ഇന്റർഫേസ് /വാർത്ത /Life / ഡോ: സി.പി.മാത്യു: ചികിത്സാ രംഗത്ത് സ്വന്തമായി ശൈലി രൂപപ്പെടുത്തിയ വ്യത്യസ്തനായ ഭിഷഗ്വരൻ

ഡോ: സി.പി.മാത്യു: ചികിത്സാ രംഗത്ത് സ്വന്തമായി ശൈലി രൂപപ്പെടുത്തിയ വ്യത്യസ്തനായ ഭിഷഗ്വരൻ

ഡോ. സി പി മാത്യു

ഡോ. സി പി മാത്യു

കവിളു വാർപ്പ് എന്നറിയപ്പെട്ടിരുന്ന വായിലെ കാൻസറിനും(oral cancer) ഗർഭാശയഗള കാൻസറി (cervical cancer) നുമെതിരായ ബോധവത്കരണത്തിനും ചികിത്സയ്ക്കും വലിയ പങ്കുവഹിച്ചു

  • Share this:

ആധുനിക കാലത്തെ ഭിഷഗ്വരന്മാരുടെ നിരയിൽ രാജ്യത്തെ പ്രഥമ ശ്രേണീയനായ ഡോക്ടർ സി.പി.മാത്യു (92)  (CP Mathew) വിടവാങ്ങി. കേരളത്തിലെ ആദ്യ കാൻസർ ചികിത്സക (ഓങ്കോളജിസ്റ്റ്) (Kerala's first Oncologist) നും ആദ്യത്തെ എംബിബിഎസ് ഡോക്ടർമാരിൽ (First MBBS Doctor)  ഒരാളുമായിരുന്നു. പ്രായാധിക്യംമറന്ന് അവസാനനാളിലും രോഗികള്‍ക്ക് പ്രതീക്ഷയും പുതുജീവനും നല്‍കി മണര്‍കാട് ചെറിയാന്‍ ആശ്രമത്തില്‍ സജീവമായിരുന്നു അദ്ദേഹം. റിട്ടയർമെന്റിന് ശേഷം സിദ്ധ, ആയുര്‍വേദ തുടങ്ങിയ ഭാരതീയ ചികിത്സാ സമ്പ്രദായങ്ങളും ഹോമിയോയും ഉള്‍പ്പെടുത്തിയ സംയോജിത ചികിത്സയിലൂടെയാണ് കാന്‍സര്‍ ചികിത്സിച്ചത്.

1960 മുതൽ 1986 വരെ കേരളത്തിലെ വിവിധ സർക്കാർ മെഡിക്കൽ കോളജുകളിലായി പതിനായിരത്തിലധികം കാൻസർ രോഗികളെ ചികിത്സിച്ചു. 1954ൽ തൃശൂർ സിവിൽ ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചു. പിന്നീട് വിയ്യൂർ സെൻട്രൽ ജയിലിൽ മെഡിക്കൽ ഓഫീസർ ആയി. അവിടെ ജോലിയിലിരിക്കുമ്പോൾ 9 പേരുടെ വധശിക്ഷ നടപ്പാക്കിയതിന് സാക്ഷിയായി. മദ്രാസ് സർവകലാശാലയിൽ നിന്ന് റേഡിയോളജി പഠനത്തിന് ശേഷം കേരളത്തിലെ ആദ്യ കാൻസർ സ്പെഷ്യലിസ്റ്റ് എന്ന വിശേഷണത്തോടെ 1960ൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തി.

1986ൽ ഓങ്കോളജി പ്രൊഫസറായി കോട്ടയം മെഡിക്കൽ കോളജിൽ നിന്ന് വിരമിച്ചതിനെ തുടർന്ന് ഹോമിയോ, സിദ്ധ വൈദ്യം തുടങ്ങിയ ചികിത്സാ രീതികൾ സമന്വയിപ്പിച്ച് സ്വന്തമായി വികസിപ്പിച്ചെടുത്ത രീതിയിലൂടെ കാൻസർ ചികിത്സയിൽ സജീവമായി. കോട്ടയം മെഡിക്കൽ കോളജിൽ ജോലി ചെയ്യുന്നതനിടെ, ഇനി ജീവിതത്തിലേക്ക് തിരിച്ചുവരാൻ സാധ്യതയില്ലെന്ന് വിധിയെഴുതിയ ഒരു രോഗി ആഴ്ചകൾക്ക് ശേഷം സുഖം പ്രാപിച്ച് തന്നെ കാണാൻ എത്തിയതോടെയാണ് മറ്റ് ചികിത്സാരീതികളെ കുരിച്ച് പഠിക്കാനും അറിയാനും ശ്രമിച്ചതെന്ന് ഡോ. മാത്യു പറഞ്ഞിട്ടുണ്ട്.

ഈ രോഗിയെ ചികിത്സിച്ച വൈദ്യനെ കണ്ടെത്തുകയും അദ്ദേഹത്തോടൊപ്പം ശിവഗംഗവരെ യാത്ര ചെയ്യുകയും ചെയ്തു. വൈദ്യനിൽ നിന്നും കിട്ടിയ അറിവിന്റെ അടിസ്ഥാനത്തിലാണ് മറ്റ് ചികിത്സാ രീതികൾ സമന്വയിപ്പിച്ച് പുതിയ രീതി പരീക്ഷിച്ച് തുടങ്ങിയത്. ഭക്ഷണ രീതി ക്രമീകരിച്ചാൽ ഒരു പരിധിവരെ കാൻസർ ഉൾപ്പെടെയുള്ള രോഗങ്ങളെ അകറ്റാനാകുമെന്നും രോഗപ്രതിരോധ ശേഷി കുറവാണ് പല പ്രശ്നങ്ങൾക്കും കാരണമെന്നുമായിരുന്നു ഡോക്ടറുടെ നിലപാട്. താൻ നടത്തിയിരുന്ന ചികിത്സാ രീതികളെ കുറിച്ച് വിവാദങ്ങളും ചർച്ചകളും ഉണ്ടായപ്പോൾ 'ഫലപ്രാപ്തിയിൽ മാത്രം വിശ്വസിക്കൂ' എന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്.

ചങ്ങനാശ്ശേരി തുരുത്തിയില്‍ സി എം പോളിന്റെയും കാതറിന്റെയും മകനാണ്. മദ്രാസ് മെഡിക്കല്‍ കോളേജില്‍നിന്നാണ് വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടിയത്. 1954-ല്‍ സര്‍വീസില്‍ പ്രവേശിച്ചു. 92 വയസിൽ പത്തു ദിവസം മുമ്പുവരെ രോഗികളെ ചികിത്സിച്ചു. ക്ഷീണം തോന്നിയപ്പോൾ കിടന്നു. ആശുപത്രിയിൽ പോകണ്ട എന്ന് ബന്ധുക്കളോട് പറഞ്ഞു. മരണത്തെ കാത്തിരുന്ന പോലെ ശാന്തമായി സ്വീകരിച്ചു.

ഭാര്യ: പരേതയായ റോസി ജേക്കബ് ബി.സി.എം. കോളജ് മുന്‍ അധ്യാപിക (വായ്പൂര് അടിപുഴ കുടുംബാംഗം). മക്കള്‍: മോഹന്‍, ജീവന്‍, സന്തോഷ്. മരുമക്കള്‍: അന്ന, നിമ്മി, ആനി. മൃതദേഹം ബുധനാഴ്ച രാവിലെ എട്ടിന് വസതിയിലെത്തിക്കും. സംസ്‌കാരം വൈകീട്ട് മൂന്നിന് വീട്ടുവളപ്പില്‍.

First published:

Tags: Doctor, Obit news, Obituary