ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന പത്രങ്ങളിലൊന്നായ ഓസ്ട്രിയയിലെ വീനര് സെയ്തുങ് അച്ചടി നിര്‍ത്തി ഓണ്‍ലൈനിലേക്ക് മാറുന്നു. പാര്‍ലമെന്റിന്റെ തീരുമാനത്തെ തുടര്‍ന്നാണ് മാറ്റം. ഓസ്ട്രിയന്‍ സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള ദിനപത്രമാണിത്. പുതിയ തീരുമാനത്തിലൂടെ പത്രത്തിന്റെ ഭാവിയെക്കുറിച്ച് ഓസ്ട്രിയന്‍ സര്‍ക്കാരും പത്രവും തമ്മില്‍ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കത്തിന് പര്യവസാനം ഉണ്ടായിരിക്കുകയാണ്
Wiennerisches Diarium എന്ന പേരില്‍ 1703-ലാണ് പത്രം സ്ഥാപിക്കപ്പെട്ടത്. പിന്നീട് 1780-ല്‍ വീനര് സെയ്തുങ് (Wiener Zeitung) എന്ന് പേര് മാറ്റി. അന്ന് സ്വകാര്യ ദ്വൈവാരിക പത്രമായിട്ടായിരുന്നു പത്രം പ്രസിദ്ധീകരിച്ചിരുന്നത്. എന്നാല്‍ 1857-ല്‍ ഓസ്ട്രിയയിലെ ചക്രവര്‍ത്തി ഫ്രാന്‍സ് ജോസഫ് ഒന്നാമന് പത്രത്തെ ഏറ്റെടുക്കുകയും ദേശസാല്‍ക്കരിച്ച് രാജ്യത്തിന്റെ ഔദ്യോഗിക ഗസറ്റായി മാറ്റുകയും ചെയ്തു.
‘ പുതിയ തീരുമാനം ഭൂരിപക്ഷം പേരും അംഗീകരിച്ചു. ജൂലൈ ഒന്ന് മുതല്‍ പത്രം പ്രാഥമികമായി ഓണ്‍ലൈനില്‍ പ്രസിദ്ധീകരിക്കും’ നാഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് നോര്‍ബര്‍ട്ട് ഹോഫര്‍ അറിയിച്ചു.
ലഭ്യമായ ഫണ്ടുകള്‍ ഉപയോഗിച്ച് പത്രം പ്രതിവര്‍ഷം കുറഞ്ഞത് പത്ത് അച്ചടി പ്രസിദ്ധീകരണങ്ങള്‍ നിലനിര്‍ത്തും. 2004-ല്‍ വീനര് സെയ്തുങ് ഇപ്പോഴും പ്രചാരത്തിലുള്ള ഏറ്റവും പഴയ പത്രങ്ങളിലൊന്നായി റാങ്ക് ചെയ്യപ്പെട്ടിരുന്നുവെന്ന് വേള്‍ഡ് അസോസിയേഷന് ഓഫ് ന്യൂസ് പബ്ലിഷേഴ്സ് എഎഫ്പി (AFP) യോട് പറഞ്ഞു. ഔദ്യോഗിക ഗസറ്റ് എന്ന നിലയില്‍ പത്രത്തിന്റെ പങ്ക്, അതിന്റെ പ്രധാന വരുമാന സ്രോതസ്സ്, എന്നിവ ഒരു പ്രത്യേക സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലേക്ക് മാറും.
ഔദ്യോഗിക വിവരങ്ങള്‍ ഓണ്‍ലൈനില്‍ കേന്ദ്രീകരിക്കാനും പ്രസിദ്ധീകരിക്കാനുമുള്ള യൂറോപ്യന്‍ നിര്‍ദേശപ്രകാരമാണ് പത്രം ഓണ്‍ലൈനിലേക്ക് മാറുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതോടൊപ്പം ഒരു മീഡിയ ഹബ്, ഒരു കണ്ടന്റ് ഏജന്‍സി, പത്രപ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള ഒരു പരിശീലന കേന്ദ്രം എന്നിവയും വീനര് സെയ്തുങ് സ്ഥാപിക്കും.
‘320 വര്‍ഷം പഴക്കമുള്ള വീനര് സെയ്തുങ് ബ്രാന്‍ഡിനെ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നുവെന്ന് ചിലര്‍ ഭയപ്പെടുന്നു, എന്നാല്‍ ഭാവി പ്രസിദ്ധീകരണം എങ്ങനെയായിരിക്കുമെന്ന് ആര്‍ക്കും അറിയില്ല’-വീനര് സെയ്തുങിൊന്റെ വൈസ് മാനേജിംഗ് എഡിറ്റര്‍ മത്യാസ് സീഗ്ലര്‍ എഎഫ്പിയോട് പറഞ്ഞു.
അതേസമയം, പുതിയ തീരുമാനത്തോടെ 200-ലധികം ജീവനക്കാരില്‍ പകുതിയോളം പേര്‍ക്ക് തൊഴില്‍ നഷ്ടമാകുമെന്ന് ട്രേഡ് യൂണിയന് പറയുന്നു. അതില്‍ 40-ഓളം പേര് മാധ്യമപ്രവര്‍ത്തകരാണ്. പ്രതിദിനം പത്രത്തിന്റെ 20,000 കോപ്പികളാണ് ചെലവാകുന്നത്. എന്നാല്‍ വാരാന്ത്യത്തില്‍ ഇത് ഇരട്ടിയാകും.
‘നിലവിലെ സാഹചര്യത്തില്‍ താന്‍ സന്തുഷ്ടനല്ല” എന്ന് യൂറോപ്യന്‍ യൂണിയന് കമ്മീഷന് വൈസ് പ്രസിഡന്റ് വെരാ ജൗറോവ ഓസ്ട്രിയന്‍ വാര്‍ത്താ ഏജന്‍സി APAയോട് പറഞ്ഞു. വര്‍ഷങ്ങളായി ആളുകള്‍ക്ക് അറിവ് പകര്‍ന്ന് നല്കുന്നതില് വീനര് സെയ്തുങ് വളരെ വലിയ പങ്ക് വഹിച്ചുവെന്നാണ് ഞാന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം,സര്‍ക്കാറിന്റെ പുതിയ നീക്കത്തിനെതിരെ പ്രതിഷേധിച്ച് നിരവധി പേര് തെരുവിലിറങ്ങി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Digital media, Media, Online