എണ്ണകള്‍ (Oils) പൊതുവെ ഹൃദയത്തിന്റെ ആരോഗ്യത്തിന് (Heart Health) വളരെ നല്ലതാണ്. പ്രത്യേകിച്ച് നിലക്കടല എണ്ണ (Peanut Oil). അരാച്ചിസ് ഓയില്‍ എന്നും അറിയപ്പെടുന്ന നിലക്കടല എണ്ണ ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്. നിലക്കടല ചെടിയുടെ വിത്തുകളില്‍ നിന്നാണ് പീനട്ട് ഓയില്‍ വേര്‍തിരിച്ചെടുക്കുന്നത്. ശുദ്ധീകരിച്ച പീനട്ട് ഓയില്‍, കോള്‍ഡ് പ്രസ്സ് പീനട്ട് ഓയില്‍, ഗോര്‍മെറ്റ് പീനട്ട് ഓയില്‍, സമിശ്രിത പീനട്ട് ഓയില്‍ എന്നിങ്ങനെ പല തരത്തിലുള്ള പീനട്ട് എണ്ണകള്‍ ഇന്ന് വിപണികളില്‍ ലഭ്യമാണ്.
നിലക്കടലയും ഹൃദയത്തിന്റെ ആരോഗ്യവും
നിലക്കടല എണ്ണ മോണോസാച്ചുറേറ്റഡ് (MUFA), പോളിഅണ്‍സാച്ചുറേറ്റഡ് (PUFA) കൊഴുപ്പുകളാല്‍ സമ്പന്നമാണ്. അപൂരിത കൊഴുപ്പുകള്‍ കഴിക്കുന്നത് ഹൃദ്രോഗവുമായി (Heart Disease) ബന്ധപ്പെട്ട ചില അപകട ഘടകങ്ങളെ കുറയ്ക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. രക്തത്തിൽ ഉയര്‍ന്ന അളവിലുള്ള എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് ഹൃദ്രോഗ സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പൂരിത കൊഴുപ്പുകള്‍ക്ക് പകരം MUFAകള്‍ അല്ലെങ്കില്‍ PUFAകള്‍ ഉപയോഗിക്കുന്നത് എല്‍ഡിഎല്‍ കൊളസ്ട്രോളിന്റെയും ട്രൈഗ്ലിസറൈഡിന്റെയും അളവ് കുറയ്ക്കുമെന്ന് പല പഠനങ്ങളും തെളിയിച്ചിട്ടുണ്ട്.
അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന് നടത്തിയ ഒരു പ്രധാന വിശകലനം അനുസരിച്ച് മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പിന്റെ ഉപഭോഗം വര്‍ദ്ധിപ്പിച്ചുകൊണ്ട് പൂരിത കൊഴുപ്പിന്റെ അളവ് കുറയ്ക്കുന്നത് ഹൃദ്രോഗ സാധ്യത 30% വരെ കുറയ്ക്കും. ഫാറ്റി ആസിഡിന്റെ അംശം ഉള്ളതിനാല്‍ നിലക്കടല എണ്ണയില്‍ കലോറി വളരെ കൂടുതലാണ്. എന്നിരുന്നാലും, ഈ എണ്ണയില്‍ മോണോ-അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ നല്ല കൊളസ്ട്രോള്‍ വര്‍ധിപ്പിക്കാനും സഹായിക്കുന്നു.
നിലക്കടല എണ്ണയുടെ മറ്റ് ഗുണങ്ങള്‍ എന്തൊക്കെയാണ്?
- ആന്റി ഓക്സിഡന്റുകളുടെ മികച്ച ഉറവിടമാണ് നിലക്കടല എണ്ണ
നിലക്കടല എണ്ണ ശരീരത്തിന് അത്യാവശ്യമായ വിറ്റാമിന്‍ ഇയുടെ ഉറവിടമാണ്. ശരീരത്തിനുള്ളില്‍ ഈ വിറ്റാമിന്‍ ഒരു ആന്റി ഓക്സിഡന്റായി പ്രവര്‍ത്തിക്കുന്നു. ഇത് നിങ്ങളുടെ പ്രതിരോധശേഷിയും മെറ്റബോളിസവും നിലനിര്‍ത്താന്‍ സഹായിക്കുന്നു.
- രക്തയോട്ടം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു
നിലക്കടല എണ്ണയില്‍ കാണപ്പെടുന്ന ലിനോലെയിക് ആസിഡ് പ്രോസ്റ്റാഗ്ലാന്‍ഡിന്‍സിന്റെ മുന്‍ഗാമിയാണ്. രക്തക്കുഴലുകളുടെയും മറ്റ് പേശികളുടെയും സങ്കോചവും വികാസവും ഉള്‍പ്പെടെ നിരവധി സുപ്രധാന ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രോസ്റ്റാഗ്ലാന്‍ഡിന്‍ അത്യാവശ്യമാണ്.
- രക്തസമ്മര്‍ദ്ദം നിയന്ത്രണത്തിലാക്കുന്നു
നിലക്കടല എണ്ണയില്‍ ആവശ്യത്തിന് മോണോസാച്ചുറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിയന്ത്രിക്കാനും ഹൃദയ സംബന്ധമായ രോഗങ്ങളെ ചെറുക്കാനും സഹായിക്കുന്നു.
- മുഖക്കുരു ഇല്ലാതാക്കുന്നു
ചര്‍മ്മത്തിലെ വീക്കം കുറയ്ക്കുന്നതിനും സുഷിരങ്ങളെ ചുരുക്കുന്നതിനും ബാക്ടീരിയ ഉണ്ടാവുന്നത് തടയാനുമെല്ലാം ഇത് സഹായിക്കുന്നു. മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കാന്‍ നിലക്കടല എണ്ണയുടെ ആന്റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ സഹായിക്കും.
- ക്യാന്‍സര്‍ സാധ്യത കുറയ്ക്കുന്നു
നിലക്കടല എണ്ണയില്‍ നിരവധി ആന്റി ഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതു വഴി പല തരം അര്‍ബുദങ്ങളെ തടയാന്‍ കഴിയുമെന്ന് ഗവേഷകര്‍ നിര്‍ദ്ദേശിക്കുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.