• News
 • Mission Paani
 • Sports
 • Films
 • Gulf
 • Life
 • Career
 • Crime
 • Photos
 • Video
 • Buzz
 • Live TV

തളരാത്ത മനസിനു സീറ്റ് ബെല്‍റ്റിട്ട് പ്രജിത്തിന്റെ യാത്ര തുടരുന്നു

news18
Updated: April 18, 2018, 6:26 PM IST
തളരാത്ത മനസിനു സീറ്റ് ബെല്‍റ്റിട്ട് പ്രജിത്തിന്റെ യാത്ര തുടരുന്നു
news18
Updated: April 18, 2018, 6:26 PM IST
കരുത്തുള്ള മനസിന് മറികടക്കാനാകാത്തതൊന്നും ഇല്ലെന്നതിന്റെ നേര്‍സാക്ഷ്യമാണ് കോഴിക്കോട് ചേവരമ്പലം സ്വദേശി പ്രജിത്ത് ജയ്പാല്‍. ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു അപകടത്തില്‍പ്പെട്ട് പ്രജിത്തിന്റെ
കഴുത്തിന് താഴേക്ക് തളര്‍ന്നു പോയി. എന്നാല്‍ ഇന്ന് ഞങ്ങള്‍ വിളിക്കുമ്പോള്‍ പ്രജിത്ത് രാജസ്ഥാനിലെ ഉദയ്പൂരിലാണ്.

അതെ സ്വയം ഡ്രൈവ് ചെയ്ത ഇന്ത്യാ പര്യടനത്തിന് ഇറങ്ങിയിരിക്കുകയാണ് ഈ ചെറുപ്പക്കാരന്‍. തീര്‍ന്നില്ല, മാര്‍ച്ച് ഒന്നിന് കോഴിക്കോടു നിന്ന് ആരംഭിച്ച പ്രജിത്തിന്റെ ഈ യാത്രയ്ക്ക് നിരവധി ലക്ഷ്യങ്ങളുണ്ട്. നമ്മളില്‍ പലരും അങ്ങനെ ശ്രദ്ധിക്കാത്ത ഒരു വിഭാഗത്തിന്റെ പ്രതിനിധിയാണ് പ്രജിത്ത്. കഴുത്തിന് താഴേക്ക് സ്പര്‍ശന ശേഷി പോലും ഇല്ല. വീല്‍ ചെയറിലാണ് സഞ്ചാരം. ക്വാഡ്രിപ്ലീജിക് (Quadriplegic) എന്ന അവസ്ഥ. വിദേശത്തൊക്കെ ഈ അവസ്ഥയിലുള്ളവര്‍ 'കസ്റ്റമൈസ്' ചെയ്ത വാഹനമോടിക്കാറുണ്ട്. എന്നാല്‍ പ്രജിത്തിന്റെ യാത്ര ഇതില്‍ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ്.യാത്രകളെ സ്‌നേഹിച്ച ചെറുപ്പക്കാരന്‍

യാത്രകളെ സ്‌നേഹിച്ച്, യാത്രകളെ ജീവിതത്തിന്റെ ഭാഗമാക്കിയിരുന്നു ഈ ചെറുപ്പക്കാരന്‍.
എവിടെയെങ്കിലും പോകണമെന്നു മനസില്‍ തോന്നിയാല്‍ ആ നിമിഷം ബാഗുമെടുത്ത് കാറിന്റെ ഫസ്റ്റ് ഗിയറിട്ടിട്ടുണ്ടാകും പ്രജിത്ത്. കൊതിതീരെ നാടുചുറ്റി നടന്ന കോഴിക്കോട്ടുകാരന്‍.
Loading...യാത്രകളോടുള്ള ഈ സ്‌നേഹം തന്നെയാണ് ശാരീരികമായി ബുദ്ധിമുട്ട് നേരിടുമ്പോഴും ഇത്തരമൊരു യാത്രയ്ക്ക് പ്രജിത്തിനെ പ്രേരിപ്പിച്ചത്. അപകടത്തില്‍പ്പെട്ട് കഴുത്തിനു താഴോട്ട് തളര്‍ന്നയാള്‍ക്ക് എന്തു യാത്രയെന്ന് പലരും നെറ്റി ചുളിച്ചു. എന്നാല്‍ ഡ്രൈവ് ടു ഡല്‍ഹി എന്ന പ്രജിത്തിന്റെ യാത്ര ഇതിനോടകം 3000 കിലോമീറ്ററിലേറെ ദൂരം പിന്നിട്ടു കഴിഞ്ഞു. കോഴിക്കോട്, മംഗലാപുരം, കുശാല്‍നഗര്‍, മൈസൂര്‍, ബാംഗ്ലൂര്‍, ഡാവണ്‍ഗിരെ, ഗോവ, കോലാപൂര്‍, പൂനെ, ബോംബെ, സൂറത്ത്, അഹമ്മദാബാദ് എന്നീ നഗരങ്ങള്‍ പ്രജിത്ത് സന്ദര്‍ശിച്ചു കഴിഞ്ഞു. ഇനി ജയ്പൂരിലേക്കാണ് യാത്രയെന്നും അവിടെ നിന്ന് ഡല്‍ഹിയിലേക്ക് തിരിക്കുമെന്നും പ്രജിത്ത് ന്യൂസ് 18നോട് പറഞ്ഞു.ജീവിതം റിവേഴ്‌സ് ഗിയറിട്ട 2011 ഏപ്രില്‍ ഒന്ന്

ഏഴു വര്‍ഷം മുന്‍പത്തെ ഒരു വിഡ്ഢി ദിനത്തില്‍ മരണം പ്രജിത്തിനെ ഒന്ന് ഫൂളാക്കാന്‍ നോക്കി. എന്നാല്‍ അതേ മരണത്തോട് ചിരിച്ച് കാണിച്ച് പ്രജിത്ത് ജീവിതത്തിന്റെ സ്റ്റിയറിംഗ് പിടിച്ച് ആക്‌സലറേറ്ററില്‍ കാലമര്‍ത്തി. 2011 ഏപ്രില്‍ ഒന്നിനായിരുന്നു പ്രജിത്തിന്റെ ജീവിതം മാറ്റിമറിച്ച ആ യാത്ര. ആ അപകടത്തില്‍ തളരാതെ തിരിച്ച് കിട്ടിയത് ഇടത് കയ്യും മനസും മാത്രമാണ്. കഴുത്തിന് താഴേക്ക് സ്പര്‍ശനശേഷി പോലും ഇല്ലാതായി.

എയര്‍സെല്ലിന്റെ റീടെയ്ല്‍ സോണല്‍ ഹെഡ് ആയിരുന്നു പ്രജിത്ത്. മലപ്പുറം, തൃശൂര്‍, പാലക്കാട്, കോഴിക്കോട് ജില്ലകളുടെ ചുമതല. പ്രജിത്തിന്റെ യാത്രാസ്‌നേഹം കണ്ടറിഞ്ഞ് ദൈവം കൊടുത്ത പോലൊരു ജോലി. 2011 ഏപ്രില്‍ ഒന്നിന് തൃശൂരിലെ സെയില്‍സ് മീറ്റിംഗ് കഴിഞ്ഞ് രാത്രി കോഴിക്കോട്ടേക്ക് തിരിച്ച് വരികയായിരുന്നു പ്രജിത്ത്. പുലര്‍ച്ചെ ഒന്നരയോടെ കോഴിക്കോട് തൊണ്ടയാട് ബൈപാസില്‍ ക്രേഡില്‍ ആശുപത്രിക്കടുത്തുവെച്ച് കാറിന്റെ പിന്‍ചക്രം പൊട്ടി. അതുവരെ യാത്രകളെ സ്‌നേഹിച്ച് കുതിച്ചു പാഞ്ഞിരുന്ന ചെറുപ്പക്കാരന് വിധിയുടെ സഡന്‍ ബ്രേക്ക്. അതും വീട്ടിലേക്ക് ഏതാനും കിലോമീറ്ററുകള്‍ മാത്രം അകലമുള്ളപ്പോള്‍.കാര്‍ കീഴ്‌മേല്‍ മറിഞ്ഞു. നട്ടെല്ല് സ്ഥാനംതെറ്റിപ്പോയി. പുലര്‍ച്ചെ അപകടം നടന്നതിനാല്‍ ആശുപത്രിയിലെത്തിക്കാനും വൈകി. മണിക്കൂറുകളോളം ചോരവാര്‍ന്ന് പ്രജിത്ത് മറിഞ്ഞ കാറിനകത്തു തന്നെ കിടന്നു. പ്രജിത്ത് തിരിച്ചുവരില്ലെന്ന് എല്ലാവരും കരുതി. എന്നാല്‍ അങ്ങനെ തോറ്റുകൊടുക്കാന്‍ അദ്ദേഹം ഒരുക്കമായിരുന്നില്ല. പിന്നീട് വര്‍ഷങ്ങള്‍ നീണ്ട ചികിത്സകള്‍. ആയുര്‍വേദം, ഫിസിയോ തെറാപ്പി, മരുന്നുകള്‍. പ്രജിത്ത് പിടിച്ചു നിന്നു. എങ്കിലും കഴുത്തിനു താഴോട്ട് ചലനശേഷി നഷ്ടമായി.ആശുപത്രികള്‍ മാറി, ഡോക്ടര്‍മാര്‍ മാറി എന്നാല്‍ പ്രജിത്തിന്റെ അവസ്ഥ മാത്രം മാറിയില്ല. രണ്ടര വര്‍ഷം അതേ കിടപ്പ്. ഒരു ദിവസം പോലും മരുന്ന് മുടക്കിയില്ല, ഫിസിയോ തെറാപ്പിയും. വര്‍ഷങ്ങള്‍ക്കു ശേഷം കട്ടിലിന്റെ അലസതയില്‍ നിന്ന് വീല്‍ചെയറിലേക്ക് മാറ്റം കിട്ടി. വലതു കൈയ്ക്ക് അല്‍പം ചലന ശേഷിയും.

അത് മതിയായിരുന്നു പ്രജിത്തിന്. അവിടന്നങ്ങോട്ട് മനസിന്റെ വേഗത്തിനൊപ്പമെത്താന്‍ ശരീരം മത്സരിച്ചു തുടങ്ങി. കഴുത്തിന് താഴേക്കു തളര്‍ന്ന അവസ്ഥ അരയ്ക്ക് താഴേക്ക് മാത്രമായി ചുരുങ്ങി. പിന്നീടുള്ള യാത്ര വളരെ വേഗത്തിലായിരുന്നു. വൈകാതെ പ്രജിത്ത് വീണ്ടും ഡ്രൈവിംഗ് സീറ്റില്‍ തിരിച്ചെത്തി.വിരലുകള്‍ കൊണ്ട് നിയന്ത്രിക്കാവുന്ന കാര്‍

ശരീരം തളര്‍ന്നവര്‍ക്ക് എങ്ങനെ കാറോടിക്കാനാകും എന്ന ചോദ്യം പ്രജിത്തിനെ കൊണ്ടു നിര്‍ത്തിയത് മലപ്പുറം കോഡൂര്‍ സ്വദേശി തോരപ്പ മുസ്തഫ എന്നയാളിലാണ്. പ്രജിത്തിന്റെ മാരുതി സെലേറിയോ വിരലുകൊണ്ട് ബ്രേക്ക് അടക്കം നിയന്ത്രിക്കാവുന്ന രീതിയിലേക്ക് മുസ്തഫ ഓള്‍ട്ടര്‍ ചെയ്തു. ഇത്തരക്കാര്‍ക്കായി നിയമാനുസൃതം കാറ് രൂപ മാറ്റം ചെയ്യുന്ന ആളാണ് മുസ്തഫ. വിരല്‍ കൊണ്ടു കാറിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിയന്ത്രിക്കാം. അംഗപരിമിതര്‍ക്കു വേണ്ടി അംഗപരിമിതനായ മുസ്തഫ തന്നെ രൂപകല്‍പന ചെയ്ത ഈ കിറ്റിനു കേന്ദ്ര-സംസ്ഥാന ഏജന്‍സികളുടെ അംഗീകാരമുണ്ട്.ഷേക്ക് ഹാന്‍ഡ്‌സ് വിത്ത് മി (Shake Hands With Me)

