• News
 • World Cup 2019
 • Sports
 • Films
 • Budget 2019
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

തേൻതുള്ളിയായി ഒരു പാട്ട്; ആ പാട്ടോർമയിൽ ഒരു പുസ്തകം

വി ടി മുരളിയുടെ സംഗീത ജീവിതത്തിന്റെ അരനൂറ്റാണ്ടും ഈ ഗാനത്തിന്റെ നാല്പതാണ്ടും തികയുന്ന വേളയിലാണ് പുസ്തകം പുറത്തിറങ്ങുന്നത്. മാപ്പിള പാട്ടിന്റെ സൗരഭ്യം പരന്ന വടകരയിൽ ശനിയാഴ്ച നടക്കുന്ന ചടങ്ങിൽ പ്രമുഖർ പങ്കെടുക്കും.

news18
Updated: January 18, 2019, 11:39 PM IST
തേൻതുള്ളിയായി ഒരു പാട്ട്; ആ പാട്ടോർമയിൽ ഒരു പുസ്തകം
'ഓത്തുപള്ളി : ഓർമ്മയിലെ തേൻതുള്ളി' പുസ്തക പ്രകാശനം
news18
Updated: January 18, 2019, 11:39 PM IST
തേൻതുള്ളി എന്ന സിനിമയുടെ ഒരു പ്രിന്റ് പോലും ഇന്ന് ലഭ്യമല്ല.ശ്രീവിദ്യയും സുകുമാരനും അഭിനയിച്ച  കെ പി കുമാരൻ സംവിധാനം ചെയ്ത  ചിത്രം.പക്ഷേ 1979 ൽ ഇറങ്ങിയ  അതിലെ ഒരു ഗാനം ഇന്നും ആയിരക്കണക്കിനാളുകളുടെ മനസിൽ തേന്മഴ പൊഴിക്കുന്നുണ്ട്.


പി. ടി അബ്ദുറഹ്മാൻ രചിച്ച് കെ. രാഘവൻ ഈണമിട്ട് വി.ടി. മുരളി പാടിയ ഈ ഗാനം നാല്പതാണ്ടുകളായി മലയാള ഗാനശാഖയുടെ നെഞ്ചോടു ചേർന്നിട്ട്.  മലയാളികൾ കൂട്ടമായി, പ്രത്യേകിച്ച് മലബാറിൽ നിന്ന്,  ഗൾഫ് എന്ന പുതുലോകം തേടി പോയിരുന്ന കാലം. ഓർക്കാൻ പ്രിയപ്പെട്ട പലതിനെയും, പലരെയും പിരിഞ്ഞുഅതിജീവനത്തിനായി  ഏറെയാളുകൾ ദൂരെയെങ്ങോ പോയിരുന്ന കാലം. കേൾക്കുവാനായി ടേപ്പ് റെക്കോർഡർ എന്ന അദ്‌ഭുതം മലയാളിയെ തേടി വന്ന കാലം. ആ പാട്ടും അതിലെ ഓരോ വരിയും കടൽ കടന്നു കേറിയത് ആയിരക്കണക്കിന് ഹൃദയങ്ങളുടെ ഉള്ളറകളിലേക്കാണ്. അവർ ആ കാലം ഓർത്തു കണ്ണീർ വാർത്തു. ഉപ്പു കൂട്ടി തിന്ന മാങ്ങയുടെ രുചി നാവിന്റെ തുമ്പിലെത്തി. കോന്തലയിൽ കെട്ടിയ നെല്ലിക്ക സമ്മാനിച്ച നോവും കോളാമ്പി പൂക്കൾക്കു പിന്നാലെ പോയ കാലവും അവരുടെ ഏകാന്ത രാവുകളിൽ ഒഴുകിയെത്തി.നാല്പതാണ്ടിന് ശേഷം  ഹരിതാഭയോടെ നിൽക്കുന്ന ആ പാട്ടിനെക്കുറിച്ചുള്ള ആയിരക്കണക്കിനോർമകളിൽ നിന്നും 53 എണ്ണം സമാഹരിച്ചാണ്  "ഓത്തുപള്ളി  ഓർമയിലെ തേൻ തുള്ളി" എന്ന പുസ്തകം.ഒരു പാട്ടിനെക്കുറിച്ചു മാത്രമായി ഒരു പുസ്തകം മലയാളത്തിൽ ആദ്യമാണെന്നു തോന്നുന്നു .ഓർക്കുന്നവരിൽ അതിപ്രശസ്തരും അത്രപ്രശസ്തരല്ലാത്തവരും ഉണ്ട്. പക്ഷെ ഓരോ ഓർമയും ഓരോ ലോകമാണ്. സംഗീതം പകർന്ന രാഘവൻ മാഷ് മുതൽ പാടിയ വി. ടി. മുരളി വരെ. സംവിധായകൻ കെ. പി. കുമാരൻ, നടൻ മാമുക്കോയ, എഴുത്തുകാരായ  ശിഹാബുദീൻ പൊയ്തും കടവ്, അക്ബർ കക്കട്ടിൽ, കല്പറ്റ നാരായണൻ, യു .കെ .കുമാരൻ,  വി.ആർ സുധീഷ്, കവി കൈതപ്രം ദാമോദരൻ നമ്പൂതിരി  ഗായകൻ ജി. വേണുഗോപാൽ, സംഗീത സംവിധായകൻ എം. ജയചന്ദ്രൻ, മുൻ മന്ത്രിമാരായ എം. കെ, മുനീർ, ബിനോയ് വിശ്വം എന്നിവർ തങ്ങളുടെ ഓർമ്മച്ചെപ്പ് തുറക്കുമ്പോൾ തേൻ തുള്ളിയുടെ നിർമാതാവ് ഷാജഹാനും ചിലത് പറയാനുണ്ട്. മാമുക്കോയയാണ് ഈ പുസ്തകത്തിനൊപ്പമുള്ള ഗാനത്തിന്റെ സി ഡി അവതരിപ്പിക്കുന്നത്.


മധുരവും നൊമ്പരവും ഗൃഹാതുരതയും കലർന്ന ആ കാലത്തിന്റെ ഓർമകൾ തുന്നിച്ചേർക്കുക എന്ന  ശ്രമകരമായ ഈ ദൗത്യം നിർവഹിച്ച  ഷംസുദ്ദീൻ കുട്ടോത്ത് പത്ര പ്രവർത്തകൻ എന്നതിലുപരി  കവിയും ഗാന രചയിതാവുമാണ് എന്നത് പുസ്തകത്തിന് ഏറെ അനുകൂലമായ ഘടകമാണ് .

Loading...


വെറുതെയങ്ങ് പാടി പോകുന്നതല്ല പാട്ടുകൾ എന്നും അത് കേൾക്കുന്നവരുടെ ചിന്താ മണ്ഡലത്തെ ഏതൊക്കെ രീതിയിലാണ് സ്പര്ശിക്കുന്നതെന്നും മനസിലാക്കാൻ ഈ പുസ്തകം ഉപകരിക്കും. ഒപ്പം രമണീയമായൊരു കാലം എങ്ങനെ സ്മരണീയമാകുമെന്നും.


ശ്രീനിവാസനോട് സംവിധായകരായ മക്കൾ തിരക്കഥ ചോദിക്കാത്തതെന്തു കൊണ്ട്?

നാമറിയാത്ത എത്രയോ കൗതുകങ്ങൾ ചേർന്നതാണ് ഈ സ്മരണകൾ. അതിലൊന്നാണ് ഈ ഗാന രംഗത്തിൽ അഭിനയിച്ച ജോഡികൾ. താരങ്ങൾ എന്ന നിലയിലല്ലാതെ സാമൂഹ്യ രംഗത്ത് അത്യാവശം അറിയപ്പെടുന്ന രണ്ടു പേരാണ് ആ  നായികാ നായകന്മാർ. അതാരൊക്കെയെന്നല്ലേ? പുസ്തകം വായിക്കും വരെ   അതൊരു സസ്പെൻസായി ഇരിക്കട്ടെ.
"ഓത്തു പള്ളീലന്നു നമ്മള്/പോയിരുന്ന കാലം

ഓർത്തു കണ്ണീർ വാർത്തു/നിൽക്കയാണ് നീലമേഘം


കോന്തലക്കൽ നീയെനിക്കായ്‌/കെട്ടിയ നെല്ലിക്ക

കണ്ടു ചൂരൽ വീശിയില്ലേ/നമ്മുടെ മൊല്ലാക്ക


പാഠപുസ്തകത്തിൽ മയിൽ/പീലി വച്ചുകൊണ്ട്

പീലി പെറ്റു കൂട്ടുമെന്ന്/നീ പറഞ്ഞു പണ്ട്


ഉപ്പു കൂട്ടി പച്ച മാങ്ങ/നമ്മളെത്ര തിന്നു

ഇപ്പൊഴാക്കഥകളെ/നീ അപ്പടി മറന്നു


കാട്ടിലെ കോളാമ്പിപ്പൂക്കള്/നമ്മളെ വിളിച്ചു

കാറ്റുകേറും കാട്ടിലെല്ലാം/നമ്മളും കുതിച്ചു


കാലമാമില്ലഞ്ഞിയെത്ര/പൂക്കളെ പൊഴിച്ചു

കാത്തിരിപ്പും മോഹവും/ഇന്നെങ്ങനെ പിഴച്ചു


ഞാനൊരുത്തൻ നീയൊരുത്തി/നമ്മൾ തന്നിടയ്ക്ക്

വേലി കെട്ടാൻ ദുർവിധിക്കു/കിട്ടിയോ മിടുക്ക്

എന്റെ കണ്ണുനീരു തീർത്ത/കായലിലിഴഞ്ഞു

നിന്റെ കളിത്തോണി നീങ്ങി/എങ്ങു പോയ് മറഞ്ഞു."

First published: January 18, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...