം എട്ടുമണിക്ക് ശേഷം അവിടെ വണ്ടി ഓടിക്കരുതെന്നായിരുന്നു. അത് ഭയങ്കര അപകടകരമാണെന്നും നി‍ർദ്ദേശം ലഭിച്ചിരുന്നു. ഒന്നാമത്, മോശം റോഡുകൾ. മറ്റൊരു കാര്യം രാത്രിയിൽ യാത്ര ചെയ്യുന്നവരെ ആക്രമിക്കലും മറ്റും സംഭവിക്കാറുണ്ട്. അതുകൊണ്ട് തന്നെ എട്ടുമണിക്ക് ശേഷം എന്തായാലും വണ്ടി ഓടിക്കരുതെന്ന് ആദ്യമേ തീരുമാനിച്ചിരുന്നു.

  എല്ലാ ദിവസവും രാവിലെ ആറുമണിക്ക് തന്നെ യാത്ര ആരംഭിക്കും. വൈകുന്നേരം അഞ്ചുമണി ആകുമ്പോഴേക്കും അടുത്തുള്ള ഹോട്ടൽ ഏതാണെന്ന് നെറ്റിൽ തിരഞ്ഞു തുടങ്ങും. അപ്പോൾ എത്തിയിരിക്കുന്ന സ്ഥലത്ത് ഏതൊക്കെ ഹോട്ടലുകൾ ഉണ്ട്, അവിടെ എത്ര സമയമാകുമ്പോൾ എത്തും, അതിനനുസരിച്ച് തിരയും. ചിലപ്പോൾ ഹോട്ടലുകൾ നോക്കി എട്ടുമണിക്ക് ശേഷവും ഡ്രൈവ് ചെയ്തിട്ടുണ്ട്. ചില സ്ഥലങ്ങളിൽ നല്ല ഹോട്ടലുകൾ കിട്ടും. എന്നാൽ, ചില സ്ഥലങ്ങളിൽ ഫാമിലിയായി താമസിക്കാൻ പറ്റാത്ത ഹോട്ടലുകളും കിട്ടിയിട്ടുണ്ട്.

  ഒരു ദിവസം രാത്രിയിൽ താമസിക്കാൻ എവിടെയും സ്ഥലം കിട്ടിയില്ല, അന്ന്, ഒരു പള്ളിയുടെ കോമ്പൗണ്ടിനുള്ളിൽ കാ‍റ് ഇട്ടിട്ട് ഞങ്ങൾ അവിടെ കിടന്നുറങ്ങി. പാതിരാത്രിയാണ്, ഒരു ധൈര്യവുമില്ല, ഫാമിലിയൊക്കെ കൂടെയുണ്ട്, എന്നാലും അങ്ങനെ ചെയ്തിട്ടുണ്ട്, ചെയ്യേണ്ടി വന്നു എന്ന് പറയുന്നതായിരിക്കും ശരി.  നേപ്പാളിലേക്കുള്ള പ്രവേശനകവാടം

  400 രൂപയ്ക്ക് താമസം, നേരം വെളുക്കുന്നതിനു മുമ്പ് രക്ഷപ്പെട്ടു

  ഓരോ സ്ഥലം എത്തുന്നതിനു മുമ്പും വൈകുന്നേരം ആറുമണിയോടെ ആയിരിക്കും താമസസ്ഥലം ഇന്റ‍നെറ്റിൽ അന്വേഷിച്ച് തുടങ്ങുക. 1000 - 1200 ആണ് സാധാരണ നോർത്ത് ഈസ്റ്റിൽ ഒരു റൂമിന് വാടക വരാറുള്ളത്. കൂടെ ഉണ്ടായിരുന്ന ബന്ധുവായിരുന്നു ഹോട്ടലുകൾ ബുക്ക് ചെയ്യുന്നതെല്ലാം കോ-ഓ‍ർഡിനേറ്റ് ചെയ്തിരുന്നത്. അവർ ആദ്യം ഹോട്ടലിൽ വിളിച്ച് അന്വേഷിച്ചിട്ട് നമ്മളെ വിളിച്ച് ബുക്ക് ചെയ്യട്ടെയെന്ന് ചോദിക്കും, നമ്മൾ ഓക്കേ പറയുമ്പോൾ അവർ വീണ്ടും വിളിച്ച് റൂം ബുക്ക് ചെയ്യും.

  സ്ഥലത്തിന്റെ പേര് ഓ‍ർമയില്ല, അവിടെയെത്തിയപ്പോൾ അവ‍ർ വിളിച്ച് ചോദിച്ചിട്ട് പറഞ്ഞു 1200 രൂപയാണ്, റൂമിനെന്ന് പറഞ്ഞു. സാധാരണ മൂന്ന് റൂം ആണ് ബുക്ക് ചെയ്യാറുള്ളത്. ഇത് ബുക്ക് ചെയ്തു, ചെന്ന് കയറിയപ്പോൾ ഒരു റൂമിന് 400 രൂപ വെച്ച് മൂന്ന് റൂമിനാണ് അവ‍ർ 1200 രൂപ പറഞ്ഞത്.

