ഇന്റർഫേസ് /വാർത്ത /Life / Population | ജനസംഖ്യ വർദ്ധനവ്: എസി വാങ്ങാന്‍ കഴിവില്ലാത്ത ഇന്ത്യക്കാര്‍ക്ക് ഭാവിയിൽ സംഭവിക്കുന്നതെന്ത്? 

Population | ജനസംഖ്യ വർദ്ധനവ്: എസി വാങ്ങാന്‍ കഴിവില്ലാത്ത ഇന്ത്യക്കാര്‍ക്ക് ഭാവിയിൽ സംഭവിക്കുന്നതെന്ത്? 

India_Population

India_Population

ഇന്ത്യയിലെ അന്തരീക്ഷ താപനില അനുദിനം വര്‍ദ്ധിയ്ക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ നിരവധി നഗരങ്ങളില്‍ അനുഭവപ്പെട്ടു കഴിഞ്ഞു

  • Share this:

ദിലോണ്‍ സുബ്രഹ്‌മണ്യന്‍, ദീപക് തിവാരി

2023ല്‍ ചൈനയെ (china) മറികടന്ന് ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള (population) രാജ്യമായി ഇന്ത്യ (india) മാറുമെന്നാണ് കണക്കാക്കപ്പെടുന്നത്. അതിവേഗത്തിലുള്ള നഗരവല്‍ക്കരണം (urbanization) കാരണം 2035ഓടെ ഏകദേശം 675 ദശലക്ഷം ഇന്ത്യക്കാര്‍ നഗര ജീവിതം നയിക്കുമെന്നും ഐക്യരാഷ്ട്ര സഭ (UN) പ്രവചിക്കുന്നു. നഗര കേന്ദ്രീകൃതമായ ഈ ജനസംഖ്യ വര്‍ദ്ധനവ് പുതിയ വീടുകള്‍, ഓഫീസുകള്‍, വാണിജ്യസ്ഥാപനങ്ങള്‍ തുടങ്ങിയ വന്‍ പദ്ധതികള്‍ ഉള്‍പ്പെടുന്ന നഗരങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിന് (infrastructure development) കാരണമാകും. ഒപ്പം വലിയ തോതിൽ വൈദ്യുതി ഉപഭോഗവും വര്‍ദ്ധിയ്ക്കും. നിലവിലെ സ്ഥിതി തുടരുകയാണെങ്കില്‍ ഫോസില്‍ ഇന്ധന ഉപഭോഗത്തിന്റെ കാര്യത്തില്‍ വലിയ വര്‍ദ്ധനവ് (ഇന്ത്യയുടെ മൊത്തം ഊര്‍ജ്ജ ഉപഭോഗത്തിന്റെ 70 ശതമാനം കല്‍ക്കരിയില്‍ നിന്നാണ്) ഉണ്ടാകും. അതോടെ കാലാവസ്ഥാ വ്യതിയാനത്തെ വേഗത്തിലാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളലും വര്‍ദ്ധിക്കും.

ഇന്ത്യയിലെ അന്തരീക്ഷ താപനില അനുദിനം വര്‍ദ്ധിയ്ക്കുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ നിരവധി നഗരങ്ങളില്‍ അനുഭവപ്പെട്ടു കഴിഞ്ഞു. ബാംഗ്ലൂരു പോലെ പൊതുവെ ചൂടു കുറഞ്ഞ കാലാവസ്ഥയുള്ള നഗരങ്ങളില്‍ പോലും ഇപ്പോള്‍ ചൂടിനെ അകറ്റി നിര്‍ത്താൻ എസി പോലുള്ള സാങ്കേതിക വിദ്യകളുടെ ആവശ്യകത ഏറുകയാണ്. വൈദ്യുതി ഉപയോഗത്തിലും വലിയ വര്‍ദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇടത്തരം, താഴ്ന്ന കുടുംബങ്ങളുടെ വരുമാനം വര്‍ദ്ധിയ്ക്കുന്നതോടെ ഇവരും ശീതീകരണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങുകയും മലിനീകരണ തോത് കൂടുതൽ ഉയരുകയും ചെയ്യും. എന്നാല്‍ ഇത്തരത്തിലുള്ള ശീതീകരണ സംവിധാനങ്ങള്‍ ഉപയോഗിക്കാന്‍ സാധിക്കാത്തവര്‍ എന്ത് ചെയ്യും?

ഈ സാഹചര്യം കുറച്ചു കൂടി നന്നായി മനസ്സിലാക്കാന്‍ ഒരു ഉദാഹരണം പരിശോധിക്കാം. എയര്‍ കണ്ടീഷണര്‍ ഉള്ള ഒരു മുറിയും കൃത്രിമ ശീതീകരണ സംവിധാനങ്ങള്‍ ഒന്നും ഇല്ലാത്ത ഒരു മുറിയും അടുത്തടുത്ത് ഉണ്ടെന്ന് വിചാരിക്കുക, വേനല്‍ക്കാലത്ത് ഒന്നാമത്തെ മുറിയില്‍ എസിയുള്ളതിനാല്‍ ഇവിടുത്തെ ചൂട് രണ്ടാമത്തെ മുറിയിലേയ്ക്ക് എത്തുന്നു. അതുകൊണ്ട് സാധാരണയില്‍ കൂടുതല്‍ ചൂട് രണ്ടാമത്തെ മുറിയില്‍ അനുഭവപ്പെടും. അതോടെ രണ്ടാമത്തെ മുറിയിലെ അവസ്ഥ അസഹനീയമാകുന്നു.

