2012ല്‍ കേരളതീരത്ത് വെച്ച് രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസില്‍ പ്രതികളായിരുന്ന ഇറ്റാലിയന്‍ (Italian) നാവികരിലൊരാളായ മാസ്മിലിയാനോ ലാത്തോറെ (masmiliano lathore) തന്റെ ഇന്ത്യന്‍ അനുഭവങ്ങളെക്കുറിച്ചെഴുതിയ പുസ്തകം വിവാദമാകുന്നു.
കേരളതീരത്ത് വെച്ച് മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന കേസില്‍ ഇറ്റാലിയന്‍ നാവികകപ്പലായ എന്ററിക്കോ ലെക്സിയിലെ (Enrico Lexi) നാവികരായ ലത്തോറെയും സാല്‍വത്തോര്‍ ജിറോണിനെയും കേരള പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് നീണ്ട നിയമപോരാട്ടത്തിനൊടുവില്‍ കേസിന്റെ വിചാരണ റോമിലേക്ക് മാറ്റുകയായിരുന്നു. വിചാരണയ്ക്ക് ശേഷം 2022, ജനുവരി 31ന് ഇരുവരെയും കോടതി വെറുതെ വിട്ടു. നീണ്ട പത്ത് വര്‍ഷത്തെ നിയമപോരാട്ടത്തെപ്പറ്റിയുള്ളതാണ് ലത്തോറെയുടെ പുസ്തകം.
Il sequestro del maró' (നാവികരുടെ തട്ടിക്കൊണ്ടുപോകല്‍) എന്നാണ് പുസ്തകത്തിന് പേരിട്ടിരിക്കുന്നത്. എന്നാല്‍ പുസ്തക രചനയില്‍ താന്‍ പങ്കാളിയല്ലെന്നാണ് നാവികരിലൊരാളായ ജിറോണ്‍ പറഞ്ഞതായി ന്യൂഇന്ത്യന്‍ എക്സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പത്ത് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന സംഭവങ്ങളുടെ പുനരാഖ്യാനമാണ് പുസ്തകത്തിലൂടെ ഉദ്ദേശിക്കുന്നതെന്ന് ഇറ്റാലിയന്‍ മാധ്യമങ്ങള്‍ പറയുന്നു. കടല്‍ക്കൊള്ളക്കാരുടെ ഹീനമായ പ്രവര്‍ത്തിയാണ് സംഭവത്തിന് ആധാരമെന്നും അതിന് ശേഷം ഇന്ത്യന്‍ ഭരണകൂടം ഒരുക്കിയ കെണിയിൽ നാവികര്‍ അകപ്പെടുകയായിരുന്നുവെന്നുമാണ് പുസ്തകത്തില്‍ പറയുന്നത്.
'ഇന്ത്യക്കാരുടെ ചതി' എന്ന തലക്കെട്ടോടെ ഒരു അദ്ധ്യായം തന്നെ പുസ്തകത്തില്‍ നല്‍കിയിട്ടുണ്ട്. തങ്ങളെ കേസിലേക്ക് വലിച്ചിഴച്ചത് എങ്ങനെയെന്നും നഷ്ടപരിഹാരം നല്‍കേണ്ടി വന്ന സാഹചര്യത്തെപ്പറ്റിയും ലത്തോറെ ഈ ചാപ്റ്ററില്‍ ചൂണ്ടിക്കാട്ടുന്നു.
'വളരെ അവശ്വനീയമായ അനുഭവങ്ങളിലൂടെയാണ് എനിക്ക് കടന്നുപോകേണ്ടിവന്നത്. എന്റെ ഭാഗത്ത് നിന്നുള്ള യാതൊരു തെറ്റും ഈ സംഭവത്തില്‍ ഉണ്ടായിട്ടില്ല. രാജ്യം ഏല്‍പ്പിച്ച എന്റെ കടമ മാത്രമാണ് ഞാന്‍ ചെയ്തത്,' ലാത്തോര്‍ പുസ്തകത്തിന്റെ തുടക്കത്തില്‍ ഇങ്ങനെ കുറിച്ചു. നവംബര്‍ 11നാണ് പുസ്തകം പുറത്തിറക്കിയത്. നവംബര്‍ 15ന് ഇറ്റാലിയന്‍ പാര്‍ലമെന്റിന്റെ അധോസഭയായ ചേംബര്‍ ഡെപ്യൂട്ടീസില്‍ (Chamber of Deputies)പുസ്തകത്തിന്റെ കോപ്പി ലാത്തോറെ തന്നെ പ്രകാശനം ചെയ്തു.