  അവ‍‍ർ കിടന്നിരുന്ന മുറി ഒഴിഞ്ഞു നമ്മൾക്ക് മുറി തരികയായിരുന്നു. ആകെ പെട്ട അവസ്ഥ. അത്ര മോശം അന്തരീക്ഷമായിരുന്നു. രാത്രി ആയതുകൊണ്ട് വേറെ എങ്ങോട്ടും പോകാനും പറ്റില്ല. അങ്ങനെ, എങ്ങനെയോ അവിടെ രാത്രി കിടന്നുറങ്ങിയിട്ട് അതിരാവിലെ എഴുന്നേറ്റ് അവിടെ നിന്ന് രക്ഷപ്പെട്ടു.  അരുണാചൽ പ്രദേശിലെ തവാങ്ങിൽ യാത്രാകുടുംബം

  കിടപ്പാടം തേടി കേന്ദ്രമന്ത്രിയുടെ വീടിനു മുന്നിൽ, വെടിയേൽക്കാതെ രക്ഷപ്പെട്ടു

  നാഗാലാൻഡിലേക്കുള്ള യാത്രയിലാണ് ഏറ്റവും കൂടുതൽ തടസങ്ങളുണ്ടായത്. മണ്ണിടിച്ചിൽ കാരണം 40 കിലോമീറ്റർ മൂന്ന് മണിക്കൂ‍ർ കൊണ്ടാണ് പൂ‍ർത്തിയാക്കാൻ കഴിഞ്ഞത്. രാത്രികുറേ വൈകിയാണ് നാഗാലാൻഡിൽ എത്തിയത്. എട്ടുമണി കഴിഞ്ഞാൽ നോർത്ത് ഈസ്റ്റിൽ കടയോ ഹോട്ടലോ ഒന്നുമുണ്ടാകില്ല, ആൾക്കാരും പുറത്തുണ്ടാകില്ല. എട്ടുമണിക്ക് എത്തുമെന്ന് വിചാരിച്ച നാഗാലാൻഡിന്റെ തലസ്ഥാനമായ കൊഹിമയിൽ എത്തിയപ്പോൾ രാത്രി 11 മണി കഴിഞ്ഞിരുന്നു. താമസിക്കാൻ സൗകര്യമൊന്നും കിട്ടിയില്ല. യാത്ര ദുർഘടം പിടിച്ച വഴിയിലൂടെ ആയിരുന്നതിനാൽ എല്ലാവരും നന്നായി ക്ഷീണിച്ചിരുന്നു.

  ഒടുവിൽ ഒരു ഹോട്ടൽ തുറന്നുകിട്ടി, അവിടെ തുകയെല്ലാം പറഞ്ഞുറപ്പിച്ച് ചെക്ക് ഇൻ ചെയ്തു. എന്നാൽ, റൂമിൽ കയറി കഴിഞ്ഞപ്പോൾ അവ‍ർ കൂടുതൽ പണം ആവശ്യപ്പെട്ടു. ഉറങ്ങാൻ തുടങ്ങിയ സമയത്താണ് ആവശ്യമില്ലാതെ പൈസ കൂട്ടാൻ തുടങ്ങിയത്. എന്തോ ഒരു പന്തികേട്. എല്ലാവരും ആലോചിച്ച് അപ്പോൾ തന്നെ അവിടെ നിന്ന് ഇറങ്ങാൻ തീരുമാനിച്ചു. പാതിരാത്രി ഹോട്ടലുകൾ തേടി നടന്നു. ഹോട്ടലുകളിലേക്ക് വിളിച്ചു നോക്കിയാൽ എടുക്കില്ല, മുമ്പിൽ ചെന്ന് ഹോണടിച്ചാൽ വാതിലും തുറക്കില്ല.

  അവസാനം ഒരു കടുംകൈ ചെയ്യാൻ ഒപ്പമുണ്ടായിരുന്നു വല്യച്ഛൻ (മോഹനൻ) തീരുമാനിച്ചു. രണ്ട് സെക്യൂരിറ്റിക്കാ‍ർ ഒരു ഗേറ്റിനു മുന്നിൽ നിൽക്കുന്നു, വലിയ കെട്ടിടമാണ്, ഹോട്ടലാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നി. പുള്ളി സെക്യൂരിറ്റിക്കാരുടെ അടുത്ത് ചെന്നിട്ട്, ഇവിടെ രണ്ട് റൂം ബുക്ക് ചെയ്തിട്ടുണ്ടായിരുന്നു, അതിനു വേണ്ടി വന്നതാണെന്ന് പറഞ്ഞു. അപ്പോഴേക്കും അകത്തുനിന്ന് കാക്കിയിട്ട ഒരാൾ തോക്ക് ഒക്കെയായി പുറത്തിറങ്ങി വന്നു. എന്താ കാര്യമെന്ന് അയാൾ ചോദിച്ചു, റൂം ബുക്ക് ചെയ്തിട്ടുണ്ടെന്ന് വല്യച്ഛൻ ആവ‍ർത്തിച്ചു. അപ്പോഴാണ്, മനസിലായത് അത് ഏതോ കേന്ദ്രമന്ത്രിയുടെ വീടാണ്, ഭാഗ്യത്തിന് ആ സെക്യൂരിറ്റിക്കാരൻ വല്യച്ഛനെ വെടിവെച്ചു കൊന്നില്ല. വല്യച്ഛൻ ഓടിവന്ന് കാറിൽ കയറി. വണ്ടിയെടുത്തു കഴിഞ്ഞപ്പോഴാണ് അവിടെ നടന്ന കഥ അറിഞ്ഞത്, പിന്നെ കൂട്ട ചിരിയായിരുന്നു.

  ഒടുവിൽ വേറൊരു ഹോട്ടലിൽ ചെന്നു. ഫോൺ വിളിച്ചിട്ടും എടുക്കുന്നില്ല, ഹോൺ അടിച്ചിട്ടും മറുപടിയില്ല. അവസാനം ഹോട്ടലിന്റെ കോമ്പൗണ്ടിൽ വണ്ടിയിട്ടിട്ട് വണ്ടിയിൽ കിടക്കാൻ തീരുമാനമായി. വണ്ടി നി‍ർത്തിയിട്ട് കിടക്കുന്ന സമയത്ത് രണ്ടാമത്തെ നിലയിൽ ഒരാൾ ജനൽ തുറന്നു. അയാളോട് കാര്യം പറഞ്ഞു. ഹോട്ടലിന്റെ ഉത്തരവാദപ്പെട്ടവരെ കാര്യം ഒന്ന് അറിയിക്കാൻ റിക്വസ്റ്റ് ചെയ്തു. ഭാഗ്യത്തിന് അത് ഹോട്ടലിന്റെ മുതലാളി ആയിരുന്നു, പുള്ളി വന്നു, റൂം എല്ലാം തന്നു. നേരത്തെ, ഉപേക്ഷിച്ചു പോന്ന റൂമിനേക്കാൾ മനോഹരമായ റൂം ആയിരുന്നു അത്. വിലയും കുറവായിരുന്നു.  സേല പാസിൽ

  ആദ്യയാത്രയിൽ നിന്ന് രണ്ടാമത്തെ യാത്രയിലേക്ക് എത്തിയപ്പോൾ

  ആദ്യത്തെ യാത്ര എന്നു പറയുന്നത് കൊച്ചി ടു മണാലി ആയിരുന്നു. 2016ലായിരുന്നു അത്. അന്ന് പ്രധാന ഉദ്ദേശ്യം വണ്ടിയോടിക്കുക, പരമാവധി സ്ഥലങ്ങൾ കാണുക, ഒരു 15 ദിവസം കൊണ്ട് പോയി വരിക എന്നൊക്കെ ആയിരുന്നു. പ്രധാന ആഗ്രഹം മഞ്ഞു കാണുക, മഞ്ഞുമലകൾ കാണുക, മഞ്ഞ് തൊടുക എന്നൊക്കെയുള്ളതായിരുന്നു. പക്ഷേ, മഞ്ഞുമലകൾ കാണണമെങ്കിൽ മണാലിയിൽ നിന്ന് വീണ്ടും ഒരുപാട് ദൂരം പോകണമായിരുന്നു. അന്ന് അങ്ങോട്ട് പോകാൻ സമയം ഉണ്ടായിരുന്നില്ല. മാത്രമല്ല, ഓരോരുത്ത‍ർക്കും ഓരോ അടിയന്തര ആവശ്യങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് പെട്ടെന്ന് തിരികെ പോരേണ്ടി വന്നു. അന്ന് മഞ്ഞുമലകൾ കാണാൻ സാധിച്ചില്ല. പക്ഷേ, നല്ലൊരു ഡ്രൈവ് കിട്ടിയിരുന്നു രണ്ടാമത്തെ യാത്രയെക്കുറിച്ച് ചർച്ച വന്നപ്പോൾ വടക്കു - കിഴക്കൻ സംസ്ഥാനങ്ങളിൽ പോകണമെന്ന് ആയിരുന്നു. അതിനൊപ്പം, ആദ്യത്തെ യാത്രയിലെ ആഗ്രഹമായിരുന്ന മഞ്ഞുമലകൾ കാണണം, മഞ്ഞ് തൊടണം എന്നതൊക്കെ സാധിക്കണമെന്നതും രണ്ടാമത്തെ യാത്രയുടെ ലക്ഷ്യമായിരുന്നു. അത് സഫലമാകുകയും ചെയ്തു.

  കരുതലായി ഇന്ത്യൻ ആർമി

  തവാങ് എത്തുന്നതിനു മുമ്പ് സേല പാസ് എന്നൊരു സ്ഥലമുണ്ട്, മഞ്ഞുമലയാണ്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന മോട്ടറബിൾ റോഡ് ആണത്. അവിടെയെത്തിയ സമയത്ത് ഒപ്പമുണ്ടായിരുന്ന കുട്ടിക്കും അമ്മയ്ക്കും വലിയമ്മയ്ക്കും ചെറിയ ശ്വാസതടസ പ്രശ്നം ഉണ്ടായി. ആൾട്ടിട്യൂഡ‍് മാറിയതിന്റെ പ്രശ്നമായിരുന്നു. അവിടെ മിലിട്ടറി ക്യാമ്പുകളുണ്ട്. ക്യാംപുകൾക്ക് മുമ്പിൽ, നിങ്ങൾക്ക് എന്തെങ്കിലും എമ‍ർജൻസി ഉണ്ടെങ്കിൽ ഇവിടെ കയറാം ഞങ്ങൾ നിങ്ങൾക്കു വേണ്ടിയാണ് ഇവിടെയുള്ളത് എന്ന് എഴുതി വെച്ചിട്ടുണ്ടായിരുന്നു. അപ്പോൾ തന്നെ ഒരു മിലിട്ടറി ക്യാമ്പിൽ കയറി. അവ‍ർ എല്ലാവ‍ർക്കും ഓക്സിജൻ കൊടുത്തു. എവിടെ പോയാലും വിശ്വസിക്കാൻ കഴിയുന്നത് ഇന്ത്യൻ ആ‍ർമിയെയാണ്, അത് ഈ യാത്രയിലുടനീളം അനുഭവിച്ചു.  ഇന്ത്യ - ബംഗ്ലാദേശ് ബോർഡറിൽ ഇരു രാജ്യങ്ങളിലെയും സൈനികർക്കൊപ്പം

  കൈ കാണിക്കുന്ന, കൈക്കൂലി വാങ്ങുന്ന പൊലീസ്

  കേരള വണ്ടി കണ്ടാൽ കൈ കാണിച്ച് കൈക്കൂലി വാങ്ങുന്നവരാണ് പൊലീസുകാർ. നല്ല മനുഷ്യരുമുണ്ട്. പക്ഷേ, 70 ശതമാനവും മോശം അനുഭവമായിരുന്നു. യാത്രയ്ക്കിടയിൽ കൈക്കൂലി കൊടുത്ത് തന്നെ കുറേ പൈസ പോയി. ഒരിടത്ത് ചെന്നപ്പോൾ രണ്ട് പൊലീസുകാ‍ർ രണ്ടു വണ്ടിക്കും കൈ കാണിച്ചു. അയഞ്ഞ യൂണിഫോം ഒക്കെയിട്ട്, ചെരുപ്പ് ഒക്കെയിട്ടാണ് നിൽക്കുന്നത്. ഇവ‍ർ ഒറിജിനൽ ആണോ അല്ലയോയെന്ന് നമുക്കറിയില്ല. ബോ‍ർഡറിനടുത്താണ് ഇവ‍ർ നിൽക്കുന്നത്. കാറിന് കൈ കാണിച്ച് നിർത്തും, ബുക്കും പേപ്പറുമൊന്നും ചോദിക്കില്ല, പഴ്സ് എടുത്ത് കൂടെ ചെല്ലാൻ ആവശ്യപ്പെടും. കാശ് ചോദിച്ചു വാങ്ങും, രസീതൊന്നുമില്ല, ഹൈവേയിൽ കൂടി പോകുമ്പോൾ ഏറ്റവും പേടി ആക്സിഡന്റ് ഒന്നുമല്ലായിരുന്നു, പൊലീസുകാരെ കാണാതിരിക്കണേ എന്നായിരുന്നു. വെസ്റ്റ് ബംഗാൾ ടു അസം യാത്രയ്ക്കിടയിൽ ആയിരുന്നു ഈ പ്രശ്നം ഏറ്റവും കൂടുതൽ. എന്നാൽ, നോ‍ർത്ത് ഈസ്റ്റ് കാണാൻ വന്നതാണെന്ന് പറഞ്ഞപ്പോൾ അഭിനന്ദിച്ച് വിട്ട പൊലീസുകാരും ഉണ്ട്.