ഈ രണ്ട് മുറികളിലും ആളുകള്‍ കൂട്ടമായി താമസിക്കുന്ന അവസ്ഥ സങ്കല്‍പ്പിക്കുക. നഗരങ്ങളില്‍ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന സാഹചര്യത്തില്‍ സംഭവിക്കുന്നത് ഇതാണ്. എസി വാങ്ങാന്‍ കഴിവില്ലാത്ത പാവപ്പെട്ടവരുടെ അവസ്ഥ വളരെ മോശമാകുന്നു. സമ്പന്നരായ അയല്‍പക്കങ്ങളിലെ എസി നഗരങ്ങളെ ചുട്ടുപൊള്ളിയ്ക്കുന്നു. ദ്രുതഗതിയിലുള്ള നഗരവല്‍ക്കരണം, വന്‍തോതിലുള്ള നിര്‍മ്മാണം, ചുരുങ്ങുന്ന ഹരിത ഇടങ്ങള്‍ എന്നിവ ഈ അവസ്ഥയെ കൂടുതല്‍ വഷളാക്കുന്നു. അതികഠിനമായ ചൂട് ഇല്ലാതാക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചിട്ടയോടെ ചിന്തിച്ച് നടപടികള്‍ സ്വീകരിക്കേണ്ടതാണ്.

ഉപഗ്രഹങ്ങളുടെ സഹായത്തോടെയുള്ള നിരീക്ഷണവും നഗരാസൂത്രണവുമാണ് ഇപ്പോള്‍ ആവശ്യം. വളരെ അധികം ചൂട് അനുഭവിക്കുന്നവരെ കണ്ടെത്തി അതിനെ അടിസ്ഥാനമാക്കിയുള്ള മാപ്പ് തയ്യാറാക്കി ഈ പ്രശ്‌നം പരിഹരിക്കുകയാണ് വേണ്ടത്. തദ്ദേശ സ്ഥാപനങ്ങള്‍ ഊര്‍ജ്ജ സംരക്ഷണ ബില്‍ഡിംഗ് കോഡും ഇക്കോ നിവാസ് സംഹിതയും അനുസരിച്ച് വേണം പ്രവര്‍ത്തിക്കാന്‍. ഈ കെട്ടിട നയങ്ങള്‍ നഗരങ്ങളുടെ ശീതീകരണത്തെ സംബന്ധിച്ച് പുനര്‍വിചിന്തനം നടത്താന്‍ സഹായിക്കും.

നഗരങ്ങളിലെ ചൂട് നിയന്ത്രിക്കുന്നതിന് മരങ്ങളും സസ്യങ്ങളും നട്ടു പിടിപ്പിക്കുന്നത് പോലുള്ള നടപടികള്‍ സ്വീകരിക്കാവുന്നതാണ്. ഒപ്പം കൃത്രിമ ശീതീകരണ സംവിധാനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികളും സ്വീകരിക്കണം. ചൂട് കുറയ്ക്കുന്നതിന് ആവശ്യമായ സാങ്കേതിക വിദ്യകളാണ് ഏറ്റവും അവസാനമായി കണ്ടെത്തേണ്ടത്. പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ നേട്ടങ്ങള്‍ ഉണ്ടാക്കുന്നവയായിരിക്കണം ഇത്.

ഏതൊരു രാജ്യത്തിനും ജനസംഖ്യാവര്‍ദ്ധനവ് അവസരങ്ങളെപ്പോലെ തന്നെ ഏറെ വെല്ലുവിളികളും ഉയര്‍ത്തുന്നതാണ്. മനുഷ്യവിഭവ ശേഷി പരമാവധി പ്രയോജനപ്പെടുത്താന്‍ പൗരന്മാരുടെ ആരോഗ്യവും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനാവശ്യമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അത്യാവശ്യമാണ്. ചൂട് അകറ്റുന്നതിനുള്ള സംവിധാനങ്ങള്‍ ഇനി ഇന്ത്യയില്‍ ഒരു ആഡംബരമല്ല. ആരോഗ്യ സംരക്ഷണത്തിന് ഇത്തരം സംവിധാനങ്ങള്‍ കൂടിയേ തീരൂ.

ശരിയായ രീതിയില്‍ നടപടികള്‍ സ്വീകരിച്ചാല്‍, ജോലി സമയങ്ങള്‍ നഷ്ടപ്പെടാതിരിക്കുകയും ഉല്‍പ്പാദനക്ഷമത വര്‍ദ്ധിയ്ക്കുകയും ആരോഗ്യ സംരക്ഷണത്തിനുള്ള ചെലവ് കുറയ്ക്കുകയും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യും. അതിന് പുറമെ വൈദ്യുത ഉപഭോഗം കുറയ്ക്കുന്നതിനും ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ ഒഴിവാക്കുന്നതിനും ഇത് കാരണമാകുന്നു.

WRI ഇന്ത്യയുടെ എനര്‍ജി പ്രോഗ്രാമില്‍ ദിലോണ്‍ സുബ്രഹ്‌മണ്യന്‍ മാനേജരും ദീപക് തിവാരി റിസര്‍ച്ച് ഫെല്ലോയുമാണ്. ട്വിറ്റര്‍: @DhilonSubraman1, @dipak876.

(ലേഖനത്തിലെ അഭിപ്രായങ്ങള്‍ വ്യക്തിപരമാണ്. അവ ഈ പ്രസിദ്ധീകരണത്തിന്റെ നിലപാടുകളെ പ്രതിനിധീകരിക്കുന്നില്ല.)

First published:

Tags: Pollution, Population