കൊച്ചി: വൻ ജനപങ്കാളിത്തവും സ്വീകാര്യതയുമായി കൊച്ചി മുസിരിസ് ബിനാലെയുടെ അഞ്ചാം എഡിഷൻ ശ്രദ്ധേയമാകുന്നു. പത്തു ദിവസം പിന്നിട്ടപ്പോൾ 34,561പേർ കലാമേളയുടെ സന്ദർശകരായി. നവവത്സരത്തോടടുത്ത നാളുകളിൽ ബിനാലെ വേദികളിലേക്ക് ജനം ഒഴുകിയെത്തി.
വൈക്കം എംഎൽഎ സി.കെ. ആശ, കെഎസ്ഐഡിസി എംഡിയും ടൂറിസം വകുപ്പ് മുൻ ഡയറക്ടറുമായ എസ്. ഹരികിഷോർ, നടൻ സണ്ണി വെയ്ൻ ഉൾപ്പെടെ പ്രമുഖർ കഴിഞ്ഞ ദിവസം കൊച്ചി മുസിരിസ് ബിനാലെ കാണാനെത്തി. സ്കൂൾ കാലംതൊട്ടുള്ള സഹപാഠികൾക്കൊപ്പമാണ് ആശ എംഎൽഎ പ്രദർശനം കണ്ടത്.
പുതിയൊരു ജനവിഭാഗത്തെ പുറംനാടുകളിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരാൻ കൊച്ചി മുസിരിസ് ബിനാലെ സുപ്രധാന പങ്ക് വഹിക്കുമെന്ന് എസ്. ഹരികിഷോർ അഭിപ്രായപ്പെട്ടു.
ആയുർവേദം, കായലുകൾ, സമ്പന്ന സാംസ്കാരിക പൈതൃകം, ഉത്തരവാദിത്ത ടൂറിസം തുടങ്ങിയ പ്രത്യേകതകളാണ് കേരളത്തെ ‘ദൈവത്തിന്റെ സ്വന്തം നാട്’ ആക്കുന്നത്. ടൂറിസം മേഖലയിൽ അനന്യമായ മറ്റൊരു സവിശേഷതയായി മാറുകയാണ് കൊച്ചി മുസിരിസ് ബിനാലെ.
ഒരു നാടിന്റെ കലയും സംസ്കാരവും അറിവുകളും അനുഭവങ്ങളും മനസിലാക്കാൻ താത്പര്യപ്പെടുന്ന പുതിയ സംഘം കേരളത്തിലേക്ക് എത്തുന്നതിന് കൊച്ചി മുസിരിസ് ബിനാലെ വഴിയൊരുക്കി. ഓരോ പതിപ്പ് പിന്നിടുമ്പോഴും ബിനാലെ കൂടുതൽ കരുത്താർജിക്കുകയുമാണ്.
ബിനാലെയുടെ വിജയത്തിന് പുരോഗമനപരമായ പ്രതിഫലനങ്ങളുണ്ടായി. കലാസൃഷ്ടികൾ ശേഖരിക്കുന്നവരുടെയും, കലാപ്രദർശനങ്ങളുടെയും, ആർട്ട് ഗ്യാലറികളുടെയും എണ്ണം കൂടി. സാഹിത്യ മേളകളുടെ എണ്ണം വർധിച്ചതാണ് മറ്റൊന്ന്. വരും നാളുകളിൽ മറ്റുമേഖലകളിലേക്കും ബിനാലെയുടെ സ്വാധീനം കടന്നെത്തുമെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി അഡീഷണൽ സി.ഇ.ഒ. സത്യജീത് രാജൻ, എറണാകുളം അസിസ്റ്റന്റ് കളക്ടർ ഹർഷിൽ ആർ. മീണ എന്നിവരും ബിനാലെയ്ക്കെത്തി.
Summary: The Kochi Muziris Biennale, now in its fifth successful edition, got off to a great start in the state’s commercial centre. The largest art festival in the area, which was attended by 34,561 people in 10 days, is held only once in every two years
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.