പ്രസാർ ഭാരതിയുടെ കീഴിൽ പ്രവർത്തിക്കുന്ന റേഡിയോ ശൃംഖല ഇനി ആകാശവാണി എന്ന പേരിൽ മാത്രം അറിയപ്പെടും. ഓൾ ഇന്ത്യാ റേഡിയോ എന്ന പേര് ഇനി മുതൽ ഉപയോഗത്തിൽ ഉണ്ടാകില്ല. ഇതു സംബന്ധിച്ച് ആകാശവാണി ഡയറക്ടർ ജനറൽ വസുധ ഗുപ്ത ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. വർഷങ്ങൾക്കു മുൻപേ സർക്കാർ എടുത്ത തീരുമാനമാണ് ഇതെന്നും എന്നാൽ അത് നടപ്പിലാക്കുന്നത് ഇപ്പോഴാണെന്നും പ്രസാർ ഭാരതി സിഇഒ ഗൗരവ് ദ്വിവേദി പറഞ്ഞു.
പ്രസാർ ഭാരതിയുടെ കീഴിലുള്ള ഓഫീസുകൾ, സ്റ്റേഷനുകൾ, മറ്റു സംരംഭങ്ങൾ എന്നിവയെല്ലാം ‘ആകാശവാണി’ എന്ന പേരിൽ അറിയപ്പെടും എന്നാണ് 1990 ലെ പ്രസാർ ഭാരതി (ബ്രോഡ്കാസ്റ്റിങ് കോർപറേഷൻ ഓഫ് ഇന്ത്യ) ആക്ടിൽ പറയുന്നത്. 1997 നവംബർ 15 നാണ് ഈ നിയമം പ്രാബല്യത്തിൽ വന്നത്. എന്നാൽ ഈ റേഡിയോ ശൃംഖല ‘ഓൾ ഇന്ത്യ റേഡിയോ’ എന്ന പേരിൽ അറിയപ്പെടുന്നത് പിന്നെയും തുടർന്നു. ഈ രീതിക്കാണ് ഇനി മുതൽ അവസാനമാകുന്നത്.
രവീന്ദ്രനാഥ ടഗോറാണ് ഓൾ ഇന്ത്യ റേഡിയോയെ ‘ആകാശവാണി’ എന്ന് ആദ്യം വിശേഷിപ്പിച്ചത്. കൽക്കട്ട ഷോർട്‌വേവ് സർവീസിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി 1939ൽ അദ്ദേഹം എഴുതിയ കവിതയിലായിരുന്നു ഈ പ്രയോഗം. ആകാശവാണി മൈസൂർ എന്ന പേരിൽ ഒരു സ്വകാര്യ റേഡിയോ സ്റ്റേഷൻ 1935 സെപ്തംബർ 10 ന് ആരംഭിച്ചതായി പ്രസാർ ഭാരതി വെബ്സൈറ്റിലും പറയുന്നുണ്ട്. നിലവിൽ 470 പ്രക്ഷേപണ കേന്ദ്രങ്ങളാണ് ആകാശവാണിക്കുള്ളത്. 23 ഭാഷകളിലും 179 പ്രാദേശിക ഭാഷകളിലും ഈ റേഡിയോ സർവീസ് പ്രവർത്തിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Akashavani, All india radio, Radio