'ഈ പുസ്തകം വിജയിശ്രീലാളിതരായവരുടെ അല്ല. എല്ലാം നഷ്ടപ്പെട്ടവരുടെ കഥയാണ്. പത്ത് വര്‍ഷത്തെ ദുരിതം ഞാന്‍ അനുഭവിച്ച് കഴിഞ്ഞു. ഞാനൊരു ഇരയല്ല. ചെയ്ത കാര്യങ്ങളില്‍ ദു:ഖിക്കുന്നയാളുമല്ല. ഒരു കാരണവുമില്ലാതെ ജീവിതത്തില്‍ നിന്ന് 10 വര്‍ഷം നഷ്ടപ്പെട്ടയാളാണ്. ഞാന്‍ ഇപ്പോഴും മാസിമിലിയാനോ ലാത്തോറെ ആണ്. ഞാന്‍ എന്റെ ഡ്യൂട്ടി മാത്രമാണ് ചെയ്തത്,' ലാത്തോറെ പറഞ്ഞു.
അതേസമയം, വസ്തുതകള്‍ പരിശോധിച്ച ശേഷമാണ് ലാത്തോറെയുടെ പുസ്തകം പ്രസിദ്ധീകരിച്ചതെന്ന് അദ്ദേഹത്തെ അഭിമുഖം ചെയ്ത മാരിയോ കാപ്പന്ന പറഞ്ഞു. ഇത്രയും കാലമനുഭവിച്ച മാനനഷ്ടത്തിന് സര്‍ക്കാര്‍ തനിക്കും നഷ്ടപരിഹാരം നല്‍കേണ്ടി വരുമെന്നും ലാത്തോറെയുടെ പുസ്തകത്തില്‍ പറയുന്നുണ്ട്.
2012 ഫെബ്രുവരി 15 ന് നീണ്ടകര തീരത്ത് വെച്ചാണ് രണ്ട് ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ ഇറ്റാലിയന്‍ നാവികര്‍ വെടിവെച്ചു കൊന്നത്. വെടിയേറ്റ് മരിച്ച നീണ്ടകര സ്വദേശി വാലന്റിന്‍ ജസ്റ്റിന്, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ ആശ്രിതര്‍ക്ക് 4 കോടി രൂപ വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടി രൂപയും നല്‍കാമെന്നാണ് ഇറ്റലി മുന്നോട്ട് വെച്ച നിര്‍ദ്ദേശം. എന്നാല്‍ 15 കോടി നല്‍കണമെന്ന നിര്‍ദ്ദേശമാണ് കേരളം മുന്നോട്ട് വെച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശ പ്രകാരം ഇറ്റാലിയന്‍ എംബസിയുമായി കേരള സര്‍ക്കാരാണ് ചര്‍ച്ച നടത്തിയിരുന്നത്. പിന്നീട് അന്താരാഷ്ട്ര ട്രീബ്യൂണല്‍ പുറപ്പെടുവിച്ച വിധിയില്‍ ബോട്ടിലുണ്ടായിരുന്ന എല്ലാവരും നഷ്ടപരിഹാരത്തിന് അര്‍ഹരാണെന്ന് വ്യക്തമാക്കിയിരുന്നു. വെടിവെപ്പ് നടന്നപ്പോള്‍ ബോട്ടില്‍ 11 പേരാണ് ഉണ്ടായിരുന്നത്.
മറ്റൊരു സുപ്രധാന തീരുമാനവും കേസില്‍ ഉണ്ടായി. അത് കടല്‍ക്കൊല കേസില്‍ അറസ്റ്റിലായ ഇറ്റാലിയന്‍ നാവികര്‍ ഇന്ത്യയില്‍ വിചാരണ നേരിടേണ്ടെന്നതായിരുന്നു. കപ്പലില്‍ നിന്ന് മത്സ്യ തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്ത മാസിമിലിയാനോ ലാത്തോറെ, സാല്‍വദോര്‍ ജിറോണ്‍ എന്നിവരെ സംഭവത്തിന് ശേഷം അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്ന് ജാമ്യം ലഭിച്ച ഇവര്‍ ഇറ്റലിയിലേയ്ക്ക് മടങ്ങിപ്പോകുകയും ചെയ്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Controversy, Italian marines, Italy