• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പുരുഷന്‍മാര്‍ സൂക്ഷിക്കുക; ചെറുപ്പക്കാരെ തട്ടിക്കൊണ്ടുപോയുള്ള വിവാഹം കൂടുന്നു!

പ്രാദേശിക ഭാഷയില്‍ പക്കഡ്വ വിവാഹ് (പിടിച്ചുകൊണ്ടു പോയുള്ള വിവാഹം) എന്നാണ് ഈ രീതി അറിയപ്പെടുന്നത്.

Asha Sulfiker | news18
Updated: February 10, 2018, 3:52 PM IST
പുരുഷന്‍മാര്‍ സൂക്ഷിക്കുക; ചെറുപ്പക്കാരെ തട്ടിക്കൊണ്ടുപോയുള്ള വിവാഹം കൂടുന്നു!
Screen-grab from an engineer's forced marriage
Asha Sulfiker | news18
Updated: February 10, 2018, 3:52 PM IST
പട്‌ന :  യുവാക്കളെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിപ്പിച്ച് വിവാഹം കഴിപ്പിക്കുന്ന സംഭവങ്ങളില്‍ ബീഹാറില്‍ വന്‍ വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷം മാത്രം ഇത്തരത്തില്‍ 3400 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. പ്രാദേശിക ഭാഷയില്‍ പക്കഡ്വ വിവാഹ് (പിടിച്ചുകൊണ്ടു പോയുള്ള വിവാഹം) എന്നാണ് ഈ രീതി അറിയപ്പെടുന്നത്. ബീഹാറില്‍ ഇത് വ്യാപകമായി നടക്കപ്പെടുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബി.ജെ.പി പിന്തുണയോടെ നിതീഷ് കുമാര്‍ ഭരിക്കുന്ന ബീഹാറില്‍ സ്ഥിതിഗതികള്‍ മെച്ചപ്പെട്ടുവെന്ന് കരുതിയിരിക്കുമ്പോഴാണ് സംസ്ഥാനത്തെ നാണക്കേടിന്റെ നിഴലില്‍ നിര്‍ത്തുന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. തട്ടിക്കൊണ്ടു വരുന്ന യുവാവിനെയോ അയാളുടെ ബന്ധുക്കളെയോ തോക്കിന്‍ മുനയില്‍ നിര്‍ത്തിയ ശേഷമാകും വിവാഹം നടത്തുക. ഈയടുത്ത് ഒരു എഞ്ചിനിയറെ ഇത്തരത്തില്‍ തട്ടിക്കൊണ്ടു പോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്തു വന്നത് വലിയ വിവാദങ്ങള്‍ ഉയര്‍ത്തിയിരുന്നു.

എന്നാല്‍ ബീഹാറില്‍ ഇത് പുതുമയുള്ള കാര്യമല്ലെന്നും കാലങ്ങളായി ഇത്തരം രീതി തുടര്‍ന്നു പോരുന്നുണ്ടെന്നുമാണ് ചില സാമൂഹ്യ പ്രവര്‍ത്തകര്‍ പ്രതികരിച്ചിരിക്കുന്നത്. സ്ത്രീധനം ആവശ്യപ്പെടുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതാണ് യുവാക്കളെ ഭീഷണിപ്പെടുത്തി വിവാഹം ചെയ്യിക്കാന്‍ ആളുകളെ നിര്‍ബന്ധിതരാക്കുന്നതെന്നും ഇവര്‍ സമ്മതിക്കുന്നുണ്ട്. പക്ഷെ വര്‍ഷങ്ങള്‍ പോകുന്തോറും ഇത്തരത്തിലുള്ള വിവാഹങ്ങളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടാകുന്നത് ആശങ്ക ഉയര്‍ത്തുന്നുവെന്നും സാമൂഹിക പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്.

18 വയസ്സിനുമുകളിലുള്ള യുവാക്കളുടെ തട്ടിക്കൊണ്ടുപോകല്‍ കേസുകളില്‍ ബിഹാറാണ് മുന്നിലെന്ന് ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2015-ലെ റിപ്പോര്‍ട്ടില്‍ പറയുന്നു. 2015-ല്‍ തട്ടിക്കൊണ്ടുപോകപ്പെട്ട 18-30 വയസ്സിനിടയിലുള്ള യുവാക്കളുടെ എണ്ണം 1096 ആണ്. ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോകപ്പെടുന്ന യുവാക്കളുടെ രാജ്യത്തെ ആകെ കണക്കിന്റെ 17 ശതമാനമാണിത്.
First published: February 5, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