ആലപ്പുഴ: പ്രതിവാര റേഡിയോ പരിപാടിയായ മൻ കി ബാത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ച എൻ എസ് രാജപ്പൻ എന്ന രാജപ്പൻ ചേട്ടൻ ഇപ്പോൾ മൂന്ന് വള്ളങ്ങളുടെ ഉടമ. വേമ്പനാട്ട് കായലിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾ പെറുക്കാൻ വലിയ വള്ളം വേണമെന്നായിരുന്നു മഞ്ചാടിക്കരി നടുവിലേത്ത് രാജപ്പന്റെ മോഹം. ആദ്യം വാടകയ്ക്കെടുത്ത വള്ളത്തിലായിരുന്നു കായലിൽ പോയിരുന്നത്. മഞ്ചാടിക്കരി മേഖലയിൽ ജീവകാരുണ്യ പ്രവർത്തനം നടത്തി വന്ന സംഘടനയാണ് ആദ്യം വള്ളം വാങ്ങിക്കൊടുത്തത്. ഇതിനു ശേഷമാണ് രാജപ്പന്റെ സൽപ്രവൃത്തിയെക്കുറിച്ച് നാടറിയുന്നത്.
അതോടെ കേരള സ്ക്രാപ്പ് മർച്ചന്റ്സ് അസോസിയേഷൻ എഞ്ചിൻ ഘടിപ്പിച്ച വള്ളം നൽകി. പ്രധാനമന്ത്രി നരേന്ദ്രമോദി രാജപ്പനെ അഭിനന്ദിച്ചതോടെ വീണ്ടും സഹായം എത്തിത്തുടങ്ങി. ബി ജെ പി സംസ്ഥാന സമിതി അംഗം പി ആർ ശിവശങ്കർ മുഖേന പ്രവാസി വ്യവസായി ശ്രീകുമാർ എഞ്ചിൻ ഘടിപ്പിച്ച വള്ളം സമ്മാനിച്ചു. അതോടെ മൂന്നു വള്ളം സ്വന്തമായി. തൊട്ടുപിന്നാലെയാണ് വ്യവസായി ബോബി ചെമ്മണൂർ വള്ളം വാങ്ങാൻ സഹായ വാഗ്ദാനവുമായി എത്തിയത്.
വള്ളങ്ങൾ മൂന്നെണ്ണം ഉണ്ടെന്ന് അറിഞ്ഞതോടെ ബോബി വീടിനുള്ള ധനസഹായം നൽകി. മൂന്നു വള്ളവും സഹോദരി വിലാസിനിയുടെ വീടിനു മുന്നിലെ കടവിലുണ്ട്. എഞ്ചിൻ വള്ളം ഉപയോഗിക്കാൻ രാജപ്പൻ പഠിക്കുന്നതേയുള്ളൂ. അതു വരെ പഴയ വള്ളം തന്നെ ഉപയോഗിക്കാനാണു തീരുമാനം.
വേമ്പനാട് കായലിന്റെ കാവലാണ് കോട്ടയം കുമരകം സ്വദേശി രാജപ്പന്. കായലില്‍ വലിച്ചെറിയുന്ന കുപ്പികള്‍ പെറുക്കി ജീവിക്കുന്ന കോട്ടയത്തെ രാജപ്പന് ചേട്ടനെ സോഷ്യല്‍ മീഡിയയിലൂടെയാണ് ലോകമറിഞ്ഞത്. ജന്മനാ രണ്ടു കാലിനും സ്വാധീനമില്ലാത്തയാളാണ്. കുപ്പി വിറ്റാല്‍ കിട്ടുന്ന തുച്ഛമായ വരുമാനത്തിലാണ് ജീവിതം.
പ്രസവിച്ചപ്പോഴേ കാലുകള്‍ തളര്‍ന്നുപോയതാണ്. മറ്റ് ജോലികൾ ചെയ്യാൻ കഴിയാത്തതിനാൽ കുപ്പി പെറുക്കി വിറ്റ് ഉപജീവനം കണ്ടെത്തുകയാണ് ഇദ്ദേഹം. രാവിലെ ആറ് മണിയാകുമ്പോള്‍ രാജപ്പന് വള്ളവുമായി കായലിലിറങ്ങും. മിക്കപ്പോഴും രാത്രിയാകും മടങ്ങിയെത്താന്‍. കൂടുതലൊന്നും കിട്ടിയില്ലെങ്കിലും അന്നത്തെ ചെലവിനുള്ള ചില്ലറ കിട്ടണമെന്ന് മാത്രമാണ് ഇദ്ദേഹത്തിന് പറയാനുള്ളത്. ആറ് വര്‍ഷമായി രാജപ്പന് ചേട്ടന് ഈ തൊഴില്‍ തുടങ്ങിയിട്ട്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.