  മണ്ണിടിഞ്ഞപ്പോഴെല്ലാം ഓടിയെത്തിയ ബ്രോ

  ബ്രോ അഥവാ ബോർഡ‍ർ റോ‍ഡ് ഓ‍ർഗനൈസേഷന്റെ വലിയ സഹായം യാത്രയിലുടനീളം കിട്ടി. ബോർഡറുകളിൽ മാത്രമാണ് ഇവ‍ർ ഉള്ളത്. ആ മേഖലയിൽ റോഡ് പണിയുന്നത് ഒക്കെ ഇവരാണ്. നോർത്ത് ഈസ്റ്റിൽ , പലപ്പോഴും മണ്ണിടിഞ്ഞ് വീഴാറുണ്ട്, ആ സമയത്തെല്ലാം ഓടിയെത്തി റോഡുകൾ സഞ്ചാരയോഗ്യമാക്കിയിരുന്നതും ഇവരായിരുന്നു.  ഭൂട്ടാനിൽ

  ഭൂട്ടാനിൽ ചെന്നപ്പോൾ അവിടെ മന്നത്ത് പദ്മനാഭൻ

  ഭൂട്ടാനിൽ ചെന്നപ്പോൾ അവിടെ താമസിക്കണമെന്ന ഉദ്ദേശമൊന്നും ഉണ്ടായിരുന്നില്ല. വെറുതെ ഒന്ന് നടക്കാനിറങ്ങിയപ്പോൾ ഒരു മലയാളിയുടെ കൺമുമ്പിൽ ചെന്നുപെട്ടു. അദ്ദേഹം ഭൂട്ടാനിൽ കഴിഞ്ഞ 50 വ‍ർഷമായി ഉണ്ട്. ഇന്ത്യയിൽ നിന്ന് ഭൂട്ടാനിലേക്ക് കയറുമ്പോൾ തന്നെയുള്ള ഷെംബാല എന്ന ഹോട്ടലിന്റെ ഉടമസ്ഥനാണ് അദ്ദേഹം. സംസാരിച്ച് വന്നപ്പോൾ പുള്ളിയും എറണാകുളംകാരനാണ്. എൻഎസ്എസ് സ്ഥാപകൻ മന്നത്ത് പദ്മനാഭന്റെ ഫോട്ടോയൊക്കെ കടയിൽ തൂക്കിയിട്ടുണ്ട്. പുള്ളിയുടെ നിർബന്ധത്തിന് വഴങ്ങി അന്ന് ആ ഹോട്ടലിൽ തങ്ങേണ്ടി വന്നു, ഭൂട്ടാനിൽ താമസിക്കണമെന്ന് ഒരു പ്ലാനും ഉണ്ടായിരുന്നില്ല, പക്ഷേ അന്ന് അവിടെ താമസിച്ചു.

  ഭൂട്ടാനിലേക്ക് പ്രവേശിക്കുമ്പോൾ തന്നെ ആ മാറ്റം ഫീൽ ചെയ്യും. ഇന്ത്യയിൽ 75 രൂപയ്ക്ക് അടിച്ച പെട്രോളിന് ഭൂട്ടാനിൽ 45 - 50 രൂപയേ ഉണ്ടായിരുന്നുള്ളൂ. ലോകത്തിലെ ഏറ്റവും ശാന്തമായ സ്ഥലമാണ്. അവിടുത്തെ ഒരു പ്രത്യേകത ചായക്കടയിൽ പോയാൽ ചായ കുടിക്കേണ്ടവർക്ക് ചായ കുടിക്കാം, വെള്ളമടിക്കേണ്ടവർക്ക് വെള്ളമടിക്കാം. പക്ഷേ, ആരും ഒരു അലമ്പും ഉണ്ടാക്കില്ല.

