മുംബൈയിൽ ഞായറാഴ്ച അന്തരിച്ച സംഗീത ലോകത്തെ വാനമ്പാടി ലതാ മങ്കേഷ്കറിന്റെ (Lata Mangeshkar) ഗാനങ്ങളുടെ 7,600 അപൂർവ ഗ്രാമഫോൺ റെക്കോർഡുകളുടെ ശേഖരം മധ്യപ്രദേശിലെ ഇൻഡോറിലുള്ള (Indore) ഒരു മ്യൂസിയത്തിലുണ്ടെന്ന് (Museum) റിപ്പോർട്ടുകൾ. 2008ൽ പിഗ്ദാംബർ പ്രദേശത്ത് 1600 ചതുരശ്ര അടി വിസ്തീർണമുള്ള ഈ മ്യൂസിയം സ്ഥാപിച്ചത് സുമൻ ചൗരസ്യ എന്ന ലതാ മങ്കേഷ്കറുടെ കടുത്ത ആരാധകനാണ്. ലതാ ദീദിയുടെ മരണം തനിക്കുണ്ടാക്കിയ വേദന പറഞ്ഞറിയിക്കാനാവാത്തതാണെന്ന് അദ്ദേഹം പിടിഐയോട് പറഞ്ഞു.
“വസന്ത് പഞ്ചമിയുടെ പിറ്റേന്നുള്ള ലതാ ദീദിയുടെ വിയോഗം എന്നെപ്പോലുള്ള ദശലക്ഷക്കണക്കിന് സംഗീത പ്രേമികളെ ഞെട്ടിച്ചു. 2019ലാണ് ഞാൻ ലതാ ദീദിയെ അവസാനമായി കണ്ടത്. അതിനുശേഷം കോവിഡ് (COVID-19) മഹാമാരി കാരണം കാണാൻ കഴിഞ്ഞില്ല,” അദ്ദേഹം പറഞ്ഞു.
1965 മുതൽ താൻ മങ്കേഷ്കറുടെ ഗാനങ്ങളുടെ ഗ്രാമഫോൺ റെക്കോർഡുകൾ സൂക്ഷിക്കുന്നതാണെന്നും അത് ഇപ്പോൾ 7,600 ഗ്രാമഫോൺ റെക്കോർഡുകളുടെ ശേഖരമായി മാറിയെന്നും ‘ലതാ ദീനനാഥ് മങ്കേഷ്കർ ഗ്രാമഫോൺ റെക്കോർഡ് മ്യൂസിയം’ തയ്യാറാക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നതായും ചൗരസ്യ പറഞ്ഞു.
“ലതാ ദീദി 32 ഇന്ത്യൻ ഭാഷകളിലും വിദേശ ഭാഷകളിലും പാടിയിട്ടുണ്ട്. അവരുടെ പല അപൂർവ ഗാനങ്ങളും ഈ ശേഖരത്തിൽ ഉൾപ്പെടുന്നു, ”അദ്ദേഹം പറഞ്ഞു. പാട്ടുകൾ കൂടാതെ, 1929 സെപ്റ്റംബർ 28ന് ഇൻഡോറിൽ ജനിച്ച ലതാ മങ്കേഷ്കരുടെ ചില അപൂർവ്വ ഫോട്ടോഗ്രാഫുകളും പുസ്തകങ്ങളും മ്യൂസിയത്തിലുണ്ട്.
Also read- Lata Mangeshkar | ബയോപിക് എടുക്കാൻ വന്ന സംവിധായകരെയും നിർമ്മാതാക്കളെയും ലത മങ്കേഷ്കർ നിരുത്സാഹപ്പെടുത്തിയത് എന്തുകൊണ്ട്?
ഇന്നലെ 9.47ന് മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കോവിഡാനന്തര അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. 92 വയസായിരുന്നു. ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് കോവിഡ് ബാധയെത്തുടര്‍ന്ന് ദക്ഷിണ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനിടെ ന്യുമോണിയയും സ്ഥിരീകരിച്ചിരുന്നു.
ജനുവരി 8നാണ് ഹോസ്പിറ്റലിലെ ഐസിയുവില്‍ പ്രവേശിപ്പിച്ചത്. ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച പിന്നണി ഗായികമാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ലതാ മങ്കേഷ്കര്‍ 1942-ല്‍ 13-ാം വയസ്സിലാണ് തന്റെ കരിയര്‍ ആരംഭിച്ചത്. വിവിധ ഇന്ത്യന്‍ ഭാഷകളിലായി 30,000-ലധികം ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്.
ഏഴു ദശാബ്ദക്കാലത്തെ കരിയറില്‍, 'അജീബ് ദസ്തന്‍ ഹായ്', 'പ്യാര് കിയാ തോ ഡര്‍ണാ ക്യാ', 'നീല അസ്മാന് സോ ഗയാ', 'തേരേ ലിയേ' തുടങ്ങിയ അവിസ്മരണീയമായ നിരവധി ഗാനങ്ങളാണ് ആ സ്വരമാധുരിയില്‍ പിറവികൊണ്ടത്. അന്തരിച്ച ചലച്ചിത്രകാരൻ യാഷ് ചോപ്ര സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ 'വീർ സാറ' എന്ന ചിത്രത്തിനുവേണ്ടിയായിരുന്നു അവസാനത്തെ പൂർണ്ണ ആൽബം. ഇന്ത്യൻ സൈന്യത്തോടുള്ള ആദരസൂചകമായി 2021 മാർച്ച് 30-ന് പുറത്തിറങ്ങിയ ‘സൗഗന്ധ് മുജേ ഈസ് മിട്ടി കി’ ആയിരുന്നു മങ്കേഷ്കറിന്റെ അവസാന ഗാനം.
മെലഡി ക്വീന്‍ ഓഫ് ഇന്ത്യ എന്നറിയപ്പെടുന്ന ലതാ മങ്കേഷ്കറിന് , പത്മഭൂഷണ്‍, പത്മവിഭൂഷണ്‍, ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ്, ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ എന്നിവയുള്‍പ്പെടെ നിരവധി പുരസ്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.