'ഷേക്ക് ഹാന്‍ഡ്‌സ് വിത്ത് മി' എന്ന വാചകം ഉയര്‍ത്തിപ്പിടിച്ചാണ് പ്രജിത്തിന്റെ യാത്ര. പ്രജിത്തിന് ഇതു വെറുമൊരു യാത്രയല്ല, വിധിക്കു മുന്നില്‍ താന്‍ തളര്‍ന്നു പോയിട്ടില്ലെന്ന് കാണിക്കാനുള്ള പോരാട്ടമാണ്. കാറില്‍ കോഴിക്കോട്ടുനിന്ന് യാത്ര തുടങ്ങി മംഗലാപുരം, മൈസൂര്‍, ഗോവ, അഹമ്മദാബാദ്, ജയ്പുര്‍, ആഗ്ര വഴി ഡല്‍ഹിയിലേക്ക്. തുടര്‍ന്ന് പഞ്ചാബില്‍ വാഗാ അതിര്‍ത്തിയും കണ്ട് ഹൈദരാബാദ്, ചെന്നൈ, തിരുവനന്തപുരം വഴി തിരികെ കോഴിക്കോട്ടേക്ക്. ഇതാണ് പ്രജിത്തിന്റെ ട്രാവല്‍ പ്ലാന്‍.ഞങ്ങള്‍ വിളിക്കുമ്പോള്‍ രാജസ്ഥാനിലുള്ള പ്രജിത്ത് താന്‍ 4000 കിലോമീറ്ററിനടുത്ത് പിന്നിട്ടതായി പറഞ്ഞു. തികഞ്ഞ ആത്മവിശ്വാസമായിരുന്നു ആ ചെറുപ്പക്കാരന്റെ വാക്കുകളില്‍. യാത്രയിലുടനീളം 11,000 കിലോമീറ്ററെങ്കിലും സ്വയം വാഹനമോടിക്കേണ്ടിവരുമെന്നും പ്രജിത്ത് കൂട്ടിച്ചേര്‍ത്തു.ഒരു സഹായിയും കോ ഡ്രൈവറുമാണ് യാത്രയില്‍ പ്രജിത്തിനൊപ്പമുള്ളത്. അപകടം പറ്റി ഏഴുവര്‍ഷം തികയുന്ന ഏപ്രില്‍ ഒന്നിനു തന്നെയാണ് സ്വയം കാറോടിച്ച് അദ്ദേഹം ഇന്ത്യാപര്യടനത്തിനിറങ്ങിയത്.
ഏകദേശം മെയ് പതിനഞ്ചോടുകൂടി തിരിച്ചെത്താനാണ് പ്ലാനെന്ന് പ്രജിത്ത് പറഞ്ഞു. വെറുതെ ഡല്‍ഹി വരെ പോയിവരുകയല്ല ലക്ഷ്യം. യാത്രയിലുടനീളം തന്റെ അതേ അവസ്ഥയിലുള്ള പരമാവധി ആളുകളെ കാണണം. അവരുമായി സംസാരിക്കണം. അവര്‍ക്ക് ഷേക്ക് ഹാന്‍ഡ് നല്‍കണം. അതു തന്നെയാണ് തന്റെ യാത്രയ്ക്ക് പ്രജിത്ത് നല്‍കിയിരിക്കുന്ന പേരും 'Shake Hands With Me'.പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണണം, ഈ വിഭാഗക്കാരുടെ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ അവതരിപ്പിക്കണമെന്നും പ്രജിത്തിനുണ്ട്. ഇതിനായി 27-ന് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെ കാണാനാണ് ഉദ്ദേശിക്കുന്നതെന്നും പ്രജിത്ത് പറഞ്ഞു.'' പി എം ഒയുമായി ബന്ധപ്പെട്ടപ്പോള്‍ 27-നാണ് തീയതി ലഭിച്ചത്. കൂടാതെ 25, 26 തീയതികളിലായി സുഷമാ സ്വരാജ്, രാജ്‌നാഥ് സിംഗ്, നിതിന്‍ ഗഡ്കരി എന്നീ കേന്ദ്രമന്ത്രിമാരെയും കാണുന്നുണ്ട് ''.

വികലാംഗ പെന്‍ഷന്‍ അയ്യായിരം രൂപയാക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും നിതിന്‍ ഗഡ്കരിക്കും നിവേദനം നല്‍കുന്നുണ്ട്. യാത്രയിലുടനീളം നിരവധി എന്‍ ജി ഒകളുമായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. തന്നേ പോലുള്ള നൂറിലേറെ ആളുകളെ അടുത്തറിഞ്ഞു കഴിഞ്ഞെന്നും പ്രജിത്ത് പറഞ്ഞു.അംഗപരിമിതരെയും ജോലികള്‍ക്ക് പരിഗണിക്കുക, തെരുവുകള്‍ അംഗപരിമിതരെ കൂടി പരിഗണിക്കുന്നതരത്തില്‍ സഞ്ചാരയോഗ്യമാക്കുക തുടങ്ങിയ വിവിധ ലക്ഷ്യങ്ങളുണ്ട് പ്രജിത്തിന്റെ ഈ യാത്രയ്ക്ക്.

''എന്നെപ്പോലുള്ള കുറേപേര്‍ ഇവിടെയുണ്ട്. അവരില്‍ കുറച്ചു പേരെങ്കിലും എന്റെയീ യാത്ര കണ്ട് വീടിനു പുറത്തിറങ്ങണം. എന്നെപോലെ സാധാരണജീവിതം നയിക്കണം. അതാണ് യാത്രയുടെ ഏറ്റവും വലിയ ലക്ഷ്യം '', ഉറച്ച ശബ്ദത്തില്‍ പ്രജിത്ത് പറഞ്ഞു നിര്‍ത്തി.
First published: April 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...