  റോഡിൽ ഗ്രിപ്പ് ഉള്ള നേപ്പാൾ

  ഡാ‍ർജിലിംഗിൽ നിന്ന് സിക്കിമിലേക്ക് വരുന്ന വഴിയാണ് നേപ്പാൾ വഴി കയറിയത്. ഒരുപാട് സമയമൊന്നും നേപ്പാളിൽ ചെലവഴിച്ചില്ല. നേപ്പാളിലെ റോഡുകൾക്ക് ഒരു പ്രത്യേകതയുണ്ട്, അവിടുത്തെ റോഡുകളിൽ എല്ലാം പൊങ്ങി നിൽക്കുന്ന ഗ്രിപ്പ് ഉണ്ട്. റോഡുകൾ എല്ലാം നല്ല ക്ലീനാണ്. വണ്ടിയോടിക്കുമ്പോൾ ഒരു പിടുത്തം കിട്ടാൻ വേണ്ടിയാണ് ഇത്. ഈ റോഡുകളിലെല്ലാം ഏത് ഗിയറിലാണോ നമ്മൾ കയറുന്നത് ആ ഗിയറിൽ മാത്രമേ ഇറങ്ങാൻ പാടുള്ളൂ. ഭയങ്കര സ്റ്റീപായ റോഡുകളാണ്. നമ്മൾക്ക് ചിലപ്പോൾ ബ്രേക്ക് ഒന്നും ചവിട്ടിയാൽ കിട്ടില്ല. അങ്ങനെ, ഭയങ്കര കയറ്റവും ഇറക്കവുമുള്ള സ്ഥലങ്ങളാണ്, ചില സമയത്ത് ബ്രേക്ക് ചവിട്ടിയിട്ട് കിട്ടിയതേയില്ല. കുറച്ചുസമയം വണ്ടി നിർത്തിയിട്ട് പതുക്കെയാണ് പോന്നത്.  ഇന്ത്യ - മ്യാൻമർ ഫ്രണ്ട് ഷിപ്പ് ഗേറ്റ്

  നിങ്ങൾ മ്യാൻമറിലാണോ, വാഹനം വലതുവശം ചേ‍ർന്നു പോട്ടെ

  ഒരു പാലം കഴിഞ്ഞാണ് മ്യാൻമറിലേക്ക് കയറുന്നത്. അവിടെയുള്ള ബോർഡിൽ ഇന്ത്യ കഴിഞ്ഞു, ഇത് മ്യാൻമറാണ്, ഇനി നിങ്ങൾ വലതു വശം ചേ‍ർന്ന് വണ്ടി ഓടിക്കണം എന്ന് എഴുതിയിട്ടുണ്ട്. അത്ര ശ്രദ്ധ കൊടുത്താണ് മ്യാൻമറിൽ വാഹനം ഓടിച്ചത്. പിന്നെ മ്യാൻമറിലെ ഒരു പ്രത്യേകത എല്ലാത്തിനും നല്ല വിലക്കുറവ് ആണ്. ഇലക്ട്രോണിക് സാധനങ്ങൾക്കെല്ലാം നല്ല വിലക്കുറവ്. ഇന്ത്യയിലെ ഒരു രൂപ മ്യാൻമറിലെ 22.09 മ്യാൻമാ‍ർ ക്യാറ്റ് ആണ്. ഇന്ത്യയിൽ നിന്ന് തികച്ചും വ്യത്യസ്തമായ സ്ഥലം. അവർക്ക് ഹിന്ദിയും അറിയില്ല ഇംഗ്ലീഷും അറിയില്ല, ബ‍ർമീസ് ആണ് മ്യാൻമറിലെ (പഴയ ബർമയാണ് ഇപ്പോഴത്തെ മ്യാൻമർ) ഭാഷ. പലപ്പോഴും സാധനങ്ങൾ വാങ്ങിയിരുന്നത് ആംഗ്യഭാഷ ഉപയോഗിച്ചായിരുന്നു.

  ദൗകി നദിയിലെ തോണിയിൽ കയറിയാൽ ബംഗ്ലാദേശിലെത്താം

  ഗൂഗിളിൽ കാണുന്ന അത്ര തെളിച്ചമൊന്നും ദൗകി റിവറിനില്ല, നദിയിലൂടെ തോണിയിൽ പോയാൽ ബംഗ്ലാദേശിലെത്താം. നദിക്ക് മുകളിലൂടെയുള്ള പാലത്തിൽ കൂടി 10 മിനിറ്റ് നടന്നാലും ബംഗ്ലാദേശിലേക്ക് എത്താം. ത്രിപുര, മേഘാലയ, അസം, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളുമായി അതി‍ർത്തി പങ്കിടുന്ന രാജ്യം കൂടിയാണ് ബംഗ്ലാദേശ്.

  ഏറ്റവും വൃത്തിയുള്ള സ്ഥലം മേഘാലയ

  യാത്ര ചെയ്ത സ്ഥലങ്ങളിൽ ഏറ്റവും വൃത്തിയുള്ളൂതായി തോന്നിയത് മേഘാലയ ആണ്. ഏറ്റവും നല്ല ഭക്ഷണം കഴിച്ചതും മേഘാലയിൽ നിന്നായിരുന്നു. ഏഷ്യയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമം മേഘാലയിലെ മാവ് ലിന്നോങ് ആണ്. അവിടെ ഒരു ദിവസം താമസിച്ചു.

