• HOME
  • »
  • NEWS
  • »
  • life
  • »
  • Raja Ravi Varma | ഇന്ന് രാജാ രവി വർമയുടെ ജന്മവാർഷികം; ആധുനിക ഭാരതീയ കലയുടെ പിതാവിനെക്കുറിച്ച് കൂടുതൽ അറിയാം

Raja Ravi Varma | ഇന്ന് രാജാ രവി വർമയുടെ ജന്മവാർഷികം; ആധുനിക ഭാരതീയ കലയുടെ പിതാവിനെക്കുറിച്ച് കൂടുതൽ അറിയാം

റിയലിസ്റ്റിക് ശൈലിയിലുള്ള യൂറോപ്യൻ ചിത്രകലയെ ഭാരതീയ ചിത്രകലയുമായി സമന്വയിപ്പിച്ച അതുല്യ കലാകാരൻ കൂടിയാണ് അദ്ദേഹം

  • Share this:
    ആധുനിക ഭാരതീയ കലയുടെ പിതാവ്, ചിത്രകാരൻമാർക്കിടയിലെ രാജാവ്..അങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് പ്രശസ്ത ചിത്രകാരനായ രാജാ രവി വർമയ്ക്ക്(Raja Ravi Varma) . ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ചിത്രകാരൻമാരിൽ ഒരാളായ അദ്ദേഹം റിയലിസ്റ്റിക് ശൈലിയിലുള്ള യൂറോപ്യൻ ചിത്രകലയെ ഭാരതീയ ചിത്രകലയുമായി സമന്വയിപ്പിച്ച അതുല്യ കലാകാരൻ കൂടിയാണ്. രാജാ രവി വർമയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തെക്കുറിച്ച് അധികം പ്രശസ്തമല്ലാത്ത ചില കാര്യങ്ങൾ അറിയാം.

    1. പഴയ തിരുവിതാംകൂർ സംസ്ഥാനത്തിലെ കിളിമാനൂരിലുള്ള ഒരു കുലീന കുടുംബത്തിൽ 1848 ഏപ്രിൽ 29നാണ് രാജാ രവി വർമയുടെ ജനനം.

    2. ഏഴു വയസ്സുള്ളപ്പോൾ തന്നെ രാജാ രവി വർമ ചിത്രകലയിലുള്ള തന്റെ കഴിവ് പ്രകടിപ്പിക്കാൻ തുടങ്ങിയിരുന്നു. ചുവരുകളിൽ മൃഗങ്ങളുടെയും പ്രകൃതിയുടെയും മറ്റും ചിത്രങ്ങൾ വരച്ചുകൊണ്ടായിരുന്നു തുടക്കം.

    3. കുട്ടിക്കാലത്ത് ഇലകൾ, പൂക്കൾ, മരത്തിന്റെ പുറംതൊലി, മണ്ണ് എന്നിവ ഉപയോഗിച്ച് നിർമ്മിച്ച നാടൻ നിറങ്ങളാണ് അദ്ദേഹം ഉപയോഗിച്ചിരുന്നത്. അമ്മാവൻ രാജ രാജ വർമ അദ്ദേഹത്തിന്റെ കഴിവിനെ പിന്തുണക്കുകയും ചിത്രരചന പഠിപ്പിക്കുകയും ചെയ്തു.

    4. 14-ാം വയസ്സിൽ, അദ്ദേഹത്തിന്റെ കഴിവ് അന്നത്തെ തിരുവിതാംകൂർ ഭരണാധികാരിയായിരുന്ന ആയില്യം തിരുനാൾ വർമയുടെ പ്രീതി നേടുകയും കൊട്ടാരത്തിൽ നിന്ന് ജലച്ഛായം പഠിക്കുകയും അതിൽ കൂടുതൽ കഴിവ് നേടുകയും ചെയ്തു. പിന്നീട് ബ്രിട്ടീഷ് കലാകാരനായ തിയോഡർ ജെൻസണിൽ നിന്ന് ഓയിൽ പെയിന്റിംഗിൽ പരിശീലനം നേടി.

    5. 18-ാം വയസ്സിൽ അദ്ദേഹം 12 കാരിയായ ഭാഗീരഥി ബായിയെ വിവാഹം കഴിച്ചു. മാവേലിക്കരയിലെ രാജ കുടുംബാം​ഗമായിരുന്നു ഭാഗീരഥി ബായി. ഇവർക്ക് രണ്ട് ആൺമക്കളും മൂന്ന് പെൺമക്കളും ജനിച്ചു. പെൺമക്കളിൽ ഒരാളായ മഹാപ്രഭ അമ്മ അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ ചില ചിത്രങ്ങളിൽ കഥാപാത്രമായി ഇടം നേടിയിട്ടുണ്ട്.

    6. എട്ടു വർഷത്തിനുള്ളിൽ രാജ രവി വർമ പ്രശസ്തനായ ചിത്രകാരനായി മാറി. നിരവധി ഇന്ത്യൻ പ്രഭുക്കന്മാരുടെയും ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെയും ഛായാചിത്രങ്ങൾ വരച്ചു. രാജ്യത്തിന്റെ വിവിധ കോണുകളിൽ നിന്ന് കത്തുകളും ചിത്രങ്ങൾക്കായുള്ള അഭ്യർത്ഥനകളും പ്രവഹിച്ചു. അങ്ങനെ ഒരു പോസ്റ്റ് ഓഫീസ് തുറക്കാൻ അദ്ദേഹം നിർബന്ധിതനായി.

    7. ജലച്ചായത്തിന് പകരം ഓയിൽ പെയിന്റ് ഉപയോഗിച്ച ആദ്യ ഇന്ത്യൻ കലാകാരനാണ് രാജാ രവി വർമ.

    8. പ്രഭുക്കൻമാരിൽ മാത്രം ഒതുങ്ങാതെ സാധാരണ ജനങ്ങൾക്ക് തന്റെ കലാസൃഷ്ടികൾ ലഭ്യമാക്കിയ ആദ്യ ഇന്ത്യൻ ചിത്രകാരനായിരുന്നു അദ്ദേഹം.

    9. 1894-ൽ അദ്ദേഹം ഒരു ലിത്തോഗ്രാഫിക് പ്രിന്റിംഗ് പ്രസ്സ് ആരംഭിച്ചു. ദേവന്മാരെയും ദേവതകളെയും മഹാഭാരതം, രാമായണം, പുരാണങ്ങൾ എന്നിവയിലെ രംഗങ്ങളും ചിത്രീകരിക്കുന്ന ഒലിയോഗ്രാഫുകളും നിർമ്മിച്ചു.

    10. 1873ൽ വിയന്ന ആർട്ട് എക്സിബിഷനിൽ അദ്ദേഹം ഒന്നാം സമ്മാനം നേടി.

    11. 1904-ൽ വൈസ്രോയി കഴ്സൺ പ്രഭു അദ്ദേഹത്തിന് കൈസർ-ഇ-ഹിന്ദ് സ്വർണ്ണ മെഡൽ നൽകി.

    12. 58-ാം വയസ്സിൽ മരിക്കുന്നതിന് മുമ്പ് അദ്ദേഹം ഏകദേശം 7,000 പെയിന്റിംഗുകൾ നിർമ്മിച്ചതായി വിശ്വസിക്കപ്പെടുന്നു.

    13. ദമയന്തിയും ഹംസവും, ശകുന്തള ദുഷ്യന്തനെ തിരയുന്നത്, മുല്ലപ്പൂ ചൂടിയ നായർ സ്ത്രീ തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ ചിത്രങ്ങളിൽ ചിലത്.
    Published by:Arun krishna
    First published: