പ്ലാസ്റ്റിക് ഉത്പന്നങ്ങൾ (plastic products ) പ്രകൃതിയ്ക്ക് ദോഷകരമാണെന്ന് എല്ലാവർക്കും അറിയാം. അത് കൂടാതെ പ്ലാസ്റ്റിക് നശിപ്പിച്ച് കളയാനുള്ള ബുദ്ധിമുട്ടും അവ നമ്മുടെ ശരീരത്തിനുള്ളിൽ ചെന്നാൽ ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ചും ഒരു പരിധി വരെ നമുക്കറിയാം. ഇത് കൂടാതെ മറ്റൊരു വലിയ ഭീഷണി കൂടി പ്ലാസ്റ്റിക് ഉയർത്തുന്നുണ്ട്. പ്ലാസ്റ്റിക് ഉത്പന്നങ്ങളുടെ ഉപയോഗം ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും കാരണമാകുമെന്ന് ഒരു സമീപകാല ഗവേഷണത്തിൽ കണ്ടെത്തി. പ്ലാസ്റ്റിക്കിലെ സംയുക്തങ്ങൾ ശരീരത്തിന്റെ മെറ്റബോളിസത്തെ (metabolism) തടസ്സപ്പെടുത്തുന്നുവെന്നാണ് ഈ പഠനം വ്യക്തമാക്കുന്നത്.
നമ്മുടെ എല്ലാ ദൈനംദിന ജീവിതത്തിന്റെയും ഭാഗമായ പ്ലാസ്റ്റിക് വസ്തുക്കളിൽ കാണപ്പെടുന്ന ഫ്താലേറ്റുകൾ (phthalates) മനുഷ്യന്റെ പ്രത്യുല്പാദന ക്ഷമതയെ നശിപ്പിക്കുന്നുവെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. ഇവ പുരുഷന്മാരുടെ ശരീരത്തിലെ സ്പെർമാറ്റോസോവയുടെ (spermatozoa) ഉൽപാദനത്തെ ഉത്തേജിപ്പിക്കുന്ന ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ (testosterone) ഉൽപാദനം കുറയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇപ്പോൾ പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ പ്ലാസ്റ്റിക് ശരീര ഭാരം കൂടാൻ കാരണമാകുന്നുവെന്നും കണ്ടെത്തിയിരിക്കുകയാണ്.
ഫ്രാങ്ക്ഫർട്ടിലെ ഗോഥെ സർവകലാശാലയുടെ പങ്കാളിത്തത്തോടെ നോർവീജിയൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജി നടത്തിയ ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തിരിച്ചറിഞ്ഞത്. വാട്ടർ ബോട്ടിലുകൾ, അടുക്കളയിൽ ഉപയോഗിക്കുന്ന പാത്രങ്ങൾ തുടങ്ങി 34 ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന വസ്തുക്കളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവയിൽ 55,000ൽ കുറയാത്ത ദോഷകരമായ രാസഘടകങ്ങൾ കണ്ടെത്തി. തിരിച്ചറിഞ്ഞ 629 വസ്തുക്കളിൽ 11 എണ്ണം മെറ്റബോളിസം തടസ്സപ്പെടുത്തുന്ന രാസവസ്തുക്കൾ ആണെന്ന് തിരിച്ചറിഞ്ഞു.
ഇവ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ആളുകളിൽ അമിതവണ്ണത്തിന്റെയോ പൊണ്ണത്തടിയുടെയോ ലക്ഷണങ്ങൾ കണ്ടെന്ന് വരാം. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ മൂന്നിലൊന്നിൽ കണ്ടെത്തിയ രാസവസ്തുക്കൾ ലിപിഡുകൾ സംഭരിക്കുന്ന കോശങ്ങളുടെ വികസനത്തിന് കാരണമാകുമെന്ന് ഗവേഷകർ കണ്ടെത്തി. അവയുടെ സാന്നിധ്യത്തിൽ, കോശങ്ങൾ എണ്ണത്തിൽ കൂടുതൽ വളരുകയും കൂടുതൽ കൊഴുപ്പ് ശേഖരിക്കുകയും ചെയ്യുന്നു. ഇത് അമിതവണ്ണത്തിന് കാരണമാകുന്നു.
Also Read-
COVID-19 | കോവിഡ് കാലത്ത് ആസ്മ രോഗികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പ്ലാസ്റ്റിക് വസ്തുക്കളിൽ മുമ്പ് പ്രശ്നകരമാണെന്ന് തിരിച്ചറിയാത്തതും എന്നാൽ കൊഴുപ്പ് കൂട്ടുന്ന കോശങ്ങളുടെ വികാസത്തിന് പ്രേരിപ്പിക്കുന്നതുമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പ്ലാസ്റ്റിക്കിലുള്ള ഘടകങ്ങൾക്ക് ഭക്ഷണത്തിലേക്ക് ചേരാനും സാധിക്കുന്നു. പ്രത്യേകിച്ച് പ്ലാസ്റ്റിക് കണ്ടെയ്നർ ചൂടാക്കുമ്പോൾ ഇത് കൂടുതലായി സംഭവിക്കുന്നു. ഭക്ഷണം കഴിയുന്നത്ര കുറച്ച് സമയത്തേക്ക് പ്ലാസ്റ്റിക് പാത്രങ്ങളിൽ സൂക്ഷിക്കാൻ ശ്രദ്ധിക്കണം. ഭക്ഷണം പ്ലാസ്റ്റിക് അല്ലാത്ത മറ്റ് ലോഹപാത്രങ്ങളിൽ സൂക്ഷിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയുന്നതും ദൈനം ദിന ജീവിതത്തിൽ വളരെ ഉപകാരപ്രദവുമായതിനാലാണ് പ്ലാസ്റ്റിക് എല്ലാവർക്കും സ്വീകാര്യമാകുന്നത്. പക്ഷെ അവ പരിസ്ഥിതിക്കും നമ്മുടെ ആരോഗ്യത്തിനും വരുത്തി വയ്ക്കുന്ന ദോഷങ്ങൾ എണ്ണിയാൽ തീരില്ല. എളുപ്പത്തിന് വേണ്ടി പ്ലാസ്റ്റിക് ഉപയോഗിക്കുമ്പോൾ പകരമായി മനുഷ്യന്റെയും ഭൂമിയുടെയും ആയുസ്സ് ആണ് നഷ്ടമാകുന്നത്. അതുകൊണ്ട് തന്നെ നിത്യജീവിതത്തിൽ പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പരമാവധി കുറയ്ക്കുന്നതായിരിക്കും ഉത്തമം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.