  നോർത്ത് ഈസ്റ്റിൽ പോയ പല സ്ഥലങ്ങളും തീവ്രവാദ ഭീഷണിയുള്ള സ്ഥലങ്ങളായിരുന്നു. പിന്നീട് അവിടെ നിന്നുള്ള ആക്രമണ വാ‍ർത്തകൾ ഒക്കെ കേൾക്കുമ്പോൾ ഇതൊക്കെ നമ്മൾ പോയ വഴിയാണല്ലോ എന്നു ആലോചിച്ച് നെഞ്ചിൽ കൈ വെച്ചിട്ടുണ്ട്. എന്തോ ഭാഗ്യം കൊണ്ട് ഒന്നും പറ്റാതെ ഇങ്ങെത്തി. രണ്ട് വണ്ടികൾ ഒക്കെ ഒരുമിച്ച് കണ്ടതു കൊണ്ടായിരിക്കും അങ്ങനെയുള്ള ഒന്നിനെയും നേരിടേണ്ടി വന്നിരുന്നില്ല. എന്നാൽ, രണ്ടു പേരൊക്കെയായി പോകുന്നവ‍ർ നോർത്ത് ഈസ്റ്റിൽ യാത്ര ചെയ്യുമ്പോൾ നന്നായി ശ്രദ്ധിക്കണം.  മേഘാലയിലെ ദൗകി നദി

  ത്രിപുരയിൽ വെച്ച് കാർ അപകടത്തിൽപ്പെട്ടു, ചികിത്സയ്ക്കായി സർക്കാർ ആശുപത്രിയിൽ

  ത്രിപുരയിൽ വെച്ചാണ് അപകടം ഉണ്ടായത്. യാത്ര അവസാനത്തോട് അടുത്തിരുന്നു. യാത്ര പോയ രണ്ടു വണ്ടികളിൽ ഒരു വണ്ടി അപകടത്തിൽപ്പെട്ടു. വളവും തിരിവും ഒക്കെയുള്ള റോഡായിരുന്നു. അവിടെ വെച്ച് ഒരു ടിപ്പർ ലോറി റോംഗ് സൈഡിൽ കൂടി വന്ന് വണ്ടിയിൽ ഇടിച്ചു. വണ്ടി പരമാവധി ഒതുക്കാൻ ശ്രമിച്ചെങ്കിലും ആ വണ്ടി റോംഗ് സൈഡിൽ കൂടി വന്ന് നമ്മുടെ വണ്ടിയിൽ ഇടിക്കുകയായിരുന്നു. വണ്ടി നിർത്താതെ പോകുകയും ചെയ്തു. വണ്ടി ട്രാക്ക് ചെയ്യാൻ പറ്റിയില്ല. വല്യമ്മയുടെ തലയിൽ 13 സ്റ്റിച്ച് ഇടേണ്ടി വന്നു. വണ്ടിക്കും അത്യാവശ്യം കേടുപാടുകൾ പറ്റി. ചികിത്സയ്ക്കായി ത്രിപുരയിലെ സ‍ർക്കാർ ആശുപത്രിയിലാണ് പോയത്. ത്രിപുരയിലെ ഒരു ഗ്രാമപ്രദേശത്ത് ഒരു സർക്കാർ ആശുപത്രിയിൽ പോയിട്ട് ആകപ്പാടെ വണ്ടറടിച്ച് നിന്നു. ഇങ്ങനെയൊക്കെ അനുഭവം ഉണ്ടാകുമ്പോൾ ആണ് കേരളത്തിന്റെ മഹത്വം നമുക്ക് മനസിലാകുക. അപകടത്തിൽ പരിക്കേറ്റ വല്യമ്മയെയും അപകടത്തിൽപ്പെട്ട കാറിൽ ഉണ്ടായിരുന്ന ആളുകളെയും ഫ്ലൈറ്റിൽ കയറ്റി നാട്ടിലേക്ക് വിട്ടു. വണ്ടി വ‍ർക് ഷോപ്പിൽ കൊടുത്ത് ശരിയാക്കി. അതുകൊണ്ട് രണ്ടുമൂന്ന് ദിവസം അവിടെ തുടരേണ്ടതായി വന്നു. വണ്ടി ശരിയാക്കിയതിനു ശേഷം നേരെ നാട്ടിലേക്ക് മടങ്ങി. ആ സമയത്ത് എല്ലാവരും ഭയന്നിരുന്നു. ഇന്ത്യയുടെ ഏറ്റവും അറ്റത്ത്, ബംഗ്ലാദേശിനോട് ചേ‍ർന്ന് കിടക്കുന്ന ഒരു സ്ഥലമാണ് ത്രിപുര, അതിന്‍റെയൊരു പേടി ഉണ്ടായിരുന്നു.

  അങ്ങനെയൊരു സംഭവം നടന്നെങ്കിലും പിന്നീട് ആ‍ർക്കും പേടിയൊന്നും ഉണ്ടായിരുന്നില്ല. അപകടത്തിൽ തലയില് 13 സ്റ്റിച്ച് വീണയാൾക്കാണ് അടുത്ത യാത്ര പോകാൻ ധൃതി. അടുത്ത ട്രിപ്പ് എപ്പോൾ പോകണം, എപ്പോൾ പോകാം എന്ന് ചോദിച്ചു കൊണ്ടിരിക്കുന്നത് വല്യമ്മയാണ്. ആക്സിഡന്റ് ഒരു അനുഭവമായി മാത്രമേ കാണുന്നുള്ളൂ.

  നോർത്ത് ഈസ്റ്റിലേക്ക് പോകുന്നോ, ILP നി‍ർബന്ധമാണ്

  രാജ്യത്തെ സംരക്ഷിത മേഖലകളിൽ കുറഞ്ഞ കാലത്തേക്ക് സഞ്ചരിക്കാൻ ഭാരത സർക്കാ‍ർ നൽകുന്ന ഒരു പാസാണ് ഐ എൽ പി അഥവാ ഇന്ന‍ർ ലൈൻ പെർമിറ്റ് പാസ്. അരുണാചൽ പ്രദേശ്, മിസോറാം, നാഗാലാൻസ് എന്നീ സംസ്ഥാനങ്ങളിൽ സഞ്ചരിക്കണമെങ്കിൽ ഐ എൽ പി നി‍ർബന്ധമാണ്. ചെക്ക് പോസ്റ്റിൽ ഐ എൽ പി കാ‍ർഡ് കാണിച്ചാൽ മാത്രമേ നമുക്ക് ഈ സംസ്ഥാനങ്ങളിലേക്ക് പോകാൻ കഴിയുകയുള്ളൂ. ഓൺലൈൻ ആയും ഐ എൽ പി കാർഡ് എടുക്കാനുള്ള സൗകര്യമുണ്ട്.  മ്യാൻമർ - ഇന്ത്യ ബോർഡർ

  അടുത്ത യാത്ര 2022ൽ

  അടുത്ത യാത്ര രാജസ്ഥാൻ, പഞ്ചാബ് വഴി ലേ, ല‍ഡാക് പോയി തിരിച്ചു വരണമെന്നാണ് പ്ലാൻ. 2022ൽ പോകണമെന്നാണ് കരുതുന്നത്. എന്നാൽ, എപ്പോഴത്തേക്ക് നടക്കും എന്നുള്ളതൊന്നും തീരുമാനമായിട്ടില്ല. ആ ഭാഗത്തേക്ക് യാത്ര പോകാൻ ഈ യാത്ര പോയ വണ്ടികളൊന്നും മതിയാകില്ല. അതുകൊണ്ടു തന്നെ വണ്ടിയൊന്ന് അപ്ഗ്രേഡ് ചെയ്യണമെന്നും ആഗ്രഹമുണ്ട്.

  ഉള്ളതെല്ലാം സ്വരുക്കൂട്ടിയും സ്വ‍ർണം പണയം വെച്ചും യാത്രയ്ക്കുള്ള തുക

  സാമ്പത്തികം സംബന്ധിച്ച് യാത്ര പോകുമ്പോൾ നേരത്തെ പ്ലാൻ ചെയ്യാറില്ല. ഇങ്ങനെയൊരു യാത്രയുണ്ട്, ഇത്ര ഫണ്ട് സേവ് ചെയ്ത് വെക്കണം എന്നൊരു പ്ലാൻ ഒന്നുമുണ്ടായിരുന്നില്ല, പ്രധാനമായിട്ടും വീട്ടിലിരിക്കുന്ന സ്വർണമൊക്കെ പണയം വെച്ചിട്ടാണ് യാത്ര തുടങ്ങുന്നത്. 2016ൽ പോയ യാത്രയുടെ കടങ്ങളൊക്കെ വീട്ടി, അന്ന് പണയം വെച്ച സ്വ‍ർണമൊക്കെ എടുത്ത്, വീണ്ടും പണയം വെച്ചിട്ടാണ് 2018ൽ യാത്ര പോയത്. പിന്നെ കുറച്ച് സേവിംഗ്സും ഉണ്ടായിരുന്നു. അടുത്ത യാത്ര 2022ലേക്ക് പ്ലാൻ ചെയ്തിരിക്കുന്നതിന് പ്രധാനകാരണം, 2018ലെ ക്ഷീണമൊക്കെ മാറ്റി സെറ്റ് ആയിട്ട് പോകാൻ വേണ്ടിയാണ്. സ്പോൺസ‍ർമാ‍ർ ആരെങ്കിലും മുന്നോട്ടു വന്നാൽ അത് പരിഗണിക്കണമെന്നുമുണ്ട്.

  First published: