അന്താരാഷ്ട്ര വനിതാ ദിനത്തിൽ (Women's Day) റിലയൻസ് ഫൗണ്ടേഷന്റെ സ്ഥാപക-ചെയർപേഴ്സണായ നിത അംബാനി (Nita Ambani) ഹെർ സർക്കിൾ (Her Circle) എന്ന ഡിജിറ്റൽ പ്ലാറ്റ് ഫോമിന്റെ ഹിന്ദി പതിപ്പിന് തുടക്കം കുറിച്ചു. വനിതകളുടെ ശക്തിയെ ഡിജിറ്റൽ വിപ്ലവവുമായി സമന്വയിപ്പിക്കുന്ന പദ്ധതിയായി ഹെർ സർക്കിൾ വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് നിത അംബാനി പറഞ്ഞു. ഇന്ന് ഹിന്ദി ആപ്പിന് തുടക്കം കുറിച്ചതോടെ ഹെർ സർക്കിളിന് ബഹുഭാഷാ സ്ഥാനമാണ് ലഭിക്കുന്നതെന്നും നിത അംബാനി വ്യക്തമാക്കി.
കൃത്യം
ഒരു വർഷം മുമ്പാണ് നിത അംബാനി ഹെർ സർക്കിൾ എന്ന ഡിജിറ്റൽ പ്ലാറ്റ്ഫോം സ്ഥാപിച്ചത്. ഇതിനകം തന്നെ ഇന്ത്യയിലെ സ്ത്രീകൾക്കായുള്ള അതിവേഗം വളരുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമായി ഹെർ സർക്കിൾ മാറി. 42 മില്യണിലധികം ആളുകളുടെ പിന്തുണയാണ് ഹെർ സർക്കിളിനുള്ളത്.
“ഹെർ സർക്കിൾ പ്രദേശവും ഭാഷയും പരിഗണിക്കാതെ എല്ലാ സ്ത്രീകളിലുമെത്തുന്നതിനായി വികസിച്ചുകൊണ്ടിരിക്കുന്ന ഒരു പ്ലാറ്റ്ഫോമാണ്. ഒപ്പം കൂടുതൽ സ്ത്രീകളിലേക്ക് എത്താനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അതിന്റെ തുടക്കമെന്നോണം ഹിന്ദിയിൽ ഹെർ സർക്കിൾ ആരംഭിക്കുകയാണ്. ഇംഗ്ലീഷ് പ്ലാറ്റ്ഫോമിന് ഇതുവരെ ലഭിച്ച പിന്തുണ ഹിന്ദി പതിപ്പിനും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും“ ഹെർ സർക്കിൾ ഹിന്ദി ആപ്പിന് തുടക്കം കുറിച്ചു കൊണ്ട് നിത അംബാനി പറഞ്ഞു.
Also Read-
Women's Day 2022 | സുരക്ഷ ഉറപ്പ് വരുത്താനായി സ്ത്രീകൾ നിർബന്ധമായും ഫോണിൽ ഇൻസ്റ്റാൾ ചെയ്യേണ്ട അഞ്ച് ആപ്പുകൾ
ഹിന്ദി ആപ്പിന്റെ ഉദ്ഘാടനത്തിനൊപ്പം ഹെർ സർക്കിളിന്റെ ഒന്നാം വാർഷികവും നിത അംബാനി ആഘോഷിച്ചു. ഇതിന്റെ ഭാഗമായി നിതാ അംബാനി ഹെർ സർക്കിളിന്റെ ആദ്യത്തെ ഡിജിറ്റൽ കവർ ഫീച്ചർ ചെയ്യുകയും ഒരു എക്സ്ക്ലൂസീവ് അഭിമുഖം നൽകുകയും ചെയ്തു.
ഹെർ സർക്കിളിന്റെ ആദ്യ വർഷ ലക്ഷ്യങ്ങൾക്ക് ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ടായിരുന്നു. ഉപയോക്താക്കൾക്കായി ലിസ്റ്റ് ചെയ്ത ആയിരക്കണക്കിന് തൊഴിലവസരങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നുണ്ട്. ഉപയോക്താക്കൾക്ക് ശരിയായ കരിയർ തിരഞ്ഞെടുക്കാൻ സഹായിക്കുന്നതാണിത്. മേക്കപ്പ് ആർട്ടിസ്റ്റ്, ഫുഡ് സ്റ്റൈലിസ്റ്റ്, ഫിറ്റ്നസ് ട്രെയിനർ, ഡോഗ് ട്രെയിനർ, റേഡിയോ ജോക്കി എന്നിങ്ങനെയുള്ള മേഖലകളിൽ പ്രൊഫഷണലുകളാകുന്നത് എങ്ങനെ എന്നതിനെക്കുറിച്ചുള്ള വിപുലമായ മാസ്റ്റർ ക്ലാസുകളും ലഭ്യമാണ്. നെറ്റ്വർക്കിൽ രജിസ്റ്റർ ചെയ്ത 30,000 സംരംഭകരുടെ ഒരു കമ്മ്യൂണിറ്റിയുമുണ്ട്. സഹകരിക്കാനും ഒരുമിച്ച് വളരാനും ആഗ്രഹിക്കുന്ന സ്ത്രീകളാണിവർ.
സർ എച്ച്എൻ റിലയൻസ് ഹോസ്പിറ്റൽ മെഡിക്കൽ വിദഗ്ധരുടെ ശൃംഖല ഉപയോക്താക്കൾക്ക് സൗജന്യ ആരോഗ്യ, മെഡിക്കൽ ഉപദേശങ്ങളും വാഗ്ദാനം ചെയ്യുന്നുണ്ട്. മാനസികാരോഗ്യം, ശാരീരിക ക്ഷമത, ചർമ്മസംരക്ഷണം, ഗൈനക്കോളജിക്കൽ ആശങ്കകൾ, കൗൺസിലിംഗ് മുതലായ 24 മണിക്കൂറും ലഭ്യമാകുന്ന വിദഗ്ധരുടെ ഉപദേശങ്ങളും ലഭിക്കും. ഇതുവഴി ആയിരക്കണക്കിന് സ്ത്രീകൾക്ക് പ്രയോജനം ലഭിച്ചിട്ടുണ്ട്.
ഫിറ്റ്നസ്, പോഷകാഹാരം, പീരിയഡ്, ഫെർട്ടിലിറ്റി, ഗർഭധാരണം, സാമ്പത്തികം എന്നിവയ്ക്കായുള്ള വ്യക്തിഗത ട്രാക്കറുകൾ 1.50 ലക്ഷം വരിക്കാർ സൗജന്യമായി ഉപയോഗിച്ചു വരുന്നു. പ്രമുഖ വനിതകളുടെ അഭിമുഖങ്ങളും പ്രചോദനാത്മകമായ സ്ത്രീകളുടെ കഥകളും പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.
ഗീതാ ഗോപിനാഥ്, നൈന ലാൽ കിദ്വായ്, പത്മശ്രീ ഗുലാബോ സപെര, അനിത ഡോംഗ്രെ തുടങ്ങിയവരുടെ നേട്ടങ്ങൾ, സുരക്ഷിത സ്ഥാനത്തേക്ക് രക്ഷപ്പെട്ട അഫ്ഗാൻ സ്ത്രീകളുമായുള്ള എക്സ്ക്ലൂസീവ് അഭിമുഖങ്ങൾ എന്നിവയൊക്കെ പ്ലാറ്റ് ഫോമിലൂടെ ഉപയോക്താക്കൾക്ക് വായിക്കാം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.