ഹൈദരാബാദ്: അപ്രതീക്ഷിതമായ ഒരു അപകടത്തില്‍ ശരീരം പാതി തളര്‍ന്നെങ്കിലും തന്റെ സ്വപ്നങ്ങള്‍ക്ക് അത് ബാധകമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ആന്ധ്രാ സ്വദേശിയായ ചന്ദ്രമൗലി എന്ന യുവാവ്. ഈ ശാരീരിക ബുദ്ധിമുട്ടുകള്‍ക്കിടയിലും പഠിച്ച് അഹമ്മദാബാദ് ഐഐഎമ്മില്‍ സീറ്റ് നേടിയിരിക്കുകയാണ് ഈ യുവാവ്. ഒരു മാനേജരാകണം എന്നതാണ് തന്റെ ലക്ഷ്യം. എന്നാല്‍ അതിന് തന്റെ ശരീരം ഒരു തടസ്സമല്ലെന്ന് തെളിയിച്ച് മറ്റുള്ളവര്‍ക്ക് കൂടി പ്രചോദനമാകുകയാണ് ചന്ദ്രമൗലി.
ആന്ധ്രാപ്രദേശിലെ അനക്കപ്പള്ളി ജില്ലയിലെ കോതക്കോട്ട ഗ്രാമത്തിലാണ് ചന്ദ്രമൗലി ജനിച്ച് വളര്‍ന്നത്. പിന്നീട് അദ്ദേഹത്തിന്റെ കുടുംബം പെഡ്ഡ ബോധേപ്പള്ളിയിലേക്ക് മാറിയിരുന്നു. ചെറുകിട ബിസിനസ്സുകാരനായ വെങ്കിട രാമണ്ണയാണ് ചന്ദ്രമൗലിയുടെ പിതാവ്. സെന്റ് ആന്‍സ് സ്കൂളിലെ ടീച്ചറാണ് ചന്ദ്രമൗലിയുടെ അമ്മ. ബിടെക്ക് ബിരുദധാരിയാണ് ചന്ദ്രമൗലി. ആ സ്വപ്നം സാക്ഷാത്കരിക്കാന്‍ അദ്ദേഹത്തോടൊപ്പം എല്ലാ പിന്തുണയുമായി മാതാപിതാക്കളുമുണ്ടായിരുന്നു.
ഗേറ്റ് എക്സാമിനായി പഠിച്ച് കൊണ്ടിരിക്കുന്ന സമയത്താണ് ചന്ദ്രമൗലിയ്ക്ക് ഒരു അപ്രതീക്ഷിത അപകടമുണ്ടായത്. ഇലക്ട്രിക് വയറില്‍ കുടുങ്ങിക്കിടന്ന മോതിരം എടുക്കാന്‍ ശ്രമിക്കുകയായിരുന്നു മൗലി. അങ്ങനെയാണ് അപകടമുണ്ടായത്. ശേഷം അദ്ദേഹത്തിന്റെ രണ്ട് കാലുകളുടെയും കൈകളുടെയും ചലനശേഷി നഷ്ടപ്പെട്ടു. പിന്നീട് ഇവ ശസ്ത്രകിയയിലൂടെ നീക്കം ചെയ്യേണ്ടിവന്നു.
ഇതിന് ശേഷം വല്ലാത്തൊരു വിഷാദാവസ്ഥയിലൂടെയാണ് മൗലി കടന്നുപോയത്. എന്നാല്‍ ആ സമയത്തെല്ലാം മാനസിക സമ്മര്‍ദ്ദത്തില്‍ നിന്ന് മറികടക്കാന്‍ മൗലിയുടെ സുഹൃത്തുക്കള്‍ സഹായിച്ചു. മൗലിയിലെ ആത്മവിശ്വാസം വീണ്ടെടുക്കാനും സുഹൃത്തുക്കള്‍ ഇദ്ദേഹത്തോടൊപ്പം നിന്നു. എന്നാല്‍ ഒരു മെക്കാനിക്കല്‍ എന്‍ജീനിയര്‍ ആകണമെന്ന തന്റെ ആഗ്രഹം തല്ക്കാലം വേണ്ടെന്ന് വെയ്ക്കേണ്ടി വന്നു മൗലിയ്ക്ക്. എന്നാല്‍ വൈകല്യത്തിന്റെ പേരില്‍ തന്റെ സ്വപ്നങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ മൗലി തയ്യാറായില്ല. ഒരു മജിസ്ട്രേറ്റ് ആകണമെന്ന് സ്വപ്നം കണ്ട് മൗലി എല്‍എല്‍ബി ബിരുദം കരസ്ഥമാക്കി.
Also read- അഞ്ചു പേരുടെ ജീവന് തുടിപ്പേകി മസ്തിഷ്ക മരണം സംഭവിച്ച 62കാരന്റെ അവയവങ്ങൾ
പിന്നീട് കാറ്റ് പരീക്ഷകളിലേക്കായി മൗലിയുടെ ശ്രദ്ധ. ആ ശ്രമം വിഫലമായില്ല. ഇന്ത്യയിലെ ഏറ്റവും മികച്ച ഐഐഎമ്മുകളിലൊന്നായ അഹമ്മദാബാദ് ഐഐഎമ്മില്‍ തന്നെ മൗലിയ്ക്ക് സീറ്റ് ലഭിക്കുകയും ചെയ്തു. ” അപകടമുണ്ടായതിന് ശേഷം ഏകദേശം രണ്ട് മാസത്തോളം ഒന്നും ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല,” ചന്ദ്രമൗലി പറഞ്ഞു.” പിന്നീട് മെക്കാനിക്കല്‍ എന്‍ജീനിയര്‍ ആകണം എന്ന എന്റെ സ്വപ്നം ഉപേക്ഷിക്കേണ്ടിവന്നു. പിന്നീട് ഞാന്‍ എല്‍എല്‍ബി പൂര്‍ത്തിയാക്കി. മജിസ്ട്രേറ്റ് ആകണമെന്നായിരുന്നു ആഗ്രഹം. മജിസ്ട്രേറ്റ് ആകാന്‍ ഒരു കൈ എങ്കിലും വേണമെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ആ മോഹവും ഉപേക്ഷിച്ചു,’ മൗലി പറഞ്ഞു.
തിരിച്ചടികള്‍ ഉണ്ടായെങ്കിലും തന്റെ ശ്രമത്തില്‍ നിന്ന് പിന്മാറാന് അദ്ദേഹം തയ്യാറായില്ല. സ്വന്തമായി ലാപ്ടോപ്പും മൊബൈല്‍ ഫോണും ഉപയോഗിച്ച് തന്റെ കഴിവ് കൂടുതല്‍ മെച്ചപ്പെടുത്താനാണ് മൗലി ശ്രമിച്ചത്. അതേത്തുടര്‍ന്ന് ആമസോണില്‍ വര്‍ക്ക് ഫ്രം ജോലി ചെയ്യാനും അദ്ദേഹം തുടങ്ങി. മൗലിയുടെ വിട്ടുവീഴ്ചയില്ലാത്ത കഠിനാധ്വാനം തന്നെയാണ് ഐഐഎമ്മില്‍ അദ്ദേഹത്തിന് സീറ്റ് ലഭിക്കാനും കാരണം. ഐഐഎമ്മില്‍ ജോയിന്‍ ചെയ്യാനായതിന്റെ സന്തോഷത്തിലാണ് താനിപ്പോള്‍ എന്ന് മൗലി പറയുന്നു. ജീവിതത്തില്‍ തിരിച്ചടികള്‍ നേരിട്ട് പതറിപ്പോയ അനേകം പേര്‍ക്ക് ഒരു പ്രചോദനം തന്നെയാണ് മൗലിയുടെ ജീവിതം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ahmedabad, Andhra Pradesh, IIM, Paralysed man