• HOME
 • »
 • NEWS
 • »
 • life
 • »
 • Mental Health | മാതാപിതാക്കളുടെ അമിതപ്രതീക്ഷ വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് ദോഷകരമെന്ന് പഠന റിപ്പോർട്ട്

Mental Health | മാതാപിതാക്കളുടെ അമിതപ്രതീക്ഷ വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് ദോഷകരമെന്ന് പഠന റിപ്പോർട്ട്

മാതാപിതാക്കളുടെ പ്രതീക്ഷകളെയും വിമർശനങ്ങളെയും കുറിച്ചുള്ള യുവാക്കളുടെ ധാരണകൾ വർദ്ധിച്ചിട്ടുണ്ടെന്നും 'പെർഫെക്ട്' ആകണം എന്ന ചിന്ത അവരിൽ കൂടിവരികയാണെന്നും പഠനത്തിൽ പറയുന്നു

 • Share this:
  പലപ്പോഴും തങ്ങളുടെ മക്കളെക്കുറിച്ച് അമിത പ്രതീക്ഷകൾ വെച്ചു പുലർത്തുന്നവരായിരിക്കും മാതാപിതാക്കൻമാർ. ചിലർ തങ്ങളുടെ തീരുമാനങ്ങളും ചിന്തകളുമെല്ലാം മക്കളിലേക്ക് അടിച്ചേൽപ്പിക്കാറുമുണ്ട്. അത്തരം അമിത പ്രതീക്ഷകളും അടിച്ചേൽപ്പിക്കലുകളും കൊണ്ട് വീർപ്പു മുട്ടുന്നവരാണ് ഭൂരിഭാ​ഗം കുട്ടികളും. ഇത്തരം വിമർശനങ്ങളും അമിതപ്രതീക്ഷകളും വിദ്യാർഥികളുടെ മാനസികാരോഗ്യത്തെ (Mental Health) ബാധിക്കുന്നതായി പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. ഫിസിയോളജിക്കൽ ബുള്ളറ്റിൻ (Physiological Bulletin) എന്ന ജേണലിലാണ് പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 20,000-ത്തിലധികം അമേരിക്കൻ, കനേഡിയൻ, ബ്രിട്ടീഷ് കോളേജ് വിദ്യാർത്ഥികളിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

  മാതാപിതാക്കളുടെ പ്രതീക്ഷകളെയും വിമർശനങ്ങളെയും കുറിച്ചുള്ള യുവാക്കളുടെ ധാരണകൾ വർദ്ധിച്ചിട്ടുണ്ടെന്നും 'പെർഫെക്ട്' ആകണം എന്ന ചിന്ത അവരിൽ കൂടിവരികയാണെന്നും പഠനത്തിൽ പറയുന്നു. "വിഷാദം, ഉത്കണ്ഠ, സ്വയം ഉപദ്രവിക്കൽ, മോശം ഭക്ഷണശീലങ്ങൾ എന്നിവയുൾപ്പെടെയുള്ള നിരവധി മാനസിക അസ്വസ്ഥകളാണ് പെർഫെക്ട് ആകാനുള്ള ഇത്തരത്തിലുള്ള ശ്രമങ്ങൾ മൂലം ഉണ്ടാകുന്നത്," ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് ആൻഡ് പൊളിറ്റിക്കൽ സയൻസിലെ സൈക്കോളജിക്കൽ ആൻഡ് ബിഹേവിയറൽ സയൻസ് അസിസ്റ്റന്റ് പ്രൊഫസറായ തോമസ് കുറാൻ പറയുന്നു.

  പെർഫെക്ഷനിസം എന്നത് പലപ്പോഴും ആജീവനാന്തം കൂടെയുണ്ടാകുന്ന ഒരു സ്വഭാവമായി മാറുന്നെന്നും പെർഫെക്ഷനിസ്റ്റ് മാതാപിതാക്കളാണ് പെർഫെക്ഷനിസ്റ്റ് കുട്ടികളെ വളർത്തുന്നതെന്നും യോർക്ക് സെന്റ് ജോൺ യൂണിവേഴ്സിറ്റിയിലെ സ്പോർട്സ് ആൻഡ് എക്സർസൈസ് സൈക്കോളജി പ്രൊഫസറും പഠനത്തിൽ പങ്കാളിയുമായ ആൻഡ്രൂ പി. ഹിൽ പറയുന്നു.

  Also Read- മാതാപിതാക്കൾ കുട്ടികളുമായി ഓർമ്മകൾ പങ്കുവെയ്ക്കുന്നത് അവരുടെ വളർച്ചയെ ഗുണപരമായി സ്വാധീനിക്കുമെന്ന് പഠനം

  അമേരിക്ക, കാനഡ, യു.കെ, എന്നീ രാജ്യങ്ങളിലുള്ള യുവാക്കളിലാണ് പെർഫെക്ഷനിസം സ്വഭാവം കൂടുതലായി കാണപ്പെടുന്നതെന്നും ഈ രാജ്യങ്ങളിലെ മാതാപിതാക്കൾ കൂടുതൽ ഉത്കണ്ഠാകുലരും നിയന്ത്രണ സ്വഭാവം ഉള്ളവരും ആയതാകാം അതിന് കാരണമെന്നും തോമസ് കുറാനും ആൻഡ്രൂ പി. ഹില്ലും പറയുന്നു.

  പെർഫക്ഷനിസം പല തരത്തിലാണ്. സ്വയം പൂർണത കൈവരിക്കണമെന്ന ചിന്ത കൂടാതെ ചിലർ തങ്ങളുടെ ചുറ്റുപാടുകളിൽ പെർഫക്ഷനിസം പ്രതീക്ഷിക്കുന്നു. സമൂഹം മുഴുവൻ പെർഫെക്ട് ആകണണമെന്നാണ് മറ്റൊരു കൂട്ടർ ചിന്തിക്കുന്നത്. ഈ മൂന്ന് തരം ചിന്തകളും ഒരാളെ ദോഷകരമായി ബാധിക്കുമെന്ന് പഠനത്തിൽ പറയുന്നു. മാതാപിതാക്കളുടെ പ്രതീക്ഷകളാണ് അവരുടെ വിമർശനങ്ങളേക്കാൾ കൂടുതൽ വിദ്യാർഥികളെ ദോഷകരമായി ബാധിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാണിക്കുന്നു.

  “മാതാപിതാക്കളുടെ പ്രതീക്ഷകൾ അമിതമായാൽ അതിന്റെ പ്രത്യാഘാതവും വലുതായിരിക്കും” കുറാൻ പറഞ്ഞു. ചെറുപ്പക്കാർ ഇത്തരം പ്രതീക്ഷകളെ അവരുടെ ആത്മാഭിമാനവുമായി ബന്ധപ്പെടുത്തിയാണ് കാണുന്നത്. ആ പ്രതീക്ഷകൾ സഫലീകരിക്കുന്നതിൽ പരാജയപ്പെടുമ്പോൾ അവർ സ്വയം വിമർശിക്കും. പൂർണതയിലെത്താൻ ശ്രമിച്ചുകൊണ്ടേ ഇരിക്കുകയും ചെയ്യുന്നു'', അദ്ദേഹം കൂട്ടിച്ചേർത്തു. കനേഡിയൻ അല്ലെങ്കിൽ ബ്രിട്ടീഷ് വിദ്യാർത്ഥികളെ അപേക്ഷിച്ച് അമേരിക്കൻ കോളേജ് വിദ്യാർത്ഥികളിലാണ് തങ്ങളിൽ തന്നെയുള്ള പൂർണത കൈവരിക്കാൻ കൂടുതൽ ശ്രദ്ധ കാണപ്പെടുന്നതെന്നും, ഒരുപക്ഷേ അമേരിക്കയിൽ അക്കാദമിക് മത്സരങ്ങൾ കൂടുതലായാതാകാം ഇതിന് കാരണമെന്നും കുറാൻ പറഞ്ഞു.

  യുവാക്കളിൽ വർദ്ധിച്ചുവരുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ വിശദീകരിക്കാൻ ഇത്തരം പഠനങ്ങൾ സഹായിച്ചേക്കാമെന്നും ഇത്തരം പ്രവണതകൾ തുടർന്നാൽ ഭാവിയിൽ ഈ പ്രശ്നം കൂടുതൽ വഷളാക്കുകയേയുള്ളൂ എന്നും ആൻഡ്രൂ ഹിൽ പറഞ്ഞു. മാതാപിതാക്കൾ മക്കളെക്കുറിച്ച് ഉത്കണ്ഠാകുലരാകുന്നത് സ്വാഭാവികമാണ്. എന്നാൽ ഇത്തരം ഉത്കണ്ഠകൾ വിദ്യാർഥികൾക്ക് സമ്മർദമായാണ് മാറാറുള്ളതെന്നും അദ്ദേഹം പറഞ്ഞു.
  Published by:Arun krishna
  First published: